Sunday, March 24, 2019 Last Updated 9 Min 36 Sec ago English Edition
Todays E paper
Ads by Google
Friday 13 Jul 2018 12.14 AM

ഹിന്ദു പാകിസ്‌താന്‍ വിവാദം പുകയുന്നു

uploads/news/2018/07/232886/5.jpg

തിരുവനന്തപുരം/ന്യൂഡല്‍ഹി: ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ "ഹിന്ദു പാകിസ്‌താന്‍" ആകുമെന്നു ശശി തരൂര്‍. ബുധനാഴ്‌ച തിരുവനന്തപുരത്തു നടന്ന പരിപാടിയില്‍ തരൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്നു ബി.ജെ.പി. ആവശ്യപ്പെട്ടതിനു പിന്നാലെ തരൂര്‍ ഫെയ്‌സ്‌ബുക്കിലൂടെ പരാമര്‍ശം ആവര്‍ത്തിച്ചു.
അടുത്ത തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ബി.ജെ.പി. ഭരണഘടന പൊളിച്ചെഴുതി ഹിന്ദുരാഷ്‌ട്ര തത്വത്തില്‍ അധിഷ്‌ഠിതമാക്കും. ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന സമത്വം ഇല്ലാതാക്കും. അതു ഹിന്ദു പാകിസ്‌താന്റെ നിര്‍മിതിക്കു വഴിവയ്‌ക്കും. മഹാത്മാ ഗാന്ധിയും നെഹ്‌റുവും സര്‍ദാര്‍ പട്ടേലും മൗലാന ആസാദുമടക്കമുള്ള സ്വാതന്ത്ര്യസമര നായകരുടെ പോരാട്ടം അതിനുവേണ്ടിയായിരുന്നില്ല എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.
തരൂര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ വീണ്ടും "കന്നുകാലി ക്ലാസ്‌" ആക്കിയെന്നു ബി.ജെ.പി. വക്‌താവ്‌ സമ്പിത്‌ പാത്ര തിരിച്ചടിച്ചു. മോഡിവിരോധം മൂലം കോണ്‍ഗ്രസ്‌ ലക്ഷ്‌മണരേഖ കടക്കുന്നു, ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുന്നു. പാക്‌ അധീന കശ്‌മീരിലെ ഭീകരരെ വധിച്ച കരസേനയെ രാഹുല്‍ അവഹേളിച്ചിട്ട്‌ നാളേറെയായിട്ടില്ല.
തരൂരിന്റെ പരാമര്‍ശത്തിന്‌ രാഹുല്‍ മാപ്പുപറയുക മാത്രമല്ല, കോണ്‍ഗ്രസ്‌ നേതാക്കള്‍ വായ്‌ തുറക്കുമ്പോഴെല്ലാം ഇത്തരത്തില്‍ സംസാരിക്കുന്നതിന്റെ കാരണം വിശദീകരിക്കണമെന്നും സമ്പിത്‌ പാത്ര ആവശ്യപ്പെട്ടു.
"താങ്കള്‍ കോണ്‍ഗ്രസിന്റെ വിദ്യാസമ്പന്നനും പണ്ഡിതനുമായ വക്‌താവാണെന്ന്‌ അവകാശപ്പെടുന്നു. പാകിസ്‌താനെ സ്‌നേഹിക്കണമെങ്കില്‍ ആയിക്കൊള്ളൂ, പക്ഷേ, ഇന്ത്യക്കാരോട്‌ ഇത്ര വിദ്വേഷം പുലര്‍ത്താതിരിക്കുക." സമ്പിത്‌ പാത്ര പറഞ്ഞു.
തരൂരിന്റെ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ അഭിപ്രായം പറയുന്നതില്‍നിന്ന്‌ ഒഴിഞ്ഞുനിന്നെങ്കിലും "മുമ്പും ഇതു പറഞ്ഞിട്ടുണ്ട്‌, ഇനിയും പറയും" എന്നു വ്യക്‌തമാക്കി തരൂര്‍ ഫെയ്‌സ്‌ബുക്കിലൂടെ വീണ്ടും രംഗത്തുവന്നു.മതാടിസ്‌ഥാനത്തില്‍ രൂപംകൊണ്ട പാകിസ്‌താന്‍ ന്യൂനപക്ഷങ്ങളോടു വിവേചനം കാട്ടുകയും അവകാശങ്ങള്‍ നിഷേധിക്കുകയുമാണ്‌. രാജ്യം വിഭജിക്കപ്പെട്ടതിന്റെ യുക്‌തി അംഗീകരിക്കാന്‍ ഇന്ത്യ ഇനിയും തയാറായിട്ടില്ല.
ആര്‍.എസ്‌.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുരാഷ്‌ട്രവാദം ഭൂരിപക്ഷമതം ന്യൂനപക്ഷങ്ങളെ കാല്‍ക്കീഴിലാക്കുന്ന പാകിസ്‌താന്റെ തനിപ്പകര്‍പ്പാകും. സ്വാതന്ത്ര്യസമരം അതിനു വേണ്ടിയായിരുന്നില്ല, ഭരണഘടന വിഭാവനം ചെയ്യുന്ന സങ്കല്‍പ്പം അതല്ല.
പാകിസ്‌താന്റെ ഹിന്ദു പതിപ്പാകാതെ നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കണം- തരൂര്‍ ഫെയ്‌സ്‌ബുക്കിലെ പ്രത്യാക്രമണത്തില്‍ കുറിച്ചു.

വാക്കുകള്‍ സൂക്ഷിച്ച്‌ തെരഞ്ഞെടുക്കണമെന്ന്‌ തരൂരിനോടു കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വിദ്വേഷസമീപനത്തെ തള്ളിപ്പറയുമ്പോള്‍ത്തന്നെ കോണ്‍ഗ്രസ്‌ നേതാക്കള്‍ വാക്കുകളും പ്രയോഗങ്ങളും തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കണമെന്നു കോണ്‍ഗ്രസ്‌. ശശി തരൂരിന്റെ "ഹിന്ദു പാകിസ്‌താന്‍" പരാമര്‍ശം വിവാദമായതിന്റെ പശ്‌ചാത്തലത്തിലാണു കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സിങ്‌ സുര്‍ജേവാലയുടെ പ്രതികരണം.
അഭൂതപൂര്‍വമായ വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും അസഹിഷ്‌ണുതയുടെയും ധ്രുവീകരണത്തിന്റെയും അന്തരീക്ഷത്തിലാണു നാലു വര്‍ഷമായി മോഡി സര്‍ക്കാര്‍ നിലനില്‍ക്കുന്നത്‌. സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും സഹാനുഭൂതിയുടെയും ഭാഗമാണു കോണ്‍ഗ്രസിന്റേത്‌.
പാകിസ്‌താന്റെ വിഭജനാശയത്തില്‍നിന്നു വ്യത്യസ്‌തമായി, സംസ്‌കാരികതയുടെയും മൂല്യങ്ങളുടെയും വാഴ്‌ച ഉറപ്പുനല്‍കുന്നതാണു കോണ്‍ഗ്രസിന്റെ ആദര്‍ശം. ചരിത്രപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോള്‍ത്തന്നെ വാക്കുകള്‍ തെരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ ഔചിത്യം പുലര്‍ത്തണം- സുര്‍ജേവാല പറഞ്ഞു.

Ads by Google
Friday 13 Jul 2018 12.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW