Monday, November 19, 2018 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.37 AM

സുവാങ്‌ ചെ പറഞ്ഞത്‌

uploads/news/2018/07/233561/19bft1.jpg

ചൈനയിലെ പണ്ഡിതന്മാരില്‍ അഗ്രഗണ്യനായിരുന്നു സുവാങ്‌ ചെ. അദ്ദേഹത്തിന്‌ ധാരാളം ശിഷ്യന്മാരുണ്ടായിരുന്നു. വാര്‍ധക്യ സഹജമായ ക്ഷീണംമൂലം അദ്ദേഹം മരണശയ്യയിലായിരുന്നു. വൈദ്യന്മാരും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനാവില്ലെന്ന്‌ പറഞ്ഞ്‌ കൈ വിട്ടുകളഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരാകട്ടെ തങ്ങളുടെ ഗുരുവിനെ എപ്രകാരമാണ്‌ സംസ്‌കരിക്കേണ്ടത്‌ എന്നതിനെക്കുറിച്ച്‌ തങ്ങള്‍ക്കിടയില്‍ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്നു.
എല്ലാം ശ്രദ്ധിച്ചുകേട്ട സുവാങ്‌ ചെ കണ്ണു തുറന്ന്‌ ശിഷ്യന്മാരെ അരികെ വിളിച്ച്‌ മൃദുവായ ശബ്‌ദത്തില്‍ ഇങ്ങനെ പറഞ്ഞു, എന്റെ മൃതദേഹം അടക്കം ചെയ്യുന്നതിനെച്ചൊല്ലി എന്തിനാണ്‌ ഇപ്രകാരം വിഷമിക്കുന്നത്‌? പരന്നഭൂമിയും വിടര്‍ന്ന വാനവും എല്ലാവര്‍ക്കും ലഭിക്കുന്ന ശവപേടകമാണ്‌. എന്റെ മൃതദേഹത്തെ പരന്ന വെളിമ്പ്രദേശത്തെവിടെയെങ്കിലും കൊണ്ടിട്ട ശേഷം പൊയ്‌ക്കൊള്ളുക. അതുതന്നെയാണ്‌ പ്രകൃതിയുടെ രീതി. ഈ രീതി ഉപേക്ഷിച്ച്‌ ആഡംബരപൂര്‍വം ഘോഷയാത്ര നടത്തി എന്നെ അടക്കം ചെയ്യുന്നത്‌ എനിക്കിഷ്‌ടമല്ല. അതുകേട്ട്‌ ശിഷ്യന്മാര്‍ അത്ഭുതപ്പെട്ടു പോയി.
അവരിലൊരാള്‍ വളരെ വിനയാന്വിതനായി ഇപ്രകാരം പറഞ്ഞു: 'ഗുരോ, താങ്കള്‍ ആജ്‌ഞാപിച്ചതിന്‍ പടി ചെയ്‌താല്‍ അങ്ങയുടെ ശരീരം കഴുകന്മാര്‍ കൊത്തിവലിച്ച്‌ ഭക്ഷിക്കുമല്ലോ.' മറുപടിയായി സുവാങ്‌ ചെ ഇങ്ങനെ പറഞ്ഞു, 'ഭൂമിയുടെ മുകളിലാണെങ്കില്‍ കഴുകന്മാര്‍ ഭക്ഷിക്കും, ഭൂമിയ്‌ക്കടിയിലാണെങ്കില്‍ പുഴുക്കള്‍ പതുക്കെ ആഹരിക്കും. എങ്ങനെയാണെങ്കിലെന്താ? കഴുകനെ സഹായിക്കരുത്‌, പുഴുവിനെ വേണം സഹായിക്കാന്‍ എന്ന തോന്നല്‍ എങ്ങനെ നിങ്ങള്‍ക്കുണ്ടായി. ശിഷ്യന്മാര്‍ സത്യം മനസിലാക്കി ആശ്‌ചര്യചകിതരായി.'
വിശാലമായ ജീവിതവീക്ഷണവും ഈശ്വരോന്മുഖമായ ജീവിതവും സ്വായത്തമാക്കിയവര്‍ക്കേ ഇങ്ങനെ ചിന്തിക്കാനാകൂ. നമ്മുടെ ജീവിതത്തില്‍ യേശുവിന്റെ ജീവന്‍ നിറയുമ്പോള്‍ ലോകത്തെ നിസാരമായി കാണുവാന്‍ പ്രാപ്‌തരാകും. തന്റെ പുത്രന്റെ സ്വരൂപത്തോട്‌ നമ്മെ അനുരൂപരാക്കിത്തീര്‍ക്കുന്ന ദൈവത്തിന്റെ പദ്ധതി നമുക്കെല്ലാം ഇഷ്‌ടമുള്ള കാര്യമാണ്‌. കാരണം, യേശുവിന്റെ അധികാരം, സ്‌നേഹം, ശക്‌തി, അഭിഷേകം, എല്ലാം വളരെ ആഗ്രഹിക്കത്തക്കതാണ്‌. അതുകൊണ്ട്‌ അതുപോലെയുള്ള ഒരാളിന്റെ സ്വരൂപത്തോട്‌ അനുരൂപരായിത്തീരുവാന്‍ നമുക്ക്‌ യാതൊരു എതിര്‍പ്പുമില്ല. എന്നാല്‍ ദൈവത്തിന്റെ ഈ പദ്ധതി, ഒരു ക്രൂശിന്റെ അനുഭവത്തിലൂടെ നമ്മെ, നമ്മുടെ സ്വത്വത്തെ തകര്‍ത്തു കൊണ്ടാണ്‌ നടപ്പാക്കാന്‍ പോകുന്നത്‌ എന്നറിയുമ്പോഴാണ്‌ നാം ആകെ ചഞ്ചല ചിത്തരാകുന്നത്‌. പരിശുദ്ധാത്മാഭിഷേകത്തെക്കുറിച്ചും ആത്മ നിറവിനെക്കുറിച്ചും ജീവജലനദി തടസമില്ലാതെ ഒഴുകുന്നതിനെക്കുറിച്ചും അവന്റെ സ്വരൂപത്തോട്‌ അനുരൂപരാകുന്നതിനെക്കുറിച്ചും പ്രതിപാദിക്കുന്ന വേദഭാഗമാണ്‌ ബൈബിളിലെ ഗലാത്യര്‍ രണ്ടാം അധ്യായം ഇരുപതാം വാക്യം. അതില്‍ നാം ഇങ്ങനെ വായിക്കുന്നു: 'ഞാന്‍ ക്രിസ്‌തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നത്‌ ഞാനല്ല, ക്രിസ്‌തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ, എന്നെ സ്‌നേഹിച്ചു എനിക്കുവേണ്ടി തന്നെത്താന്‍ ഏല്‌പിച്ചു കൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നത്‌. നമ്മെ ഓരോരുത്തരെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിലെ പ്രധാനപ്പെട്ട, നമ്മെ ഓരോരുത്തരെയും പ്രതിനിധീകരിക്കുന്ന ഈ ഞാന്‍ എന്ന വ്യക്‌തിയെ അല്ലെങ്കില്‍ നമ്മുടെ സ്വത്വത്തെ ഇവിടെ ക്രൂശിനോടു ചേര്‍ത്തു ബന്ധിച്ചിരിക്കുകയാണ്‌. അത്‌ ഇവിടെ മരിച്ചിരിക്കുന്നു. അങ്ങനെ ക്രിസ്‌തുവിന്റെ ജീവന്‍ എന്നില്‍ വെളിപ്പെടുവാനുള്ള തടസ്സം നീങ്ങിയിരിക്കുന്നു.' ഒരാള്‍ ഇങ്ങനെ പറയുകയുണ്ടായി: 'നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ ഒരു കുരിശുണ്ട്‌, ഒരു സിംഹാസനവുമുണ്ട്‌, ഞാന്‍ സിംഹാസനത്തില്‍ ആയിരിക്കുമ്പോള്‍ ക്രിസ്‌തു ക്രൂശിലാണ്‌. എന്നാല്‍, ക്രിസ്‌തു സിംഹാസനത്തില്‍ ആണെങ്കില്‍ ഞാന്‍ ക്രൂശിലായിരിക്കും.' ഒരിക്കല്‍ യവനന്മാര്‍ യേശുവിനെ കാണുവാന്‍ വന്നു. യേശു ഈ ഭാഗത്ത്‌ യവനന്മാരോട്‌ പറഞ്ഞ മറുപടിയുടെ അര്‍ഥമിതാണ്‌: 'നിങ്ങള്‍ എന്നെ യഥാര്‍ഥമായും കാണുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പോകുന്നിടത്തേക്ക്‌ നിങ്ങളും പോകണം, എന്റെ ലക്ഷ്യം ക്രൂശാണ്‌. അവിടെ ഞാന്‍ മരിച്ച്‌ ലോകത്തിന്‌ ജീവന്‍ നല്‍കും. അതുകൊണ്ട്‌ നിങ്ങള്‍ക്ക്‌ സത്യമായും എന്നെ കാണണമെങ്കില്‍, ഇതേ വഴി നിങ്ങളും തെരഞ്ഞെടുത്തു ജീവിക്കണം; മരണം വരിക്കണം. മരണത്തിലൂടെ മാത്രമേ നിങ്ങള്‍ക്ക്‌ എന്നെ കണ്ടെത്തുവാന്‍ കഴിയുകയുള്ളു. സ്വയ ഇച്‌ഛകള്‍ക്കു മരിക്കുകയും ദൈവിക ജീവനില്‍ ജീവിക്കുകയും ചെയ്യുക. കഷ്‌ടപ്പാടുകളെയും സൗഭാഗ്യങ്ങളെയും ദൈവത്തിന്റെ കാഴ്‌ചപ്പാടില്‍ കാണുവാനും ദൈവിക ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ലൗകിക ജീവിതം നയിക്കുവാനും നമുക്കു കഴിയുന്നുണ്ടോ?

Ads by Google
Sunday 15 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW