Tuesday, March 26, 2019 Last Updated 1 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.04 AM

പാമ്പ്‌ ഒരു ഭീകരജീവിയല്ല...ജൂലൈ 16 സ്‌നേക്ക്‌ ഡേ

uploads/news/2018/07/233480/sun1.jpg

പാമ്പുകളോടുള്ള ഭ്രമത്തിന്‌ തുടക്കമിട്ട കുട്ടിക്കാല ഓര്‍മ്മകള്‍ ഓര്‍ത്തെടുത്ത്‌ പാലോട്‌ നങ്ങ്യാടുള്ള വീട്ടിലിരുന്ന്‌ രാജി പറഞ്ഞു തുടങ്ങി:
''എന്റെ അച്‌ഛനും അമ്മയും ടാപ്പിംഗ്‌ തൊഴിലാളികളായിരുന്നു. ചെറുപ്പം മുതല്‍ക്ക്‌ അവരോടൊപ്പം റബ്ബര്‍തോട്ടങ്ങളില്‍ ഞാനും പോകും. പാറക്കെട്ടിനിടയിലൂടെ ഇഴയുന്ന പാമ്പുകള്‍ പതിവുകാഴ്‌ച ആയതുകൊണ്ടാകാം പേടി തോന്നിയിട്ടില്ല. പാമ്പിന്റെ നീക്കം നോക്കിയിരിക്കാന്‍ എനിക്ക്‌ വലിയ ഇഷ്‌ടമായിരുന്നു. ചിലപ്പോഴൊക്കെ പാലെടുത്ത ചിരട്ടയിലും കുട്ടയുടെ അടിയിലും, തണുപ്പ്‌ പറ്റിയിരിക്കുന്ന അണലിയുള്‍പ്പെടെയുള്ള പാമ്പുകള്‍ എന്റെ കയ്യിലൂടെ ഇഴഞ്ഞ്‌ ഇറങ്ങിപ്പോയിട്ടുണ്ട്‌.
ഏഴാം വയസ്സിലാണ്‌ പാമ്പുകളോട്‌ ശരിക്കും കമ്പം തോന്നിയത്‌. ഒഴുക്കുള്ള തോട്ടില്‍ നീന്തിക്കുളിക്കുന്നതിനിടയില്‍ പാമ്പിനെക്കണ്ട്‌ കൂടെ ഉണ്ടായിരുന്നവരെല്ലാം ഓടി കരയ്‌ക്കുകയറി. അത്‌ എന്റെ കഴുത്തില്‍ വരിഞ്ഞു. ഭയന്ന്‌ നിലവിളിക്കേണ്ടതിനു പകരം, കിട്ടിയ അവസരം പാമ്പിനെ തൊട്ടുനോക്കാനാണ്‌ ഞാന്‍ വിനിയോഗിച്ചത്‌. നീര്‍ക്കോലിയായിരുന്നു. ദേഹത്തുനിന്ന്‌ തട്ടിമാറ്റിയെങ്കിലും, മനസ്സിന്റെ ഉള്ളിലത്‌ കയറിക്കൂടി.''

എന്നോടൊപ്പം വളര്‍ന്ന ഇഷ്‌ടം
''പാമ്പുപിടിത്തവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എവിടെക്കണ്ടാലും ഞാന്‍ ശ്രദ്ധിക്കും. മാസികകളിലും പത്രങ്ങളിലും വരുന്ന കുറിപ്പുകള്‍ ആവേശത്തോടെ വായിച്ച്‌ , ഫോട്ടോ അടക്കം വെട്ടിയെടുത്ത്‌ സൂക്ഷിക്കും. കൂടുതലായി അറിയാന്‍ മോഹം ഉടലെടുത്തതോടെ യൂട്യൂബിലുള്ള വീഡിയോകളൊക്കെ കണ്ടു. ഗവേഷണത്തിനായി ഇറങ്ങിപ്പുറപ്പെട്ടതു മുതല്‍ ഇത്‌ മാത്രമായി ചിന്ത. മ്യൂസിയവും സൂവും സന്ദര്‍ശിച്ച്‌ ഇനങ്ങളും പ്രത്യേകതകളും മനസ്സിലാക്കി. പാമ്പിനെക്കുറിച്ചുള്ള ക്ലാസ്സുകള്‍ എവിടെ നടക്കുന്നെന്നറിഞ്ഞാലും അതില്‍ പങ്കെടുക്കും. പാലോട്ടെ ഫോറസ്‌റ്റ് ജീവനക്കാരന്‍ സങ്കല്‍രാജ്‌ പാമ്പിനെ പിടിക്കുന്നത്‌ നേരില്‍ കണ്ടാണ്‌ എനിക്കുമത്‌ ചെയ്‌താല്‍ക്കൊള്ളാമെന്ന്‌ തോന്നിയത്‌.
ബാബു പലാല മാഷ്‌ നടത്തിയ ബോധവത്‌കരണ ക്ലാസ്സാണ്‌ ജീവിതം മാറ്റിമറിച്ചത്‌. രാവിലെ തുടങ്ങിയ ക്ലാസ്സ്‌ അന്നേ ദിവസം രാത്രി വരെ നീണ്ടു. ഒരായുഷ്‌കാലം കൊണ്ടാര്‍ജ്‌ജിച്ച അറിവാണ്‌ ചുരുങ്ങിയ നേരംകൊണ്ട്‌ അദ്ദേഹം പകര്‍ന്നു തന്നത്‌. മൂര്‍ഖനെ മാളത്തില്‍ നിന്നെടുക്കുന്ന രീതിയൊക്കെ സാറാണ്‌ പഠിപ്പിച്ചത്‌. കല്ലിനിടയില്‍ യഥാര്‍ത്ഥ പാമ്പിനെ വച്ചായിരുന്നു പരിശീലനം. രാജവെമ്പാലയെപ്പോലുള്ള വമ്പന്മാരെ ആദ്യമായി തൊട്ടുനോക്കിയതും അവിടെവെച്ചാണ്‌. ബാബു സര്‍ ഇന്ന്‌ ജീവിച്ചിരിപ്പില്ല.''
പാമ്പുകളെക്കുറിച്ച്‌ പറഞ്ഞുവന്നപ്പോള്‍ ഉണ്ടായിരുന്ന ആവേശവും തിളക്കവും നിറഞ്ഞ കണ്ണുകള്‍ നിമിഷനേരത്തേക്ക്‌ ഗുരുവിന്റെ ഓര്‍മയില്‍ നനഞ്ഞു.

മോഹത്തോടടുപ്പിച്ച ഫോണ്‍ കോള്‍
ജീപ്പ്‌ ഡ്രൈവറായ ഭര്‍ത്താവ്‌ അനില്‍കുമാറിനെ സഹായിക്കുന്നതിനായി തയ്യല്‍ക്കാരിയായ രാജി, ജീപ്പ്‌ ഓടിക്കാന്‍ പഠിച്ചു. പിക്കപ്പ്‌ വാന്‍, ബസ്‌, ക്രെയിന്‍, ജെ.സി.ബി ഉള്‍പ്പെടെ എല്ലാ വലയങ്ങളും വളയിട്ട കൈകള്‍ക്കും വഴങ്ങുമെന്നവര്‍ തെളിയിച്ചു. പിക്കപ്പ്‌ വാനുമായി ജോലിക്കുപോകുന്നതിനിടയിലാണ്‌ ആ ഫോണ്‍ കോള്‍ വന്നത്‌
''ചേച്ചി, പച്ചയിലൊരു പാമ്പ്‌ .''
തുടര്‍ന്ന്‌ നടന്നത്‌ രാജി വിശദീകരിച്ചു
''പച്ച ഇവിടുന്നല്‍പ്പം മാറിയുള്ള സ്‌ഥലമാണ്‌. ഒരു മണിക്കൂറിനകം ഞാന്‍ അവിടെയെത്തി. തേടിയ വള്ളിയല്ല പാമ്പാണ്‌ കാലില്‍ ചുറ്റിയത്‌. ബാബു സര്‍ പഠിപ്പിച്ചത്‌ പരീക്ഷിക്കാന്‍ കിട്ടിയ അവസരം. ഏറെ സമയമെടുത്തെങ്കിലും തളരാതെ ആത്മവിശ്വാസത്തോടെ ആദ്യം നേരിട്ട പാമ്പിനെ കൈക്കുള്ളിലാക്കി. കീഴ്‌പ്പെടുത്തിയത്‌ മൂര്‍ഖനെയാണെന്ന്‌ മനസിലായതോടെ ധൈര്യം ഇരട്ടിച്ചു.
ഈ ഒരു വര്‍ഷക്കാലംകൊണ്ട്‌ ഓരോ പാമ്പിനെയും തൊട്ടും അടുത്തറിഞ്ഞും വിഷമുള്ളതും ഇല്ലാത്തതും ഓരോന്നിനെയും നേരിടേണ്ട രീതിയും അനുഭവത്തിലൂടെ പഠിച്ചെടുത്തു. എഴുന്നൂറിലധികം പാമ്പുകളെ പിടിച്ചുകഴിഞ്ഞു. എണ്‍പതോളം ഇനങ്ങളില്‍പ്പെട്ട പാമ്പുകളില്‍ ഉഗ്രവിഷമുള്ള രാജവെമ്പാലയും, കരിമൂര്‍ഖനും, അണലിയും, ശംഖുവരയനുംപെടും.''

അനുഭവം പകര്‍ന്ന അറിവുകള്‍
''മരച്ചീനി പുഴുങ്ങിയതിന്റെ വെള്ളം ഊറ്റുമ്പോള്‍ ഉണ്ടാകുന്നതുപോലൊരു മണം സന്ധ്യാസമയത്ത്‌ ഉണ്ടായാല്‍, അണലി വാ തുറക്കുന്നതാണെന്ന്‌ കുട്ടിക്കാലംതൊട്ട്‌ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ഭക്ഷണം കഴിക്കാന്‍ പകലും അണലി വാതുറക്കുമല്ലോ, അപ്പോള്‍ ആ ഗന്ധം വരാത്തത്‌ എന്തുകൊണ്ടാണെന്ന്‌ ഞാന്‍ അന്വേഷിച്ചു. അങ്ങനെയാണ്‌ പാടത്താളി എന്ന ചെടി പൂക്കുന്ന മണം അണലിയുടേതാണെന്ന്‌ ആളുകള്‍ തെറ്റിദ്ധരിച്ചതാണെന്ന്‌ പിടികിട്ടിയത്‌. പാടത്താളി ഔഷധസസ്യമാണ്‌. സര്‍പ്പവിഷം അടക്കം പലതിനും ഉപയോഗിക്കുന്നതായി താളിയോലഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുള്ള ഈ ചെടി സന്ധ്യയ്‌ക്ക് മാത്രമേ പൂവിടൂ.
പാമ്പ്‌ കടിയേറ്റ്‌ മരണപ്പെട്ടവരെക്കുറിച്ചും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്‌. ഈ രംഗത്ത്‌ അതറിഞ്ഞിരിക്കണം എന്നതിലുപരി തെറ്റായ ധാരണകൊണ്ട്‌ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തടയണം എന്ന ചിന്തയാണ്‌ അതിനു കാരണം. അങ്ങനെ മനസിലാക്കിയതില്‍ ഞെട്ടിച്ച അനുഭവമാണ്‌ ശംഖുവരയനെക്കുറിച്ചുള്ള അറിവ്‌. ശംഖുവരയന്റെ കടിയേറ്റാല്‍ , മുറിവുണ്ടാവുകയോ നീരുവെക്കുകയോ വേദനിക്കുകയോ കാഴ്‌ച മങ്ങുകയോ ഒന്നും ചെയ്യില്ല. സന്ധ്യാസമയങ്ങളിലാണ്‌ കൂടുതലായും ഇവ ആളുകളെ കടിക്കുന്നത്‌. കിണറ്റിന്‍കരയിലും അലക്കുകല്ലിലും മറ്റും തണുപ്പ്‌ പറ്റിയിരിക്കാനാണ്‌ താല്‌പര്യം. ഉറക്കച്ചടവിന്‌ സമാനമായ ആലസ്യം മാത്രമായിരിക്കും കടിയേറ്റ ആളില്‍ ഉണ്ടാവുക. സമയത്ത്‌ ചികിത്സ തേടാത്തതുകൊണ്ട്‌ ഉറക്കത്തില്‍ത്തന്നെ ആള്‌ മരിക്കും. അതുകൊണ്ട്‌ ശംഖുവരയനെ 'സൈലന്റ്‌ കില്ലര്‍ സ്‌നെയ്‌ക്ക്' എന്നാണ്‌ വിളിക്കുന്നത്‌. കാട്ടുപാമ്പെന്ന്‌ പേരുള്ള വിഷമില്ലാത്ത പാമ്പിനോട്‌ രൂപസാദൃശ്യമുള്ളതുകൊണ്ടും ശംഖുവരയന്‍ കടിച്ചപ്പോള്‍ ഗൗനിക്കാതെ മരിച്ച ഒരു ചേട്ടനുണ്ട്‌ ഞങ്ങളുടെ അയല്‍പക്കത്ത്‌. അതില്‍പ്പിന്നെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുമ്പോള്‍ പല പാമ്പുകളെ തിരിച്ചറിയുന്നതെങ്ങനെ ആണെന്നും ഞാന്‍ പറഞ്ഞുകൊടുക്കാറുണ്ട്‌. കാട്ടുപാമ്പാണെങ്കില്‍ വെള്ളയുംകറുപ്പും ഇടകലര്‍ന്നചുറ്റിക്കെട്ട്‌ വയറിന്റെ ഭാഗത്ത്‌ കാണാം. ശംഖുവരയന്‌ കറുപ്പില്‍ വെള്ളവരയാണ്‌ ഉണ്ടാവുക. ചേരയെയും മൂര്‍ഖനെയും ഒറ്റനോട്ടത്തില്‍ വേര്‍തിരിച്ചറിയാനാവില്ല. പത്തി വിടര്‍ത്തുമ്പോഴുള്ള തലയെടുപ്പ്‌ മൂര്‍ഖനെ ഉള്ളു. അതുപോലെ അണലിയും പെരുമ്പാമ്പും. രണ്ടിന്റെ ദേഹത്തും ത്രികോണാകൃതിയില്‍ ഡിസൈന്‍ കാണും.അണലിക്ക്‌ വട്ടപ്പുള്ളിയും ഉണ്ടാകും. പെരുമ്പാമ്പിന്റെ വാല്‌ വ്യത്യസ്‌തമാണ്‌.
പാമ്പുകള്‍ക്ക്‌ ചെവിയില്ല. ചലനം ശ്രദ്ധിച്ചാണ്‌ കാര്യങ്ങള്‍ ഗ്രഹിക്കുക. നെഗറ്റീവ്‌ വിഷന്‍ ആണ്‌ എടുത്തുപറയേണ്ട പ്രത്യേകത. മങ്ങിയ കാഴ്‌ചയെ ഉള്ളു. അതുകൊണ്ട്‌ പാമ്പില്‍ നിന്ന്‌ രക്ഷനേടാന്‍ ഏറ്റവും നല്ല മാര്‍ഗം നിന്നിടത്ത്‌ തന്നെ അനങ്ങാതെ നില്‍ക്കുന്നതാണ്‌. നമ്മള്‍ നീങ്ങിയാല്‍ മാത്രമേ അതിന്‌ കൃത്യമായി പിന്തുടരാന്‍ കഴിയൂ. എന്നാല്‍ അണലിയുടെ കാര്യം വരുമ്പോള്‍ ഈ വഴി ഗുണം ചെയ്യില്ല. അതിന്റെ ത്വക്കിന്‌ മനുഷ്യന്റെ ചൂടറിയാം. വെളുത്തുള്ളി ചതച്ചിട്ടാല്‍ പാമ്പ്‌ അടുക്കില്ലെന്നതും തെറ്റായ ധാരണയാണ്‌. കാരണം, അവയ്‌ക്ക് മണം പിടിച്ചെടുക്കാനുള്ള കഴിവില്ല.''

പാമ്പുകളും വികാരങ്ങളും
''പാമ്പുകളുടെ വൈരാഗ്യബുദ്ധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സത്യമല്ല. ഇണയെ നോവിച്ചതിന്‌ പതുങ്ങിയിരുന്ന്‌ പ്രതികാരം വീട്ടിയ നാഗത്താന്മാരുടേത്‌ കെട്ടുകഥകളാണ്‌. ഇണക്കങ്ങളും പിണക്കങ്ങളും ഓര്‍മ്മിച്ചുവയ്‌ക്കാനുള്ള ശേഷി ഇല്ലാത്ത ജീവികളാണ്‌ പാമ്പുകള്‍. അവ മനുഷ്യരെ സ്‌നേഹിക്കുകയുമില്ല, വൈരാഗ്യം മനസ്സിലിട്ട്‌ കടന്നാക്രമിക്കുകയുമില്ല.''

മാതൃത്വം മുറ്റുന്ന ഉള്ളം
''ചില നേരങ്ങളില്‍ പാമ്പിനെ പിടികൂടാന്‍ വിവരം കിട്ടി ചെല്ലുമ്പോള്‍ അവ മുട്ട ഇടുക ആയിരിക്കും. നമ്മളതിനെ പിടികൂടുമ്പോള്‍ ആ വെപ്രാളത്തില്‍ എട്ടോ പത്തോ മുട്ടയേ ഇട്ടെന്ന്‌ വരൂ. ബാക്കി ചിലപ്പോള്‍ രണ്ടുദിവസം കഴിഞ്ഞേ ഇടൂ. ഒറ്റയടിക്ക്‌ അറുപത്‌ മുട്ട വരെ ഇടുന്ന പാമ്പുകളുണ്ട്‌. പെണ്‍പാമ്പ്‌ മുട്ടയുടെ പുറത്തല്ല അടയിരിക്കുന്നത്‌, അരികിലാണ്‌. ആ നേരം ഭക്ഷണം പോലും കഴിക്കാതെ മാതൃത്വം പേറും.
ഏതു പാതിരാത്രിയിലും പാമ്പിനെ പിടിക്കാനായി ഇറങ്ങിച്ചെല്ലുമെങ്കിലും അവയെ കാട്ടിലേക്ക്‌ പകലേ കൊണ്ടുപോയി വിടൂ. മുട്ട വിരിയിച്ചെടുക്കാന്‍ സ്‌നെയ്‌ക്ക് പാര്‍ക്കില്‍ ഏല്‌പിക്കും. ചെറുസൂര്യപ്രകാശം ഏല്‍ക്കാന്‍ പാകത്തിന്‌കമ്പിട്ടുമൂടിയാണ്‌ വിരിയിക്കുന്നത്‌. മുട്ട കാട്ടില്‍ ഉപേക്ഷിച്ചാല്‍ മറ്റുജീവികള്‍ അത്‌ നശിപ്പിക്കുകയോ കഴിക്കുകയോ ചെയ്യും.'' ആ മുട്ടയിലും ഒരു ജീവനുണ്ടെന്ന കരുതലും സ്‌നേഹവും നിറഞ്ഞ വാക്കുകള്‍.

അളമുറ്റിയാല്‍ ചേരയും കടിക്കും
''പാമ്പുകള്‍ ഉപദ്രവകാരികളല്ല. അവയ്‌ക്ക് നോവുമ്പോള്‍ സ്വയരക്ഷയ്‌ക്കാണ്‌ നമ്മെ ആക്രമിക്കുക. ശ്രദ്ധയോടെയാണ്‌ ഇടപഴകുന്നതെങ്കിലും ഒരിക്കല്‍ കടി കിട്ടിയിട്ടുണ്ട്‌, ഒരു വലിയ ചേരയുടെ. കോഴിക്കൂട്ടില്‍ നിന്ന്‌ സ്‌ഥിരമായി കോഴിക്കുഞ്ഞുങ്ങളെ കാണാതാകുന്നതിന്‌ വീട്ടുകാര്‍ വലയിട്ടിരുന്നു. ചേര അതില്‍ കുടുങ്ങി. അതിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ നൊന്തുകാണും. പാവത്തിന്റെ കഴുത്ത്‌ വലയില്‍ ഇറുകി ഇരിക്കയായിരുന്നു. കടി കൊണ്ടെങ്കിലും അതിനെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു.
നാഗദേവന്മാരെ പ്രാര്‍ത്ഥിച്ചുതന്നെയാണ്‌ എപ്പോഴും ഇറങ്ങുക. ആ കാവല്‍ കൂടെ ഉള്ളതാണ്‌ ധൈര്യം. പാമ്പുകളെ പിടിക്കാന്‍ ആളുകള്‍ കൂടുന്നിടത്ത്‌ അവയെ അടിച്ചുകൊല്ലുകയാണ്‌ ചെയ്യുന്നത്‌. ശരിക്കും അതുപാടില്ല. അത്‌ വനസമ്പത്താണ്‌. പാമ്പുകള്‍ സംരക്ഷിക്കപ്പെടണമെന്നുള്ളതുകൊണ്ടാണ്‌ ഞങ്ങളെപ്പോലുള്ളവരെ അറിയിക്കാന്‍ പറയുന്നത്‌. പാമ്പുകളും ഭൂമിയുടെ അവകാശികളാണെന്ന്‌ മറക്കരുത്‌. ഞാന്‍ പാമ്പിനെ പിടികൂടുന്നതുകാണാന്‍ ഓടിക്കൂടുന്നവരോട്‌ കയ്യില്‍ കിട്ടിയ പാമ്പിനെക്കുറിച്ച്‌ വിവരിക്കുന്നതോടൊപ്പം അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പറയും.'' കടിയേറ്റെങ്കിലും രാജി പാമ്പുകളെ തള്ളിപറയില്ല, കുറ്റപ്പെടുത്തുകയുമില്ല. അവയോടുള്ള സ്‌നേഹത്തിനും കുറവില്ല.

വാവാ സുരേഷിനെ കണ്ടുമുട്ടിയപ്പോള്‍
''സുരേഷേട്ടനെ ദൈവത്തെപ്പോലെയാണ്‌ ഞാന്‍ കാണുന്നത്‌. ഏകലവ്യന്‍ ദ്രോണരെ ഗുരുസ്‌ഥാനത്തുവച്ച്‌ ആയോധനകല അഭ്യസിച്ചതുപോലെ പല വിലപ്പെട്ട പാഠങ്ങളും അദ്ദേഹത്തില്‍ നിന്ന്‌ നേരില്‍ കാണാതെ ഞാന്‍ പഠിച്ചെടുത്തു. എന്നെക്കുറിച്ച്‌ കേട്ടറിഞ്ഞ്‌ ചേട്ടന്‍ ഫോണില്‍ വിളിക്കുകയും ഉപദേശങ്ങള്‍ തരികയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ, അദ്ദേഹത്തിന്‌ എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ എന്റെ നമ്പര്‍ കൊടുക്കും. ശുദ്ധിയുള്ള സമയത്തേ ഞാന്‍ പാമ്പുകളെ പിടിക്കൂ. അങ്ങനെ പാടില്ലാത്ത അവസരങ്ങളില്‍ ഞാന്‍ സുരേഷേട്ടനെ വിളിക്കാന്‍ പറയും. അദ്ദേഹത്തെ കാണണമെന്ന ഏറെ നാളായുണ്ടായിരുന്ന ആഗ്രഹം നടന്ന സന്തോഷത്തിലാണ്‌ ഞാനിപ്പോള്‍. കുറെ നേരം ഞങ്ങള്‍ പാമ്പുകളെക്കുറിച്ച്‌ സംസാരിച്ചു . പാമ്പിനെ പിടിക്കുമ്പോള്‍ ഷൂസ്‌ ധരിക്കണമെന്നതടക്കം ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും അദ്ദേഹം പറഞ്ഞുതന്നു.''

നാഗമാണിക്യത്തിന്റെ കഥ
''പാമ്പുകള്‍ കൂടുതലായും ചിതല്‍പുറ്റിലാണ്‌ കാണപ്പെടുക. ചിതല്‌, മണ്ണ്‌ കുഴിക്കും തോറും പുറ്റ്‌ മുകളിലേക്ക്‌ വരും. എലികളും തവളകളും ചിതലുതിന്നാന്‍ പുറ്റിന്റെ പരിസരത്ത്‌ എത്തും, ഇവയെ കഴിക്കാനാണ്‌ സത്യത്തില്‍ പാമ്പുകള്‍ വരുന്നത്‌. ശത്രുരാജ്യങ്ങള്‍ ആക്രമിക്കുമ്പോള്‍ രാജാക്കന്മാര്‍ അമൂല്യസമ്പത്തൊക്കെ മണ്ണില്‍ കുഴിച്ചിടുമായിരുന്നു. ചിതല്‍പുറ്റിളക്കുമ്പോള്‍ ഇറങ്ങിവരുന്ന നാഗങ്ങള്‍ക്കൊപ്പം കണ്ട മാണിക്യവും മറ്റും അവയുടെ ശരീരത്തില്‍ നിന്നാണെന്ന്‌ തെറ്റിദ്ധരിച്ചാണ്‌ നാഗമാണിക്യം എന്ന സാങ്കല്‍പിക രത്നം പ്രചാരത്തില്‍ വന്നത്‌. വാസ്‌തവത്തില്‍ അങ്ങനൊന്നില്ല.''

കടിച്ച പാമ്പിനെക്കൊണ്ട്‌ വിഷം ഇറക്കിക്കാം
ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതി ചികിത്സയിലും പാമ്പിന്‍വിഷം മരുന്നിനായി ഉപയോഗിക്കുന്നുണ്ട്‌. പാമ്പുകടിയേറ്റവര്‍ക്ക്‌ നല്‍കുന്ന ആന്റിവെനം തയ്യാറാക്കുന്നത്‌ പല പാമ്പുകളില്‍ നിന്ന്‌ ശേഖരിച്ച വിഷംകൊണ്ടാണ്‌. ക്ഷയത്തിന്‌ ആയുര്‍വേദത്തിലും ഹൃദ്രോഗം, ആസ്‌ത്മ, അപസ്‌മാരം എന്നീ രോഗങ്ങള്‍ക്ക്‌ ഹോമിയോയിലും പാമ്പിന്‍വിഷം ഉപയോഗിക്കുന്നുണ്ട്‌. അലോപ്പതിയില്‍ 'കോംപോക്‌സിന്‍' എന്ന വേദനാസംഹാരിയിലെ പ്രധാന ചേരുവ പാമ്പിന്‍വിഷമാണ്‌.

എതിര്‍പ്പ്‌ മാറി, ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷം
''എനിക്ക്‌ 35 വയസ്സായി. പ്രീഡിഗ്രി ആണ്‌ വിദ്യാഭ്യാസ യോഗ്യത. സര്‍ക്കാര്‍ ജോലിക്കായി ഒരുപാട്‌ ശ്രമിച്ചിരുന്നു. കിട്ടാതെ വന്നപ്പോഴാണ്‌ ഡ്രൈവിംഗ്‌ ഉപജീവനമാര്‍ഗമാക്കിയത്‌. രണ്ടുപെണ്‍മക്കള്‍ വളര്‍ന്നുവരുന്നു, അമ്മയ്‌ക്ക് പാമ്പുപിടിത്തമാണെന്ന്‌ പറയുന്നത്‌ അവരുടെ ഭാവിയെ ബാധിക്കുമെന്ന്‌ ഒരുപാടു പേര്‍ ഉപദേശിച്ചു. മൂത്തമകള്‍ക്കും ആദ്യം പേടിയായിരുന്നു. ഇപ്പോള്‍ എന്റെ ധൈര്യത്തിനും നിശ്‌ചയദാര്‍ഢ്യത്തിനും മുന്നില്‍ അവരും പത്തി മടക്കി എന്നുപറയാം.''(ചിരിക്കുന്നു).
നന്മ മാത്രം ഉദ്ദേശിച്ചുചെയ്യുന്ന പാമ്പുപിടിത്തത്തിന്‌ ചിലരെങ്കിലും രാജിക്ക്‌ കാശ്‌ കൊടുക്കും. സേവനമായി കാണുന്നതുകൊണ്ടും ഉപജീവനമാര്‍ഗമായിക്കാണാത്തതുകൊണ്ടും അങ്ങനെ കിട്ടുന്ന പണത്തിന്‌ രാജി, സര്‍ക്കാര്‍ ആശുപത്രികളില്‍ കിടക്കുന്ന പാവങ്ങളായ രോഗികള്‍ക്ക്‌ ഭക്ഷണം വാങ്ങിനല്‍കും.
കെ.എസ്‌.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍ ആകാന്‍ ആഗ്രഹിക്കുന്ന രാജിക്ക്‌ മറ്റൊരു മോഹം കൂടിയുണ്ട്‌. ഒരിക്കലെങ്കിലും ഒരു വിമാനം പറത്തണം.

മീട്ടു റഹ്‌മത്ത്‌ കലാം

Ads by Google
Sunday 15 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW