Tuesday, July 23, 2019 Last Updated 1 Min 28 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.04 AM

പരിമിതികള്‍ മറികടന്ന്‌ ഒരു നായകന്‍

uploads/news/2018/07/233479/sun5.jpg

കലാകാരനായി തീര്‍ന്നതില്‍ വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ക്കുള്ള പങ്ക്‌?
അപ്പച്ചന്‍, അമ്മച്ചി, സഹോദരിമാര്‍ അതായിരുന്നു എന്റെ ലോകം. സാധാരണകുട്ടിയായി തന്നെയാണ്‌ വളര്‍ന്നുവന്നത്‌. കാലിന്‌ സ്വാധീനക്കുറവുണ്ടായിരുന്നെങ്കിലും ഞാനതൊന്നും കാര്യമാക്കിയിരുന്നില്ല. സ്‌കൂളില്‍ ഒരു കുട്ടിയുമായി വഴക്കിട്ടപ്പോള്‍ അവന്‍ വിളിച്ച ഒരു പരിഹാസവാക്കില്‍ നിന്നാണ്‌ ഞാന്‍ എന്റെ കുറവ്‌ തിരിച്ചറിഞ്ഞത്‌. പക്ഷെ അതിന്റെ പേരില്‍ തളരാന്‍ തയ്യാറായില്ല. ഉള്ളിലെ കല തന്നെയാണ്‌ എപ്പോഴും ധൈര്യം തന്നത്‌. പ്രസംഗം, പാട്ട്‌ തുടങ്ങി എല്ലാ മത്സരങ്ങളിലും പങ്കെടുത്തു. സഹതാപത്തോടെയുള്ള ആളുകളുടെ നോട്ടം ഇഷ്‌ടമായിരുന്നില്ല. ചിരിക്കാനും സന്തോഷത്തോടെ ഇരിക്കാനുമാണ്‌ അന്നും ഇന്നും എന്റെ ആഗ്രഹം. ചുറ്റുമുള്ളവരും വിഷമിച്ചിരിക്കാന്‍ പാടില്ല. അങ്ങനെ പോസിറ്റിവിറ്റിയുടെ പാക്കേജ്‌ ആയ കല എന്ന നിലയിലാണ്‌ അനുകരണത്തിലേക്ക്‌ കടന്നത്‌.

മിമിക്രിയില്‍ വിഷ്‌ണു ആണോ ഗുരു?
ആറാം ക്ലാസ്‌ മുതല്‍ മിമിക്രിയോട്‌ താല്‌പര്യം തോന്നിത്തുടങ്ങി. എന്റെയും വിഷ്‌ണുവിന്റെയും കോമണ്‍ ഫ്രണ്ടാണ്‌ ശ്രീനാഥ്‌. വിഷ്‌ണു, അവന്റെ നാട്ടില്‍ അവതരിപ്പിക്കുന്ന നമ്പറുകള്‍ ശ്രീനാഥിലൂടെ എന്റെയടുത്ത്‌ എത്തും. കൃഷ്‌ണന്‍കുട്ടി നായര്‍, പ്രേം നസീര്‍, മോഹന്‍ലാല്‍ അങ്ങനെ പലരുടെയും ശബ്‌ദം പഠിച്ചത്‌ അങ്ങനെയാണ്‌. അതിനൊക്കെ കയ്യടി വാങ്ങി നാട്ടില്‍ സ്‌റ്റാറായ ശേഷമാണ്‌ വിഷ്‌ണുവിനെ പരിചയപ്പെടുന്നത്‌ . സ്‌കൂള്‍തലം മുതല്‍ ഞങ്ങള്‍ ഒരുമിച്ചു വേദികളില്‍ മത്സരിച്ചിരുന്നെങ്കിലും മത്സരബുദ്ധിക്കപ്പുറം ഗാഢമായ സൗഹൃദമാണ്‌ വളര്‍ന്നത്‌.

നിങ്ങളുടെ കൂട്ടുകെട്ടിനും കലാഭിരുചിക്കും മഹാരാജാസ്‌ ക്യാമ്പസ്‌ തണല്‍ വിരിച്ചതായി കരുതുന്നുണ്ടോ?
തീര്‍ച്ചയായും. മഹാരാജാസ്‌ എന്നുപറയുമ്പോള്‍ തന്നെ ഞങ്ങളുടെ മനസ്സില്‍ തെളിയുന്നത്‌ ഒരേ ചിത്രമാണ്‌. അവിടുത്തെ പുല്‍നാമ്പുകളില്‍പോലും കലയുണ്ട്‌. കൊച്ചിപോലൊരു നഗരത്തില്‍ പ്രകൃതിയോട്‌ ഇത്രമാത്രം ഇണങ്ങിച്ചേര്‍ന്ന ക്യാമ്പസ്‌ വേറെയുണ്ടോ? ഉള്ളില്‍ അല്‌പമെങ്കിലും കലാവാസന ഉണ്ടെങ്കില്‍ അത്‌ ചെത്തിമിനുക്കുന്ന മാന്ത്രികത മഹാരാജാസിനുണ്ട്‌. ഒരുപോലെ ചിന്തിക്കാനും മനസ്സുതുറന്ന്‌ സംസാരിക്കാനും ചിരിക്കാനും കരയാനുമെല്ലാം തുടങ്ങിയത്‌ ആ അധ്യയന കാലത്താണ്‌.

എഴുത്തിന്റെ വഴി?
കലാഭവനില്‍ ചേര്‍ന്ന സമയത്ത്‌ അവിടത്തെ മധു സാറും ബെന്നി സാറുമായിരുന്നു സ്‌കിറ്റുകള്‍ എഴുതിയിരുന്നത്‌. ഒരുമാറ്റത്തിനു വേണ്ടി വെറുതെ എഴുതി നോക്കിയതാണ്‌. ആ സ്‌കിറ്റിന്‌ നല്ല റെസ്‌പോണ്‍സ്‌ ഉണ്ടായപ്പോള്‍ ആത്മവിശ്വാസമായി. പതിനേഴാം വയസില്‍ കോമഡി കസിന്‍സ്‌ എന്ന പ്രോഗ്രാമിന്‌ സ്‌ക്രിപ്‌റ്റ് എഴുതി. അത്‌ ക്ലിക്ക്‌ ആയതോടെ ആടാം പാടാം, മിന്നും താരം,രസികരാജാ തുടങ്ങി ബഡായി ബംഗ്‌ളാവ്‌ വരെയുള്ള കോമഡി പരിപാടികളില്‍ സജീവമായി പ്രവര്‍ത്തിച്ചു. സിനിമയില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റണമെന്ന അടങ്ങാത്ത മോഹമാണ്‌ അമര്‍ അക്‌ബര്‍ അന്തോണിയുടെ സ്‌ക്രിപ്‌റ്റ് എഴുതാന്‍ പ്രേരണ ആയത്‌. അതില്‍ ജയസൂര്യ അവതരിപ്പിച്ച കാലുവയ്യാത്ത കഥാപാത്രം എനിക്ക്‌ വേണ്ടി എഴുതിയതാണ്‌. എനിക്ക്‌ വേണ്ടി ഒരു റോള്‍ രചിക്കപ്പെടില്ലെന്ന ഉറപ്പുകാരണം തനിയെ എഴുതാമെന്ന്‌ വച്ചു. നാദിര്‍ഷിക്കായുടെ സംവിധാനവും നല്ല സ്‌റ്റാര്‍ കാസ്‌റ്റും എല്ലാം ഒത്തുവന്നതുകൊണ്ടാണ്‌ ചിത്രം ശ്രദ്ധിക്കപ്പെട്ടതും വിജയിച്ചതും. അങ്ങനൊരു തുടക്കം ദൈവനിശ്‌ചയമാണ്‌. തുടര്‍ന്നുവന്ന കട്ടപ്പനയ്‌ക്കും പ്രേക്ഷകര്‍ ഒപ്പം നിന്നു.

തനിക്കായി കഥാപാത്രം രചിക്കപ്പെടില്ലെന്ന്‌ കരുതിയ ആള്‍ക്ക്‌ സിനിമയില്‍ നായകവേഷം ചെയ്യാന്‍ കഴിഞ്ഞപ്പോള്‍ എന്തുതോന്നി ?
ദൈവത്തോട്‌ പോലും പറയാന്‍ മടിച്ച പ്രാര്‍ത്ഥന അദ്ദേഹം കേട്ടു എന്നതിനപ്പുറം ഒന്നും പറയാനില്ല. ദുല്‍ഖറിനെ നായകനാക്കി പ്ലാന്‍ ചെയ്‌ത ചിത്രത്തിന്റെ സ്‌ക്രിപ്‌റ്റ് പൂര്‍ത്തിയാകുന്നതിനിടയിലാണ്‌ പഴയ ബോംബ്‌ കഥയുടെ തിരക്കഥാകൃത്തുക്കളായ സുനില്‍ കര്‍മ്മയും ബിഞ്ചു ജോസഫും എന്നെ ബന്ധപ്പെടുന്നത്‌. ഞാനും വിഷ്‌ണുവും വര്‍ഷത്തില്‍ ഒരു ചിത്രമേ ചെയ്യാറുള്ളു. അഹങ്കാരം കൊണ്ടല്ല. അത്രയ്‌ക്കുള്ള കഴിവേ ഉള്ളു. പത്തിരുപത്‌ തവണ മാറ്റിയും മറിച്ചും എഴുതും. ദുല്‍ഖറിന്റെ ഡേറ്റ്‌ ജുലൈയിലേക്കാണ്‌ ഓക്കേ ആയത്‌. വിഷ്‌ണുവിന്‌ അതിനിടയില്‍ ചെയ്യാന്‍ ചിലവേഷങ്ങള്‍ കിട്ടി. ഞാന്‍ എന്തുചെയ്യുമെന്നറിയാതെ മാനത്തുനോക്കി നിന്ന നേരത്താണ്‌ ഇങ്ങനൊരു ഓഫര്‍ വരുന്നത്‌. പിന്നെല്ലാം പെട്ടെന്നായിരുന്നു. ഷാഫി സാറിന്‌ കഥ ഇഷ്‌ടപ്പെട്ടു. സംവിധാനം ചെയ്യാമെന്ന്‌ ഉറപ്പ്‌ നല്‍കി.സൂപ്പര്‍ സ്‌റ്റാറുകളെ വച്ചല്ലാതെയുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രമാണ്‌ ബോംബ്‌ കഥ. പ്രയാഗ മാര്‍ട്ടിനാണ്‌ നായിക. കാല്‌ വയ്യാത്ത നായകന്‍ എന്ന്‌ പറയുമ്പോള്‍ പ്രതീക്ഷിക്കുന്ന സെന്റി രംഗങ്ങളല്ല സിനിമയില്‍. കുറവുകളില്ലാത്ത നായകന്മാര്‍ ചെയ്യുന്ന രീതിയില്‍ പ്രണയവും ആക്ഷനും പാട്ടും ഡാന്‍സും എല്ലാമുണ്ട്‌. ആല്‍വിന്‍ ആന്റണി-സക്കറിയ തോമസ്‌ എന്നീ നിര്‍മ്മാതാക്കളെ ലഭിച്ചതും വലിയ ഭാഗ്യമാണ്‌.

തിരക്കഥാരചനയില്‍ റോള്‍ മോഡലായി ആരെയാണ്‌ കാണുന്നത്‌?
സിദ്ദിഖ്‌-ലാല്‍ കൂട്ടുകെട്ടിലെ ചിത്രങ്ങളാണ്‌ ഞങ്ങളുടെ റെഫറന്‍സ്‌. ജനങ്ങള്‍ എവിടെ ചിരിക്കും, ഏത്‌ രംഗത്ത്‌ എങ്ങനെ പ്രതികരിക്കുമെന്നൊക്കെ അവരുടെ സിനിമകള്‍ കണ്ടാണ്‌ പഠിച്ചത്‌. അവരെ ഗുരുസ്‌ഥാനത്ത്‌ വച്ചിരിക്കുന്ന ഏകലവ്യന്മാരാണ്‌ ഞാനും വിഷ്‌ണുവും.

ഭാവിസ്വപ്‌നങ്ങള്‍?
ഒരുപാട്‌ പ്ലാന്‍ ചെയ്യുന്ന ആളല്ല ഞാന്‍. ഇപ്പോള്‍ ബോംബ്‌ കഥ വിജയിക്കണം, ജൂലൈ മൂന്നിന്‌ ചിത്രീകരണം ആരംഭിച്ച ദുല്‍ഖര്‍ ചിത്രം നന്നായി വരണം, അത്രമാത്രമേ ആഗ്രഹമുള്ളു.
വൈകല്യങ്ങളെ മറികടക്കാന്‍ റോള്‍ മോഡലായി എന്റെ മുന്നില്‍ ആരും ഉണ്ടായിരുന്നില്ല. സ്‌റ്റീഫന്‍ ഹോക്കിങ്‌സ് എന്നൊക്കെ കേള്‍ക്കുന്നതുതന്നെ വളരെ കഴിഞ്ഞിട്ടാണ്‌. ദൈവത്തിലുള്ള വിശ്വാസവും കുടുംബത്തിന്റെ പിന്തുണയുമാണ്‌ ഇവിടെ വരെ എത്തിച്ചത്‌. ഭാര്യ ഗ്രേഷ്‌മയുടെ കടന്നുവരവുകൂടി ആയപ്പോള്‍, ജീവിതം കൂടുതല്‍ മനോഹരമായി. നമുക്ക്‌ ചുറ്റുമുള്ള സാധാരണക്കാര്‍ക്ക്‌ സ്വന്തം കുറവുകളെ അതിജീവിക്കാന്‍ എന്റെ ജീവിതം പ്രേരണയാകണം എന്നൊരു അത്യാഗ്രഹം ഉള്ളിലുണ്ട്‌.

എം.ആര്‍.കെ.

Ads by Google
Sunday 15 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW