Thursday, July 18, 2019 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 02.34 AM

ലോക വ്യാപാരസംഘടനയുടെ അടിത്തറയിളകുമ്പോള്‍

uploads/news/2018/07/233270/bft1.jpg

ചരിത്രം വീണ്ടും വഴിമാറുന്നു. ലോകവ്യാപാരത്തിനു കരാറുകളും നിയമങ്ങളും നിയന്ത്രണങ്ങളും മാനദണ്‌ഡങ്ങളും ഏര്‍പ്പെടുത്തി 164 രാജ്യങ്ങള്‍ പങ്കാളികളായ ലോക വ്യാപാര സംഘടന (ഡബ്ല്യു.ടി.ഒ.) നോക്കുകുത്തിയായി മാറിയോ? രാജ്യാന്തരവ്യാപാരത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കാണെന്ന അമേരിക്കന്‍ അഹന്തയ്‌ക്കു മുമ്പില്‍ ഡബ്ല്യു.ടി.ഒ. സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെട്ടത്‌ ആശങ്കാജനകമാണ്‌. വ്യാപാരക്കരാറുകള്‍ കാറ്റില്‍പറത്തി രാജ്യങ്ങള്‍ സ്വയം തീരുവകള്‍ പ്രഖ്യാപിച്ച്‌, വ്യാപാരയുദ്ധത്തിന്‌ ആരംഭം കുറിച്ചതോടെ രണ്ടുപതിറ്റാണ്ടു മുമ്പ്‌ രൂപംകൊണ്ട ഡബ്ല്യു.ടി.ഒയുടെ അടിത്തറയിളകുന്നു. 2016 ലെ അമേരിക്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു ഫലം ഡോണാള്‍ഡ്‌ ട്രംപിന്‌ അനുകൂലമായതോടെ രാജ്യാന്തരവ്യാപാര മേഖലയിലെ പൊളിച്ചെഴുത്ത്‌ ഏവരും പ്രതീക്ഷിച്ചു.
പ്രസിഡന്റായി ചുമതലയേറ്റ ട്രംപ്‌ ഒപ്പുചാര്‍ത്തിയ ആദ്യഫയലുകളിലൊന്ന്‌, കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവയടക്കം 12 രാജ്യങ്ങളുടെ വ്യാപാരക്കൂട്ടായ്‌മയില്‍ നിന്നുള്ള പിന്മാറ്റമാണ്‌. 2016 ഫെബ്രുവരി നാലിന്‌ ന്യൂസിലാന്റിലെ ഓക്‌ലാന്റില്‍ മുന്‍ പ്രസിഡന്റ്‌ ബറാക്‌ ഒബാമ രൂപംകൊടുത്ത്‌ അംഗീകരിച്ച വ്യാപാരകരാറാണിത്‌. അമേരിക്കയുടെ രാജ്യാന്തര വ്യാപാരബന്ധങ്ങള്‍ പൊളിച്ചെഴുതുന്നതിന്റെ തുടക്കമായിരുന്നു ട്രാന്‍സ്‌ പസഫിക്‌ പാര്‍ട്ട്‌ണര്‍ഷിപ്പില്‍ നിന്നുള്ള പിന്മാറ്റം. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റത്തിനും ഇറക്കുമതിക്കുമെതിരേ സ്വീകരിച്ച നിലപാടും വിവിധ മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക്‌ ഏര്‍പ്പെടുത്തിയ യാത്രാവിലക്കും അമേരിക്കയുടെ സ്വരം മാറുന്നതിന്റെ സൂചനയായി.
ഡബ്ല്യു.ടി.ഒയിലെ വീറ്റോ

ട്രംപ്‌ അമേരിക്കന്‍ പ്രസിഡന്റായശേഷം ഡബ്ല്യു.ടി.ഒയുടെ ഏക മന്ത്രിതലസമ്മേളനം നടന്നത്‌ അര്‍ജന്റീനയിലെ ബ്യൂണസ്‌ അയേഴ്‌സില്‍ കഴിഞ്ഞ ഡിസംബറിലാണ്‌. 2011 ല്‍ ജനീവയിലും 2013 ല്‍ ബാലിയിലും 2015 ല്‍ നെയ്‌റോബിയിലും നടന്ന ഡബ്ല്യു.ടി.ഒ. മന്ത്രിതല സമ്മേളനങ്ങളില്‍ പ്രാദേശിക വ്യാപാരക്കൂട്ടായ്‌മകള്‍ക്കു രൂപംനല്‍കുന്നതിനുതകുന്ന ഒട്ടേറെ തീരുമാനങ്ങളും തുടര്‍ പ്രഖ്യാപനങ്ങളും ഉണ്ടായിരുന്നു. ലോകവ്യാപാരക്കരാറുകളില്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി ഇറക്കുമതികളില്‍ ഒറ്റവിപണിയും നികുതിരഹിതവുമെന്ന നിലപാടിനപ്പുറം സേവന നിക്ഷേപ കരാറുകളും ബൗദ്ധിക സ്വത്തവകാശവും, സാങ്കേതിക വിദ്യകളുടെ െകെമാറ്റവും ഉള്‍പ്പെടുത്തി. ഇതോടെ തൊഴില്‍ തേടിയുള്ള രാജ്യാന്തര കുടിയേറ്റവും അംഗരാജ്യങ്ങളില്‍ സജീവമായി.
ഇത്‌ അമേരിക്കന്‍ പൗരന്‍മാരുടെ തൊഴിലവസരങ്ങളെ പ്രതികൂലമായി ബാധിച്ചു. ഇതിനു തടയിടുമെന്ന ട്രംപിന്റെ നിലപാടാണ്‌ ഡബ്ല്യു.ടി.ഒയുടെ പതി-നൊന്നാം മന്ത്രിതലസമ്മേളനത്തില്‍ പുതിയ പ്രഖ്യാപനങ്ങളില്ലാതെ അമേരിക്കയുടെ വീറ്റോ പ്രയോഗത്തിലവസാനിച്ചത്‌. അമേരിക്കന്‍ അജന്‍ഡകള്‍ക്കു മുന്നില്‍ മുട്ടുമടക്കുന്ന മറ്റു രാജ്യങ്ങളുടെ നിസഹായാവസ്‌ഥയാണു സമ്മേളനത്തിലുടനീളം പ്രതിഫലിച്ചത്‌. സ്വതന്ത്രവ്യാപാരത്തിന്റെ വാതിലുകള്‍ മലര്‍ക്കെതുറന്നിടുമ്പോഴും രാജ്യാന്തരകുടിയേറ്റങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നതാണു ട്രംപിന്റെ നയമെന്ന്‌ ലോകം മനസിലാക്കി. രാജ്യാന്തര വ്യാപാരമാറ്റങ്ങളെ ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ െചെന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കായി എന്നതാണ്‌ ഇപ്പോഴത്തെ വ്യാപാരയുദ്ധത്തിന്‌ മൂര്‍ച്ചയേറുന്നത്‌.

അമേരിക്കന്‍ അടവുകളും തന്ത്രങ്ങളും

ജനുവരിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തിലും കഴിഞ്ഞ നവംബറില്‍ മനിലയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലും ഉഭയകക്ഷി വ്യാപാരബന്ധമാണ്‌ അമേരിക്ക ലക്ഷ്യമിടുന്നതെന്നു ട്രംപ്‌ തുറന്നടിച്ചിരുന്നു. അതേസമയം, െചെനയെ മാറ്റിനിര്‍ത്തി ആസിയാന്‍ രാജ്യങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുവാനും ശ്രമിച്ചു.
വ്യാപാരക്കരാറുകളുടെ മറവില്‍ രാജ്യത്തേക്ക്‌ ഒഴുകിയെത്തുന്ന െചെനീസ്‌ ഉല്‍പന്നങ്ങളെയും െചെനാക്കാരെയും നിയന്ത്രിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ്‌, അമേരിക്ക മാര്‍ച്ചില്‍ െചെനയുമായുള്ള തുറന്ന വ്യാപാരയുദ്ധം ആരംഭിച്ചത്‌. ഡബ്ല്യു.ടി.ഒയ്‌ക്ക്‌ നേതൃത്വം കൊടുത്തവര്‍, തങ്ങള്‍ക്കു തിരിച്ചടി നേരിട്ടപ്പോള്‍ കരാര്‍ തത്വങ്ങള്‍ കാറ്റില്‍ പറത്തി.

അമേരിക്ക െചെന വ്യാപാരപ്പോര്‌

മാര്‍ച്ചില്‍ െചെനയില്‍ നിന്നുള്ള ഉരുക്ക്‌ അലുമിനിയം ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക്‌ 25 ശതമാനം ഇറക്കുമതിത്തീരുവ വര്‍ധിപ്പിച്ച്‌ അമേരിക്ക വ്യാപാരയുദ്ധത്തിന്‌ തുടക്കം കുറിച്ചു. അമേരിക്കയില്‍ നിന്നുള്ള 659 ഉല്‍പന്നങ്ങളുടെ തീരുവ 25 ശതമാനം വര്‍ധിപ്പിച്ചായിരുന്നു െചെനയുടെ മറുപടി. ഡബ്ല്യു.ടി.ഒയുടെ കരാറുകള്‍ പരസ്യമായി അമേരിക്ക ലംഘിച്ചപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ െചെനീസ്‌ പ്രസിഡന്റ്‌ ഷി ചിന്‍ പിംഗും തയ്യാറായത്‌ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു.
െചെനയുടെ മെയ്‌ഡ്‌ ഇന്‍ െചെന 2025 പദ്ധതി അട്ടിമറിക്കുക എന്ന ലക്ഷ്യവും അമേരിക്കയ്‌ക്കു മുന്നിലുണ്ട്‌. ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്‌, അലുമിനിയം ഉല്‌പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം അമേരിക്ക വര്‍ധിപ്പിച്ചപ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കാന്‍ നമ്മളും മടിച്ചില്ല. ഈ മാസം ആദ്യവാരം െചെനയില്‍ നിന്നുള്ള 3400 കോടി ഡോളറിന്റെ ഉല്‌പന്നങ്ങള്‍ക്ക്‌ അമേരിക്ക 25 ശതമാനം ചുങ്കം വീണ്ടുമേര്‍പ്പെടുത്തി. തത്തുല്യതുകയ്‌ക്കുള്ള അമേരിക്കന്‍ ഇറക്കുമതിക്ക്‌ െചെനയും പിഴച്ചുങ്കം പ്രഖ്യാപിച്ചു. അമേരിക്കയിപ്പോള്‍ മൂന്നാം പിഴച്ചുങ്കം പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്‌. െചെനയും തിരിച്ചടിക്കുവാന്‍ തയ്യാറായി നില്‍ക്കുന്നു.

അമേരിക്കയ്‌ക്ക്‌ അടിതെറ്റുമോ?

വ്യാപാരരംഗത്ത്‌ അമേരിക്ക ഇത്തരത്തിലൊരു വെല്ലുവിളി നേരിടുന്നത്‌ ആദ്യമായിട്ടായിരിക്കും. അതിനര്‍ത്ഥം അമേരിക്കന്‍ സാമ്പത്തികശക്‌തിയെ വെല്ലുവിളിക്കുവാന്‍ െചെന വളര്‍ന്നിരിക്കുന്നുവെന്നാണ്‌. അമേരിക്കന്‍ വ്യാപാരസമൂഹത്തില്‍ തന്നെ ട്രംപിന്റെ നിലപാടുകളോട്‌ എതിര്‍പ്പുണ്ട്‌.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്‌ (ഫെഡ്‌) വ്യാപാരപ്പോരിനെ ശക്‌തമായി എതിര്‍ക്കുന്നു. ട്രംപിന്റെ നിലപാട്‌ രാജ്യത്തെ മൂലധനനിക്ഷേപം തകര്‍ക്കുമെന്നു സൂചനയും ഫെഡ്‌ നല്‍കിയിട്ടുണ്ട്‌. അതിനിടെ, അമേരിക്കയില്‍ നിന്നുള്ള ചില ഉല്‍പന്നങ്ങള്‍ക്ക്‌ യൂറോപ്യന്‍ യൂണിയനും ഇറക്കുമതിത്തീരുവ ഉയര്‍ത്തി. 320 കോടി ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കാണ്‌ ആറില്‍നിന്നു 31 ശതമാനമാക്കി തീരുവ ഉയര്‍ത്തിയത്‌.

വ്യാപാരപ്പോരിന്റെ ബാക്കിപത്രം

കരാറുകളെ അട്ടിമറിച്ച്‌ രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരപ്പോരു മുറുകിയാല്‍ സാമ്പത്തിക അടിയന്തരാവസ്‌ഥക്ക്‌ വഴിതുറക്കുമെന്നതില്‍ സംശയമില്ല. അമേരിക്കന്‍ തീരുമാനത്തിനെതിരേ കാനഡയും മെക്‌സിക്കോയും യൂറോപ്യന്‍ യൂണിയനും അതേനാണയത്തില്‍ തിരിച്ചടി നല്‍കാന്‍ ശ്രമിച്ചെങ്കിലും ട്രംപ്‌ വഴങ്ങിയില്ല.
തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്ന്‌ ഡബ്ല്യു.ടി.ഒ. ആവശ്യപ്പെട്ടിട്ടും അമേരിക്ക പുച്‌ഛിച്ചുതള്ളി. അമേരിക്കയുടെ ബൗദ്ധികസ്വത്തവകാശവും സാങ്കേതിക വിദ്യയും െചെന കയ്യടക്കിയെന്നുള്ള മറുപടിയാണ്‌ ട്രംപില്‍ നിന്നുയര്‍ന്നത്‌. എന്നാല്‍, െചെനയുടെ തിരിച്ചടി ലോക വ്യാപാരമേഖലയില്‍ പുത്തന്‍ സമവാക്യങ്ങള്‍ സൃഷ്‌ടിക്കും.

സ്വതന്ത്രവ്യാപാരത്തില്‍ നാം എന്തുനേടി?

വിവിധ സ്വതന്ത്രവ്യാപാരക്കരാറുകളിലൂടെ നാം എന്തു നേടിയെന്നു വിലയിരുത്താന്‍ അമേരിക്കയുടെ പുത്തന്‍നിലപാട്‌ അവസരമൊരുക്കുന്നു. ആസിയാന്‍, സാര്‍ക്ക്‌, ബ്രിക്‌സ്‌, ഡബ്ല്യു.ടി.ഒ. കരാറുകളുടെ പ്രത്യാഘാതത്തിന്റെ കാഠിന്യം ഇപ്പോള്‍ നമ്മുടെ കാര്‍ഷികമേഖല അനുഭവിക്കുകയാണ്‌. അനിയന്ത്രിതമായ കാര്‍ഷികോല്‍പന്ന ഇറക്കുമതിയിലൂടെ കര്‍ഷകര്‍ നേരിടുന്ന വന്‍പ്രതിസന്ധി വിലത്തകര്‍ച്ചയിലൂടെയും കര്‍ഷക ആത്മഹത്യകളിലൂടെയും പ്രതിഫലിക്കുന്നു.
നികുതിരഹിതവും നിയന്ത്രണങ്ങളില്ലാത്തതുമായ കാര്‍ഷികോല്‍പന്ന ഇറക്കുമതിക്ക്‌ ഒത്താശചെയ്യുന്ന സ്വതന്ത്രവ്യാപാരക്കരാറുകളില്‍നിന്ന്‌ ഇന്ത്യ പിന്മാറണം. ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന റീജിയണല്‍ കോംപ്രിഹെന്‍സീവ്‌ എക്കണോമിക്‌ പാര്‍ട്ട്‌ണര്‍ഷിപ്പിന്റെ തുടര്‍ചര്‍ച്ചകള്‍ അവസാനിപ്പിക്കണം. സ്വന്തം താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമായ ട്രാന്‍സ്‌ പസഫിക്‌ പാര്‍ട്ട്‌ണര്‍ഷിപ്പില്‍നിന്നുള്ള അമേരിക്കയുടെ പിന്‍മാറ്റം നമുക്കും പാഠമാകണം.

അടിത്തറയിളകുന്ന ഡബ്ല്യു.ടി.ഒ.

ഗാട്ട്‌ കരാര്‍ പിറന്ന്‌ 70-ാം വര്‍ഷം പിന്നിട്ടപ്പോഴാണു ഡബ്ല്യു.ടി.ഒയില്‍ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്‌. െചെനയും യൂറോപ്യന്‍ യൂണിയനും സംഘടന ശക്‌തിപ്പെടുത്തണമെന്ന്‌ ആവശ്യപ്പെടുമ്പോള്‍ വ്യാപാരത്തിന്‌ ഉഭയകക്ഷിബന്ധങ്ങള്‍ മതിയെന്നും സംഘടന വേണ്ടെന്നുമുള്ള അമേരിക്കന്‍ നിലപാട്‌ ഡബ്ല്യു.ടി.ഒയുടെ അന്ത്യം കുറിച്ചേക്കാം.
ലോകം മുഴുവന്‍ സ്വതന്ത്രവ്യാപാരത്തിന്റെ സുവിശേഷം പ്രസംഗിച്ചവരാണ്‌ അമേരിക്കയുടെ മുന്‍ പ്രസിഡന്റ്‌മാര്‍. വികസ്വര രാജ്യങ്ങളെ തളച്ചിടാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ഇത്തരം കരാറുകള്‍ക്കെതിരേ നിലപാടെടുക്കാന്‍ നമ്മുടെ ഭരണകൂടങ്ങള്‍ ഇനിയും മടിക്കരുത്‌.

അഡ്വ. വി.സി. സെബാസ്‌റ്റ്യന്‍,
ദേശീയ സെക്രട്ടറി ജനറല്‍, ഇന്‍ഫാം

Ads by Google
Saturday 14 Jul 2018 02.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW