Thursday, July 12, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.37 AM

ദമ്പതികളെ തടഞ്ഞുനിര്‍ത്തി കവര്‍ച്ചയും ആക്രമണവും; പ്രതിക്ക്‌ 10 വര്‍ഷം കഠിനതടവ്‌

uploads/news/2018/07/232741/c4.jpg

ചെങ്ങന്നൂര്‍: ദമ്പതികളെ തടഞ്ഞുനിര്‍ത്തി ആഭരണം കവരുകയും ആക്രമിക്കുകയും ചെയ്‌ത കേസില്‍ പ്രതിയ്‌ക്ക്‌ 10 വര്‍ഷം തടവും പിഴയും. പാണ്ടനാട്‌ കീഴ്‌വന്‍മഴി കണ്ടത്തില്‍ പറമ്പില്‍ വീട്ടില്‍ നിന്നും കുറ്റപ്പുഴ വില്ലേജില്‍ തിരുമൂലപുരം കല്ലിശേരി വീട്ടില്‍ വാടകയ്‌ക്ക്‌ താമസിക്കുന്ന മനോജ്‌(മോഴ ബിനു-45)നെയാണ്‌ അസി.സെഷന്‍സ്‌ കോടതി ജഡ്‌ജി ഡി.സുധീര്‍ 10 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്‌ക്കും ശിക്ഷിച്ചത്‌.
50,000 രൂപ വീതം ഒന്നും രണ്ടും സാക്ഷികള്‍ക്ക്‌ നല്‍കണം. 2007 ഏപ്രില്‍ 17 നാണ്‌ രാത്രിയിലായിരുന്നു കേസിനാസ്‌പദമായ സംഭവം. കോട്ടയം, പുത്തനങ്ങാടി, കാഞ്ഞിരത്തുംമൂട്ടില്‍ വീട്ടില്‍ അജിത്ത്‌, ഭാര്യ ലാലി എന്നിവര്‍ അടൂര്‍ ലൈഫ്‌ ലൈന്‍ ആശുപത്രിയില്‍ നിന്നും കോട്ടയത്തുള്ള വീട്ടിലേക്ക്‌ തിരികെപോകുമ്പോള്‍ എം.സി റോഡില്‍ ചെങ്ങന്നൂര്‍ പ്രാവിന്‍കൂടിന്‌ വടക്കുവശം മോഴ ബിനുവിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം വടിവാള്‍ കൊണ്ട്‌ ആക്രമിക്കുകയും കവര്‍ച്ച നടത്തി ലാലിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സമാന സ്വഭാവത്തിലുള്ള നിരവധി കവര്‍ച്ചകള്‍ ഇവര്‍ ഇപ്രകാരം നടത്തിയിരുന്നു.
2007 മെയ്‌ ഏഴിന്‌ പുലര്‍ച്ചെ മൂന്നരയോടെ അന്നത്തെ വെണ്‍മണി എസ്‌.ഐയായിരുന്ന ജോസ്‌മാത്യുവാണ്‌ പ്രതികളെ പിടികൂടിയത്‌. കൊല്ലകടവ്‌ പാലത്തില്‍ മാരകായുധങ്ങളുമായി സംഘടിച്ച്‌ നില്‍ക്കുകയായിരുന്ന പ്രതികളെ ജോസ്‌മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്‌ ലാലിയും അജിത്തും പ്രതികളെ തിരിച്ചറിഞ്ഞു. കേസിന്റെ വിസ്‌താര വേളയില്‍ മോഴ ബിനു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയി.
പിന്നീട്‌ ഇയാളെ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തി. ആയുധ നിരോധന നിയമപ്രകാരമുള്ള കേസിന്‌ മൂന്നു വര്‍ഷം തടവ്‌ ശിക്ഷ ലഭിച്ചിരുന്ന ഇയാള്‍ ആ കേസില്‍ ശിക്ഷ അനുഭവിച്ച്‌ വന്ന വേളയിലാണ്‌ ഈ കേസിലും ശിക്ഷിച്ചത്‌.
സ്‌ഫോടക വസ്‌തു നിരോധന നിയമപ്രകാരം ചെങ്ങന്നൂര്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത മറ്റൊരു കേസും പത്തനംതിട്ട കോടതിയില്‍ സമാന സ്വഭാവമുള്ള പല കേസുകളും ഇയാള്‍ക്കെതിരെയുണ്ട്‌. പ്രോസിക്യൂഷന്‌ വേണ്ടി അഡീഷണല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ റെഞ്ചിചെറിയാന്‍ ഹാജരായി.
കേസിലെ രണ്ടും മൂന്നും പ്രതികളെ നേരത്തെ നാലു വര്‍ഷം തടവിന്‌ ശിക്ഷിച്ചിരുന്നു. വിചാരണ വേളയില്‍ മോഴ ബിനു ഒളിവില്‍ പോയതിനാല്‍ പോലീസ്‌ റീഫയല്‍ ചെയ്‌ത കേസിലാണ്‌ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടത്‌.
കേസിലെ മൂന്നു പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്‌. ദമ്പതികളില്‍ നിന്നും 1,14,000 രൂപയുടെ സ്വര്‍ണാഭരണങ്ങളാണ്‌ കവര്‍ന്നത്‌. സി.ഐയായിരുന്ന ടി.വി.ബഞ്ചമിനാണ്‌ കേസ്‌ ചാര്‍ജ്‌ ചെയ്‌തത്‌. സെഷന്‍സ്‌ കോടതിയ്‌ക്ക്‌ വിധിക്കാവുന്ന പരമാവധി ശിക്ഷയാണ്‌ കേസില്‍ വിധിച്ചത്‌.

Ads by Google
Thursday 12 Jul 2018 02.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW