Friday, June 21, 2019 Last Updated 14 Min 9 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Saturday 14 Jul 2018 11.18 AM

ആരോപണ വിധേയന്‍ അധികാരത്തില്‍ തുടരുമ്പോള്‍ എങ്ങനെ നിഷ്പക്ഷ അന്വേഷണം നടക്കും? ബിഷപ്പ് ഫ്രാങ്കോയുടെ രാജി ആവശ്യപ്പെട്ട് അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍

പീഡനങ്ങള്‍ സഹിക്കുന്ന നിരവധി പേരുണ്ട്. സത്യം പുറത്തേക്ക് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വളരെ ചുരുക്കും ചിലര്‍ മാത്രമാണ് പുറത്തുപറയുന്നത്.
Jalandhar Bishop rape case
അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍, ബിഷപ്പ് ഫ്രാങ്കോ

കോട്ടയം: കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകയായും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ ജെസ്സി കുര്യന്‍. ആരോപണ വിധേയന്‍ അധികാരത്തില്‍ തുടരുമ്പോള്‍ നിഷ്പക്ഷവും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ അന്വേഷണം എങ്ങനെ നടക്കും. ബിഷപ്പ് രാജിവയ്ക്കുകയോ സഭാ നേതൃത്വം അദ്ദേഹത്തെ മാറ്റിനിര്‍ത്തുകയോ വേണമെന്ന് അഡ്വ.സിസ്റ്റര്‍ ജെസി കുര്യന്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ന്യൂനപക്ഷ വിദ്യാഭ്യാസ ഇന്‍സ്റ്റിറ്റിയുഷന്‍സ് ദേശീയ കമ്മീഷന്‍ മുന്‍ അംഗമാണ് അഡ്വ.ജെസ്സി കുര്യന്‍.

പരാതിക്കാരി അംഗമായ സന്യാസിനി സമൂഹത്തിന്റെ പേട്രണ്‍ ആണ് ആരോപണ വിധേയനായ ബിഷപ്പ്. അതുകൊണ്ടുതന്നെ ആ സമൂഹത്തിന്റെ രക്ഷാധികാരിയും സംരക്ഷകനുമാണ് അദ്ദേഹം. ഈ ഒരു കാരണം നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടക്കില്ല. ബിഷപ്പിനെതിരെ മഠത്തിലെ ആരെങ്കിലും എന്തെങ്കിലും കാര്യം പുറത്തുവിട്ടാല്‍ അവര്‍ ഭാവിയില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. അത് മദര്‍ ജനറാള്‍ ആയാലും മേജര്‍ സുപ്പീരിയര്‍ ആയാലും അവസ്ഥയ്ക്ക് മാറ്റമില്ല. ആ സമൂഹത്തിന്റെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാകും.

ഇപ്പോള്‍തന്നെ മൊഴിയില്‍ പൊരുത്തക്കേട് ആരംഭിച്ചിട്ടുണ്ട്. ഭാവിയില്‍ മുന്‍ മൊഴി അവര്‍ പിന്‍വലിക്കേണ്ടി വന്നേക്കും. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോള്‍, നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷണം ഉറപ്പാക്കുന്നതിന് ബിഷപ്പ് തത്സഥാനത്തുനിന്ന് മാറിനില്‍ക്കുകയാണ് വേണ്ടത്. അതുതന്നെയാണ് ഇക്കാര്യത്തില്‍ നിയമപരമായ വശവും.-അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍ പ്രസ്താവനയില്‍ പറയുന്നു.

Jalandhar Bishop rape case

ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന് ഏതെങ്കിലും കന്യാസ്ത്രീ മഠത്തിലെ തന്റെ മേലധികാരിയോട് പറഞ്ഞാല്‍, പിന്നീട് അവര്‍ നേരിടാന്‍ പോകുന്നത് വേദനാജനകമായ അവസ്ഥയായിരിക്കും. സ്ഥലംമാറ്റം, തരംതാഴ്ത്തല്‍ മുതല്‍ മഠത്തില്‍ നിന്ന് പുറത്താക്കല്‍ വരെ അവര്‍ നേരിടേണ്ടിവരും. അല്ലെങ്കില്‍ മാനസികവും വൈകാരികയുമായ പീഡനം സഹിക്കാന്‍ കഴിയാതെ സ്വയം തിരുവസ്ത്രം ഉപേക്ഷിച്ച് പോകാന്‍ അവര്‍ നിര്‍ബന്ധിതയാകും. എന്നാല്‍ ഇത്തരം ആരോപണങ്ങളിലൊന്നും ഒരു അന്വേഷണം നടത്താനോ നടപടി സ്വീകരിക്കാനോ മഠം അധികൃതര്‍ തയ്യാറാകില്ലെന്ന് അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍ ഒരു ദേശീയ ദിനപത്രത്തോട് പ്രതികരിച്ചു.

പരാതിക്കാരിയായ കന്യാസ്ത്രീ ജീവിതകാലം മുഴുവന്‍ ഇരയായി തുടരേണ്ടിവരും. എന്നാല്‍ വൈദികരുടെ കാര്യത്തില്‍ അങ്ങനെയല്ല. ആരോപണം നേരിടുന്ന വൈദികനെ സഭ സംരക്ഷിക്കും. 'ഒരിക്കല്‍ വൈദികനായാല്‍ എന്നും വൈദികനായി' തന്നെ അദ്ദേഹം തുടരും. അധികാരികളുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തെ കുറിച്ച് അറിയാവുന്നതിനാല്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ കന്യാസ്ത്രീകള്‍ തയ്യാറാകില്ല. സഭയിലെ ഇത്തരം സമീപനം തന്നെ വളരെയേറെ വേദനിപ്പിക്കുന്നുണ്ട്.

മഠങ്ങള്‍ക്കുള്ളില്‍ ഇത്തരം പീഡനങ്ങള്‍ സഹിക്കുന്ന നിരവധി പേരുണ്ട്. സത്യം പുറത്തേക്ക് വരണമെന്ന് അവര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വളരെ ചുരുക്കും ചിലര്‍ മാത്രമാണ് പുറത്തുപറയുന്നത്. തനിക്ക് അക്കാര്യം അറിയാം. എന്തുപ്രശ്‌നം നേരിട്ടാലും പ്രതികരിക്കാന്‍ കഴിയാത്തവരാണ് കന്യാസ്ത്രീകള്‍. മഠങ്ങളിലെ ചട്ടക്കൂടം കത്തോലിക്കാ സഭയിലെ മതപരമായ ജീവിതരീതിയും അവരെ അത്തരത്തില്‍ രൂപപ്പെടുത്തിയെടുക്കുന്നുവെന്നും അഡ്വ.സിസ്റ്റര്‍ ജെസ്സി കുര്യന്‍ വ്യക്തമാക്കി.

(പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയായ സിസ്റ്റര്‍ ജെസ്സി കുര്യന്‍ സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന സ്ത്രീകള്‍ക്ക് നിയമസഹായം ഉറപ്പാക്കുന്ന ദൗത്യത്തിലാണ് പ്രധാനമായും ഏര്‍പ്പെട്ടിരിക്കുന്നത്. 2011ല്‍ ഇവരുടെ നേതൃത്വത്തില്‍ സ്ഥാപിച്ച സിറ്റിസണ്‍ റൈറ്റ്‌സ് ട്രസ്റ്റ്, മനുഷ്യാവകാശങ്ങള്‍, നിയമ സാക്ഷരത, നിയമസഹായം, സ്ത്രീ ശാക്തീകരണം എന്നിവയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചുവരുന്നു. സ്ത്രീകളേയും കുട്ടികളേയും ന്യുനപക്ഷങ്ങളേയും തൊഴിലാളികളേയും ആദിവാസി, പിന്നാക്ക സമൂഹങ്ങളെ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കുന്ന പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു.)

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW