കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ സഭയുടെ നിശബ്ദത ചോദ്യം ചെയ്ത് വിശ്വാസ സമൂഹം. സഭയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഈ സംഭവത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് വൈദികരും സന്യാസിനികളും അത്മായ സംഘടനകളും വത്തിക്കാന്‍ സ്ഥാനപതിക്കും സിബിസിഐ പ്രസിഡന്റ് ഒസ്വാള്‍ഡ് ഗ്രേഷ്യസിനും കത്ത് തയ്യാറാക്കുന്നു. ആരോപണ വിധേയനായ ബിഷപ്പിനെ തത്സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഇവരുടെ ആവശ്യം.
ഇന്ത്യന്‍ ക്രിസ്ത്യന്‍ വിമണ്‍സ് മൂവ്മെന്റ്, ഫോറം ഓഫ് റിലിജീയസ് ഫോര്‍ ജസ്റ്റീസ് ആന്റ് പീസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സഭാ നേതൃത്വത്തിന് കത്തയക്കുന്നത്. ഇതിനായി വിശ്വാസികളുടെയും വൈദിക-സന്യാസിനി സമൂഹങ്ങള്‍ക്കിടയിലും വ്യാപകമായി ഒപ്പു ശേഖരണവും നടക്കുന്നുണ്ട്.
കേസ് നിലവില്‍ കോടതിയില്‍ എത്തിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ ബിഷപ്പിനെ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് മാറ്റിനിര്ത്താല് ഫ്രാന്‍സിസ് മാര്‍പാപ്പയോട് ഉപദേശിക്കണം. പീഡനകേസുകളില്‍ 'വിട്ടുവീഴ്ചയില്ലാത്ത' നിലപാടാണ് സഭ് പ്രഖ്യാപിച്ചിരിക്കുന്നത്. ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ആ പദവിയില്‍ തുടരുന്നത്, ഈ നിലപാട് നടപ്പാക്കുമെന്നതില്‍ സഭയുടെ വിശ്വാസ്യതയാണ് ജനങ്ങള്‍ക്കിടയില്‍ ഇല്ലാതാകുന്നത്. അതിനാല്‍ ശക്തമായ നടപടി വേണമെന്നും വത്തിക്കാന്‍ നൂണ്ഷ്യോയ്ക്കുള്ള കത്തില്‍ പറയുന്നു.
ജോലി സ്ഥലങ്ങളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി 2017ല്‍ സിബിസിഐ കൊണ്ടുവന്ന മാര്‍ഗരേഖ നടപ്പാക്കണമെന്നും ഇവര്‍ അധികാരികളോട് ആവശ്യപ്പെടുന്നു. മാര്‍ഗരേഖ പ്രചരിപ്പിക്കുന്നതിനും ബോധവത്കരണത്തിനും ബിഷപ്പുമാര്‍ക്ക് നിര്‍ദേശം നല്‍കുകയും വേണം. നീതിയെ കുറിച്ച് പ്രസംഗിക്കുന്ന സഭ ആദ്യം നീതി നടപ്പാക്കണം. എന്നാല്‍, കന്യാസ്ത്രീകള്‍ പോലും ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്നത് സിബിസിഐ നയത്തെകുറിച്ചുള്ള വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നതെന്നും കത്തില്‍ പറയുന്നു.
ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ തങ്ങള്‍ ഒപ്പുശേഖരണം നടത്തുകയാണെന്നും വൈകാതെ അവ വത്തിക്കാന്‍ പ്രതിനിധിക്കും സിബിസിഐ പ്രസിഡന്റിനും സമര്‍പ്പിക്കുമെന്നും രൂപതയില്‍ നിന്നുള്ള മുതിര്‍ന്ന വൈദികന് വ്യക്തമാക്കി. ബിഷപ്പിനെ പദവിയില്‍ നിന്ന് നീക്കാനുള്ള നടപടി മാര്‍പാപ്പ സ്വീകരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.