Saturday, June 08, 2019 Last Updated 8 Min 41 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 04.07 PM

ധ്യാനത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം

''അതിരുകളില്ലാത്ത പ്രപഞ്ച ശക്തിയുമായി മനുഷ്യനെ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ് ധ്യാനം. ധ്യാനം മാനസികവും ശാരീരികവുമായ ആരോഗ്യം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു''
uploads/news/2018/07/233357/medtaion140718.jpg

ബ്രിട്ടണിലെ ഒരു ഗ്രാമത്തില്‍ വളരെ ദുര്‍ബലനായ ഒരു കുട്ടി ഉണ്ടായിരുന്നു. തലപോലും നേരെ നില്‍ക്കില്ല. പ്രത്യേകമായ ലെതര്‍ കോളര്‍ ധരിച്ചാണ് അവന്‍ സ്‌കൂളില്‍ പോയിരുന്നത്. പഠനത്തിലും അവന്‍ ഏറെ പിന്നിലായിരുന്നു.

ഒരിക്കല്‍ ബ്രിട്ടണില്‍ വ്യാപകമായ പ്ലേഗ് ബാധ ഉണ്ടായപ്പോള്‍ സ്‌കൂളുകള്‍ എല്ലാം അടച്ചു. ഈ സമയം അവന്‍ അവന്റെ അമ്മയുടെ കൃഷിത്തോട്ടത്തിലാണ് കഴിഞ്ഞത്. കൃഷിത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയില്‍ നിന്നും ധ്യാനത്തെ കുറിച്ച് കേള്‍ക്കാനിടയായി. അതിനോട് താല്‍പര്യം തോന്നിയ അവന്‍ ധ്യാനം പഠിക്കുവാനും, പരിശീലിക്കാനും തുടങ്ങി.

18 മാസം അവിടെ താമസിച്ചു. ഇതിനിടെ ധ്യാനം അവന്റെ ദിനചര്യയായി മാറി. പിന്നീട് സ്‌കൂളിലെത്തിയ അവന്‍ പഠനത്തില്‍ മികവ് പുലര്‍ത്തി. അവന്‍ മിടുക്കനും ജിജ്ഞാസുവുമായ വിദ്യാര്‍ഥിയായി മാറി. ശാസ്ത്രത്തില്‍ പരിജ്ഞാനം നേടി. കൂടാതെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ രചിച്ചു. ലോകപ്രശസ്ത ശാസ്ത്ര പ്രതിഭയായിത്തീര്‍ന്ന ആ വിദ്യാര്‍ഥിയാണ് 'ഐസക് ന്യൂട്ടണ്‍'. അദ്ദേഹത്തിന്റെ വിജയങ്ങള്‍ക്ക് അടിത്തറ പാകിയത് ധ്യാനമായിരുന്നു.

ധ്യാന പരിശീലനത്തിലൂടെ കൊടും കുറ്റവാളികള്‍ക്കുപോലും മാനസാന്തരമുണ്ടായിട്ടുണ്ടെന്ന് കിരണ്‍ ബേദി തീഹാര്‍ ജയിലിലെ പരീക്ഷണത്തില്‍ നിന്നും തെളിയിച്ചിട്ടുണ്ട്. പ്രസിദ്ധമായ 'മാഗ്‌സസേ' അവാര്‍ഡ് നേടുവാന്‍ അവര്‍ക്കായത് അതുകൊണ്ടാണ്. 'ധ്യാനം ജനിപ്പിക്കുന്നു, ധ്യാനത്തിന്റെ അഭാവം അജ്ഞത അവശേഷിപ്പിക്കുന്നു' എന്ന് ശ്രീബുദ്ധന്‍ പറഞ്ഞിട്ടുണ്ട്.

ധ്യാനംകൊണ്ടുള്ള ഗുണങ്ങള്‍


എം.ആര്‍.ഐ സ്‌കാന്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ധ്യാനത്തിന്റെ മസ്തിഷ്‌ക സ്വാധീനത്തെ പറ്റിയും പ്രയോജനങ്ങളെ പറ്റിയും മനസിലാക്കാന്‍ കഴിയുന്നു.

1. ധ്യാനം ശാരീരികവും മാനസികവുമായ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്നു
2. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു

3. രക്തത്തിലെ ലാക്‌ടേറ്റിന്റെ അളവ് കുറയ്ക്കുന്നു
4. രോഗപ്രതിരോധ സംവിധാനത്തിന് ശക്തി പകരുന്നു

5. ഊര്‍ജ്ജ്വസ്വലതയും, ഉന്മേഷവും പതിന്‍മടങ്ങ് വര്‍ധിക്കുന്നു
6. സംഘര്‍ഷങ്ങളെ അകറ്റി പ്രശാന്തവും പ്രസന്നവുമായ മാനസികാവസ്ഥ പ്രധാനം ചെയ്യുന്നു

7. ഏകാഗ്രതയും, ശ്രദ്ധാശേഷിയും വര്‍ധിപ്പിക്കുന്നു.
8. ക്രിയേറ്റിവിറ്റി വര്‍ധിപ്പിക്കുന്നു

9. മനസിനെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നു
10. കോപവും, താപവും അകറ്റി പക്വത കൈവരിക്കാന്‍ സഹായിക്കുന്നു

uploads/news/2018/07/233357/medtaion140718a.jpg

എന്താണ് ധ്യാനം


ധ്യാനം അബോധമനസുമായി ബന്ധപ്പെടുത്തുന്നു. നിങ്ങളുടെ 'സ്വത്വ' വുമായി താദാത്മ്യം പ്രാപിക്കുന്ന അവസ്ഥയാണ് ധ്യാനം. ആത്മീയതയിലേക്കുള്ള കവാടമാണത്. ആത്മസാക്ഷാത്കാരത്തിന്റെയും ആത്മജ്ഞാനത്തിന്റെയും മാര്‍ഗമാണത്. അന്തമായ പ്രപഞ്ചശക്തിയുമായി നിങ്ങളെ ബന്ധിപ്പിക്കുന്ന പ്രക്രിയയാണ്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നടത്തിയ പഠനത്തില്‍ പതിവായി ധ്യാനിക്കുന്നവരുടേയും ധ്യാനിക്കാത്തവരുടെയും മസ്തിഷ്‌ക ഭാഗങ്ങള്‍ തമ്മില്‍ കൃത്യമായി അളന്ന് തിട്ടപ്പെടുത്താവുന്ന വ്യത്യാസങ്ങള്‍ കണ്ടെത്തി.

യുക്തി, തീരുമാനങ്ങളെടുക്കുവാനുള്ള ശേഷി എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക ഭാഗമായ 'ഫ്രോണ്ടല്‍ കോര്‍ട്ടക്‌സ്' ധ്യാനിക്കുന്നവരില്‍ കൂടുതല്‍ കട്ടിയുള്ളതായി എം.ആര്‍. ഐ സ്‌കാനില്‍ വ്യക്തമായി അതുപോലെ നമ്മുടെ ചിന്തകളേയും വികാരങ്ങളേയും സംയോജിപ്പിക്കാന്‍ സഹായിക്കുന്ന 'ഇന്‍സുല' എന്ന മസ്തിഷ്‌ക ഭാഗവും കട്ടിയുള്ളതായി കാണപ്പെട്ടു. പ്രായം കൂടുന്നതിനനുസരിച്ച് കോര്‍ട്ടെക്‌സും ഇന്‍സുലയും കട്ടികുറഞ്ഞ് ദുര്‍ബലമാകാന്‍ തുടങ്ങുന്നു. എന്നാല്‍ ധ്യാനം ഇതുതടയാന്‍ സഹായിക്കുന്നു.

ചുരുക്കി പറഞ്ഞാല്‍ നമ്മുടെ മസ്തിഷ്‌ക ശേഷികളും മാനസിക ആരോഗ്യം വര്‍ധിപ്പിക്കുവാനും നിലനിര്‍ത്താനും ധ്യാനം സഹായിക്കുന്നു. സ്വയാവബോധത്തോടെ ചെയ്യുന്ന ഏതു പ്രവൃത്തിയും ധ്യാനമായിത്തീരും. നമ്മുടെ ചിന്തകളേയും, വികാരങ്ങളേയും, ഇന്ദ്രിയ അനുഭവങ്ങളേയും പ്രവര്‍ത്തികളേയും പറ്റി പൂര്‍ണമായ അവബോധം വളര്‍ത്തുക എന്നതാണ് ധ്യാനത്തിന്റെ കാതല്‍.

ധ്യാനരീതി


പല രീതിയിലുള്ള ധ്യാന രീതികള്‍ നിലവിലുണ്ട്. വിശ്രാന്തിയില്‍ കണ്ണുകളടച്ചിരുന്ന് സ്വയം ശ്വാസോച്ഛ്വാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും ലളിതമായ ധ്യാനരീതി. ധ്യാനവേളയില്‍ മനസില്‍ വരുന്ന ചിന്തകളെ നിസംഗതയോടെ നിരീക്ഷിക്കുക. ചിന്തകള്‍ വരുകയും പോകുകയും ചെയ്യട്ടെ അവയെ നിസംഗതനായിതന്നെ നിരീക്ഷിക്കുക.

ഈ ധ്യാനം ഇരുന്നു കൊണ്ടോ നിന്നുകൊണ്ടോചെയ്യാം സുഖമായി കണ്ണുകളടച്ച് കിടന്നശേഷം ചുറ്റുപാടുകളിലേക്ക് ശ്രദ്ധ തിരിക്കുക. പിന്നീടുള്ള ശ്രദ്ധ നിങ്ങളുടെ ശരീരഭാഗത്തേക്ക് കൊണ്ടു വരിക. ഓരോ ശരീരഭാഗത്തു നിന്നും ടെന്‍ഷന്‍ ആവിയായി പോകുന്നതായി കരുതുക.

വലതു വശത്തെ കൈവിരല്‍ തുമ്പില്‍ നിന്നും ആരംഭിക്കുക. പിന്നീട് കൈക്കുഴ, വലതു കൈമുട്ട്, കക്ഷം, തോള്‍, വലതു വാരിയെല്ലുകള്‍, ഇടുപ്പ്, വലതു കാല്‍തുട, കാല്‍മുട്ട്, വലതുകാല്‍, കാല്‍ക്കുഴ, ഉപ്പുറ്റി, കാല്‍പാദം, കാല്‍വിരലുകള്‍ ഇവ മാറി മാറി ശ്രദ്ധിക്കുക. ഈ ഭാഗങ്ങളിലെ ടെന്‍ഷന്‍ അകന്നുപോകുന്നതായി ശ്രദ്ധിക്കുക.

ഇതേപോലെ ഇടതുഭാഗത്തും ചെയ്യുക. പിന്നീട് ശരീരത്തിന്റെ പിന്‍വശത്ത് ശ്രദ്ധകൊണ്ടു വരിക. അതിനുശേഷം തലമുതല്‍ മുന്‍വശത്തു കൂടി താഴോട്ട് കാല്‍പാദം വരെ ഓരോ അവയവങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുകയും ടെന്‍ഷന്‍ കുറയുന്നതായി സങ്കല്‍പിക്കുകയും ചെയ്യുക.

അവബോധ ധ്യാനം


ചിലര്‍ക്ക് ജീവിതത്തിന്റെ ധ്യാന നിമിഷങ്ങള്‍ അനുഭവിക്കാനും ആസ്വദിക്കുവാനും സമയവും സാവകാശവും കാണില്ല. അവര്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നില്ല. ഭൂതകാലത്തിന്റെ നഷ്ടദുഃഖങ്ങളിലോ ഭാവിയുടെ വിഹ്വലതകളിലോ തടവിലാക്കപ്പെട്ടിരിക്കുന്നു. ഇന്നിന്റെ മഹത്വമോ മധുരമോ അവക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല. യാന്ത്രികതയില്‍ എല്ലാം നഷ്ടമാകുന്നു. ഇപ്രകാരം യാന്ത്രിക ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നവര്‍ക്ക്് ഒരു മോചന മാര്‍ഗമാണ് അവബോധ ധ്യാനം.

നിങ്ങള്‍ക്കുള്ളിലും നിങ്ങള്‍ക്കു ചുറ്റിലും സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അഗാധമായ അവബോധം പുലര്‍ത്തുന്നതിനുള്ള മാര്‍ഗമാണ് 'മൈന്‍ഡ്ഫുള്‍നസ്' അഥവാ അവബോധ ധ്യാനം. പൂര്‍ണമായി ഈ നിമിഷത്തില്‍ മുഴുകുവാന്‍ അത് പ്രാപ്തമാക്കുന്നു. സ്വയാവബോധത്തോടെ എല്ലാപ്രവൃത്തികളും ചെയ്യുവാന്‍ കഴിയുന്നു. ചിന്തകളേയും വികാരങ്ങളേയുംപ്പറ്റി പൂര്‍ണമായ അവബോധം ലഭിക്കുന്നു.

ചുറ്റുമുള്ള കാഴ്ചകളേയും ശബ്ദങ്ങളേയും പറ്റി ബോധവാനാകുന്നു. ഓരോ നിമിഷത്തിനും അതിന്റേതായ മാധുര്യമുണ്ട്, ധന്യതയുണ്ട്, ലഹരിയുണ്ട്, അനുഭൂതിയുണ്ട്. അത് പൂര്‍ണമായി അനുഭവിക്കുന്നതിനും ആസ്വദിക്കുന്നതിനും അവബോധ ധ്യാനം സഹായിക്കുന്നു.

uploads/news/2018/07/233357/medtaion140718b.jpg

അവബോധ ധ്യാനരീതി


സുഖകരമായ രീതിയില്‍ നട്ടെല്ല് നിവര്‍ന്നിരിക്കുക. സാവധാനം കണ്ണുകളടയ്ക്കുക. ദീര്‍ഘമായി ശ്വാസോച്ഛ്വാസം ചെയ്യാന്‍ തുടങ്ങുക. ശ്വാസോച്ഛ്വാസത്തില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുക. ശ്വാസം പുറത്തേക്ക് പോകുന്നതും ഉള്ളിലേക്ക് പ്രവേശിക്കുന്നതും ശ്രദ്ധിക്കുക.

'ഞാന്‍ ശ്വസിക്കുന്നു' എന്ന ബോധം നില നിര്‍ത്തുക. ശ്രദ്ധ നിങ്ങളുടെ ശരീരഭാഗത്തേക്ക് കൊണ്ടുവരിക. ഓരോ അവയവത്തിലും മാറി മാറി ശ്രദ്ധകേന്ദ്രീകരിക്കുക. തണുപ്പ്, ചൂട്, മുറുക്കം, വേദന തുടങ്ങിയ എന്തെങ്കിലും അനുഭവം ഉണ്ടോ എന്ന് ശ്രദ്ധിക്കുക.

ഇങ്ങനെ ഏകദേശം 10 മിനിറ്റ് നേരം ശരീരഭാഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ച ശേഷം ചുറ്റും കേള്‍ക്കുന്ന ശബ്ദങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക.നിസംഗനായി, നിര്‍വികാരനായി ഈ ശബ്ദങ്ങളെ ശ്രദ്ധിക്കുക. അവയെ വിമര്‍ശിക്കാനോ, വെറുക്കാനോ, വിശകലനം ചെയ്യുവാനോ ശ്രമിക്കാതിരിക്കുക. അവയെ പറ്റി ചിന്തിക്കുകപോലും ചെയ്യാതെ വെറുതെ കേള്‍ക്കുക. അഞ്ച് - ആറ് മിനിറ്റ് ഇതു തുടരുക.

പിന്നീട് സാവധാനം കണ്ണു തുറക്കുക. ചുറ്റും നോക്കുക. ആദ്യമായി കാണുന്ന അത്ഭുതത്തോടെ എല്ലാവസ്തുക്കളേയും മാറി മാറി നോക്കുക. ഒരു വസ്തുവില്‍ അരമിനിറ്റു നേരം ശ്രദ്ധയോടെ നോക്കുക. പരിശോധിക്കുക. ഒരു അഭിപ്രായവും മനസില്‍ പറയാതെ നിസംഗനായി നിരീക്ഷിക്കുക. തുടര്‍ന്ന് അടുത്ത വസ്തുവില്‍ മാറി മാറി ശ്രദ്ധ കേന്ദ്രീകരിക്കുക.

ഈ സമയത്തൊക്കെ നിങ്ങളുടെ ശരീരത്തെ പറ്റിയും ശ്വാസോച്ഛ്വാസത്തെപ്പറ്റിയും ബോധവാനായിരിക്കണം. നിങ്ങളുടെ ശരീരത്തെയും ശ്വാസോച്ഛ്വാസത്തെയും ചുറ്റുപാടുകളേയും പറ്റി ബോധവാനാകുമ്പോള്‍ നിങ്ങള്‍പൂര്‍ണമായും ഈ നിമിഷത്തില്‍ ലയിക്കുന്നു. 20 30 മിനിറ്റു കൊണ്ട് ധ്യാനം പൂര്‍ത്തിയാക്കാം.

കടപ്പാട്:
ജോണ്‍ മുഴുത്തേറ്റ്
ഹ്യൂമന്‍ മാനേജ്‌മെന്റ്
കണ്‍സള്‍ട്ടന്റ,് തൊടുപുഴ

Ads by Google
Ads by Google
Loading...
TRENDING NOW