Sunday, November 18, 2018 Last Updated 44 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 02.40 AM

കര്‍ക്കടക വാവുബലി : സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിപുലമായ ഒരുക്കങ്ങള്‍

uploads/news/2018/07/233274/re.jpg

തിരുവനന്തപുരം: കര്‍ക്കടക വാവുബലിക്ക്‌ പിതൃതര്‍പ്പണത്തിനെത്തുന്നവര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ സര്‍ക്കാര്‍ -തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ സംയുക്‌ത അവലോകന യോഗത്തില്‍ തീരുമാനിച്ചു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലാണ്‌ ബലിതര്‍പ്പണത്തിന്‌ സൗകര്യങ്ങള്‍ ഒരുക്കുന്നത്‌.
തിരുവല്ലം പരശുരാമക്ഷേത്രം, വര്‍ക്കലപാപനാശം, കൊല്ലത്തെ തിരുമുല്ലാ വാരം ക്ഷേത്രം, ആലുവ ശിവക്ഷേത്രം തുടങ്ങിയിടങ്ങളിലാണ്‌ ആയിരങ്ങള്‍ ബലിയര്‍പ്പണ ചടങ്ങുകള്‍ക്കായി എത്തിച്ചേരുക. കൂടാതെ തിരുവനന്തപുരത്തെ ശംഖുംമുഖം കടല്‍തീരത്തും ബലിതര്‍പ്പണത്തിന്‌ സൗകര്യമൊരുക്കുന്നുണ്ട്‌. ദേവസ്വം ക്ഷേത്രങ്ങളില്‍ ആഗസ്‌റ്റ്‌ മാസം 11ന്‌ നടക്കുന്ന വാവുബലിതര്‍പ്പണത്തിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി ദേവസ്വം ബോര്‍ഡ്‌ അംഗം കെ.പി.ശങ്കരദാസ്‌ യോഗത്തില്‍ അറിയിച്ചു.പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

ദേവസ്വം ബോര്‍ഡ്‌ ബോര്‍ഡ്‌ ആസ്‌ഥാനത്ത്‌ കഴിഞ്ഞ ദിവസം അവലോകന യോഗം ചേര്‍ന്ന്‌ ഒരുക്കങ്ങള്‍ വേഗത്തില്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കെ.പി.ശങ്കരദാസ്‌ പറഞ്ഞു. അതേ സമയം കോര്‍പ്പറേഷന്‍, ജില്ലാ ഭരണകൂടം,പോലീസ്‌, ആരോഗ്യ വകുപ്പ്‌ ,വാട്ടര്‍ അതോറിറ്റി എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളും ക്രമീകരണങ്ങളും വേഗത്തിലാക്കണമെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.തിരുവല്ലത്ത്‌ ക്ഷേത്ര കുളം വൃത്തിയാക്കുക, പാര്‍വ്വതീ പുത്തനാറിലെ മലിനജലം ബലി കടവിലേക്ക്‌ നദിയിലേക്കും കയറാതെ സംവിധാനമൊരുക്കുക, മാലിന്യം നീക്കം ചെയ്യുക, പാര്‍ക്കിംഗ്‌ മേഖല ഒരുക്കുക, കുളിക്കാന്‍ കൂടുതല്‍ ഷവറുകള്‍ സ്‌ഥാപിക്കുക, തിരുവല്ലത്തെ സമീപ പ്രദേശത്തെ റോഡുകള്‍ അറ്റകുറ്റപണി നടത്തുക തുടങ്ങിയവയിലും ബന്ധപ്പെട്ടവര്‍ സത്വര നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ദേവസ്വം ബോര്‍ഡുമായ്‌ ബന്ധപ്പെട്ട വിഷയങ്ങളിലെ നടപടികള്‍ ദേവസ്വം കമ്മീഷണര്‍ എന്‍.വാസു മന്ത്രിയെ അറിയിച്ചു.കൊല്ലം, തിരുവനന്തപുരം, ആലുവ എന്നിവിടങ്ങളില്‍ ബന്ധപ്പെട്ട ജില്ലാ കളക്‌ടര്‍മാര്‍ വിശദമായ യോഗം വിളിച്ച്‌ സ്‌ഥിതിഗതികള്‍ വിലയിരുത്തണമെന്നും മന്ത്രി പറഞ്ഞു. ശംഖുംമുഖത്തും പാപനാശത്തും കടല്‍ക്ഷോഭം കണക്കിലെടുത്ത്‌ വേണ്ടത്ര സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ എടുക്കണം. ഇവിടങ്ങളില്‍ പൊലീസ്‌, ലൈഫ്‌ ഗാര്‍ഡ്‌. ഹെല്‍ത്ത്‌ വിഭാഗങ്ങളുടെ കൂടുതല്‍ ശ്രദ്ധ എന്നിവ വേണം.

ബലിത്തറകളില്‍ പൂജാരിമാര്‍ക്ക്‌ ദേവസ്വം ബോര്‍ഡ്‌ പ്രത്യേക ഐ.ഡി.കാര്‍ഡ്‌ വിതരണം ചെയ്യണം. മറ്റ്‌ ക്ഷേത്രപരിസരങ്ങളില്‍ ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തിലാവണം ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക്‌ സൗകര്യം ക്രമീകരിക്കേണ്ടതെന്നും മന്ത്രി യോഗത്തെ ധരിപ്പിച്ചു. കെ എസ്‌ ആര്‍ ടി സി മുന്‍ തവണത്തെപ്പോലെ കൂടുതല്‍ യാത്രാ സൗകര്യം ഒരുക്കണമെന്നും യോഗത്തില്‍ തീരുമാനമായി. അടുത്ത അവലോകന യോഗം വാവുബലിക്കു്‌ ഒരാഴ്‌ച മുന്‍പ്‌ ചേരാനും യോഗത്തില്‍ ധാരണയായി.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ നടന്ന അവലോകന യോഗത്തില്‍ എം എല്‍ എ മാരായ വി എസ്‌ ശിവകുമാര്‍ ,വി.ജോയി, ഒ.രാജഗോ പാല്‍, മേയര്‍ അഡ്വ. വി.കെ.പ്രശാന്ത്‌ ,റൂറല്‍ എസ്‌പി അശോക്‌ കുമാര്‍,ദേവസ്വം ബോര്‍ഡ്‌ ചീഫ്‌ എഞ്ചിനിയര്‍മാര്‍, വിവിധ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Ads by Google
Saturday 14 Jul 2018 02.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW