Saturday, April 20, 2019 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.25 AM

വന്യമൃഗങ്ങളുടെ ആക്രമണം:സര്‍ക്കാര്‍ ഉണരണം

uploads/news/2018/07/232913/1.jpg

കേരളത്തിലെ മലയോരങ്ങളില്‍ ജനങ്ങള്‍ വന്യമൃഗ ആക്രമണത്തിന്‌ ഇരയാകുന്നത്‌ അടുത്തിടെയായി വര്‍ധിച്ചു വരുന്നു. പലയിടത്തും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതാണ്‌ അപകടമുണ്ടാക്കുന്നത്‌. ഇടുക്കി ജില്ലയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ആനയുടെ ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ജില്ലയില്‍ ഒന്നരപതിറ്റാണ്ടിനിടെ മുപ്പത്തേഴോളം പേരാണ്‌ കൊല്ലപ്പെട്ടത്‌. വയനാട്‌, പാലക്കാട്‌, മലപ്പുറം എന്നിങ്ങനെ വിവിധ ജില്ലകളില്‍ വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക്‌ വരുന്നതു കൊണ്ടുള്ള പ്രശ്‌നങ്ങള്‍ അരങ്ങേറുന്നു. ഇവയുടെ ആക്രമണത്തില്‍ പരുക്കേറ്റ്‌ ചികിത്സ വേണ്ടിവന്നവരും അനേകമാണ്‌. മലക്കപ്പാറയില്‍ നാലു വയസ്സുകാരനെ പുലി കൊന്നത്‌ കഴിഞ്ഞ ഫെബ്രുവരിയിലാണ്‌. മലക്കപ്പാറയില്‍ പുലി ആക്രമണം ഇടയ്‌ക്കിടെയുണ്ടാകുന്നു. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന സ്‌ഥലങ്ങളില്‍ വീട്ടുമൃഗങ്ങള്‍ ആക്രമിക്കപ്പെടുന്നതും പതിവാണ്‌. പലയിടത്തും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ്‌ മൃതപ്രായരായി കഴിയുന്ന ധാരാളം പേരുണ്ട്‌.
പാലക്കാട്‌ ജില്ലയില്‍ ജനമേഖലയില്‍ കാട്ടാന സൈ്വര്യവിഹാരം നടത്താന്‍ ഇടയ്‌ക്കിടയ്‌ക്ക്‌ എത്തുന്നു. ഇവയെ കാടുകയറ്റി വിടുന്നത്‌ ഫലവത്താകുന്നില്ല. ഇടുക്കി ജില്ലയിലും ജനവാസ കേന്ദ്രങ്ങളില്‍ ദിവസങ്ങളോളം കാട്ടാന ഇറങ്ങി വിഹരിച്ച സംഭവമുണ്ടായിരുന്നു. കുങ്കിയാനകളെ കൊണ്ടുവന്ന്‌ അവയെ തുരത്തിയെങ്കിലും വീണ്ടും ആനയിറങ്ങുകയും ആക്രമണം നടത്തുകയും ചെയ്‌തു. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുമ്പോള്‍ കര്‍ശന നടപടിയുണ്ടാകുമെന്ന്‌ സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പിന്നീട്‌ അനക്കമുണ്ടാകാറില്ല. അടുത്ത സംഭവമുണ്ടാകുമ്പോഴാണ്‌ വീണ്ടും അധികൃതര്‍ ഉണരുന്നത്‌. ഈ നിലപാടില്‍ നിന്ന്‌ അധികൃതര്‍ മാറി ദീര്‍ഘകാല ആസൂത്രണം നടത്തേണ്ടതുണ്ട്‌. മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ ഇറങ്ങാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണ്‌ അത്യാവശ്യമായി ചെയ്യേണ്ടത്‌. ജനവാസ കേന്ദ്രങ്ങള്‍ക്ക്‌ സമീപമുള്ള കാടുകളുടെ അതിര്‍ത്തിയില്‍ കിടങ്ങ്‌ കുഴിച്ചിട്ടുള്ള സ്‌ഥലങ്ങളില്‍ മൃഗങ്ങളുടെ ആക്രമണം ഉണ്ടാകുന്നില്ല. എന്നാല്‍, എല്ലായിടത്തും ഇതു ചെയ്യാനാകുന്നില്ല. പല ആഫ്രിക്കന്‍ രാജ്യങ്ങളിലും ആനകളെ തടയാന്‍ ജൈവരീതിയിലുള്ള വേലികള്‍ ഉണ്ടാക്കിവിജയിച്ചിട്ടുണ്ട്‌. അത്തരം രീതികള്‍ ഇവിടെയും പരീക്ഷിക്കാവുന്നതാണ്‌.
ആനത്താരകള്‍ നിലനിന്ന ഭാഗത്ത്‌ വീടുകളും കൊച്ചു ടൗണുകളും മറ്റും ഉയര്‍ന്നു വന്നിട്ടുണ്ടെന്നത്‌ മറന്നുകളയാന്‍ പാടില്ല. ആനകള്‍ തങ്ങളുടെ യാത്രാപഥങ്ങള്‍ തലമുറകളിലേക്ക്‌ കൈമാറി നല്‍കുന്നവയാണ്‌. മുത്തശ്ശിയാനയില്‍ നിന്ന്‌ കൈമാറിക്കിട്ടിയ യാത്രാപഥം സംബന്ധിച്ച അറിവ്‌ വച്ച്‌ ആനകള്‍ നടന്നു നീങ്ങുകയാണ്‌ ചെയ്യുന്നത്‌. അതിനാലാണ്‌ അവ മുമ്പ്‌ ആനത്താരകളായിരുന്ന സ്‌ഥലങ്ങളിലേക്ക്‌ എത്തിച്ചേരുന്നത്‌. ആനകളെ ആകര്‍ഷിക്കുന്ന വിളകള്‍ കാടിനു സമീപത്തെ വീടുകളിലുണ്ടാകുന്നതും പലപ്പോഴും അവയെ ജനവാസ കേന്ദ്രങ്ങളിലേക്ക്‌ ആകര്‍ഷിക്കാന്‍ ഇടയാക്കുന്നു. വന്യമൃഗങ്ങളെ ജനപഥങ്ങളില്‍ നിന്ന്‌ അകറ്റി നിര്‍ത്താന്‍ വനം വകുപ്പ്‌ നടത്തുന്ന ശ്രമങ്ങളുമായി ജനങ്ങള്‍ സഹകരിക്കുകയും വേണം. വനം-വന്യജീവി വനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണത്തിനു കൂടിയുള്ളതാണ്‌. പല വനമേഖലകളിലും ജനങ്ങള്‍ വനംവകുപ്പുമായി ഇടഞ്ഞു നില്‍ക്കുന്നതാണ്‌ കാണുന്നത്‌. പെട്ടെന്നുള്ള വികാരത്തള്ളിച്ചയുടെ പേരിലും സ്‌ഥാപിത താത്‌പര്യക്കാര്‍ പടച്ചു വിടുന്ന നുണകളുടെ പേരിലും ജനങ്ങള്‍ വനം വകുപ്പിനെതിരേ തിരിയുന്ന സ്‌ഥിതിയുണ്ടാകുന്നു. അത്‌ ഒഴിവാക്കപ്പെടുകയും വേണം.

Ads by Google
Friday 13 Jul 2018 12.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW