Monday, November 19, 2018 Last Updated 22 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.33 AM

ഇക്കുറിയും മുന്‍കൂര്‍ ശമ്പളം ഉണ്ടാകില്ല : മഹാബലീ, മാപ്പാക്കണം; കാണം വില്‍ക്കാതെവയ്യ!

uploads/news/2018/07/233558/bft1.jpg

"കാണം വിറ്റും ഓണമുണ്ണണം" എന്നാണു പഴമൊഴി. മാവേലിനാടിന്റെ സമ്പദ്‌സമൃദ്ധിയാണ്‌ ഓണത്തിന്റെ ഐതിഹ്യവും അടിത്തറയും. അതുകൊണ്ടാണു സാക്ഷാല്‍ മഹാബലി എഴുന്നള്ളുമ്പോള്‍ മാളികയായാലും കുടിലായാലും മുറ്റത്തു പൂക്കളമൊരുക്കുന്നതും പിന്നെ മുണ്ടു മുറുക്കിയുടുക്കേണ്ടിവന്നാലും ഓണത്തിനു നിറച്ചുണ്ണുന്നതും. എന്നാല്‍, ഇക്കുറി ഓണമാഘോഷിക്കാന്‍ വിത്തെടുത്തു കുത്തേണ്ട അവസ്‌ഥയിലാണു പണ്ടത്തെ മാവേലിനാട്‌ വാഴുന്ന ഇപ്പോഴത്തെ ഭരണാധികാരികള്‍.
നികുതിവരുമാനം നാള്‍ക്കുനാള്‍ ഇടിയുന്നതിനിടെയാണു കൂനിന്മേല്‍ കുരുവായി ഓണക്കാലചെലവുകള്‍ സര്‍ക്കാരിനെ കാത്തിരിക്കുന്നത്‌. ജി.എസ്‌.ടിയില്‍ പ്രതീക്ഷിച്ച വളര്‍ച്ചയില്ലാത്തതാണു സംസ്‌ഥാനസര്‍ക്കാരിനെ വലയ്‌ക്കുന്നത്‌. ഈ ഓണക്കാലത്തും സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്‍കൂര്‍ശമ്പളമുണ്ടാകില്ല. ശമ്പളത്തിനും പെന്‍ഷനും പുറമേ ബോണസ്‌, അഡ്വാന്‍സ്‌, ഉത്സവബത്ത, സാമൂഹികക്ഷേമ പെന്‍ഷന്‍ എന്നിവയും കൊടുക്കേണ്ടിവരുന്നതോടെ സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതി കൂടുതല്‍ ഗുരുതരമാകും. ഇതു മുന്‍കൂട്ടിക്കണ്ട്‌ കര്‍ശന ചെലവുചുരുക്കല്‍ നടപടികള്‍ക്ക്‌ ഒരുങ്ങുകയാണു ധനവകുപ്പ്‌.
ഓഗസ്‌റ്റില്‍ നിലവിലെ ചെലവുകള്‍ക്കു പുറമേ സര്‍വീസ്‌/സാമൂഹിക ക്ഷേമപെന്‍ഷനുകളും ജീവനക്കാര്‍ക്കുള്ള അഡ്വാന്‍സും ഉത്സവബത്തയുമെല്ലാം ചേര്‍ത്ത്‌ 2500 കോടി രൂപയോളം അധികം കണ്ടെത്തേണ്ടിവരും. ബോണസിന്‌ അര്‍ഹമായ ശമ്പളപരിധി 24,000 രൂപയായതിനാല്‍ ആ ഇനത്തില്‍ വലിയ ചെലവുണ്ടാകില്ല. എന്നാല്‍, ശമ്പളത്തിനും പെന്‍ഷനുമായി ഏകദേശം 4000 കോടിയോളം രൂപ വേണ്ടിവരും. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി മുന്‍കൂര്‍ശമ്പളം നല്‍കാറില്ല. എന്നാല്‍ ഇക്കുറി സ്‌ഥിതി വ്യത്യസ്‌തമാണ്‌. ഓഗസ്‌റ്റ്‌ ഒടുവിലാണ്‌ ഓണം. മുന്‍കൂര്‍ശമ്പളം ലഭിച്ചില്ലെങ്കില്‍ വന്‍പ്രതിഷേധമുയരും.
നികുതിവരുമാനത്തില്‍ പ്രതീക്ഷിച്ച വര്‍ധന ഇതുവരെ ഉണ്ടായിട്ടില്ല. ഇ-വേ ബില്‍ നടപ്പാക്കിയിട്ടും ജി.എസ്‌.ടി. വരുമാനം കുറയുകയാണ്‌. ഇന്ധനനികുതി ഒരുരൂപ കുറച്ചതോടെ ആ വരുമാനവും കുറഞ്ഞു. ഇ-വേ ബില്‍ നടപ്പാക്കിയ ഏപ്രിലില്‍ത്തന്നെ മുന്‍വര്‍ഷത്തേക്കാള്‍ ജി.എസ്‌.ടിയില്‍ 200 കോടിയോളം രൂപയുടെ കുറവുണ്ടായി. കഴിഞ്ഞവര്‍ഷം മൂല്യവര്‍ധിതനികുതി(വാറ്റ്‌)യില്‍ 1718.09 കോടി രൂപ ലഭിച്ചപ്പോള്‍, ജി.എസ്‌.ടി. നടപ്പാക്കിയ കഴിഞ്ഞ ഏപ്രിലില്‍ ലഭിച്ചതു 1503.74 കോടി രൂപ മാത്രം. എന്നാല്‍, പെട്രോളിയം ഉത്‌പന്നങ്ങള്‍ ഉള്‍പ്പെടുന്ന നോണ്‍ വാറ്റ്‌ നികുതി 180.07 കോടിയില്‍നിന്ന്‌ 614.99 കോടിയായി ഉയര്‍ന്നു. വാറ്റ്‌ കുടിശികയില്‍നിന്ന്‌ 57.89 കോടി രൂപയും ലഭിച്ചു. ഇന്ധനനികുതി വര്‍ധനകൊണ്ട്‌ ഏപ്രിലിലെ നികുതിവരുമാനത്തില്‍ 10% വര്‍ധനയുണ്ടായി. എന്നാല്‍, മേയില്‍ സ്‌ഥിതി വഷളായി. 2017 മേയില്‍ 1542.61 കോടി രൂപ വാറ്റ്‌ വരുമാനമുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ മേയില്‍ ജി.എസ്‌.ടി. ഇനത്തില്‍ ലഭിച്ചത്‌ 1443.64 കോടി രൂപ മാത്രം.
നോണ്‍ വാറ്റ്‌ ഇനത്തിലും ഇക്കൊല്ലം വന്‍കുറവുണ്ടായി. (കഴിഞ്ഞ മേയില്‍ 1368.74 കോടി, ഇക്കൊല്ലം 1196.56 കോടി). ജി.എസ്‌.ടിയില്‍നിന്നും നോണ്‍ വാറ്റില്‍നിന്നുമായി ഏകദേശം 300 കോടി രൂപയുടെ കുറവാണു മേയിലെ നികുതിയിലുണ്ടായത്‌. വളര്‍ച്ചാനിരക്ക്‌ -4%. ഇതാണു ധനവകുപ്പിനെ ആശങ്കപ്പെടുത്തുന്നത്‌. ജി.എസ്‌.ടി. വ്യാപ്‌തി വര്‍ധിപ്പിച്ചിട്ടും അതിനനുസരിച്ച്‌ വരുമാനമുണ്ടാകുന്നില്ല.
നികുതിവരുമാനം 20% വരെ വര്‍ധിപ്പിച്ച്‌ സംസ്‌ഥാനത്തിന്റെ സാമ്പത്തികസ്‌ഥിതി മെച്ചപ്പെടുത്താമെന്നായിരുന്നു ധനമന്ത്രി ടി.എം. തോമസ്‌ ഐസക്കിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, നികുതിനിരക്ക്‌ വളര്‍ച്ച മുന്‍വര്‍ഷങ്ങളിലേതുപോലെ 10%-ല്‍ത്തന്നെ നില്‍ക്കുകയാണ്‌. 14% കണക്കാക്കി കേന്ദ്രത്തില്‍നിന്നു നഷ്‌ടപരിഹാരം ലഭിക്കുമെങ്കിലും റവന്യൂ ചെലവിലെ വര്‍ധന സംസ്‌ഥാനത്തെ വലയ്‌ക്കുന്നു. അതുകൊണ്ടുതന്നെ ഓണം കടക്കുന്നതുവരെ മുണ്ട്‌ മുറുക്കിയുടുക്കാന്‍ തയാറെടുക്കുകയാണു ധനവകുപ്പ്‌. നിലവില്‍ വേയ്‌സ്‌ ആന്‍ഡ്‌ മീന്‍സ്‌ പരിധിയില്‍നിന്ന്‌ ഒരുകോടി രൂപയുടെവരെ ബില്ലുകള്‍ ഒഴിവാക്കിയിട്ടുണ്ട്‌. അതില്‍ മാറ്റം വരുത്തുമെന്നാണു ധനവകുപ്പ്‌ നല്‍കുന്ന സൂചന. ട്രഷറി ഇടപാട്‌ നടത്താവുന്ന തുകയുടെ പരിധി പഴയപടി 25 ലക്ഷമാക്കി നിജപ്പെടുത്തിയേക്കും. അതില്‍ കൂടുതലുള്ള ബില്ലുകള്‍ക്കു ധനവകുപ്പിന്റെ അനുമതി വേണ്ടിവരും. വകുപ്പുതല ചെലവുകള്‍ ചുരുക്കാനുള്ള കര്‍ശനനിര്‍ദേശങ്ങള്‍ ഉടന്‍ നല്‍കും. വൈദ്യുതി-വെള്ളക്കരം ഒഴികെയുള്ള ചെലവുകള്‍ മാറ്റിവയ്‌ക്കാന്‍ ആവശ്യപ്പെടും. അടിയന്തരപ്രാധാന്യമില്ലാത്ത മറ്റെല്ലാ ചെലവുകളും നിയന്ത്രിക്കും. റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകളോട്‌ കുടിശികയടക്കം നികുതി പിരിച്ചെടുക്കാന്‍ ആവശ്യപ്പെടും. നികുതിയേതരവരുമാനം വര്‍ധിപ്പിക്കാനും വകുപ്പുകളോടു നിര്‍ദേശിക്കും.
കേന്ദ്രവിഹിതം എത്തുമ്പോള്‍ വൈകുമെന്നതിനാല്‍ ഇനി വരുന്ന ഫണ്ട്‌ മുഴുവന്‍ ശമ്പളത്തിനായി നീക്കിവയ്‌ക്കാനാണു നീക്കം. ബാക്കിത്തുക കേന്ദ്രവിഹിതം കൊണ്ടും പൊതുവിപണിയില്‍നിന്നു വായ്‌പയെടുത്തും മറികടക്കും. എന്നാല്‍, പൊതുവിപണിയില്‍നിന്നു വീണ്ടും ശമ്പളത്തിനും പെന്‍ഷനുമായി വായ്‌പയെടുക്കുന്നതു റവന്യൂ കമ്മി കുറയ്‌ക്കുക എന്ന ലക്ഷ്യത്തിനു തിരിച്ചടിയാകും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇതിനകം 6500 കോടി രൂപ വായ്‌പയെടുത്തിട്ടുണ്ട്‌. കുറഞ്ഞത്‌ 2,500 കോടി രൂപയെങ്കിലും ഓണത്തിനായി വായ്‌പയെടുക്കേണ്ടിവരും.

ആര്‍. സുരേഷ്‌

Ads by Google
Sunday 15 Jul 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW