Tuesday, June 18, 2019 Last Updated 14 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.04 AM

അവള്‍ക്കായ്‌ പൊരുതുന്നവള്‍

uploads/news/2018/07/233481/sun2.jpg

എവിടെ പോയാലും കളിയാക്കുന്ന ചെറുപ്പക്കാര്‍. തുറിച്ചു നോക്കുന്ന പെണ്ണുങ്ങള്‍. കുട്ടികള്‍ക്ക്‌ ചൂണ്ടിക്കാണിച്ച്‌ അടക്കം പറയുന്ന അമ്മമാര്‍. തെരുവില്‍ നഗ്നമാക്കപ്പെട്ടതു പോലെ അപമാനം തോന്നിയ അവസരങ്ങള്‍ ഒരുപാടുണ്ട്‌. ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നും ഞങ്ങള്‍ക്കും ഇവിടെ അന്തസോടെ ജീവിക്കാനുള്ള അവകാശങ്ങളുണെന്നും അന്നൊന്നും ആരും തിരിച്ചറിഞ്ഞില്ല. അവര്‍ക്കെല്ലാം പരിഹസിക്കാനൊരു രൂപം മാത്രമായിരുന്നു ഞങ്ങളുടേത്‌. ഞങ്ങളെ കണ്ടാല്‍ ആളുകള്‍ അകന്നു മാറി പോകുമായിരുന്നു. പ്രത്യേകിച്ച്‌ സ്‌ത്രീകള്‍. അതു കാണുമ്പോഴൊക്കെ എത്രമാത്രം വേദനിച്ചിട്ടുണ്ടെന്നോ?
ഇത്‌ മോനിഷ ശേഖര്‍ എന്ന ട്രാന്‍സ്‌ജെന്‍ഡര്‍. രഞ്‌ജിത്‌ ശങ്കര്‍ സംവിധാനം ചെയ്‌ത് ജയസൂര്യ നായകനായ 'ഞാന്‍ മേരിക്കുട്ടി' എന്ന സിനിമയുടെ പ്രദര്‍ശനം എറണാകുളത്ത്‌ നടത്തിയപ്പോള്‍ മോനിഷയെ പോലുള്ള അമ്പതോളം പേര്‍ക്ക്‌ ടിക്കറ്റ്‌ നല്‍കിയിരുന്നു. മോനിഷയും സുഹൃത്തുക്കളുമൊക്കെ മേരിക്കുട്ടി കാണാന്‍ പോയി. അഭിമാനത്തിന്റെ നേര്‍ക്ക്‌ പതിച്ച കരുണയറ്റ പ്രഹരങ്ങളുടെ അനവധി ഓര്‍മകള്‍ മനസിലൂടെ കടന്നു പോയ നിമിഷങ്ങള്‍. സിനിമയില്‍ മേരിക്കുട്ടി നേരിടുന്ന ഓരോ പ്രതിസന്ധിയും തന്റേതു കൂടിയായിരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ തിയേറ്ററിലിരുന്ന്‌ മോനിഷ കരഞ്ഞു.
ഒരിക്കല്‍ അപകര്‍ഷതയുടെ കൊടുംവേനല്‍ മായ്‌ച്ചു കളഞ്ഞ മന്ദഹാസത്തിനും ഇന്ന്‌ സമൂഹത്തിന്റെ മുന്നില്‍ അന്തസോടെ ജോലി ചെയ്‌തു ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന നിലയ്‌ക്ക് മോനിഷയുടെ ചുണ്ടിലെ ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിക്കുമിടയില്‍ ഒരുപാട്‌ ദൂരമുണ്ട്‌. രണ്ടുവര്‍ഷം മുമ്പുവരെയുള്ള തന്റെ ജീവിതത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നേരിടേണ്ടി വന്ന പരിഹാസത്തിന്റെയും അവഗണനയുടെയും തീക്കനലിന്റെ പൊള്ളലുകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ മോനിഷയുടെ കണ്ണുകള്‍ നിറയും. ചൂണ്ടുവിരല്‍ കൊണ്ടു കണ്ണുനീര്‍തുടച്ച്‌ വീണ്ടും ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്ന്‌ ചിരിയുടെ മുത്തുച്ചിപ്പിയെടുത്ത്‌ തന്റെ ചുണ്ടില്‍ വിരിയിക്കും. കാരണം ഇന്ന്‌ ജീവിതത്തില്‍ പുനര്‍ജന്‍മത്തിന്റെ ആഹ്‌ളാദം അനുഭവിക്കുന്ന, സ്‌ത്രീത്വം കൈവരിക്കുകയെന്ന തീവ്രമായ ആഗ്രഹത്തിന്റെ ജ്വാല ഉളളില്‍ പേറുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറാണ്‌ മോനിഷ. പുരുഷന്റെ ശരീരവും പെണ്ണിന്റെ മനസുമായി കാല്‍ നൂറ്റാണ്ടിലേറെ ആത്മസംഘര്‍ഷങ്ങളോട്‌ നിശബ്‌ദമായി പൊരുതിയ ഒരാള്‍. ഇന്ന്‌ മനസുകൊണ്ടും ശരീരം കൊണ്ടും സ്‌ത്രീജത്തിലേക്കുള്ള യാത്രയിലാണ്‌ മോനിഷയുടെ ജീവിതത്തിലെ ഓരോ നിമിഷവും.
കോഴിക്കോട്‌ ജില്ലയിലെ രാമനാട്ടുകരയിലാണ്‌ മോനിഷ ജനിച്ചത്‌. അച്‌ഛനും അമ്മയും ചേട്ടനും ചേച്ചിയും അടങ്ങുന്ന കുടുംബം. അത്രവലിയ സാമ്പത്തിക ഭദ്രതയൊന്നുമില്ല. സതീഷ്‌ ശേഖര്‍ എന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ പേര്‌. ബാല്യകൗമാരങ്ങളില്‍ സഹോദരങ്ങള്‍ക്കൊപ്പം കഴിയുമ്പോള്‍ പെരുമാറ്റങ്ങളിലും സംസാരത്തിലും എന്തിന്‌ ചിന്തയില്‍പോലും അവന്റെയുള്ളിലെ അവള്‍ തെളിഞ്ഞു വന്നപ്പോള്‍ ഇവനെന്താ ഇങ്ങനെയെന്ന്‌ വീട്ടുകാര്‍ക്ക്‌ ആധിയായി. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും കൗതുകവും. ആണ്‍കുട്ടിയെ പോലെയാകാന്‍ വീട്ടുകാര്‍ ആവുന്നത്ര ഉപദേശിച്ചിട്ടും പെണ്ണായി തീരുകയെന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ അവന്‌ മനസുവന്നില്ല. സതീഷ്‌ വളര്‍ന്നതോടെ വീട്ടുകാരും അടുത്തുള്ളവരും മെല്ലെ സാധാരണയെന്ന പോലെ പെരുമാറാന്‍ തുടങ്ങി.
എന്നാല്‍ രാമനാട്ടുകര വിട്ട്‌ മറ്റു സ്‌ഥലങ്ങളിലേക്ക്‌ പോകാന്‍ തുടങ്ങിയപ്പോഴാണ്‌ തന്റെയുള്ളിലെ പെണ്ണിനെ കൊണ്ട്‌ സതീഷിന്‌ പൊല്ലാപ്പ്‌ തുടങ്ങിയത്‌. ചെല്ലുന്നിടത്തെല്ലാം അത്ഭുതവും അമ്പരപ്പും ചേര്‍ന്നു കൂര്‍പ്പിച്ച മുള്ളുപോലുള്ള നോട്ടങ്ങളില്‍ പലപ്പോഴും അവന്‌ മുറിവേറ്റു. അപമാനത്തിന്റെ വേദനയില്‍ അവന്‍ പിടഞ്ഞപ്പോള്‍ ഉള്ളിലെ അവളാകട്ടെ ചങ്ങലയിലെന്നപോലെ കരഞ്ഞു കുതറിക്കൊണ്ടിരുന്നു. അവള്‍ കാരണം പിന്നെയും ഒരുപാട്‌ പ്രയാസങ്ങള്‍ നേരിട്ടു. പക്ഷേ തന്റെയുള്ളില്‍ കുടിയേറിയ അവളെ ഉപേക്ഷിക്കാന്‍ സതീഷ്‌ ഒരുക്കമായിരുന്നില്ല. കാരണം അവളായി മാറാനായിരുന്നു അവന്റെ ഇഷ്‌ടം. ആ പരിണാമത്തിനായി തന്റെ പുരുഷജന്മം അടിയറ വയ്‌ക്കാനായിരുന്നു തീരുമാനം. മുതിര്‍ന്നപ്പോള്‍ സഹോദരങ്ങള്‍ സാധാരണപോലെ തന്നെ വിവാഹം കഴിച്ചു. പക്ഷേ സതീഷിന്റെ ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. മനസിലും ശരീരത്തിലും ഒളിച്ചിരുന്ന അവള്‍ അവളായി തന്നെ സമൂഹത്തിന്റെ മുന്നിലേക്ക്‌ കടന്നുവരാന്‍ സദാ വെമ്പി. ഒരുവിധത്തില്‍ പത്താം ക്ലാസു വരെയെത്തി. സ്വത്വങ്ങള്‍ തമ്മില്‍ ബലാബലം പരീക്ഷിക്കുന്നിടത്ത്‌ സ്‌കൂള്‍ പരീക്ഷയ്‌ക്ക് പ്രസക്‌തിയുണ്ടായില്ല. ഫലം സതീഷ്‌ പത്തില്‍ തോറ്റു.
പരീക്ഷയെഴുതി ജയിക്കാനൊന്നും സതീഷ്‌ മെനക്കെട്ടില്ല. ഹോട്ടല്‍ മാനേജ്‌മെന്റ്‌ പഠിക്കാന്‍ വയനാട്ടില്‍ പോയി. കോഴ്‌സ് കഴിഞ്ഞ്‌ കുറേ റിസോര്‍ട്ടുകളില്‍ ജോലി ചെയ്‌തു. എല്ലായിടത്തും കാണുമ്പോള്‍ അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നെന്ന്‌ മോനിഷ. ഒരുപാട്‌ സ്‌ഥലത്ത്‌ ജോലിചെയ്‌തു. പിന്നെ നാട്ടിലെത്തി ഒരു ഹോട്ടലില്‍ ജോലിക്കു കയറി. എന്റെ കുക്കിങ്ങ്‌ അവര്‍ക്ക്‌ വളരെ ഇഷ്‌ടപ്പെട്ടു. ഒരു ദിവസം എണ്ണൂറു രൂപ കിട്ടുമായിരുന്നു. പക്ഷേ ജോലിക്കു പോയി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ അതിന്റെ ഉടമസ്‌ഥന്‍ എന്നോട്‌ ഇനിമുതല്‍ ഞാന്‍ ഹോട്ടലിന്റെ പുറകുവശത്തു കൂടി അകത്തുകയറിയാല്‍ മതിയെന്നു പറഞ്ഞു. കാരണം ഹോട്ടലില്‍ വരുന്ന ആളുകള്‍ എന്നെ കാണുന്നത്‌ അദ്ദേഹത്തിന്‌ അപമാനമാണ്‌. അയാള്‍ പറഞ്ഞതുകേട്ട്‌ എനിക്ക്‌ സങ്കടം വന്നു. ഞാനുണ്ടാക്കുന്ന ഭക്ഷണം അവര്‍ക്ക്‌ നല്ലതാണ്‌. അതുകൊണ്ട്‌ ഞാനവിടെ ജോലി ചെയ്യണം. പക്ഷേ മറ്റുള്ളവര്‍ എന്നെ കാണാന്‍ പാടില്ല. അതവര്‍ക്ക്‌ നാണക്കേടാണ്‌. ആ വിഷമം സഹിച്ചുകൊണ്ട്‌ പിന്നീടവിടെ ജോലി ചെയ്യാന്‍ എനിക്കു തോന്നിയില്ല. ഞാന്‍ പോന്നു.
മോനിഷ പറയുന്നു.
കുടുംബശ്രീയിലേക്കുള്ള അപ്രതീക്ഷിത വരവാണ്‌ മോനിഷയുടെ ജീവിതംമാറ്റി മറിച്ചത്‌. ഭിന്നലിംഗക്കാര്‍ക്കു വേണ്ടിയുള്ള പ്രത്യേക അയല്‍ക്കൂട്ടം രൂപീകരിക്കുന്നതറിഞ്ഞ്‌ മോനിഷയും അതില്‍ ചേര്‍ന്നു. കോഴിക്കോട്‌ കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിലാണ്‌ മോനിഷയുള്‍പ്പെടെ പത്തുപേരുടെ അയല്‍ക്കൂട്ടം രൂപീകരിച്ചത്‌. പേര്‌ പുനര്‍ജന്മം. മോനിഷയേയും സുഹൃത്തുക്കളെയും സംബന്ധിച്ച്‌ എല്ലാ അര്‍ത്ഥത്തിലും അതൊരു പുനര്‍ജന്മമായിരുന്നു.
''ഞങ്ങളുടെ അവകാശങ്ങളെ കുറിച്ചെല്ലാം കുടുംബശ്രീ വളരെ വിശദമായ ക്ലാസ്‌ തന്നു. ഞങ്ങളെ അവരില്‍ ഒരാളായി ചേര്‍ത്തു നിര്‍ത്തി. ഞങ്ങളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളുമെല്ലാം അനുഭാവപൂര്‍വം ചോദിച്ചറിഞ്ഞു. തൊഴില്‍ ചെയ്‌ത് വരുമാനം നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ അവസരം തന്നു. ആത്മവിശ്വാസത്തോടെ സമൂഹത്തിലേക്കിറങ്ങാന്‍ പഠിപ്പിച്ചു. കുടുംബശ്രീയില്‍ വന്നതോടെയാണ്‌ സ്വന്തം അവകാശങ്ങളെക്കുറിച്ച്‌ തിരിച്ചറിയാന്‍ കഴിഞ്ഞത്‌ ''.
മോനിഷ പറയുന്നു.
കുടുംബശ്രീയുടെ കീഴില്‍ സംരംഭം തുടങ്ങാനുളള അവസരം മോനിഷയും കൂട്ടുകാരും നന്നായി പ്രയോജനപ്പെടുത്തുകയും ചെയ്‌തു. ടൂറിസം വകുപ്പിന്റെ കീഴില്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌ ട്രെയിനിങ്ങ്‌ പൂര്‍ത്തിയാക്കിയത്‌ വളരെയധികം ഉപകരിച്ചു. ഏഴുതരം നെല്ലിക്ക ജ്യൂസാണ്‌ ഇവരുടെ പ്രധാന ഐറ്റം. പിന്നെ മാങ്ങ, ഓറഞ്ച്‌, പപ്പായ, ആപ്പിള്‍, പൈനാപ്പിള്‍ തുടങ്ങിയവയുടെ ഫ്രഷ്‌ ജ്യൂസും കോഴിക്കോടന്‍ സ്‌പെഷ്യല്‍ അവല്‍ മില്‍ക്കും.
''ഞങ്ങളുടെ അയല്‍ക്കൂട്ടം രൂപീകരിച്ച സമയത്ത്‌ കുടുംബശ്രീ സംഘടിപ്പിക്കുന്ന ഒരു പരിപാടിക്കു മന്ത്രിയും വരുന്നുണ്ടെന്ന്‌ ജില്ലാമിഷനില്‍ നിന്നും ഞങ്ങളെ വിളിച്ചു പറഞ്ഞു. അവിടെ ചെല്ലുമ്പോള്‍ മൈതാനം നിറയെ സ്‌റ്റാളുകള്‍. ജ്യൂസ്‌ വില്‍ക്കുന്ന സ്‌റ്റാളുകാര്‍ വരില്ല, പകരം നിങ്ങള്‍ക്കു നടത്താമോ എന്ന്‌ ജില്ലാമിഷനില്‍ നിന്നും ചോദിച്ചു. ഞങ്ങള്‍ സമ്മതിക്കുകയും ചെയ്‌തു. അരമണിക്കൂറിനകം സ്‌റ്റാളും ജ്യൂസ്‌ തയ്യാറാക്കാനുള്ള സാധനങ്ങളും ജ്യൂസറുമെല്ലാം റെഡിയായി. ഞാനും ജാസ്‌മിനും കൂടിയാണ്‌ ജ്യൂസ്‌ വിറ്റത്‌. ഏഴു ദിവസംകൊണ്ട്‌ എണ്‍പത്തി അയ്യായിരം രൂപയ്‌ക്ക് മേല്‍ വിറ്റുവരവ്‌ നേടി. അതുകണ്ടപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. സംരംഭം രൂപീകരിക്കുന്നതിനുള്ള കാര്യങ്ങളുമായി മുന്നോട്ടു പോയി. കുടുംബശ്രീ എല്ലാവിധ പിന്തുണയും നല്‍കി. മോനിഷ പറയുന്നു.
അലീന ജോസഫ്‌, വര്‍ഷ, നന്ദിനി, ഷംന എന്നിവരാണ്‌ പുനര്‍ജന്മം എന്ന സംരംഭകൂട്ടായ്‌മയില്‍ മോനിഷയ്‌ക്കൊപ്പമുളളത്‌. തനിക്കറിയാവുന്ന പാചകങ്ങളെല്ലാം ഇവരെയും പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്‌. കുടുംബശ്രീയുടെ കീഴില്‍ ഇതുവരെ വിവിധ ജില്ലകളിലായി പതിനഞ്ചോളം മേളകളില്‍ ഇവര്‍ പങ്കെടുത്തു കഴിഞ്ഞു. ഇതിലൂടെ എല്ലാവര്‍ക്കും ഇതുവരെ രണ്ടര ലക്ഷം രൂപ വീതം വരുമാനവും ലഭിച്ചു.
പ്രഫഷണലിസത്തിന്റെ കാര്യത്തില്‍ ഇവര്‍ ഒരു വീഴ്‌ചയും വരുത്താറില്ല. എല്ലാ മാസവും ജില്ലാമിഷന്റെ ഓഫീസില്‍ കൃത്യമായി അയല്‍ക്കൂട്ടം ചേരും. മാസം ഇരുനുറ്റി അമ്പതു രൂപ വീതം എല്ലാവരും സമ്പാദ്യമായി നിക്ഷേപിക്കുന്നുമുണ്ട്‌. ഇതുവരെ പുനര്‍ജന്‍മം അയല്‍ക്കൂട്ടത്തില്‍ പതിനെണ്ണായിരം രൂപയാണ്‌ നിക്ഷേപം.
കുടുംബശ്രീ കുടുംബത്തില്‍ അംഗമായതോടെ വരുമാനത്തേക്കാളേറെ ഇവര്‍ക്ക്‌ സന്തോഷം നല്‍കുന്ന മറ്റു ചില കാര്യങ്ങളുണ്ട്‌. സ്‌ത്രീയായി മാറാനുള്ള ദൃഢനിശ്‌ചയം കുറേക്കൂടി ആഴത്തില്‍ മനസില്‍ വേരുറപ്പിച്ചു. അതോടെ മാതാപിതാക്കള്‍ നല്‍കിയ സതീഷ്‌ ശേഖര്‍ എന്ന പേര്‌ മോനിഷ ശേഖര്‍ എന്ന്‌ മാറ്റി. അത്‌ ഗസറ്റിലും പ്രസിദ്ധീകരിച്ചു. തിരയ്‌ക്കും തീരത്തിനുമിടയ്‌ക്കെന്ന പോലെ സദാ അലയടിച്ചുകൊണ്ടിരുന്ന മോനിഷയുടെ സ്വത്വബോധത്തിന്‌ ആദ്യമായി കിട്ടിയ അംഗീകാരമായിരുന്നു മോനിഷ ശേഖര്‍ എന്ന പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌. ഒരു വ്യക്‌തിയെന്ന നിലയ്‌ക്ക് ഏറെ അഭിമാനം തോന്നിയ നിമിഷമായിരുന്നു അതെന്ന്‌ മോനിഷ പറയുന്നു. ഇതേ പേരില്‍ തന്നെ ബാങ്ക്‌ അക്കൗണ്ടും തുറന്നു. ആധാര്‍ കാര്‍ഡിന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌. അധികം വൈകാതെ അതും ലഭിക്കും.
മോനിഷയ്‌ക്ക് ഇപ്പോള്‍ സംതൃപ്‌തി നല്‍കുന്ന മറ്റൊന്നു കൂടിയുണ്ട്‌. എല്ലായിടത്തു നിന്നും ലഭിക്കുന്ന സ്വീകാര്യതയാണത്‌. ഭിന്നലിംഗ വ്യക്‌തികളായതുകൊണ്ട്‌ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടതിന്റെ വേദന നന്നായി അനുഭവിച്ച മോനിഷയെ സംബന്ധിച്ച്‌ ഇപ്പോള്‍ കിട്ടുന്ന സ്‌നേഹവും പരിഗണനയും ഏറെ പ്രിയപ്പെട്ടതാണ്‌.
''കുടുംബശ്രീയുടെ മേളകള്‍ക്ക്‌ പോകാന്‍ തുടങ്ങിയതോടെ സമൂഹത്തിന്‌ ഞങ്ങളോടുള്ള പെരുമാറ്റത്തിലും മനോഭാവത്തിലും നല്ല മാറ്റം വന്നിട്ടുണ്ട്‌. ആരും ഞങ്ങളെ അകറ്റി നിര്‍ത്തുന്നില്ല. അവരില്‍ ഒരാളായി തന്നെ കാണുന്നു.
സ്വന്തമായുള്ള നാല്‌ സെന്റ്‌ സ്‌ഥലത്ത്‌ പുതിയ വീടു പണിയുകയാണ്‌ മോനിഷ.സാമൂഹികവും സാമ്പത്തികവുമായ അഭിവൃദ്ധി നേടുന്നതോടൊപ്പം ജന്മാഭിലാഷം സാക്ഷാത്‌ക്കരിക്കാനുള്ള പരിശ്രമങ്ങളുടെ അവസാന ഘട്ടത്തിലുമാണ്‌ മോനിഷ. പൂര്‍ണമായും സ്‌ത്രീയായി മാറുന്നതിന്റെ ഭാഗമായുള്ള ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ്‌ നടന്നു കൊണ്ടിരിക്കുന്നു. ബാംഗ്ലൂരിലെ ആശുപത്രിയിലാണ്‌ ശസ്‌ത്രക്രിയ.

ആശ.എസ്‌. പണിക്കര്‍

Ads by Google
Sunday 15 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW