Wednesday, July 03, 2019 Last Updated 9 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.26 AM

ചോലനായ്‌ക്കരിലെ ആദ്യ ബിരുദാനന്തര ബിരുദധാരി ഊരിലെ ഉജ്വലരത്‌നം ഇനി എം.എക്കാരന്‍

uploads/news/2018/07/232915/3.jpg

ഉള്‍ക്കാട്ടിലെ ഗുഹയില്‍ ജനിച്ച്‌ മഹാനഗരത്തില്‍ പഠിച്ച ചോലനായ്‌ക്ക യുവാവ്‌ ഇനി ബിരുദാനന്തര ബുരുദധാരി. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി(കുസാറ്റ്‌)യില്‍ അപ്ലൈഡ്‌ ഇക്കണോമിക്‌സില്‍ 10 ല്‍ 7.5 ഗ്രേഡു നേടിയാണ്‌ ചോലനായ്‌ക്ക വിദ്യാര്‍ഥിയായ വിനോദ്‌ സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കിയത്‌. മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനായ വിനോദിന്റെ ലക്ഷ്യം സിവില്‍ സര്‍വീസാണ്‌. എന്നാല്‍, അടിയന്തിരമായി ഒരു ജോലിക്കുള്ള ശ്രമത്തിലാണു യുവാവ്‌. അതിനുശേഷം പാര്‍ട്ട്‌ടൈമായി പഠനം തുടരുമെന്നും "മംഗള"ത്തോട്‌ പറഞ്ഞു. ട്രൈബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ലഭിക്കണമെന്നാണ്‌ ആഗ്രഹം. ഇതിലൂടെ താന്‍ ഉള്‍പ്പെടുന്ന വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും വിനോദ്‌ കരുതുന്നു.
നാട്ടില്‍നിന്ന്‌ 35 കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലെ ഗുഹയിലും പരിസരങ്ങളിലുമായി വളര്‍ന്ന വിനോദിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തെ കുറിച്ചു 2016 ഡിസംബര്‍ 27 ന്‌ ഊരുകളിലുമുണ്ട്‌ ഉജ്വല രത്‌നങ്ങള്‍ എന്ന വാര്‍ത്താ പരമ്പരയിലൂടെ "മംഗളം" റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. രാജ്യത്തുതന്നെ അവശേഷിക്കുന്ന അഞ്ഞൂറില്‍ താഴെയുള്ള ഗുഹാവാസികളാണു ചോലനായ്‌ക്കര്‍. ഇവരില്‍ ഭൂരിഭാഗവും ഇപ്പോഴും പുറംലോകവുമായി ബന്ധപ്പെടാതെ കഴിയാന്‍ ആഗ്രഹിക്കുന്നവരാണ്‌.
വിനോദിന്‌ അഞ്ചുവയസുള്ളപ്പോഴാണ്‌ കുടുംബം നാട്ടിന്‍പുറത്തുനിന്ന്‌ 20 കിലോമീറ്റര്‍ അകലെ മാഞ്ചീരി കോളനിയിലേക്കു താമസം മാറ്റിയത്‌. ബാല്യത്തില്‍ കാട്ടുവിഭവങ്ങള്‍ മാത്രമായിരുന്നു ഭക്ഷണമെന്നു വിനോദ്‌ ഓര്‍മിക്കുന്നു. കേരളാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ റിസര്‍ച്ച്‌, ട്രെയിനിങ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ സ്‌റ്റഡീസ്‌ (കിര്‍താഡ്‌സ്‌) ഡയറക്‌ടറായിരുന്ന എന്‍. വിശ്വനാഥന്‍ നായരാണു വിനോദിനെ, അക്ഷരങ്ങളുടെ ലോകത്തേക്കു നയിച്ചത്‌. വിനോദ്‌ ഉള്‍പ്പെടെ മൂന്നുപേരെ വിശ്വനാഥന്‍നായര്‍ നിലമ്പൂര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍(എം.ആര്‍.എസ്‌) ചേര്‍ത്തു.
നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്‌മാരക ഹൈസ്‌കൂളില്‍നിന്നു ഫസ്‌റ്റ്‌ ക്ലാസോടെ എസ്‌.എസ്‌.എല്‍.സി. ജയിച്ചെങ്കിലും ഊരില്‍ തിരിച്ചെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്ന തൊഴിലിലേക്കു വിനോദ്‌ മടങ്ങിയിരുന്നു. വിവരമറിഞ്ഞെത്തിയ അധ്യാപകരും വനംവകുപ്പ്‌ അധികൃതരും നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ്‌ ഉപരിപഠനത്തിനു തയ്യാറായത്‌. തുടര്‍ന്ന്‌ എല്ലാവരുടെയും പിന്തുണയോടെ പത്തനംതിട്ട, വടശ്ശേരിക്കര എം.ആര്‍.എസില്‍ പ്ലസ്‌വണ്ണിന്‌ ചേര്‍ന്നു. ആദ്യമൊക്കെ പത്തനംതിട്ടയില്‍ കൊണ്ടുവിട്ടിരുന്നതും തിരിച്ചെത്തിച്ചിരുന്നതും മഹിളാസമഖ്യ പ്രവര്‍ത്തകരായിരുന്നു. ആറുമാസം പിന്നിട്ടതോടെ യാത്രകള്‍ തനിച്ചായി. 70 ശതമാനം മാര്‍ക്കോടെയാണു പ്ലസ്‌ടു പാസായത്‌. കിര്‍താഡ്‌സ്‌ കാമ്പസില്‍ തുടങ്ങിയ വംശീയവൈദ്യന്മാരുടെ ക്യാമ്പിലെ ശ്രദ്ധാകേന്ദ്രം വിനോദായിരുന്നു. ചോലനായ്‌ക്കരില്‍നിന്നുള്ള ആദ്യ പ്ലസ്‌ടു വിജയിക്ക്‌ അന്നത്തെ വകുപ്പുമന്ത്രി പി.കെ. ജയലക്ഷ്‌മി കാഷ്‌ അവാര്‍ഡും സമ്മാനിച്ചു.
പാലേമാട്‌ ശ്രീവിവേകാനന്ദ കോളജിലായിരുന്നു ബിരുദപഠനം. മാനേജര്‍ കെ.ആര്‍. ഭാസ്‌ക്കരപിള്ളയാണു പഠനച്ചെലവു മുഴുവന്‍ വഹിച്ചത്‌. കോളജില്‍ പ്രവേശനം നല്‍കിയതിനുപുറമേ സ്വന്തം വീട്ടില്‍തന്നെ വിനോദിനു താമസസൗകര്യവും അദ്ദേഹമൊരുക്കി. വിനോദിന്‌ പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇതിനും സഹായിക്കാന്‍ തയ്യാറാണെന്നു ഭാസ്‌ക്കരപിള്ള "മംഗള"ത്തോട്‌ പറഞ്ഞു.

വി.പി നിസാര്‍

Ads by Google
Friday 13 Jul 2018 12.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW