Friday, June 28, 2019 Last Updated 37 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.53 AM

ശരീരം ക്ഷേത്രം: സ്വാഭാവിക പരിണാമങ്ങള്‍ എങ്ങിനെ അശുദ്ധിയാകും?

uploads/news/2018/07/232748/bft2.jpg

ശബരിമലയിലെ സ്‌ത്രീനിയന്ത്രണ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നടന്നുവരുന്ന നിയമയുദ്ധം ഒരു വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌. ജനസംഖ്യയില്‍ പാതിയോളം വരുന്ന സ്‌ത്രീകളെ ബാധിക്കുന്ന ഈ കേസ്‌ വാദംകേള്‍ക്കുന്ന ബഞ്ചില്‍ ഒരു വനിതാ ജഡ്‌ജിയെക്കൂടി നിയമിക്കുന്ന കാര്യം തീരുമാനമായി. ഭരണഘടനാബഞ്ചില്‍ ഇന്ദു മല്‍ഹോത്രയെന്ന വനിതാ ജഡ്‌ജിയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതില്‍ ചെറിയ പങ്കുവഹിക്കാന്‍ സാധിച്ചെന്നതില്‍ അഭിമാനമുണ്ട്‌.
ശബരിമലയിലെ സ്‌ത്രീ പ്രവേശനവിഷയം പ്രാധാന്യമുള്ള ഒരു കാര്യമാണ്‌. ഋതുമതിയായ പെണ്‍കിടാങ്ങള്‍ മുതല്‍ മധ്യവയസ്‌കകള്‍ വരെയുള്ള സ്‌ത്രീജനങ്ങള്‍ക്ക്‌ ശബരിമലയില്‍ പ്രവേശനാനുവാദമില്ല. ഇത്‌ ഭരണഘടന ഉറപ്പുനല്‍കുന്ന സ്‌ത്രീപുരുഷസമത്വത്തിനും സ്‌ത്രീ സ്വാതന്ത്ര്യത്തിനും എതിരാണെന്ന്‌ സ്‌ത്രീപക്ഷവാദികള്‍ അഭിപ്രായപ്പെടുന്നു. കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരാചാരമാണിതെന്നും അതുമാറ്റാന്‍ ആര്‍ക്കും അധികാരമില്ലെന്നും ദേവസ്വംബോര്‍ഡും യു.ഡി.എഫ്‌. സര്‍ക്കാരും തന്ത്രിയുമൊക്കെ വാദിച്ചു.
എന്നാല്‍ വി.എസ്‌. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാര്‍ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമനുവദിക്കണമെന്നു കാണിച്ചു സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയിരുന്നതാണ്‌. സര്‍ക്കാര്‍ മാറിയപ്പോള്‍ പ്രവേശനാനുവാദം പാടില്ലെന്ന പുതിയ സത്യവാങ്‌മൂലം സമര്‍പ്പിക്കപ്പെട്ടു. പുതിയതായി നടത്തിയ എന്തു പഠനങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ സത്യവാങ്‌മൂലം മാറ്റിയതെന്ന്‌ ജസ്‌റ്റീസ്‌ ദീപക്‌ മിശ്ര അഭിഭാഷകപ്രമുഖനായ വേണുഗോപാലിനോട്‌ ചോദിക്കുകയുണ്ടായി.
സര്‍ക്കാര്‍ മാറുന്നതനുസരിച്ച്‌ സത്യവും വാക്കും മാറുമെന്നതായിരിക്കുന്നു സ്‌ഥിതി. യങ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ സമര്‍പ്പിച്ച ഒരു പൊതുതാല്‍പര്യഹര്‍ജിയുടെ വിചാരണവേളയിലാണു ജസ്‌റ്റീസ്‌ ദീപക്‌ മിശ്ര കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകനോട്‌ ഇങ്ങനെ ചോദിച്ചത്‌. ജനസംഖ്യയില്‍ പകുതിയിലധികം വരുന്ന സ്‌ത്രീകള്‍ക്ക്‌ അര്‍ഹതപ്പെട്ട സ്വാഭാവികനീതിയുടെ നിഷേധമാണിതെന്ന്‌ യങ്‌ ലോയേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ വാദിക്കുന്നു. ഈ കേസിനാവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി "മഹാക്ഷേത്രങ്ങളിലൂടെ" എന്ന എന്റെ പുസ്‌തകം അവര്‍ പരിശോധിച്ചു.
ആ പുസ്‌തകത്തില്‍ "ശബരിമല" എന്നൊരു അദ്ധ്യായമുണ്ട്‌.
"ലങ്കാദര്‍ശന"മെന്ന എന്റെ പുസ്‌തകം ശ്രീലങ്കന്‍ ഹൈക്കമ്മിഷണര്‍ പ്രസാദ്‌ കാര്യവാസത്തിന്റെയും ശ്രീലങ്കന്‍ മന്ത്രി ഫൊണ്‍സെകെയുടേയും സാന്നിദ്ധ്യത്തില്‍ ഡല്‍ഹിയില്‍വച്ചാണ്‌ പ്രകാശനം ചെയ്‌തത്‌.
അസോസിയേഷന്‍ ഭാരവാഹികളിലൊരാള്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ഞാന്‍ ഈ കേസില്‍ കക്ഷി ചേരാനിടയായി. എനിക്കുവേണ്ടി കേസ്‌ നടത്തുന്നത്‌ അവരാണ്‌. അവരുടെ വാദം ഇങ്ങനെ:
ശബരിമലയിലെ സ്‌ത്രീപ്രവേശനത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും കാണാതെപോയ ഒരു പ്രശ്‌നം ഈ ക്ഷേത്രത്തിന്റെ ബുദ്ധമതപശ്‌ചാത്തലമാണ്‌. ഈ പശ്‌ചാത്തലം പഠനവിധേയമാക്കുന്നത്‌ ഇക്കാര്യത്തിലൊരു ശരിയായ തീരുമാനത്തിലെത്താന്‍ സഹായിക്കും.
പ്രാരംഭവാദം കേട്ടശേഷം ഹര്‍ജി കോടതി ഫയലില്‍ സ്വീകരിക്കുകയും കക്ഷി ചേരാനനുവദിക്കുകയും ചെയ്‌തു. ഇന്ത്യയുടെ പരമോന്നതനീതിപീഠത്തിന്റെ പരിഗണനയിലുള്ള ശബരിമല-സ്‌ത്രീപ്രവേശന കേസില്‍ അങ്ങിനെ ഞാനൊരു കക്ഷിയായി.
ശബരിമലയെക്കുറിച്ചുള്ള എന്റെ ലേഖനത്തില്‍ ആ ക്ഷേത്രത്തിന്റെ ബുദ്ധമതപശ്‌ചാത്തലം വ്യക്‌തമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. ഒരു ബുദ്ധവിഹാരമായിരുന്നു ശബരിമല. നിത്യബ്രഹ്‌മചാരികളുടെ സങ്കേതമെന്ന നിലയ്‌ക്ക്‌ അവിടെ സ്‌ത്രീകള്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രമായപ്പോഴും ഈ ആചാരം തുടര്‍ന്നുപോന്നു. മറ്റുക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക്‌ പ്രവേശനം നിഷേധിച്ചിരുന്നപ്പോഴും ശബരിമലയില്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രവേശനാനുവാദം ഉണ്ടായിരുന്നു. അതും ജാതിമതാതീതമായ ബുദ്ധസങ്കല്‌പങ്ങളുടെ ഒരു അവശിഷ്‌ടമായിരുന്നു.
തൊട്ടടുത്തുള്ള മലയാലപ്പുഴ, അയ്യപ്പന്‍കോവില്‍ മുതലായ അയ്യപ്പക്ഷേത്രങ്ങളിലൊന്നും സ്‌ത്രീകള്‍ക്ക്‌ നിരോധനമില്ല. ഇതെന്തുകൊണ്ടെന്ന അന്വേഷണവും ശബരിമലയുടെ ബുദ്ധമതപശ്‌ചാത്തലമാണ്‌ വെളിവാക്കുന്നത്‌. സംസ്‌കൃതഭാഷയിലെ ആധികാരികനിഘണ്ടുവായ "അമരകോശ"ത്തില്‍ ബുദ്ധനും ശാസ്‌താവിനും ഒരേ പര്യായപദമാണ്‌ കൊടുത്തിരിക്കുന്നത്‌. ഇതെങ്ങിനെ വന്നുവെന്നും പഠിക്കണം.
കേരളചരിത്രത്തെക്കുറിച്ചും കേരളത്തിലെ ബുദ്ധമതസ്വാധീനത്തെക്കുറിച്ചുമൊക്കെ ആധികാരികപഠനങ്ങള്‍ നടത്തിയിട്ടുള്ള കേസരി ബാലകൃഷ്‌ണപിള്ള ഈ വിഷയത്തില്‍ നടത്തിയിട്ടുള്ള പഠനങ്ങള്‍ ശ്രദ്ധേയമാണ്‌. മഹാരാഷ്‌ട്രയില്‍ അടുത്തകാലത്ത്‌ സുപ്രധാനമായ രണ്ട്‌ ഹൈക്കോടതി വിധികള്‍ വന്നിട്ടുണ്ട്‌. അതിന്റെ അടിസ്‌ഥാനത്തില്‍ സ്‌ത്രീപ്രവേശനം നിഷേധിച്ചിരുന്ന ഒരു ശനീശ്വരന്‍ കോവിലില്‍ പോലീസ്‌ അകമ്പടിയോടെ സ്‌ത്രീകള്‍ പ്രവേശിച്ചത്‌ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പ്രസിദ്ധമായ ഒരു മുസ്ലീം ദേവാലയത്തിലും കോടതിവിധിയുടെ അടിസ്‌ഥാനത്തില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കേണ്ടിവന്നു. ഇവിടെയൊക്കെ ആചാര
ലംഘനമാണ്‌ നടന്നതെന്നു പറയാമോ? ആചാരലംഘനമല്ല, ഇത്‌ ആചാരധ്വംസനമാണ്‌.
ഭഗവദ്‌ഗീതയില്‍ ക്ഷേത്രമെന്താണെന്ന്‌ കൃഷ്‌ണന്‍ അര്‍ജുനന്‌ വിശദീകരിച്ചുകൊടുക്കുന്നുണ്ട്‌.
"ഇദം ശരീരം കൗന്തേയ
ക്ഷേത്രമിത്യഭിധീയതേ"
(അല്ലയോ അര്‍ജ്‌ജുനാ, ക്ഷേത്രമെന്നത്‌ ഈ ശരീരം തന്നെയാണ്‌.) ശരീരം തന്നെ ക്ഷേത്രമാവുമ്പോള്‍ മനുഷ്യശരീരത്തിലുണ്ടാവുന്ന സ്വാഭാവിക പരിണാമങ്ങള്‍ എങ്ങിനെ അശുദ്ധിയാവും?
ശാസ്‌താവ്‌ നിത്യബ്രഹ്‌മചാരിയാണെന്നും അതുകൊണ്ടാണ്‌ സ്‌ത്രീ പ്രവേശനമനുവദിക്കാത്തതെന്നും ദേവസ്വംബോര്‍ഡിലെ ചിലര്‍ ആദ്യമൊക്കെ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ ശാസ്‌താവിന്റെ "അഷേ്‌ടാത്തരശതക"ത്തില്‍ ശാസ്‌താവിന്‌ പൂര്‍ണ്ണയെന്നും പുഷ്‌കലയെന്നും പേരുള്ള രണ്ടു ഭാര്യമാര്‍ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതാരോ ചൂണ്ടിക്കാണിച്ചതുമുതല്‍ ശാസ്‌താവിന്റെ ബ്രഹ്‌മചര്യവാദം ആരും ഉന്നയിച്ചുകാണുന്നില്ല.
കാലാകാലങ്ങളായി തുടര്‍ന്നുവരുന്ന ഒരാചാരം-അതു ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല എന്നാണ്‌ ഇപ്പോള്‍ പറഞ്ഞുകേള്‍ക്കുന്ന പ്രധാനവാദം. 1937-ല്‍ ക്ഷേത്രപ്രവേശനവിളംബരം ഉണ്ടാകുന്നതുവരെ അവര്‍ണര്‍ക്ക്‌ ക്ഷേത്രങ്ങളില്‍ പ്രവേശനമുണ്ടായിരുന്നില്ല. അങ്ങിനെയെങ്കില്‍ ക്ഷേത്രപ്രവേശനവിളംബരം ഒരാചാരലംഘനമാണെന്ന്‌ പറയേണ്ടിവരും. പുരോഗനാത്മക സമൂഹത്തില്‍ സമത്വാധിഷ്‌ഠിതമായ നന്മ പുലരുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം.
"പാതിയോളം വരും നല്ല-
പാതിയാം സ്‌ത്രീജനങ്ങളെ
പുറത്തുനിര്‍ത്തുമാചാര-
മെന്തു ബീഭത്സനീതിയാം?"

എസ്‌.പി. നമ്പൂതിരി

Ads by Google
Thursday 12 Jul 2018 02.53 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW