Sunday, September 23, 2018 Last Updated 52 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 02.33 AM

പന്തല്ലൂര്‍ ദേവസ്വം: ഭൂപ്രഭുക്കന്മാര്‍ക്ക്‌ തിരിച്ചടിയാകും

uploads/news/2018/07/233269/padalour.jpg

കുടിയാന്‍ ആനുകൂല്യം മുതലെടുത്ത്‌ പതിനായിരക്കണക്കിന്‌ ഏക്കര്‍ ഭൂമി സ്വന്തമാക്കി വച്ചിട്ടുള്ള ഹാരിസണ്‍സ്‌ അടക്കമുള്ള കമ്പനികള്‍ക്ക്‌ പന്തല്ലൂര്‍ ഭൂമി കേസില്‍ ദേവസ്വത്തിന്റെ വാദങ്ങള്‍ ഹൈക്കോടതി ശരിവച്ചത്‌ തിരിച്ചടിയാകും.

വന്‍കിട കമ്പനികള്‍ കുടിയാന്‍ പട്ടയം വഴിയാണ്‌ പാവപ്പെട്ടവന്റെ കിടപ്പവകാശത്തെ ഹനിച്ചു കൊണ്ട്‌ ഏക്കര്‍ കണക്കിന്‌ ഭൂമി കൈവശം വച്ചിരിക്കുന്നത്‌. ഹാരിസണ്‍സ്‌, ടി.ആര്‍. ആന്‍ഡ്‌ ടീ, വയനാട്ടിലെ ചന്ദ്രപ്രഭ സ്‌മാരക ട്രസ്‌റ്റ്‌, എ.വി.ടി തുടങ്ങിയ കമ്പനികളെല്ലാം കുടിയാന്‍ പട്ടയം ദുര്‍വിനിയോഗം ചെയ്‌ത്‌ അധികൃതരെ കബളിപ്പിച്ചാണ്‌ ഭൂമി സ്വന്തമാക്കിയിട്ടുള്ളത്‌.

സംസ്‌ഥാന ലാന്‍ഡ്‌ ബോര്‍ഡാണാണ്‌ വന്‍കിടക്കാര്‍ക്ക്‌ കുടിയാന്‍ പട്ടയം നിയമം മറികടന്ന്‌ അനുവദിച്ചത്‌. ഭൂപരിഷ്‌കരണ നിയമ പ്രകാരം സംസ്‌ഥാനത്ത്‌ കര്‍ഷക തൊഴിലാളികള്‍ക്ക്‌ നല്‍കിയതിന്റെ പതിന്മടങ്ങ്‌ ഭൂമിയാണ്‌ കുടിയാന്‍ പട്ടയങ്ങള്‍ പ്രകാരം കുത്തക കമ്പനികള്‍ക്ക്‌ നല്‍കിയിട്ടുള്ളതെന്ന്‌ രേഖകള്‍ വ്യക്‌തമാക്കുന്നു.

കേരള ഭൂപരിഷ്‌കരണ നിയമം 82-ാം വകുപ്പില്‍ ജന്മിമാര്‍ക്ക്‌ മാത്രമല്ല കുടിയാനും കൈവശ ഭൂമിക്ക്‌ പരിധി വ്യക്‌തമാക്കിയിട്ടുണ്ട്‌. കുടിയാന്‍ ഒരു വ്യക്‌തിയാണെങ്കില്‍ അനുവദിക്കാവുന്ന ഭൂമിയുടെ അളവ്‌ ആറ്‌ ഏക്കറാണ്‌. എന്നാല്‍ കുടുംബമാണെങ്കില്‍ 15 ഏക്കറും അഞ്ച്‌ അംഗങ്ങളില്‍ കൂടുതലുള്ള കുടുംബമാണെങ്കില്‍ 20 ഏക്കര്‍ സ്‌ഥലത്തിനും കുടികിടപ്പ്‌ അവകാശമുണ്ട്‌. കുടികിടപ്പ്‌ ഭൂമി തോട്ടമാണെങ്കില്‍ 30 ഏക്കറാണ്‌ പരമാവധി അനുവദിക്കാവുന്ന ഭൂമി. ഇതെല്ലാം മറികടന്നാണ്‌ ലാന്‍ഡ്‌ബോര്‍ഡ്‌ ഭൂമി ദാനം നടത്തിയത്‌.

കോഴിക്കോട്‌ സാമൂതിരിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന മലപ്പുറം ഏറനാട്ടിലെ 786 ഏക്കര്‍ വരുന്ന പന്തല്ലൂര്‍ ദേവസ്വം ഭൂമിയില്‍ നിന്ന്‌ കൈവശക്കാരായ കുടുംബം ഒഴിഞ്ഞു നല്‍കണമെന്നാണ്‌ ഹൈകോടതി ഉത്തരവിട്ടത്‌.

സാമൂതിരിയുടെ കാലത്ത്‌ 60 വര്‍ഷത്തെ പാട്ടത്തിന്‌ നല്‍കിയ ഭൂമി കാലാവധി കഴിഞ്ഞിട്ടും കൈവശക്കാരന്‍ ഒഴിഞ്ഞു കൊടുക്കാന്‍ തയാറാകാഞ്ഞതിനെ തുടര്‍ന്നാണ്‌ കോടതിയെ സമീപിക്കാന്‍ ദേവസ്വം ഒരുങ്ങിയത്‌. ഇവിടെ കോടികളുടെ ആസ്‌ഥിയുളള കുടുംബം കുടിയാനാണെന്ന വാദം കോടതി അംഗീകരിച്ചില്ല.

വ്യക്‌തമായ ആധാരവും പാട്ടം നല്‍കിയ രേഖകളും പന്തല്ലൂര്‍ ദേവസ്വത്തിനുണ്ടായിരുന്നു എന്നത്‌ ശ്രദ്ധേയമാണ്‌. കേരളത്തിലെ കര്‍ഷകന്‌ കൃഷിയിറക്കാന്‍ വേണ്ടിയാണ്‌ കുടിയാന്‍ നിയമം നിലവില്‍ വന്നത്‌. എന്നാല്‍ ഭൂപരിഷ്‌ക്കരണ നിയമം നിലവില്‍ വന്ന കാലത്ത്‌ ഹാരിസണ്‍സ്‌ കമ്പനിയുടെ പക്കലുള്ള തോട്ടം ബ്രിട്ടീഷ്‌ കമ്പനിയുടെ പൂര്‍ണമായ മേല്‍നോട്ടത്തിലാണെന്ന കാര്യം ശ്രദ്ധേയമാണ്‌. ഇപ്പോഴും ബ്രിട്ടീഷ്‌ കമ്പനിയുടെ ബിനാമിയായാണ്‌ ഹാരിസണ്‍ പ്രവര്‍ത്തിക്കുന്നതെന്ന്‌ രേഖകള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ വ്യക്‌തമായ രേഖകളോ, ആധാരങ്ങളോ ഇല്ലാതെയാണ്‌ ഹാരിസണ്‍സ്‌ കമ്പനി ഭൂമി കൈവശം വച്ച്‌ അനുഭവിച്ചുവരുന്നത്‌. കമ്പനി വ്യാജ ആധാരങ്ങള്‍ ചമച്ചുവെന്ന്‌ തെളിയിക്കപ്പെട്ടതുമാണ്‌. എന്നിട്ടും ഭൂമി കൈവശം വക്കുന്നത്‌ നിയമ വിരുദ്ധമായാണെന്ന സര്‍ക്കാവാദം കോടതി തള്ളുകയായിരുന്നു. ഹാരിസണ്‍സ്‌ ഭൂമി ബ്രിട്ടീഷ്‌ കമ്പനിക്ക്‌ പാട്ടത്തിന്‌ നലകിയ ഭൂമിയാണ്‌.

ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ബ്രിട്ടീഷ്‌ കമ്പനിക്ക്‌ കൈവശാവകാശം ഉണ്ടെന്ന്‌ വിധിച്ച ഹൈക്കോടതി തിരുവല്ല സ്വദേശിയായ കണ്ടത്തില്‍ ശാഖയില്‍പ്പെട്ട കുടുംബത്തിന്‌ കൈവശാവകാശം നിഷേധിക്കുകയായിരുന്നു. ഹാരിസണ്‍സ്‌ കേസില്‍ ഉണ്ടായ സമാനമായ വിധി കണ്ടത്തില്‍ കുടുംബം ചൂണ്ടിക്കാട്ടിയെങ്കിലും കോടതി അത്‌ അംഗീകരിച്ചില്ല. ജസ്‌റ്റിസ്‌ പി.ആര്‍ രാമചന്ദ്ര മേനോന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ്‌ പന്തല്ലൂര്‍ കേസില്‍ വിധി പറഞ്ഞത്‌.

ജസ്‌റ്റിസ്‌ വിനോദ്‌ ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ്‌ ഹാരിസണ്‍സ്‌ കേസ്‌ പരിഗണിച്ചത്‌.ടി.ആര്‍ ആന്‍ഡ്‌ ടി, എ.വി.ടി തുടങ്ങിയ കമ്പനിയുടെ കാര്യത്തിലും ഇതാണവസ്‌ഥ. കമ്പനികളുടെ കുടിയാന്‍ അവകാശവാദം കോടതിക്കു മുന്നില്‍ പൊളിയാന്‍ പന്തല്ലൂര്‍ കേസില്‍ ഹൈക്കോടതി സ്വീകരിച്ച നിലപാട്‌ മാത്രം ചൂണ്ടിക്കാട്ടിയാല്‍ മതിയാകുമെന്ന്‌ വിദഗ്‌ധര്‍ വ്യക്‌തമാക്കുന്നു.

സംസ്‌ഥാനത്ത്‌ വ്യക്‌തികളും സ്വകാര്യ സ്‌ഥാപനങ്ങളും കുടിയാന്‍ നിയമത്തിന്റെ മറവിലാണ്‌ നൂറുകണക്കിന്‌ ഏക്കര്‍ ഭൂമി സ്വന്തമാക്കിയിട്ടുള്ളത്‌. ഇക്കാര്യം സര്‍ക്കാര്‍ മുഖവിലയ്‌ക്ക്‌ എടുത്ത്‌ വന്‍കിട കുത്തകകള്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

Ads by Google
Saturday 14 Jul 2018 02.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW