Thursday, July 12, 2018 Last Updated 0 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.22 AM

മൂന്നു ദിവസം കൂടി കനത്ത മഴ; ജാഗ്രതാ നിര്‍ദേശം

uploads/news/2018/07/232711/k2.jpg

തിരുവനന്തപുരം: കനത്ത മഴയെത്തുടര്‍ന്ന്‌ സംസ്‌ഥാനത്ത്‌ അതീവ ജാഗ്രതാ നിര്‍ദേശം. വടക്കന്‍ കേരളത്തില്‍ മഴ ശക്‌തമായി തുടരുകയാണ്‌. പലയിടങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. വ്യാപകമായി കൃഷിനാശവുമുണ്ടായി. മൂന്ന്‌ ദിവസം കൂടി ശക്‌തമായ മഴ തുടരും.
വയനാട്‌ ജില്ലയിലാണ്‌ മഴ ഏറ്റവും രൂക്ഷമായത്‌. ജില്ലയിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. 18 ദുരിതാശ്വാസ ക്യാമ്പുകളിലായി 712 പേരെ മാറ്റിപാര്‍പ്പിച്ചു. ബാണാസുരസാഗറിലെയും കാരാപ്പുഴ ഡാമിലെയും ജലനിരപ്പ്‌ ഉയര്‍ന്നു. ഇടുക്കി മൂലമറ്റം വാഗമണ്‍ പാതയില്‍ ഇലപ്പള്ളി എടാട്‌ ഉരുള്‍പൊട്ടി ഗതാഗതം മുടങ്ങി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ്‌ 123.5 അടിയായി. ആലപ്പുഴയില്‍ കുട്ടനാട്‌ മേഖലയിലെ ജലാശയങ്ങളില്‍ വെള്ളം ഉയര്‍ന്നു. ജലനിരപ്പുയരുന്നത്‌ രണ്ടാം വിളയെ ബാധിക്കുമോ എന്ന ആശങ്കയിലാണ്‌ കര്‍ഷകര്‍. ചേര്‍ത്തല, കാര്‍ത്തികപ്പളളി താലൂക്കുകളിലായി എട്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂന്നു ദുരിതാശ്വാസ ക്യാമ്പുകളിലായി 111 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
കോഴിക്കോട്‌ കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. പുഴയുടെ തീരപ്രദേശത്തുള്ളവര്‍ക്ക്‌ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഇരുവഞ്ഞിയും ചെറുപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുകയാണ്‌. മലപ്പുറം എടക്കരയില്‍ മൂന്നു പാലങ്ങള്‍ വെള്ളത്തിനടിയിലായി. പാലക്കാട്‌ മണ്ണാര്‍ക്കാട്‌ അട്ടപ്പാടി ചുരം റോഡില്‍ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു. ചിറ്റൂര്‍ മേഖലയില്‌ 80 ഹെക്‌ടറോളം കൃഷിയിടം വെള്ളത്തിലായി. ശിരുവാണി അണക്കെട്ടിലെ ജനലനിരപ്പുയര്‍ന്നതിനാല്‍ ശിരുവാണി, ഭവാനി പുഴകളിലെ തീരദേശവാസികള്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കി.
എറണാകുളം ജില്ലയിലെ മലയോരമേഖലകള്‍ ഒറ്റപ്പെട്ടു. പൂയംകുട്ടിയിലെ മണികണ്‌ഠന്‍ചാല്‍ ചപ്പാത്ത്‌ നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ രണ്ട്‌ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. ആലുവ മണപ്പുറം വെള്ളത്തിനടിയിലാണ്‌. പുഴയില്‍ ഇറങ്ങുകയോ, വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോകുകയോ ചെയ്യരുതെന്നു മുന്നറിയിപ്പ്‌. അടുത്ത 24 മണിക്കുറിനുള്ളില്‍ കേരള ലക്ഷദ്വീപ്‌ തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്‌. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും അറബിക്കടലിന്റെ വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്‌ധമാകാനിടയുണ്ട്‌. ഈ മേഖലകളില്‍ മത്സ്യബന്ധത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്‌.

ആറു ജില്ലകളിലെ സ്‌കൂളുകള്‍ക്ക്‌ ഇന്ന്‌ അവധി
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന്‌ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ഇന്ന്‌ അവധി. ഇടുക്കി, വയനാട്‌ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലും ആലപ്പുഴയിലെ ചേര്‍ത്തലതാലൂക്കിലും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കുമാണ്‌ അവധി.
പരീക്ഷകള്‍ക്കു മാറ്റമില്ല. പാലക്കാട്‌, എറണാകുളം ജില്ലകളില്‍ അങ്കണവാടി ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ അവധിയായിരിക്കും. കോളജുകള്‍ക്ക്‌ അവധി ബാധകമല്ല. കോട്ടയം ജില്ലയില്‍ അയ്‌മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്‌, കുമരകം, എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോട്ടയം നഗരസഭയിലെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

Ads by Google
Thursday 12 Jul 2018 02.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW