Saturday, July 20, 2019 Last Updated 16 Min 35 Sec ago English Edition
Todays E paper
Ads by Google
സാമാജികന്‍ സാക്ഷി / ഡോ.എന്‍. ജയരാജ്‌
Thursday 12 Jul 2018 02.53 AM

കോര്‍പറേറ്റ്‌ അജന്‍ഡ ഉന്നത വിദ്യാഭ്യാസ രംഗത്തേക്കും

യു.ജി.സിയുടെ ഇടപെടല്‍ മൂലം ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ചുവപ്പുനാടകളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു വിമര്‍ശനം. യശ്‌പാലും ഹരി ഗൗതവും നാഷണല്‍ നോളജ്‌ കൗണ്‍സിലുമൊക്കെ ഇതുമായി ബന്ധപ്പെട്ട്‌ കണ്ടെത്തിയത്‌ ഒരു പരിധിവരെ ശരിയാണ്‌. അതിന്‌ എലിയെ പേടിച്ച്‌ ഇല്ലം ചുടുകയല്ല വേണ്ടത്‌.
uploads/news/2018/07/232749/opinoon120718a.jpg

ജൂലൈ ഏഴ്‌ ആരാലും കാര്യമായി ശ്രദ്ധിക്കപ്പെടാതെ കടന്നുപോയ ദിവസമാണ്‌. യു.ജി.സിക്കു പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ സംബന്ധിച്ച്‌ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ വൈബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ച കരട്‌ നിയമത്തിനു പൊതുജനാഭിപ്രായം രേഖപ്പെടുത്താനുള്ള അവസാന ദിനമായിരുന്നു അത്‌. നമ്മുടെ വിദ്യാഭ്യാസരംഗത്ത്‌ വരാന്‍പോകുന്ന മാറ്റങ്ങളില്‍ ഒരു സാധാരണ പൗരന്‌ അഭിപ്രായം കുറിക്കാനുള്ള അവസരം. ഇനി കക്ഷിബലമുള്ള കേന്ദ്രസര്‍ക്കാര്‍ അതുമായി മുന്നോട്ടു പോകും. അഭിപ്രായം രേഖപ്പെടുത്തിയവര്‍ അതൊക്കെ പരിഗണിക്കുമെന്ന പ്രതീക്ഷയുമായി കാത്തിരിക്കും.

ഈ നിയമത്തിന്റെ നാള്‍വഴി പരിശോധിച്ചാല്‍ ഒരു തുടര്‍ച്ച കാണാം. യു.പി.എ. സര്‍ക്കാര്‍ തുടങ്ങിവച്ചത്‌ കാര്യമായ മാറ്റങ്ങളില്ലാതെ നിലവിലെ സര്‍ക്കാരും പിന്‍തുടരുന്നു. സര്‍ക്കാരുകളെ നിയന്ത്രിക്കാന്‍ തക്കവണ്ണം വളര്‍ച്ചപ്രാപിച്ച കോര്‍പ്പറേറ്റ്‌ അവരുടെ അജന്‍ഡ നടപ്പാക്കുന്നയിടത്ത്‌ മറ്റൊന്നും സംഭവിക്കില്ല.

രാവിലെ മുതല്‍ കോളജ്‌ പ്രവേശനത്തിനു വരുന്ന കുട്ടികളെ കാണുമ്പോള്‍ സത്യത്തില്‍ വേവലാതിയാണ്‌. ഒരു ശത്രുകൂടി ജനിക്കുന്നെന്നു മനസു പറയും. വരുന്നവര്‍ക്കെല്ലാം ഇഷ്‌ടവിഷയത്തിനു പ്രവേശനം തരപ്പെടുത്താന്‍ എം.എല്‍.എ.ക്ക്‌ സാധ്യമല്ല. ഒരു കത്ത്‌ കിട്ടിയാല്‍ പ്രവേശനം ലഭിക്കുമെന്ന പ്രത്യാശയോടെ അവര്‍ മുഖത്തേക്കു നോക്കും. ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജില്‍ ഉന്നതവിദ്യാഭ്യാസത്തിന്‌ പ്രവേശനം ലഭിക്കാന്‍ കുട്ടികളുടെ തിരക്ക്‌ കൂടുതലാണിപ്പോള്‍. അതേസമയം എന്‍ജിനീയറിങ്‌ കോളജുകള്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടേണ്ടി വരുന്ന അവസ്‌ഥ.

1857ലാണ്‌ ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്ത്യ തുടക്കം കുറിക്കുന്നത്‌. അതിനുശേഷം ഉന്നത വിദ്യാഭ്യാസ രംഗത്തെ സംബന്ധിച്ച്‌ ഒട്ടേറെ നിര്‍ദേശങ്ങള്‍ പുറത്തുവന്നു. 1948-49ലെ ഡോ. എസ്‌. രാധാകൃഷ്‌ണന്‍ കമ്മിഷന്‍ 1964- 66ലെ കോത്താരി കമ്മിഷന്‍, 2009ലെ യശ്‌പാല്‍ കമ്മിറ്റിയും പിന്നീട്‌ 2011ല്‍ കപില്‍ സിബലിന്റെ നിര്‍ദേശപ്രകാരം നടപ്പാക്കാന്‍ ശ്രമിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ കൗണ്‍സില്‍. ഈ കൗണ്‍സില്‍ അടിസ്‌ഥാനത്തില്‍ കൂടിയാണ്‌ 2018ലെ ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ നിലവില്‍ വരാന്‍ പോകുന്നത്‌.

1956ലാണ്‌ യു.ജി.സി. നിലവില്‍വന്നത്‌. ഉന്നതവിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അംഗീകാരം, പഠന ഗവേഷണങ്ങള്‍ക്കുള്ള സഹായം, അധ്യാപക യോഗ്യത നിര്‍ണയം, ആവശ്യമായ ഫണ്ട്‌ അനുവദിക്കുല്‍, സ്‌ഥാപനങ്ങളെ അക്രഡിറ്റ്‌ ചെയ്യല്‍ തുടങ്ങി ഈ മേഖലയിലെ സമസ്‌ത പ്രവര്‍ത്തനങ്ങളെയും യു.ജി.സി. ആയിരുന്നു നിയന്ത്രിച്ചിരുന്നത്‌.

കേന്ദ്രത്തിനും സംസ്‌ഥാനങ്ങള്‍ക്കു നിയന്ത്രണമുള്ള രീതിയില്‍ സ്വതന്ത്ര ഭാരതത്തില്‍ ആദ്യകാലത്ത്‌ 20 സര്‍വകലാശാലകളും 500 കോളജുകളും രണ്ട്‌ ലക്ഷം വിദ്യാര്‍ത്ഥികളും മാത്രമാണുണ്ടായിരുന്നത്‌. നിലവില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടുകളും സര്‍വകലാശാലകളുമുള്‍പ്പെടെ 850 എണ്ണമായി. കോളജുകള്‍ 40,000 ആയി. കുട്ടികള്‍ മൂന്നര കോടിയോളവും. എണ്ണത്തിന്റെ പെരുക്കത്തില്‍ അഭിമാനിക്കുമ്പോള്‍ ഒരു കാര്യത്തില്‍ നാം പിന്നിലാണ്‌ എന്നത്‌ ഓര്‍ക്കണം.

ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ പരിശോധിക്കുന്നതില്‍ ആധികാരികതയുള്ള വേള്‍ഡ്‌ യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ബാംഗ്ലൂര്‍ ഐ.ഐ.എ.സി, ഡല്‍ഹി ഐ.ഐ.ടി എന്നിവ മാത്രമേയുള്ളു. പ്രശ്‌നങ്ങള്‍ക്കു പരിഹാരമായി ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ നിയമം 2018 എന്ന ബില്‍ കൊണ്ടുവരാന്‍ പോകുന്നത്‌. ഇത്‌ സംബന്ധിച്ചാണ്‌ പൊതുജനാഭിപ്രായം അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌. കേരളം ഇക്കാര്യത്തില്‍ ആശങ്ക പങ്കുവച്ചതൊഴികെ ഗൗരവമായി ചര്‍ച്ചകളിലേക്ക്‌ കടന്നിട്ടില്ല.

ധനകാര്യ രംഗത്ത്‌ ജി.എസ്‌.ടി. നടപ്പാക്കിയതോടെ ധനസമാഹരണത്തിന്‌ സംസ്‌ഥാനങ്ങള്‍ക്കുള്ള സ്വാതന്ത്ര്യം ഒരര്‍ത്ഥത്തില്‍ ഇല്ലാതായി. കേന്ദ്ര ഗതാഗത നിയമത്തില്‍ വരുത്തുന്ന നിര്‍ദിഷ്‌ട ഭേദഗതികൂടി നടപ്പാക്കുന്നതോടെ വാഹനനികുതി, രജിസ്‌ട്രേഷന്‍, ലൈസന്‍സിങ്‌ എന്നിവയുള്‍പ്പെടെ എല്ലാ അധികാരങ്ങളും സംസ്‌ഥാന സര്‍ക്കാരുകളില്‍നിന്നു കവര്‍ന്നെടുക്കും.

സംസ്‌ഥാനങ്ങള്‍ക്ക്‌ അധികാരമുണ്ടായിരുന്ന വിദ്യാഭ്യാസ മേഖലയും കേന്ദ്രീകൃതമായി കേന്ദ്ര സര്‍ക്കാരിന്റെ കൈകളിലേക്കും അതുവഴി കോര്‍പ്പറേറ്റുകളുടെ കൈകളിലേക്കും മാറിപ്പോകാം. ജെ.എന്‍.യു. ഉള്‍പ്പെടെ പല സ്‌ഥാപനങ്ങളെയും മാറ്റിനിര്‍ത്തി ഇനിയും ആരംഭിച്ചിട്ടില്ലാത്ത റിലയന്‍സ്‌ ജിയോ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്‌ അംഗീകാരം നല്‍കാനുള്ള തീരുമാനം സര്‍വകലാശാലകളിലെ കോര്‍പ്പറേറ്റ്‌ സാന്നിധ്യത്തിന്റെ തുടക്കമായി കാണാം. ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ സ്വകാര്യ സ്‌ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു ഗ്രീന്‍ഫീല്‍ഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്‌ ഈ അംഗീകാരം.

പുതിയ ബില്ലിലെ പല വ്യവസ്‌ഥകളും ഉന്നത വിദ്യാഭ്യാസത്തിന്റെ ജനാധിപത്യപരമായ സാധ്യതകളെ ഇല്ലാതാക്കുമെന്ന ആശങ്ക ശരിയാണ്‌. ഇതിന്റെ പ്രത്യാഘാതം നാളെ സാധാരണ വിദ്യാര്‍ഥികളുടെ ഇല്ലാതാക്കും.

സ്‌ഥിരം അധ്യാപകരുടെ സ്‌ഥാനത്ത്‌ കരാര്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ അധ്യാപനത്തിന്റെ മേന്മ മാത്രമല്ല അധ്യാപനത്തോടുള്ള ഇന്ത്യന്‍ സമീപനങ്ങള്‍ക്ക്‌ തന്നെ പരിക്കേല്‍പ്പിക്കും. അധ്യാപക വിദ്യാര്‍ത്ഥി ബന്ധങ്ങള്‍ക്ക്‌ പാരമ്പര്യമായി നാം കല്‍പിച്ചു നല്‍കിയിട്ടുള്ള പവിത്രമായ ബന്ധങ്ങള്‍ കേവലം തൊഴിലെടുക്കുന്നവരെന്ന നിലയിലേക്ക്‌ മാറും.

നിലവാരമില്ലാത്ത സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടാനും അക്കാദമിക്‌ നിലവാരമില്ലാത്തവയ്‌ക്ക്‌ പിഴ ചുമത്താനും പുതിയൊരു കമ്മിഷന്‍ വേണോ? യു.ജി.സി. നിയമത്തില്‍ ഭേദഗതി നിര്‍ദേശിച്ചാല്‍ പോരേ? മെഡിക്കല്‍ വിദ്യാഭ്യാസരംഗത്ത്‌ പുതിയ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ കൊണ്ടുവന്നപ്പോള്‍ ഇതുപോലെ പലതും പറഞ്ഞുകേട്ടതാണ്‌. ആസൂത്രണ കമ്മീഷനെ പൊളിച്ചെഴുതി നീതി ആയോഗ്‌ കൊണ്ടുവന്നപ്പോള്‍ എന്തു ഗുണമുണ്ടായി?

ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സര്‍ക്കാര്‍ പിരിക്കുന്ന സെസില്‍ ചെലവഴിക്കാതെ പോകുന്നത്‌ ശതകോടികളാണ്‌. ജി.ഡി.പിയുടെ രണ്ട്‌ ശതമാനം മാത്രമാണ്‌ ഇവിടെ വിദ്യാഭ്യാസത്തിന്‌ മാറ്റിവയ്‌ക്കുന്നത്‌.

അത്‌ അത്‌ ശതമാനമായി ഉയര്‍ത്തണമെന്ന ആവശ്യം നിലനില്‍ക്കുമ്പോള്‍ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ ഗവേഷണ പ്രവര്‍ത്തനമുള്‍പ്പെടെ പ്രസ്‌തുത സ്‌ഥാപനങ്ങള്‍ പണം കണ്ടെത്താന്‍ ഏത്‌ കുത്സിത മാര്‍ഗവും ഉപയോഗിക്കും. അവിടെ ചോര നുണയുന്ന ചെന്നായയെപ്പോലെ കോര്‍പ്പറേറ്റ്‌ ഭീമന്‍മാര്‍ കടന്നുവരും. അവരുടെ താത്‌പര്യങ്ങളായിരിക്കും നാളെ ഗവേഷണത്തെയും പാഠ്യക്രമത്തെയും പാഠ്യസമ്പ്രദായത്തെയും നിയന്ത്രിക്കാന്‍ പോകുന്നതെന്ന ആശങ്കപ്പെട്ടാല്‍ അതില്‍ സത്യമില്ലേ?

വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ സ്വയംഭരണ അധികാരം നല്‍കിയ കേരളത്തില്‍ അവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച്‌ ഇതുവരെ കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. ദേശീയതലത്തില്‍ സ്വയംഭരണം നല്‍കുമ്പോള്‍ അത്തരം അക്കാദമിക സ്‌ഥാപനങ്ങള്‍ സ്വയംഭരണ അധികാരത്തിന്റെ മറവില്‍ ഗസ്‌റ്റ്‌ അധ്യാപകരെ നിയമിക്കുമ്പോള്‍ ഭരണ ഘടന ഉറപ്പാക്കുന്ന സംവരണ തത്വങ്ങളും ബലികഴിക്കപ്പെടും.

പുതിയ നിയമത്തിലെ 25 (2) വകുപ്പ്‌ പ്രകാരം എല്ലാ കാര്യത്തിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന വ്യവസ്‌ഥ വരുമ്പോള്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ ഇനി കാഴ്‌ചക്കാരായി കൈയുംകെട്ടി നില്‍ക്കാം.

യു.ജി.സിയുടെ ഇടപെടല്‍ മൂലം ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ ചുവപ്പുനാടകളുടെ സാന്നിധ്യമുണ്ടെന്നായിരുന്നു വിമര്‍ശനം. യശ്‌പാലും ഹരി ഗൗതവും നാഷണല്‍ നോളജ്‌ കൗണ്‍സിലുമൊക്കെ ഇതുമായി ബന്ധപ്പെട്ട്‌ കണ്ടെത്തിയത്‌ ഒരു പരിധിവരെ ശരിയാണ്‌. അതിന്‌ എലിയെ പേടിച്ച്‌ ഇല്ലം ചുടുകയല്ല വേണ്ടത്‌.

ഉന്നത വിദ്യാഭ്യാസ രംഗത്തിനെ വഴിമാറ്റിത്തെളിക്കാനുള്ള ശ്രമങ്ങള്‍ തുടരുമ്പോള്‍ ലക്ഷ്യബോധത്തോടെ ഒരു തലമുറ പകര്‍ന്നു നല്‍കിയ നൈതികമായ മൂല്യങ്ങളെ തമസ്‌കരിക്കരുത്‌ എന്നുപറയാതുള്ള എല്ലാ മൗനങ്ങളും അപകടകരമാണ്‌.

Ads by Google
Ads by Google
Loading...
TRENDING NOW