Sunday, June 09, 2019 Last Updated 4 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 03.47 PM

എലിപ്പനി മുതല്‍ നിപ്പ വരെ പുതിയ രോഗങ്ങള്‍ എന്തുകൊണ്ട്?

''രോഗത്തിന്റെ കാരണവും ഉറവിടവും അജ്ഞാതം. പുതിയ രൂപത്തിലും ഭാവത്തിലും. എവിടെ നിന്നു വരുന്നു ഈ രോഗങ്ങളത്രയും? കൃത്യമായ വിശദീകരണം നല്‍കാന്‍ ശാസ്ത്ര പഠനങ്ങള്‍ക്കുമാവുന്നില്ല. അതുകൊണ്ടുതന്നെ ഇനി നാളെ ഏതു രോഗം ഭീഷണിയാവുമെന്നോ അതിന്റെ സ്വഭാവം എന്തായിരിക്കുമെന്നോ പ്രവചിക്കുക അസാധ്യമായിരിക്കുന്നു''
uploads/news/2018/07/232820/puyhiyaroganagail120718.jpg

ഏറ്റവും ഒടുവില്‍ നിപ്പ. അതിനു മുമ്പ് പന്നിപ്പനി, എലിപ്പനി, ചിക്കുന്‍ഗുനിയ, സാര്‍സ് പട്ടിക ഇനിയും നീളും. ഓരോ വര്‍ഷവും അനേകം മാരക പകര്‍ച്ച രോഗങ്ങളാണ് ലോകമെമ്പാടും പൊട്ടിപ്പുറപ്പെടുന്നത്. പതിനായിരങ്ങളാണ് മരുന്നുപോലും കണ്ടെത്താത്ത ഈ പകര്‍ച്ച രോഗത്തിനു മുന്നില്‍ കീഴടങ്ങി മരണത്തിലേക്ക് കടന്നുപോകുന്നത്.

പക്ഷേ, പലപ്പോഴും ശാസ്ത്രലോകത്തിന് നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നു. പനിരോഗങ്ങളായിരുന്നു പലതും. രോഗങ്ങള്‍ കേട്ടുകേള്‍വി പോലുമില്ലാത്തവയാണ്. രോഗത്തിന്റെ കാരണവും ഉറവിടവും അജ്ഞാതം. പുതിയ രൂപത്തിലും ഭാവത്തിലും.

എവിടെ നിന്നു വരുന്നു ഈ രോഗങ്ങളത്രയും? കൃത്യമായ വിശദീകരണം നല്‍കാന്‍ ശാസ്ത്ര പഠനങ്ങള്‍ക്കുമാവുന്നില്ല. അതുകൊണ്ടുതന്നെ ഇനി നാളെ ഏതു രോഗം ഭീഷണിയാവുമെന്നോ അതിന്റെ സ്വഭാവം എന്തായിരിക്കുമെന്നോ പ്രവചിക്കുക അസാധ്യമായിരിക്കുന്നു. രോഗാണുക്കള്‍ക്ക് ജനിതക വ്യതിയാനം സംഭവിക്കുന്നതാണ് രോഗത്തെ മുന്‍കൂട്ടി കാണാന്‍ കഴിയാതെ വരുന്നത്.

രോഗങ്ങളുടെ ജൈത്രയാത്ര.


ഇരുപതാം നൂറ്റാണ്ടിന്റെ അദ്യപകുതിയില്‍ പുതിയ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 1918-ല്‍ സ്പാനിഷ് ഫ്‌ളൂ എന്നപേരില്‍ അറിയപ്പെട്ട പനി ലക്ഷക്കണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. പിന്നീട് 1957 - 58 കാലഘട്ടത്തില്‍ താറാവുപനി വ്യാപകമായി.

ഇന്ത്യയില്‍ രോഗം കണ്ടെത്തിയില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നാശം വിതക്കുകതന്നെ ചെയ്തു. 1968 ല്‍ ഹോംകോംങ് ഫ്‌ളൂ, 76 ല്‍ എബോള വൈറസ്, 81 ല്‍ എച്ച്.ഐ.വി, 1997-99 കാലഘട്ടത്തില്‍ പക്ഷിപ്പനി. തല്‍ക്കാലത്തേക്ക് വിടവാങ്ങിയ പക്ഷിപ്പനി 2004 - ല്‍ കൂടുതല്‍ ശക്തമായി തിരിച്ചെത്തി. വളരെവേഗം പടര്‍ന്നുപിടിച്ച പക്ഷിപ്പനി വലിയ നാശമാണ് വിതച്ചത്.

1998 -ല്‍ ആണ് വവ്വാല്‍ പനി എന്നറിയപ്പെടുന്ന നിപ്പ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സാര്‍സ് രോഗവും ചിക്കുന്‍ ഗുനിയയും ലക്ഷക്കണക്കിന് ജീവനാണ് കവര്‍ന്നത്. 2009 കാലഘട്ടത്തിലാണ് പന്നിപ്പനി എന്നറിയപ്പെടുന്ന എച്ച്1എന്‍1 ഇന്‍ഫ്‌ളുവന്‍സ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്.

ഒരു പ്രത്യേക സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട് ഞൊടിയിടയില്‍ ആ പ്രദേശമാകെയും രാജ്യമാകെയും വ്യാപിക്കുന്നതാണ് പുതുതായി പ്രത്യക്ഷപ്പെടുന്ന രോഗങ്ങള്‍. രാജ്യാതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് മിന്നല്‍വേഗത്തില്‍ രോഗാണുക്കള്‍ കടക്കുന്നു. അതുകൊണ്ടു തന്നെ രോഗം വിതക്കുന്ന നാശം അതിഭീകരമായിരിക്കും.

പ്രതിസ്ഥാനത്ത് മൃഗങ്ങളും പക്ഷികളും


പക്ഷികളും മൃഗങ്ങളുമാണ് ഒട്ടു മിക്ക പകര്‍ച്ചരോഗങ്ങളുടെയും കാരണക്കാരായി ശാസ്ത്രലോകം വിലയിരുത്തുന്നത്. മൃഗങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന രോഗകാരിയായ വൈറസ് ചില പ്രത്യേക സാഹചര്യത്തില്‍ പുറത്തു ചാടുന്നു. അത് വളരെവേഗം മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു.
uploads/news/2018/07/232820/puyhiyaroganagail120718a.jpg

കോഴിയും താറാവും പശുവും വവ്വാലുമൊക്കെ പകര്‍ച്ചരോഗങ്ങളുടെ കാരണക്കാരായി മാറിയത് അങ്ങനെയായിരുന്നു. രോഗം വ്യാപിച്ചതോടെ കോഴികളെയും താറാവുകളെയും പലരാജ്യങ്ങളും കൂട്ടത്തോടെ കൊന്നൊടുക്കി. വിപണിയില്‍ മാംസാഹാരങ്ങള്‍ക്ക് പ്രിയം കുറഞ്ഞു.

പുതിയ രോഗങ്ങള്‍ ഉണ്ടാവാനും അവ പടര്‍ന്നുപിടിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അതില്‍ ഒന്നാം സ്ഥാനം മനുഷ്യന്റെ വിവേക രഹിതമായ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. പ്രകൃതിദുരന്തവും ആഗോള താപനവും ജീവിത ശൈലിയും രാജ്യാന്തര യാത്രകളും മറ്റ് കാരണങ്ങളാണ്.

പ്രകൃതിയിലേക്കുള്ള കടന്നു കയറ്റം


പ്രകൃതിനല്‍കുന്ന തിരിച്ചടി എന്നു ഇത്തരം മാരക പകര്‍ച്ച രോഗങ്ങളെ വിലയിരുത്താം. മനുഷ്യന്‍ വിവേകരഹിതമായി പ്രകൃതിയെ ചൂഷണം ചെയ്യുകയാണ്. പ്രകൃതിവിഭവങ്ങള്‍ കാര്‍ന്നെടുക്കുന്നതിനൊപ്പം മൃഗങ്ങളുടെ അവാസവ്യവസ്ഥകൂടി മനുഷ്യന്‍ കയ്യേറുന്നു.

മൃഗങ്ങളില്‍ മാത്രം കാണുന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലേക്ക് കടക്കാന്‍ ഇത് അവസരമൊരുക്കുന്നു. കാടുകള്‍ വെട്ടിത്തെളിക്കുമ്പോള്‍ അവിടെ തകര്‍ന്നു വീഴുന്നത് വര്‍ഷങ്ങളായി വന്യമൃഗങ്ങള്‍ ജീവിച്ചു വരുന്ന ആവാസവ്യവസ്ഥകുടിയാണെന്ന് ഓര്‍ക്കണം. പന്നിപ്പനിയ്ക്കും പക്ഷിപ്പനിയ്ക്കും പിന്നില്‍ ഇത്തരം കാരണങ്ങള്‍ തള്ളിക്കളയാനാവില്ല.

ആഗോളതാപനം


ഭൗമാന്തരീക്ഷത്തിന് അനുദിനം ചൂട് കൂടിവരികയാണ്. ആഗോളതാപനം രോഗങ്ങള്‍ വളരെവേഗം പടരാന്‍ ഇടയാക്കുന്നു. കൊതുകുപോലുള്ള, രോഗം പരത്തുന്ന ജീവികള്‍ അന്തരീക്ഷത്തിന്റെ ചൂട് അനുസരിച്ച് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി പോകുന്നു.

ഒരു പ്രദേശത്തു ചൂട് കുടുമ്പോള്‍ ഇവ ജീവിക്കന്‍ അനുയോജ്യമായ താപനിലയുള്ള മറ്റ് സ്ഥലങ്ങളിലെത്തുന്നു. ഇത് രോഗത്തിന്റെ വ്യാപനത്തിന് കാരണമാകുന്നു. രോഗാണുക്കളാണെങ്കിലും അുനുകൂല താപനിലയില്‍മാത്രമാണ് ജീവിക്കുകയുള്ളു.

പ്രകൃതി ദുരന്തം


പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലം രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ വഴിയൊരുക്കുന്നുണ്ട്. 1993 - 94 കാലഘട്ടത്തില്‍ സൂറത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്ലേഗ് രോഗം ഇതിനു ഉദാഹരണമാണ്. ഗുപ്താവസ്ഥയിലുള്ള രോഗാണു അനുകൂല ചുറ്റുപാടില്‍ പുറത്തുക്കുന്നു. കേരളത്തിലുണ്ടായ ചിക്കുന്‍ഗുനിയയും സുനാമി ദുരന്തവും കൂട്ടിവായിക്കാവുന്നതാണ്.
uploads/news/2018/07/232820/puyhiyaroganagail120718b.jpg

ദുരന്താനന്തര ജീവിതം എന്നും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. അത് ഒരു പ്രദേശത്തുമാത്രം ഒതുങ്ങുന്നില്ല. മറ്റ് രാജ്യങ്ങളിലേക്ക് പടരുകയും ചെയ്യുന്നു. ദുരന്ത സ്ഥലത്ത് സാംക്രമികരോഗങ്ങള്‍ക്കുള്ള സാധ്യത ഇല്ലാതാക്കാനുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ലക്ഷ്യം കണ്ടെന്നും വരില്ല.

ജീവിതശൈലി


പകര്‍ച്ചരോഗങ്ങള്‍ക്ക് മാറിയ ജീവിതശൈലി കാരണമാണ്. ജീവിത ശൈലി രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്നു. രതിവൈകൃതങ്ങളും വഴിവിട്ട ജീവിതവും എച്ച്.ഐ.വി പോലുള്ള ലൈംഗിക രോഗങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. രോഗം വ്യാപിക്കാനും കാരണമാകുന്നു.

രാജ്യാന്തര യാത്രകള്‍


മാരക പകര്‍ച്ചരോഗങ്ങള്‍ രാജ്യാതിര്‍ത്തികള്‍ കടക്കാന്‍ പ്രധാന കാരണമാകുന്നത് രാജ്യാന്തരയാത്രകളാണ്. രാജ്യങ്ങള്‍ തമ്മിലുള്ള ദൂരം മിനിറ്റുകളോ മണിക്കൂറുകളോ മാത്രമായി ചുരുങ്ങി. അതായത് ഒരു രാജ്യത്തുനിന്ന് രോഗം മറ്റൊരു രാജ്യത്ത് എത്താന്‍ ഇതേ സമയം മാത്രം ധാരാളം. പന്നിപ്പനി വ്യാപിക്കാതിരിക്കാന്‍ വിമാത്താവളങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തുന്നത് ഇതുകൊണ്ടാണ്.

രോഗ ലക്ഷണമുള്ളവരെ അവിടെ വച്ചുതന്നെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുമുണ്ട്. ചരക്കു കപ്പലുകള്‍ വഴിയും രോഗാണു അന്യരാജ്യങ്ങളിലേക്ക് കടക്കുന്നു.

നിപ്പയുടെ പടയോട്ടം കഴിഞ്ഞ് മടങ്ങുമ്പോള്‍ അതിനേക്കാള്‍ മാരകമായ മറ്റൊന്ന്. രോഗങ്ങള്‍ ഒന്നിനു പുറകേ ഒന്നായി കടന്നുവരും. പുതിയ രോഗങ്ങളെ കരുതിയിരിക്കാന്‍ മാത്രമാണ് നിലവില്‍ നമുക്കാവുന്നത്.

പുതിയ രോഗാണുവിനെ മുന്‍കൂട്ടി കാണുവാനോ, അവയുടെ സ്വഭാവം മനസിലാക്കുവാനോ കഴിയില്ല. അതുകൊണ്ടുതന്നെ പ്രതിരോധ മരുന്നു നിര്‍മാണവും പ്രായോഗികമല്ല. എങ്കിലും നമുക്ക് കരുതലോടെ ജീവിക്കാം. പ്രകൃതിയോടിണങ്ങി മാത്രം.

Ads by Google
Thursday 12 Jul 2018 03.47 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW