Wednesday, July 17, 2019 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 15 Jul 2018 02.04 AM

കൈവിട്ട കളികളുടെ തമ്പുരാന്‍

uploads/news/2018/07/233477/sun3.jpg

വിസ്‌മയകരമായ ഗതിവേഗങ്ങളിലൂടെ പുസ്‌തക പ്രസാധന രംഗത്ത്‌ വളര്‍ച്ച നേടിയ പ്രതിഭയായിരുന്നു, പെന്‍ ബുക്‌സ് സാരഥി പോളി കെ അയ്യമ്പിള്ളി. വായിച്ചുതീരും മുമ്പേ കൈമോശം വന്ന പ്രിയപ്പെട്ട ഒരു പുസ്‌തകം പോലെ, അക്ഷരപ്രണയികള്‍ക്ക്‌ തീരാനൊമ്പരം നല്‍കി അതിനാടകീയമായ ഒരു ജീവിതത്തിന്റെ പരിസമാപ്‌തി.
പുസ്‌തകത്തെ പറ്റിയുള്ള ചര്‍ച്ചകളില്‍, എഴുത്തുകാരനപ്പുറം പ്രസാധകന്റെ പേരുകൂടി ആളുകള്‍ പരാമര്‍ശിച്ചത്‌ (ഡി.സി കിഴക്കേമുറിയെ ഒഴിച്ചു നിര്‍ത്തിയാല്‍) പ്രധാനമായും മുന്നുപേരുടേതാണ്‌. പുസ്‌തകനിര്‍മ്മിതിയിലെ കല മലയാളിയെ ബോദ്ധ്യപ്പെടുത്തിയ കവി കൂടിയായ ഷെല്‍വി (മള്‍ബറി പബ്ലിക്കേഷന്‍സ്‌), വന്‍ഉയരങ്ങള്‍ താണ്ടി കിതച്ചു വീണുപോയ രാജേഷ്‌ കുമാര്‍ (റെയിന്‍ബോ ബുക്‌സ്), പുസ്‌തകം മറ്റേതൊരു ഉത്‌പ്പന്നത്തേക്കാള്‍ വില്‍പന സാദ്ധ്യതയുള്ളതാണെന്ന്‌ തെളിയിച്ച പോളി കെ അയ്യമ്പിള്ളി. ഇവര്‍ മൂന്നുപേരും സ്വന്തം വ്യക്‌തിമുദ്ര പതിപ്പിച്ചവരാണെന്നതുപോലെ തന്നെ വലിയ സാമ്പത്തിക ബാദ്ധ്യതകള്‍ സ്വയം കൈക്കൊണ്ട്‌ അവസാനം അക്ഷരങ്ങള്‍ക്കായി ആത്മബലി അര്‍പ്പിച്ചവരുമാണ്‌.
വായന കഴിഞ്ഞ പുസ്‌തകങ്ങള്‍ ആവശ്യമുണ്ട്‌ എന്ന വിചിത്രമായ പരസ്യം പ്രമുഖ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌ പെന്‍ ബുക്‌സ് രംഗത്തേക്ക്‌ വരുന്നത്‌. തുടര്‍ന്ന്‌ കേരളത്തിലുടനീളം നടന്ന സെക്കന്റ്‌ ഹാന്റ്‌ പുസ്‌തകമേളകള്‍ വന്‍വിജയമായി. വിപണിയില്‍ ഇല്ലാത്ത ഉന്നതമൂല്യങ്ങളുള്ള പുസ്‌തകങ്ങള്‍ പലതും വായനക്കാര്‍ തുച്‌ഛമായ വിലയ്‌ക്ക് ഇത്തരം മേളകളില്‍ നിന്ന്‌ വാങ്ങി. പെന്‍ ബുക്‌സ് എന്നപേരും ആകാശത്തേക്ക്‌ തുറന്നുവച്ച കത്തിമൂര്‍ച്ചയുള്ള മഷിപ്പേനത്തുമ്പു ചേര്‍ത്ത ലോഗോയും ആളുകളുടെ മനസ്സില്‍ പതിഞ്ഞു.
തൊണ്ണൂറുകളുടെ മദ്ധ്യം. ബിരുദപഠനം കഴിഞ്ഞ്‌, സാഹിതീസായകം എന്ന മിനിമാസികയുമായി ഈ ലേഖകന്‍ അക്ഷരലോകത്തേക്ക്‌ പ്രവേശിക്കുന്ന ഘട്ടം. ഒരു നട്ടുച്ച മയക്കത്തിലാണ്ടുപോയ സമയം. നിര്‍ത്താതെ ചിലച്ച ഫോണെടുത്തത്‌ ദേഷ്യത്തോടെയാണ്‌. ഫോണിന്റെ അങ്ങേ തലയ്‌ക്കല്‍ പോളിയായിരുന്നു. സാഹിതീസായകം പെന്‍ബുക്‌സിന്‌ പതിവായി അയയ്‌ക്കാറുണ്ടായിരുന്നു. അതില്‍ നിന്ന്‌ നമ്പറെടുത്താണ്‌ വിളിച്ചത്‌. നമുക്കൊന്ന്‌ കാണണമല്ലോ എന്ന്‌ അദ്ദേഹം പറഞ്ഞു. നാളെയാകാമെന്ന്‌ പറഞ്ഞപ്പോള്‍, ഇപ്പോള്‍ത്തന്നെ വേണമെന്നായി.
കാക്കക്കുളി നടത്തി ഞാന്‍ ആലുവയ്‌ക്ക് ബസ്‌ കയറി. പെന്‍ ബുക്‌സിന്റെ ഓഫീസിലേക്ക്‌...23 വര്‍ഷം മുമ്പ്‌, ഇന്നത്തെ ഒരു കോര്‍പ്പറേറ്റ്‌ ഓഫീസ്‌ കണക്കെ പെന്‍ ബുക്‌സിനെ ബ്രാന്‍ഡ്‌ ചെയ്യുന്നതില്‍ പോളി കെ അയ്യമ്പിള്ളി കാണിച്ച ശ്രദ്ധ ഇന്നും ഓര്‍ക്കുന്നു. ഇന്റര്‍കോമും എയര്‍കൂളറുമൊക്കെയുള്ള എം ഡിയുടെ ക്യാബിനിലിരുന്ന്‌ അദ്ദേഹം ചോദിച്ചു.
''പെന്‍ബുക്‌സ് പുസ്‌തക പ്രസാധനം തുടങ്ങുന്നു. അതിന്റെ ചുമതലക്കാരനായി കൂടെ നില്‍ക്കാമോ?''
അക്ഷരങ്ങളുടെ ലോകത്ത്‌ ഉപജീവനം ആഗ്രഹിച്ചിരുന്ന എനിക്ക്‌ അതൊരു സുവര്‍ണ്ണാവസരമായി തോന്നി. പക്ഷെ, അദ്ദേഹം ഒരു മുന്നറിയിപ്പ്‌ തന്നു.
''നിങ്ങളെപ്പോലുള്ള ചെറുപ്പക്കാര്‍ക്ക്‌ പുസ്‌തകം എന്നാല്‍ സാഹിത്യമാണ്‌. പെന്‍ ബുക്‌സ് അത്തരം പുസ്‌തകങ്ങളായിരിക്കില്ല ചെയ്യുന്നത്‌. സാധാരണ മനുഷ്യര്‍ക്ക്‌ ആവശ്യമുള്ള പുസ്‌തകങ്ങള്‍. അതായത്‌ പാചകക്കുറിപ്പുകള്‍, ആരോഗ്യ സംബന്ധിയായ പുസ്‌തകങ്ങള്‍, സൗന്ദര്യസംരക്ഷണ ടിപ്പുകള്‍, ഇംഗ്ലീഷ്‌ പഠനസഹായി എന്നിങ്ങനെ...
പക്ഷെ, ഒരു കുഞ്ഞുസാഹിത്യമാസിക നടത്തി, കടബാദ്ധ്യതകള്‍ വരുത്തിക്കഴിഞ്ഞ എനിക്ക്‌ ആ ഓഫര്‍ നിരസിക്കാന്‍ കഴിഞ്ഞില്ല. അക്കാലത്ത്‌ ദൂരദര്‍ശനില്‍ ഹിറ്റായ ഹിന്ദി സീരിയലായിരുന്നു ചന്ദ്രകാന്ത. മലയാളം സംപ്രേഷണത്തിന്‌ മുമ്പുള്ള കാലമായതിനാല്‍ ആളുകള്‍ പതിവായി ചന്ദ്രകാന്ത കണ്ടിരുന്നു. പെന്‍ ബുക്‌സ് ആദ്യ പുസ്‌തകമായി നിശ്‌ചയിച്ചത്‌ ചന്ദ്രകാന്ത എന്ന ഹിന്ദി നോവലിന്റെ മലയാളപരിഭാഷയാണ്‌. ചന്ദ്രകാന്തയുടെ ഡി.ടി.പി ജോലികള്‍ ചെയ്‌തിരുന്നത്‌ തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലായിരുന്നു. രാവിലെ പത്തിന്‌ മുമ്പ്‌ തുടങ്ങുന്ന എന്റെ പരക്കംപാച്ചില്‍ പലപ്പോഴും പാതിരാവരെ നീളും. പബ്ലിക്കേഷന്‍ ചുമതലക്കാരനായി ചെന്ന ഞാന്‍ പലപ്പോഴും പുസ്‌തകക്കെട്ടുകള്‍ റോഡില്‍ നിന്ന്‌ മുകള്‍നിലയിലെ ഓഫീസിലേക്ക്‌ ചുമന്നു കയറ്റി. ചിലപ്പോള്‍ പുസ്‌തകക്കച്ചവടക്കാരനായി. ഇതൊന്നും അദ്ദേഹം നിര്‍ബന്ധിച്ച്‌ ചെയ്യിച്ചതല്ല.
എന്തെങ്കിലും എഴുത്തുജോലികള്‍ക്കിടയിലായിരിക്കും താഴെ റോഡില്‍ പുസ്‌തക ലോഡ്‌ എത്തുന്നത്‌. വണ്ടിയില്‍ നിന്ന്‌ ആദ്യ പുസ്‌തകക്കെട്ട്‌ ഓഫീസിലേക്ക്‌ ചുമക്കുന്നത്‌ സ്‌ഥാപനത്തിന്റെ എം.ഡി പോളി കെ അയ്യമ്പിള്ളി തന്നെയാവും. ഓഫീസിലുള്ള മറ്റുള്ളവര്‍ക്ക്‌ പിന്നെ നോക്കിയിരിക്കാനാവില്ലല്ലോ.
ബുക്ക്‌ സ്‌റ്റാളിലെ പെണ്‍കുട്ടി ഉള്‍പ്പെടെ അഞ്ചില്‍ താഴെയാണ്‌ അന്ന്‌ ജീവനക്കാര്‍. വിവിധ സ്‌ഥലങ്ങളില്‍ ശാഖകളും നൂറുകണക്കിന്‌ ജീവനക്കാരുമായി പെന്‍ ബുക്‌സ് വളര്‍ന്നതിന്റെ രഹസ്യം ഇവിടെ തുടങ്ങുന്നു. കഠിനാധ്വാനം ചെയ്യാനുള്ള തയ്യാറില്‍ നിന്നും ഒപ്പം നില്‍ക്കുന്നവരെ പരമാവധി ഉപയോഗിക്കാനുള്ള സാമര്‍ത്ഥ്യത്തില്‍ നിന്നും...
അക്കാലത്ത്‌ പുറത്തെവിടെയെങ്കിലും പോകേണ്ട ആവശ്യമുണ്ടെങ്കില്‍ അദ്ദേഹം എന്നെ ക്യാബിനിലേക്ക്‌ വിളിക്കും. ഞാന്‍ ചെല്ലുമ്പോള്‍ തന്നെ പോകേണ്ട സ്‌ഥലം പറഞ്ഞുകൊണ്ട്‌, അദ്ദേഹത്തിന്റെ ബൈക്കിന്റെ താക്കോല്‍ എനിക്ക്‌ എറിഞ്ഞുതരും. ഞാന്‍ അത്‌ വായുവില്‍ നിന്ന്‌ പിടിച്ചെടുത്ത ശേഷം നിസ്സഹായനായി നില്‍ക്കും.
എനിക്ക്‌ ബൈക്ക്‌ ഓടിക്കാനറിയില്ലല്ലോ.
ഓ- ഞാനതു മറന്നു.
അദ്ദേഹം പുറത്തേക്ക്‌ വന്ന്‌ തന്റെ സുസുകി ഷോഗണ്‍ മോട്ടോര്‍സൈക്കിള്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യും. പിന്നില്‍ ഞാന്‍. പിന്നെയൊരു കുതിപ്പാണ്‌. ശരാശരി എണ്‍പതു കിലോമീറ്ററാണ്‌ വേഗത. ഈ കുതിപ്പും വേഗതയുമായിരുന്നു പെന്‍ ബുക്‌സിന്റെ അതിവേഗവളര്‍ച്ചയുടെ മറ്റൊരു രഹസ്യം.
മറ്റു പ്രസാധകര്‍ ആശങ്കകളോടെയും വായനാസമൂഹം ആശ്‌ചര്യത്തോടെയുമാണ്‌ പെന്‍ ബുക്‌സിന്റെ വളര്‍ച്ച നോക്കിക്കണ്ടത്‌. സ്‌ഥാപനത്തിനും ഉടമയ്‌ക്കും സ്വന്തമായുണ്ടായിരുന്ന ഒരേയൊരു ബൈക്കില്‍ നിന്ന്‌ ആഡംബര കാറുകളും ഗുഡ്‌സ് കാരിയറുകളും അടങ്ങുന്ന വാഹനസഞ്ചയം പിന്നീട്‌ പെന്‍ ബുക്‌സിന്‌ സ്വന്തമായി. അഞ്ചില്‍ താഴെയുണ്ടായിരുന്ന ജീവനക്കാരുടെ എണ്ണം നൂറുകണക്കായി വളര്‍ന്നു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓഫീസുകളും ഷോപ്പുകളുമായി. ആധുനിക മാളുകളുടെ ജ്യേഷ്‌ഠ സ്‌ഥാനത്ത്‌ അദ്ദേഹം എറണാകുളത്ത്‌ സ്‌ഥാപിച്ച ട്രഷര്‍ ഹണ്ട്‌ എന്ന ഗിഫ്‌റ്റ് ഷോപ്പിനെ ചരിത്രത്തില്‍ രേഖപ്പെടുത്താം.
പുത്തന്‍ ആശങ്ങളായിരുന്നു പോളിയെന്ന സംരംഭകന്റെ മൂലധനം. പോളിയുടെ സൂക്ഷ്‌മ ബുദ്ധിയില്‍ നിന്ന്‌ രൂപപ്പെട്ട ഓരോ പരസ്യവും ജനത്തെ പെന്‍ബുക്‌സിലേക്ക്‌ തെളിച്ചു.
പുസ്‌തകങ്ങള്‍ക്ക്‌ ചെറുപരസ്യമെങ്കിലും കൊടുക്കാന്‍ പ്രസാധകര്‍ മടിച്ചു നിന്ന കാലത്താണ്‌ പത്രമാധ്യമങ്ങളില്‍ പെന്‍ബുക്‌സിന്റെ മുഴുവന്‍ പേജ്‌ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌. അക്കാലത്ത്‌ നായകപരിവേഷത്തില്‍ നിന്ന പ്രമുഖതാരം ജഗദീഷ്‌ തന്റെ തനതു ശൈലിയില്‍ എച്ച്യൂസ്‌ മീ, എനിക്ക്‌ ഇംഗ്ലീഷ്‌ അറിയില്ലെന്ന്‌ പരസ്യചിത്രമായപ്പോള്‍ അത്‌ ശരാശരി മലയാളിയുടെ നേര്‍ചിത്രമായി. ഫലമോ, ഇംഗ്ലീഷ്‌ സംസാരിക്കാനൊരു ഫോര്‍മുല എന്ന ഭാഷാ പഠനസഹായിയുടെ വില്‍പന ഏഴു ലക്ഷത്തില്‍ പരമായി.
ചന്ദ്രകാന്തയില്‍ തുടങ്ങിയ പുസ്‌തകങ്ങളുടെ തെരഞ്ഞെടുപ്പ്‌ ഓരോന്നും വിജയം കണ്ടു. കാലം ആവശ്യപ്പെട്ട കമ്പ്യൂട്ടര്‍ കമ്പാനിയന്‍ മുതല്‍ മനുഷ്യരെ എന്നും ഹരംകൊള്ളിക്കുന്ന പള്‍പ്‌ നോവലുകള്‍ വരെ വിപണിയിലെത്തി. ഖുശ്‌വന്ത്‌ സിങ്ങിന്റെ സഖിമാരും ഞാനും മാത്രമല്ല, ആറു കാസറ്റുകള്‍ അടക്കമുള്ള കര്‍ണ്ണാടക സംഗീത പാഠത്തിനും വിപണി കണ്ടെത്തി. റിവേഴ്‌സ് ഡിക്ഷണറി പരീക്ഷിച്ച പെന്‍ ബുക്‌സ് വി.എസ്‌ അച്യുതാന്ദന്റേയും മാതാ അമൃതാന്ദ മയിയുടേയും ജീവചരിത്രങ്ങള്‍ പുസ്‌തകലോകത്തെ തരംഗമായി.
മുന്‍ നിയമസഭാ സ്‌പീക്കറും സി.പി.എം നേതാവുമായിരുന്ന എ.പി കുര്യന്റേയും കുഞ്ഞമ്മയുടേയും മകനായി പിറന്ന പോളി ആലുവ യു സി കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ മലയാള മനോരമയുടെ കഥാമത്സരത്തില്‍ ജേതാവായി. യുവകവിക്കുള്ള കുഞ്ചുപിള്ള അവാര്‍ഡും തേടിയെത്തി. മംഗളം ദിനപ്പത്രത്തിന്റെ റിപ്പോര്‍ട്ടറായി ഔദ്യോഗിക ജീവിതം തുടങ്ങിയ പോളി, പത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫായിരിക്കുമ്പോഴാണ്‌ സ്വന്തം സംരംഭം എന്ന ആശയത്തിലേക്ക്‌ എത്തുന്നത്‌.
അലഞ്ഞുതിരിഞ്ഞ്‌ ആലുവയിലെത്താറുള്ള കവി അയ്യപ്പന്‌ ഭക്ഷണവും പണവും പതിവായി നല്‍കിപ്പോന്ന പെന്‍ ബുക്‌സ് ഉടമ, അവസാനകാലം ആശ്രയമില്ലാതെ അവശനിലയിലായ നവാബ്‌ രാജേന്ദ്രന്റെ മുഴുവന്‍ ചികിത്സാ ചെലവുകളും ഏറ്റെടുത്തിരുന്നു. പ്രതിഭാശാലികളായ പല എഴുത്തുകാര്‍ക്കും തന്റെ സ്‌ഥാപനത്തില്‍ തൊഴില്‍ നല്‍കാന്‍ അദ്ദേഹം പ്രത്യേകം താത്‌പര്യം കാണിച്ചു. ചെറുകഥാകൃത്ത്‌ ജോര്‍ജ്‌ ജോസഫ്‌ കെ, എഴുത്തുകാരന്‍ മംഗളാ ബാലകൃഷ്‌ണന്‍, കവി ശ്രീകുമാര്‍ കരിയാട്‌, പ്രമുഖ ഡിസൈനര്‍മാരായ എ.കെ ഹരിദാസ്‌, എം എ ഷാനവാസ്‌ തുടങ്ങിയവരൊക്കെ പെന്‍ ബുക്‌സില്‍ ജോലിചെയ്‌തവരാണ്‌. മുഖ്യധാരയിലെ എഴുത്തുകാര്‍ക്കൊപ്പം പുതിയ തലമുറ എഴുത്തുകാര്‍ക്കും അവസരം നല്‍കാന്‍ അദ്ദേഹം ആവിഷ്‌കരിച്ച റൈറ്റേഴ്‌സ് സിന്‍ഡിക്കേറ്റ്‌ വന്‍ വിജയമായിരുന്നു.
സ്വപ്‌നങ്ങള്‍ വലുതായതോടെ മൂലധനവും കൂടുതലായി വേണ്ടി വന്നു. അതിനുള്ള പണം നാട്ടുകാരില്‍ നിന്ന്‌ തന്നെ സമാഹരിക്കാനുള്ള പദ്ധതികളും ഈ സംരംഭകന്റെ ബുദ്ധിയില്‍ തെളിഞ്ഞു. പെന്‍ ബുക്‌സിന്റെ അഭ്യുദയകാംക്ഷികള്‍ വന്‍തുകകളുമായി പോളിയെ തേടിയെത്തി. ബാങ്ക്‌ പലിശയേക്കാള്‍ മികച്ച പ്രതിമാസ വരുമാനം കൃത്യമായി കൊടുത്ത്‌ അവരുടെയെല്ലാം വിശ്വാസ്യത നേടിയെടുക്കാനും കഴിഞ്ഞു.
ചുരുങ്ങിയ കാലംകൊണ്ട്‌ അദ്ദേഹം താണ്ടിയ വലിയ ഉയരങ്ങള്‍ തന്നെയാണ്‌ വീഴ്‌ചയുടെ ആഘാതം ഗുരുതരമാക്കി മാറ്റിയതും. അക്ഷരലോകത്തു നിന്ന്‌ ഷോപ്പിങ്ങ്‌ മാളുകളിലേക്കും റിയല്‍ എസേ്‌റ്ററ്റിലേക്കും വഴിമാറി പറക്കാന്‍ തോന്നിപ്പിച്ച അഗ്നിസ്വപ്‌നങ്ങളില്‍ നിന്നും സ്വന്തം ചിറകുതന്നെ കത്തിക്കരിഞ്ഞുപോയപ്പോള്‍ അത്യുന്നതങ്ങളില്‍ നിന്ന്‌ അഗാധതകളിലേക്കുള്ള വീഴ്‌ചയായി അതുമാറി.
മുന്നോട്ടുള്ള കുതിപ്പില്‍ ഒപ്പം നിന്ന്‌ കയ്യടിച്ചവര്‍ തന്നെ വീഴ്‌ചകള്‍ എണ്ണിപ്പറഞ്ഞ്‌ കുറ്റപ്പെടുത്തിയ ഘട്ടം. പടുത്തുയര്‍ത്തിയ സ്‌ഥാപനങ്ങളും പ്രസ്‌ഥാനങ്ങളും ഒന്നൊന്നായി കൊഴിഞ്ഞുപോകുന്ന കാഴ്‌ച. മുന്നിലെ എല്ലാ വഴികളും അടഞ്ഞുപോയ നിമിഷം. പിന്നീട്‌ യാതൊന്നുമറിയാതെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നീണ്ട എട്ടു വര്‍ഷങ്ങള്‍. 2018 ജൂലായ്‌ നാലിന്‌ അവസാനിച്ചത്‌ ഒരു വ്യക്‌തിയുടെ ജീവിതമല്ല, ഉന്മാദം നിറഞ്ഞ സ്വപ്‌നങ്ങള്‍ തീച്ചിറകുകള്‍ വീശിയ ഒരു കാലഘട്ടമായിരുന്നു. പ്രശസ്‌ത കഥാകൃത്ത്‌ സോക്രട്ടീസ്‌ കെ വാലത്ത്‌ ഫെയ്‌സ് ബുക്കില്‍ ഇങ്ങനെ എഴുതി.
''അടങ്ങാത്ത ഇച്‌ഛാശക്‌തിയുടെ ആള്‍രൂപമായിരുന്നു പോളി. ധീരവും നൂതനവുമായ ആശയങ്ങളുടെ ഉടമ. പുസ്‌തക വ്യവസായം അടിമുടി അഴിച്ചുപണിയാനുള്ള ആശയങ്ങള്‍. പെട്ടെന്നു നടപ്പാക്കാനുള്ള മനസ്സും മനക്കരുത്തും. കൈവിട്ട കളിയാണെങ്കില്‍ പോലും ഒരു കൈ നോക്കാനുള്ള തന്റേടം. അത്‌ ഒരുപാടു പേര്‍ക്ക്‌ തണലായിട്ടുണ്ട്‌. പോളിയെ പോലെ ഒരാളെ മുമ്പു കണ്ടിട്ടില്ല. പോളി വീണ ശേഷവും.

സുരേഷ്‌ കീഴില്ലം

Ads by Google
Sunday 15 Jul 2018 02.04 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW