എന്താണ് ബ്രഹ്മരക്ഷസ്സ്? ദുര്‍മരണപ്പെട്ട ബ്രാഹ്മണ ശ്രേഷ്ഠന്റെ ആത്മാവാണോ? ആത്മാവാണെങ്കില്‍ അതിനെ എങ്ങനെയാണ് ഒരു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി ആരാധിക്കുന്നത്? ഇനി ആത്മാവാണെങ്കില്‍ അത് ഒരു മൂര്‍ത്തിയോ, ദേവതയോ ആണോ? എന്നിങ്ങനെ പലതരത്തിലാണ് ബ്രഹ്മരക്ഷസ്സിനെക്കുറിച്ചുള്ള സംശയങ്ങള്‍.
ബ്രഹ്മജ്ഞാനാഃ ഇതി ബ്രാഹ്മണഃ
ബ്രഹ്മജ്ഞാനം നേടിയവനാണ് യഥാര്‍ത്ഥ ബ്രാഹ്മണന്. ബ്രാഹ്മണ കുലത്തില്‍ ജനിച്ചതുകൊണ്ട് മാത്രം ബ്രഹ്മണന് ആകണമെന്നില്ല. പരബ്രഹ്മത്തെ നിഷ്ഠയായ സാധനാ മാര്‍ഗത്തിലൂടെയും ജപഹോമാദികളിലൂടെയും അറിയുന്നവനാണ് ബ്രാഹ്മണന്.
പണ്ടുകാലങ്ങളില്‍ ബ്രഹ്മസ്വവും ദേവസ്വവും ആയി മാത്രമേ ഭൂമി ഉണ്ടായിരുന്നുള്ളൂ. മറ്റു സമുദായക്കാരെല്ലാം തന്നെ ബ്രാഹ്മണരുടെ ഭൂമിയിലെ കുടികിടപ്പുകാരായിരുന്നു. കേരള ചരിത്രത്തിലും അയ്യങ്കാളി ചരിത്രത്തിലും എല്ലാം ഇത് പറയുന്നുണ്ട്. പിന്നീട് വന്ന കാലഘട്ടങ്ങളില്‍ ബ്രാഹ്മണരുടെ കൈയില്‍നിന്നും ഭൂമി അടിയാന്മാര് കൈക്കലാക്കുകയും ബ്രാഹ്മണര്‍ ഭൂമി കുറഞ്ഞുവരികയും ചെയ്തു. താന്‍ അടക്കി വച്ചിരുന്ന ഭൂമി നഷ്ടപ്പെടുന്നത് ബ്രഹ്മാണന് സഹിക്കാനാവില്ലല്ലോ?
ബ്രാഹ്മണന്റെ മരണശേഷം ഈ ഭൂമിയില്‍ ബ്രാഹ്മണശാപം ഉടലെടുക്കും. ആ ഭൂമിയില്‍ താമസിക്കുന്നവര്‍ക്കും ആ ഭൂമിയില്‍ ആരംഭിക്കുന്ന എല്ലാ സംരംഭങ്ങള്‍ക്കും ആ ഭൂമി കൈവശം വയ്ക്കുന്നവര്‍ക്കും ദുരിതങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. ഈ ബ്രാഹ്മണ ദുരിതം നല്‍കുന്നത് 'ബ്രഹ്മരക്ഷസ്സ്' ആണ്. ഈ ദുരിതം മൂലം ദമ്പതികള്‍ക്കും കുട്ടികള്‍ക്കും നാല്ക്കാലികള്ക്കും പ്രയാസങ്ങളുണ്ടാകുന്നു.
നമ്മുടെയെല്ലാം വീടിനടുത്തുള്ള ക്ഷേത്രങ്ങളില്‍ ചിലതിലെങ്കിലും ബ്രഹ്മരക്ഷസ്സിന് സ്ഥാനം കാണാം. അല്ലെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ പത്മമിട്ട് പൂജ ചെയ്യും. അതിനെ ബ്രാഹ്മണന്റെ ആത്മാവായി കരുതാതിരിക്കുക. ഏതൊരു ക്ഷേത്രത്തിലും ആത്മാവിനെ പ്രത്യക്ഷപ്പെടുത്തുന്നത് ആ ക്ഷേത്ര ചൈതന്യത്തിനു തന്നെ കളങ്കമായിത്തീരും.
ആയതിനാല്‍ ബ്രഹ്മരക്ഷസ്സ് എന്നത് ഒരു ബ്രാഹ്മണ ശാപദുരിതമാണെന്നും ഇത് ഈ ഭൂമിയില്‍നിന്നും പോകാത്തതിനാല്‍ ഈ ദുരിതകാഠിന്യം ശമിക്കുവാനും പ്രദേശവാസികള്‍ക്ക് ദോഷങ്ങള്‍ ഉണ്ടാകാതിരിക്കുവാനും വേണ്ടിയാണ് ക്ഷേത്രഭൂമിയില്‍ സ്ഥാനം കൊടുത്ത് ദീപം തെളിയിച്ച് ദുരിത നിവൃത്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്.
മധുരം ചേര്‍ക്കാത്ത പാല്‍പ്പായസമാണ് നിവേദ്യം. സാധാരണ ദേവീ ദേവന്മാര്ക്ക് നിവേദ്യം വഴിപാടായി കഴിച്ചാല്‍ നിവേദ്യം പ്രസാദമായി വാങ്ങാറുണ്ട്. എന്നാല്‍ ബ്രഹ്മരക്ഷസ്സിന് പാല്‍പ്പായസം കഴിപ്പിച്ചാല്‍ പ്രസാദം വാങ്ങുക പതിവില്ല. മറ്റ് ദേവതകള്‍ക്ക് തറവാട് സ്ഥലത്ത് സ്ഥാനം കൊടുത്ത് ആരാധിക്കുന്നതുപോലെ ബ്രഹ്മരക്ഷസ്സ് ഒരു ദേവത അല്ലാത്തതുകൊണ്ടുതന്നെ മറ്റെങ്ങും ആരാധിക്കാറുമില്ല.