Friday, June 21, 2019 Last Updated 15 Min 12 Sec ago English Edition
Todays E paper
Ads by Google
ക്രൈം സ്റ്റോറി /എം.കെ പുഷ്‌ക്കരന്‍ (റൂറല്‍ എസ്.പി)
Thursday 12 Jul 2018 11.21 AM

മോഷണം പോയ ​ഫോണില്‍ ആരോ ഒരു സിംകാര്‍ഡ് ഇട്ടു, ദൈവത്തിന്റെ കൈയൊപ്പുപോലെ പത്തക്ക നമ്പര്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിഞ്ഞു ​... ഷീല വധക്കേസ് ചുരുളഴിയുന്നു

പ്രതികള്‍ എന്തെങ്കിലുമൊക്കെ മറന്നുവയ്ക്കുക എന്നത് സാധാരണഗതിയില്‍ സംഭവിക്കാറുള്ളതാണ്. അങ്ങനെ വല്ലതും ലഭിച്ചിരുന്നുവെങ്കില്‍ ആ വസ്തുക്കളിലെ ഫിംഗര്‍പ്രിന്റിനെ പിന്തുടര്‍ന്നു പോകാമായിരുന്നു. അത്തരത്തിലുള്ള ഒരു സാധ്യതയും അവശേഷിപ്പിക്കാത്ത കേസായിരുന്നു ഷീല വധക്കേസ്.
uploads/news/2018/07/232767/WeeklyCrimeStory120718.jpg

ഷീല വധക്കേസ് - 02

പ്രിന്‍സി എന്ന പോലീസ്‌നായ സംഭവം നടന്ന പുത്തൂര്‍ 'സായൂജ്യം' എന്ന ഭവനത്തില്‍ നിന്നിറങ്ങി ഗംഗോത്രി ലൈനിലൂടെ കുറച്ചുദൂരം ഓടിയെന്നല്ലാതെ വേറെ തെളിവൊന്നും ലഭിച്ചില്ല.

ഫോറന്‍സിക് വിദഗ്ദ്ധരും വിരലടയാ ള വിദഗ്ദ്ധരും സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിട്ടും പ്രതികളിലേക്കു വിരല്‍ ചൂണ്ടുന്ന വിധത്തിലുള്ള ശക്തമായ തെളിവുകളൊന്നും കിട്ടിയില്ല. ഒരു തെളിവും അവശേഷിപ്പിക്കാതെ വളരെ സമര്‍ഥമായിട്ടാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചിരിക്കുന്നത്.

കൃത്യം നിര്‍വഹിച്ച് തിരിച്ചുപോകുന്ന ഝടുതിയില്‍ പ്രതികള്‍ എന്തെങ്കിലുമൊ ക്കെ മറന്നുവയ്ക്കുക എന്നത് സാധാരണഗതിയില്‍ സംഭവിക്കാറുള്ളതാണ്. അങ്ങനെ വല്ലതും ലഭിച്ചിരുന്നുവെങ്കില്‍ ആ വസ്തുക്കളിലെ ഫിംഗര്‍പ്രിന്റിനെ പിന്തുടര്‍ന്നു പോകാമായിരുന്നു. അത്തരത്തിലുള്ള ഒരു സാധ്യതയും അവശേഷിപ്പിക്കാത്ത കേസായിരുന്നു ഷീല വധക്കേസ്.

മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രതികളെ പിടികൂടുക എന്നതാണ് ഒരു സാധ്യത. പഴയ സ്വര്‍ണം വാങ്ങാന്‍ സാധ്യതയുള്ള ജ്വല്ലറികളിലേക്ക് അന്വേഷണസംഘം കുതിച്ചു. സംശയാസ്പദമായ സാഹചര്യത്തില്‍ സ്വര്‍ണം വില്‍ക്കാന്‍ ആരെങ്കിലും എത്തിയാല്‍ ഉടനെ പോലീസില്‍ വിവരം അറിയിക്കണമെന്ന് മുന്നറിയിപ്പു നല്‍കി. സ്വകാര്യ ബാങ്കുകളിലും കോ- ഓപ്പറേറ്റീവ് ബാങ്കുകളിലും വിവരം നല്‍കി. ഇതിനുപുറമേ, സ്വര്‍ണക്കടകളുടെ പരിസരത്ത് സ്വര്‍ണം വില്‍ക്കാനായി ആരെങ്കിലും ചുറ്റിക്കറങ്ങുന്നുണ്ടോ എന്നറിയാന്‍ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തി.

കൊല്ലപ്പെട്ട ഷീലയുടെ മാതാവ് കാര്‍ത്യായനിക്ക് ബോധം തിരിച്ചുകിട്ടിയത് അന്വേഷണ സംഘത്തെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായിരുന്നെങ്കിലും, ഷീലയുടെ കഴുത്തറുക്കുന്ന രംഗം കണ്ട് ബോധരഹിതയായ അവര്‍ ആ ഷോക്കില്‍നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ല.

പ്രതികളെക്കുറിച്ച് സൂചന ലഭിക്കുന്ന മൊഴികളൊന്നുംതന്നെ കാര്‍ത്യായനിയില്‍നിന്നും ലഭിച്ചില്ല.
ഭാര്യ കഴുത്തറുത്ത് കൊല്ലപ്പെട്ട ദാരുണ സംഭവത്തിന്റെ ഞെട്ടലിലായിരുന്ന ജയകൃഷ്ണനില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും പരിമിതികള്‍ ഉണ്ടായിരുന്നു.

രണ്ടര പതിറ്റാണ്ടു കാലത്തോളം ജീവവായുവും നല്ലപാതിയുമായിരുന്ന ഷീലയുടെ ദാരുണമായ അന്ത്യം ജയകൃഷ്ണന് താങ്ങാന്‍ കഴിയുന്നതിനുമപ്പുറത്തായിരുന്നു. ജയകൃഷ്ണന്‍- ഷീല ദമ്പതികളുടെ രണ്ടു പെണ്‍മക്കളുടെ അണപൊട്ടിയൊഴുകിയ ദു:ഖം കണ്ടുനില്‍ക്കുന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.

ജയകൃഷ്ണന്റെ മൊഴിയില്‍നിന്ന് ഒരു കാര്യം മനസിലാക്കാന്‍ സാധിച്ചു. ആറുലക്ഷം രൂപ ജയകൃഷ്ണന്‍ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചുവച്ചത് മോഷ്ടാക്കള്‍ എടുത്തിട്ടില്ല. പ്രതികള്‍ അതു കണ്ടില്ല. എന്നുവച്ചാല്‍ വീട്ടില്‍ അരിച്ചുപെറുക്കിയുള്ള ഒരന്വേഷണം പ്രതികള്‍ നടത്തിയിട്ടില്ല. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ആറുലക്ഷം രൂപ പ്രതികള്‍ക്കു ലഭിക്കേണ്ടതാണ്. എട്ടരപ്പവനും മുപ്പതിനായിരവും കൊണ്ട് സ്ഥലം വിട്ടവര്‍ ആ വീട്ടിലെ അലമാരയില്‍ ആറുലക്ഷം രൂപയുണ്ട് എന്നറിഞ്ഞാല്‍ അത് എടുക്കാതെ പോകുമോ?

ഇതില്‍നിന്ന് ഒരു കാര്യം വ്യക്തമായി. വീട് അരിച്ചുപെറുക്കാന്‍ പ്രതികള്‍ക്ക് സമയം ലഭിച്ചിട്ടുണ്ടാവില്ല.

ഷീലയെ കൊന്നതോടുകൂടി പ്രതികള്‍ രക്ഷപ്പെടാനുള്ള തിരക്കുകൂട്ടി. അതുകൊണ്ടാണ് അലമാരയിലിരുന്ന പണം അവര്‍ കാണാതെ പോയത്. എന്നുവച്ചാല്‍ ഷീലയെ കൊല്ലുക എന്ന 'പ്രീപ്ലാന്‍' പ്രതികള്‍ക്ക് ഉണ്ടായിരുന്നില്ല എന്നു സാരം.

കൊല്ലുക എന്ന തീരുമാനം പെട്ടെന്നുണ്ടായതാണ്. എന്തായിരിക്കാം അതിനുള്ള പ്രകോപനം?
ഒരുപക്ഷേ, പ്രതികളോ പ്രതികളിലൊരാളോ ഷീലയുടെ പരിചയക്കാരനാവാം. ആളെ തിരിച്ചറിഞ്ഞ ഷീലയെ ജീവനോടെ വച്ചാല്‍ രഹസ്യം പുറത്തുവരുമെന്നു കരുതി കൊന്നതാവാം. പ്രതികളില്‍ ഒരാളെങ്കിലും ഷീല കണ്ടാല്‍ തിരിച്ചറിയുന്ന ആളായിരിക്കാം എന്ന സാധ്യതയിലേക്കാണ് ചിന്തകള്‍ പോയത്. എങ്കില്‍ ആരാണയാള്‍?

ഷീലയുടെ മൊബൈല്‍ ഫോണിന്റെ കോള്‍ലിസ്റ്റ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ഏതെങ്കിലും 'സ്‌ട്രെയ്ഞ്ചര്‍' ആ നമ്പറിലേക്കു കൂടെക്കൂടെ വിളിച്ചിരുന്നുവോ? പക്ഷേ അങ്ങനെ ഒന്നും തന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഷീല ജയകൃഷ്ണനെ വിളിച്ചിരുന്ന കോളുകള്‍... പെണ്‍മക്കള്‍ ഷീലയെ വിളിച്ചിരുന്ന കോളുകള്‍... മറ്റു ബന്ധുക്കളുടെ കോളുകള്‍.
ആറ്റിക്കുറുക്കിയിട്ടും ഒരൊറ്റ ഫോണ്‍കോള്‍ പോലും അസ്വാഭാവികമായി ഷീലയ്ക്കു വന്നതോ ഷീല വിളിച്ചതോ ആയി കണ്ടെത്താന്‍ കഴിഞ്ഞില്ല.

അന്വേഷണം ശരിക്കും വഴിമുട്ടിയ അവസ്ഥയിലായി. ഉന്നതങ്ങളില്‍ നിന്നുള്ള ചോദ്യ ങ്ങള്‍ക്കു മറുപടി പറയാനാവാതെ അന്വേഷണസംഘം ശരിക്കും വിഷമിച്ചു.

ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഡി.ജി.പിയും അന്നത്തെ തൃശൂര്‍ റേഞ്ച് പോലീസ് ഐ.ജിയുമായ മുഹമ്മദ് യാസിം, കോഴിക്കോട് നോര്‍ത്ത് സോണ്‍ എ.ഡി.ജി.പിയായിരുന്ന മഹേഷ്‌കുമാര്‍ സിന്‍ഗ്‌ള, അന്നത്തെ പാലക്കാട് എസ്.പിയും ഇന്നത്തെ കൊച്ചി ഐ.ജിയുമായ വിജയ് സാഖറേ തുടങ്ങിയവര്‍ കേസിന്റെ അന്വേഷണ പുരോഗതി അറിയാന്‍ കൂടെക്കൂടെ വിളിക്കുകയും അന്വേഷണം മോണിട്ടര്‍ ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു.

uploads/news/2018/07/232767/WeeklyCrimeStory120718a.jpg

ആരാണു പ്രതികള്‍? അവര്‍ എങ്ങനെ പിടിയിലാകും?
ഒന്നിനും ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. തെളിയിക്കപ്പെടാതെ പോകുന്ന നൂറുനൂറു കേസുകളില്‍ ഒന്നായി ഷീല വധക്കേസും പരിണമിക്കുമോ?
ഒട്ടുമിക്ക കേസുകളിലും ഒരെത്തും പിടിയും കിട്ടാതെ വിഷമിക്കുമ്പോള്‍ തികച്ചും അവിചാരിതമായി ഒരു കച്ചിത്തുരുമ്പ് കിട്ടാറുണ്ട്. പ്രതികള്‍ എത്ര വിദഗ്ദ്ധമായി കൃത്യം നിര്‍വഹിച്ചാലും ഒരു തെളിവെങ്കിലും അവശേഷിപ്പിക്കും എന്നു കേട്ടിട്ടില്ലേ? അതുപോലെ ഒരു തെളിവ് ഷീല വധക്കേസിലെ പ്രതികളില്‍നിന്നും ലഭിക്കാതിരിക്കുമോ?

തെളിവുകളൊന്നും കിട്ടിയില്ല എന്നു കരുതി അന്വേഷണസംഘം നിരാശപ്പെടാനൊന്നും പോയില്ല. പ്രതികളെ ഏതുവിധത്തിലായാലും കണ്ടെത്തും എന്ന വാശിയില്‍ത്തന്നെയായിരുന്നു പോലീസ്.

പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യനിഷ്ഠയോടെ തന്നെ ചെയ്തു. മുമ്പ് കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളുകളെ നിരീക്ഷിക്കുക എന്നതു തന്നെയായിരുന്നു പരമപ്രധാനം. സമാനമായ കൃത്യങ്ങള്‍ ചെയ്ത് ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങിയവര്‍, പരോളിലിറങ്ങിയ മോഷ്ടാക്കള്‍, കത്തിക്കുത്തു കേസുകളിലെ പ്രതികള്‍ എന്നിങ്ങനെ ഈ കൃത്യം ചെയ്യാന്‍ സാധ്യതയുള്ള എല്ലാ ആളുകളെക്കുറിച്ചും പോലീസ് അന്വേഷിച്ചു. അവരുടെ നിലവിലുള്ള അവസ്ഥ കൃത്യമായി പഠിക്കാന്‍ സംവിധാനമുണ്ടാക്കി. പാലക്കാട്, പൊള്ളാച്ചി, കോയമ്പത്തൂര്‍ തുടങ്ങിയ മേഖലകളിലാണ് ഈ തരത്തിലുള്ള അന്വേഷണം വ്യാപകമാക്കിയത്.

പ്രമാദമായ ഷീല വധക്കേസിലെ പ്രതികളെ പിടിക്കാന്‍ പോലീസ് വ്യാപകമായി വലവിരിച്ചിട്ടുണ്ടെന്നും മുമ്പ് കുറ്റകൃത്യങ്ങളില്‍പ്പെട്ട എല്ലാ പ്രതികളെയും പോലീസ് നിരീക്ഷിക്കുന്നുണ്ടെന്നും മനസിലാക്കിയ പല കുറ്റവാളികളും പോലീസ് സ്‌റ്റേഷനുകളില്‍ നേരിട്ടു ഹാജരായി തങ്ങള്‍ ഈ കുറ്റം ചെയ്തിട്ടില്ലെന്ന് ഏറ്റുപറഞ്ഞത് ഷീല വധക്കേസിന്റെ ഒരു പ്രത്യേകതയായിരുന്നു.
അപ്പോള്‍പ്പിന്നെ യഥാര്‍ഥ പ്രതികള്‍ എവിടെ?

പ്രതീക്ഷയ്ക്കു വകനല്‍കുന്ന ഒരു കാര്യം അപ്പോഴാണ് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. ഷീലയെ ക്രൂരമായി വധിച്ച പ്രതികള്‍ രക്ഷപ്പെടുമ്പോള്‍ കൊണ്ടുപോയ മോഷണവസ്തുക്കളില്‍ ഉള്‍പ്പെട്ട മൂന്നു മൊബൈല്‍ ഫോണുകളില്‍ ഒന്ന് വിലകൂടിയ 'നോക്കിയ 93 മോഡല്‍' ആ ണ്. ആ ഫോണില്‍ ആന്റി തെഫ്റ്റ് സോഫ്റ്റ്‌വെയര്‍ ഉണ്ട്്. മോഷ്ടിക്കപ്പെട്ടാല്‍ തിരിച്ചറിയാനുള്ള സംവിധാനമാണത്.
നിലവില്‍ മൂന്നു ഫോണുകളും സ്വിച്ചോഫാണ്. സിംകാര്‍ഡുകള്‍ പുറത്തെടുത്തു നശിപ്പിച്ചശേഷം പ്രതികള്‍ അവ ഓഫാക്കി വച്ചിരിക്കുകയാണ്.

പ്രതികളിലൊരാള്‍ 'നോക്കിയ 93 മോഡല്‍' ഫോണില്‍ പുതിയ ഒരു സിംകാര്‍ഡിട്ട് ഓണ്‍ ചെയ്താല്‍ ആ സെക്കന്റില്‍ ഫോണിന്റെ ഉടമസ്ഥനായ ജയകൃഷ്ണന്റെ കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശം വരും. ഏതു നമ്പര്‍ സിം ആണ് ഫോണില്‍ ഇട്ടിരിക്കുന്നത് എന്ന സന്ദേശം.

അത് ശരിക്കും പ്രതീക്ഷയുടെ ഒരു പൊന്‍കിരണമായിരുന്നു. അന്വേഷണസംഘത്തെ ത്രില്ലടിപ്പിച്ച ഒരറിവ്! സൈബര്‍ സെല്‍ വിഭാഗം ജാഗരൂകമായി.
ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടല്‍പോലെ പോലീസിന്റെ നിരീക്ഷണത്തിലുള്ള കമ്പ്യൂട്ടറിലേക്ക് ഒരു സന്ദേശം വന്നു. മോഷണം പോയ നോക്കിയ 93 ഹാന്റ്‌സെറ്റില്‍ ആരോ ഒരാള്‍ ഒരു സിംകാര്‍ഡ് ഇന്‍സെര്‍ട്ടു ചെയ്തു. തമിഴ്‌നാട് എയര്‍സെല്‍ ടെലിഫോണ്‍ കമ്പനിയുടെ സിം കാര്‍ഡായിരുന്നു അത്. ദൈവത്തിന്റെ കൈയൊപ്പുപോലെ പത്തക്ക മൊബൈല്‍ നമ്പര്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ പതിഞ്ഞു.

സിംകാര്‍ഡ് ഇന്‍സെര്‍ട്ട് ചെയ്ത ആള്‍ പെട്ടെന്നുതന്നെ ആ കാര്‍ഡ് ഫോണില്‍നിന്നു തിരിച്ചെടുത്തു. ഏതാനും സെക്കന്റുകള്‍ മാത്രമാണ് സിംകാര്‍ഡ് ആ വിലകൂടിയ ഫോണില്‍ ഉണ്ടായിരുന്നത്. പക്ഷേ കാര്‍ഡിന്റെ നമ്പര്‍ പോലീസിനു ലഭിച്ചു. ഫോണില്‍ സിം ഇന്‍സെര്‍ട്ട് ചെയ്ത ആള്‍ ഒരു കോള്‍പോലും ആ ഫോണില്‍നിന്നു വിളിച്ചില്ല.

പോലീസ് സംഘം ഉടനെ സര്‍വീസ് പ്രൊവൈഡര്‍ ആയ എയര്‍സെല്‍ തമിഴ്‌നാട് ഉദ്യോഗസ്ഥരെ പോയി കണ്ടു.
ഇത് ആര്‍ക്കനുവദിച്ച സിം കാര്‍ഡാണ്? അതാണ് പോലീസിന് അറിയേണ്ടിയിരുന്നത്.

കോയമ്പത്തൂരെ കവുണ്ടന്‍ പാളയത്തുള്ള കനകരാജ് എന്നയാളുടെ സിം കാര്‍ഡാണതെന്ന് തമിഴ്‌നാട് എയര്‍സെല്‍ ഉദ്യോഗസ്ഥരില്‍നിന്നു വിവരം ലഭിച്ചു.

ആരാണ് കനകരാജ്? പോലീസ് സംഘം രഹസ്യമായി കോയമ്പത്തൂരിലെ കവുണ്ടന്‍ പാളയത്തെത്തി.

തയ്യാറാക്കിയത്: സലിം ഇന്ത്യ

Ads by Google
ക്രൈം സ്റ്റോറി /എം.കെ പുഷ്‌ക്കരന്‍ (റൂറല്‍ എസ്.പി)
Thursday 12 Jul 2018 11.21 AM
Ads by Google
Loading...
TRENDING NOW