Wednesday, December 12, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.21 AM

കന്യാസ്‌ത്രീ പറയുന്നു... "ബിഷപ്‌ ഫ്രാങ്കോയെ മഠത്തില്‍ രാത്രി തങ്ങുന്നതിനു വിലക്കിയിരുന്നു, പരാതിയില്‍ നടപടിയില്ലാത്തതിനാല്‍ സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു, ഒപ്പം സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ 15 കന്യാസ്‌ത്രീകള്‍ തയാറായിരുന്നു"

uploads/news/2018/07/232691/nun-ac.jpg
rep. pic

കോട്ടയം: കുറവിലങ്ങാട്‌ മഠത്തില്‍ രാത്രി തങ്ങുന്നതിനു ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനു വിലക്കുണ്ടായിരുന്നെന്ന്‌ അദ്ദേഹത്തിനെതിരേ പരാതി നല്‍കിയ കന്യാസ്‌ത്രീയുടെ വെളിപ്പെടുത്തല്‍. കന്യാസ്‌ത്രീകളോട്‌ അപമര്യാദയായി പെരുമാറിയതിന്റെ പേരിലായിരുന്നു അതെന്നും കന്യാസ്‌ത്രീ 'മംഗള'ത്തോട്‌ പറഞ്ഞു.

ബിഷപ്പിനെ രാത്രി മഠത്തില്‍ തങ്ങാന്‍ അനുവദിക്കാത്തതിന്റെ കാരണം സുപ്പീരിയര്‍ ജനറലിന്‌ അറിയാവുന്നതാണ്‌. ബിഷപ്പുമായുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ അറിയാമായിരുന്നിട്ടും കന്യാസ്‌ത്രീ എന്ന നിലയിലുള്ള തന്റെ അന്തസ്‌ സംരക്ഷിക്കാന്‍ സുപ്പീരിയര്‍ ശ്രമിച്ചില്ല. കുറവിലങ്ങാട്‌ മഠത്തില്‍ വച്ച്‌ തനിക്ക്‌ മരുന്നുവാങ്ങാനോ വ്യക്‌തിപരമായ ആവശ്യങ്ങള്‍ക്കോ പണം നല്‍കില്ലായിരുന്നെന്നും അവര്‍ പറഞ്ഞു. 2017 ഡിസംബര്‍ 15ന്‌ സുപ്പീരിയര്‍ ജനറലിനു നല്‍കിയ പരാതിയില്‍ കന്യാസ്‌ത്രീ ഇക്കാര്യങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ബിഷപ്‌ ഫ്രാങ്കോ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു ചൂണ്ടിക്കാണ്ടി സഭാ അധികൃതര്‍ക്ക്‌ നേരത്തേ പരാതി നല്‍കിയിരുന്നു. തനിക്കെതിരേയുണ്ടായ പീഡനത്തെത്തുടര്‍ന്നാണ്‌ ബിഷപ്പിനെ കുറവിലങ്ങാട്ടെ മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കില്ലെന്നു നിലപാടെടുത്തത്‌. അതിനാലാണു തന്നെ കുറ്റാരോപിതയാക്കുന്നതെന്നാണ്‌ കന്യാസ്‌ത്രീ സുപ്പീരിയര്‍ ജനറലിന്‌ അയച്ച പരാതിയില്‍ പറയുന്നത്‌. 2017 ഫെബ്രുവരി ഒമ്പതിനു മിഷനറീസ്‌ ഓഫ്‌ ജീസസിന്റെ കേരള ഇന്‍ ചാര്‍ജ്‌ സ്‌ഥാനത്തുനിന്നു തന്നെ മാറ്റി. ആ തീരുമാനത്തിനു പിന്നില്‍ ബിഷപ്‌ ഫ്രാങ്കോയാണെന്ന്‌ സുപ്പീരിയര്‍ പിന്നീടു പറഞ്ഞു.

2017 നവംബര്‍ 30-ന്‌ തനിക്കും മറ്റു ചില കന്യാസ്‌ത്രീകള്‍ക്കുമെതിരേ ബിഷപ്‌ ജലന്ധര്‍ പോലീസിനു പരാതി നല്‍കി. തങ്ങള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നുവെന്നായിരുന്നു ആരോപണം. ഇക്കാര്യം കേരളത്തിലെ ഇന്‍ ചാര്‍ജിനെ താന്‍ അറിയിച്ചിരുന്നു. ഈ പരാതികളൊക്കെ കണ്ടതിനാലാണു ബിഷപ്‌ ഫ്രാങ്കോ തനിക്കെതിരേ ചില കള്ളപരാതികള്‍ നല്‍കിയതെന്നും കന്യാസ്‌ത്രീ ആരോപിച്ചു. അവയൊക്കെ പരിഹരിച്ചതിനു ശേഷവും പരാതികള്‍ പുനഃപരിശോധിക്കണമെന്നു ബിഷപ്‌ ആവശ്യപ്പെട്ടത്‌ തന്നോടുള്ള വിരോധം മൂലമാണ്‌.

സഭാനേതൃത്വത്തിന്‌ പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്നതിനാല്‍ കഴിഞ്ഞ ഡിസംബറില്‍ സഭാവസ്‌ത്രം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. തനിക്കൊപ്പം സഭാവസ്‌ത്രം ഉപേക്ഷിക്കുമെന്ന്‌ മറ്റു 15 കന്യാസ്‌ത്രീകളും നിലപാടെടുത്തു. സഭയ്‌ക്ക്‌ ദോഷകരമാകുന്ന തീരുമാനമെടുക്കരുതെന്ന്‌ രൂപതയിലെ നിരവധി വൈദികരും ആവശ്യപ്പെട്ടു. അതിനാലാണ്‌ കടുത്ത അനീതിയുണ്ടായിട്ടും സഹിച്ചുനിന്നത്‌.
തന്നെ കുറ്റക്കാരിയാക്കാന്‍ ബിഷപ്പിന്റെ ഭാഗത്തുനിന്നു ബോധപൂര്‍വമായ നീക്കങ്ങളുണ്ടായി. താന്‍ ബിഷപ്പിനെ വധിക്കാന്‍ ശ്രമിച്ചെന്ന്‌ കഴിഞ്ഞ മാസം അവര്‍ 22-ന്‌ കുറവിലങ്ങാട്‌ പോലീസില്‍ പരാതി നല്‍കിയതോടെയാണു താന്‍ പോലീസിനെ സമീപിച്ചതെന്നും കന്യാസ്‌ത്രീ പറഞ്ഞു.

Ads by Google
Thursday 12 Jul 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW