കാസര്‍ഗോഡ് ചെര്‍ക്കളയില്‍ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സുഹറ ഒരു ചെറിയ കള്ളം പറഞ്ഞു. ഹെല്‍മെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് തന്നെ ആക്രമിച്ച് കമ്മലുകള്‍ അപഹരിച്ചു കടന്നുകളഞ്ഞെന്ന്. ഇടിമിന്നലേറ്റതിനെത്തുടര്ന്നു പരിചരിക്കാന്‍ ഒരാഴ്ച മുമ്പു വീട്ടിലെത്തിയ മകളും ഭര്‍ത്താവും തിരികെപ്പോകുന്നതിനു തലേന്നാണ് സംഭവം. മകളോടും മരുമകനോടും ഒരാഴ്ച കൂടെത്താമസിക്കാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നടക്കാതെ വന്നപ്പോള്‍ ആ അമ്മ വേറൊരു വഴിയും കണ്ടില്ല. മകനാണെങ്കില്‍ പലപ്പോഴും വീട്ടിലെത്തുന്നതു വളരെ വൈകിയും. ഭര്‍ത്താവ് വിദേശത്തും. ഒറ്റയ്ക്കായ സുഹറയ്ക്കു സുരക്ഷാബോധം നഷ്ടമായതിനെത്തുടര്‍ന്നു കെട്ടിച്ചമച്ചതായിരുന്നു ഹെല്‍മെറ്റ് ധാരിയുടെ ആക്രമണം. അങ്ങനെയെങ്കിലും മക്കളുടെ സാമീപ്യം കുറച്ചുദിവസം ലഭിക്കുമല്ലോയെന്നായിരുന്നു ആ മനസിന്റെ പ്രതീക്ഷ. അവസാനം അതു കേസാകുമെന്നും കോടതി കയറുമെന്നും ഒന്നും ചിന്തിച്ചില്ല. സുഹറ പറഞ്ഞ ചെറിയകള്ളം ലോകത്തോട് വിളിച്ചുപറയുന്നത് കരുതലാകേണ്ട മക്കളുടെ അകല്‍ച്ച മാതാപിതാക്കള്‍ക്കു താങ്ങാനാവില്ലെന്നുതന്നെയാണ്.
അതിനൊപ്പം ചേര്‍ത്തു കാണേണ്ട സംഭവമാണ് ആറുമക്കളുള്ള വൃദ്ധമാതാവ് വീടിന്റെ ഉമ്മറത്ത് ഉറുമ്പരിച്ചു കിടന്ന സംഭവം. മാവേലിക്കരയ്ക്കു സമീപം കല്ലുമലയിലായിരുന്നു ഇത്. മകനും മരുമകളും പുറത്തുപോകുമ്പോള്‍ വീടിനു പുറത്തായിരുന്നു അവരുടെ സ്ഥാനം. അവസാനം അയല്‍ക്കാര്‍ അറിയിച്ചതനുസരിച്ച് സന്നദ്ധപ്രവര്‍ത്തകരെത്തി ഇവരുടെ പരിചരണം ഏറ്റെടുത്തു. ആറു മക്കളെ പോറ്റിവളര്‍ത്തിയ ആ വൃദ്ധമാതാവ് അവര്‍ക്കൊക്കെ ഭാരമായിരുന്നു.
ഈ സംഭവങ്ങള്‍ രണ്ടും പുറത്തുവരുന്നത് ഒരേദിവസം തന്നെയാണെന്നതില്‍ അത്ഭുതമില്ല. നമുക്കു ചുറ്റും അറിയപ്പെടാതെ നടക്കുന്ന ആയിരക്കണക്കിന് അവഗണനകള്‍ക്കും പീഡനങ്ങള്‍ക്കും ഇടയില്‍ ഇതു രണ്ടെണ്ണം ഒരു ദിവസം തന്നെ പുറത്തുവന്നെന്നുമാത്രം.
കോട്ടയത്തു മദ്യപിച്ചെത്തിയ മകന് പിതാവിനെ വെട്ടിക്കൊന്ന സംഭവവും ഇതേദിവസം തന്നെയാണ് ലോകമറിഞ്ഞത്. ഈ സമയം കിടപ്പുരോഗികളായ അമ്മയും സഹോദരിയും ആ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു. മകന്റെ ക്രൂരത പുറംലോകത്തെയറിയിക്കാന്‍ പോലുമാകാതെ കിടക്കുന്ന ആ മാതാവിനടുത്തുതന്നെയിട്ടായിരുന്നു മകന് ആ ദുഷ്കൃത്യം നടത്തിയത്. അതുകൊണ്ടുതന്നെ കൊലപാതകം പുറത്തറിയാന്‍ പോലും വൈകി. സഹോദരി തൊട്ടടുത്തുതന്നെ മറ്റൊരു കട്ടിലില്‍ രോഗിയായി കിടപ്പുണ്ടായിരുന്നു. തനിയെ എണീറ്റിരിക്കുവാന്‍ പോലുമാകാത്ത ഇരുവര്‍ക്കും താങ്ങായി നിന്നിരുന്നത് എണ്‍പതുകാരനായ കൊല്ലപ്പെട്ട പിതാവും. മകന്റെ കഞ്ചാവ് ഉപയോഗമാണ് ക്രൂരതയ്ക്കു കാരണമായി പോലീസ് പറയുന്നത്.
മാതാപിതാക്കളോട് മക്കള്‍ നടത്തുന്ന ക്രൂരതകളും അവഗണനകളും മിക്കപ്പോഴും പുറംലോകമറിയില്ല. പോറ്റിവളര്‍ത്തിയ മക്കളില്‍നിന്നുള്ള ക്രൂരതകള്‍ പുറത്തുപറയാനുള്ള അപമാനം തന്നെയാണ് ഇക്കൂട്ടര്‍ക്ക് പലപ്പോഴും ചൂഷണത്തിനു കളമൊരുക്കുന്നത്. മാറിമറിഞ്ഞ ലോകക്രമത്തില്‍ ചിലയിടത്തെങ്കിലും ഊഷ്മളത ദുര്‍ബലമാകുന്ന ബന്ധങ്ങള്‍ ഹൃദയമുള്ള ലോകത്തെ വേദനിപ്പിക്കും. അത് കഞ്ചാവിന്റെ പേരിലാണെങ്കിലും സ്വാര്‍ഥതയുടെ പേരിലാണെങ്കിലും മറ്റു തിരക്കുകളുടെ പേരിലാണെങ്കിലും. ഒറ്റപ്പെടുന്ന മാതാപിതാക്കളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. തൊഴില്‍പരമായും സാഹചര്യങ്ങള്‍കൊണ്ടും മക്കള്‍ അകന്നു ജീവിക്കുമ്പോള്‍ ഉണ്ടാകുന്ന ഒറ്റപ്പെടല്‍ പലപ്പോഴും രോഗങ്ങളിലേക്കും ദുരിതങ്ങളിലേക്കും ഇവരെ തള്ളിവിടുകയാണ്. ബന്ധങ്ങളുടെപ്രാധാന്യത്തില് അധിഷ്ഠിതമായ ഒരു സാമൂഹികക്രമം വളര്‍ന്നുവരേണ്ടതിന്റെ അടിയന്തരപ്രാധാന്യമാണ് പുറത്തുവരുന്ന ഇത്തരം സംഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നത്.