Sunday, March 24, 2019 Last Updated 4 Min 58 Sec ago English Edition
Todays E paper
Ads by Google
വിനോദ്‌ കണ്ണോളി
വിനോദ്‌ കണ്ണോളി
Thursday 12 Jul 2018 02.21 AM

കാട്ടാനയാക്രമണം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത്‌ മൂന്നു പേര്‍; ഒന്നര പതിറ്റാണ്ടിനിടെ പൊലിഞ്ഞത്‌ 37 ജീവന്‍, നൂറിലേറെപ്പേര്‍ മൃതപ്രായര്‍, മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ കടലാസില്‍

uploads/news/2018/07/232689/elephent2.jpg
rep. pic

തൊടുപുഴ: ഇടുക്കിയിലടക്കം നേരിടുന്ന രൂക്ഷമായ കാട്ടാന ആക്രമണത്തില്‍ നിന്ന്‌ ആദിവാസികള്‍ ഉള്‍പ്പെടെയുള്ളവരെ സംരക്ഷിക്കുന്നതിന്‌ നടപടിയെടുക്കുമെന്ന പ്രഖ്യാപനങ്ങളെല്ലാം പാളി. ഇടുക്കിയില്‍ ഒരുമാസത്തിനിടെ മൂന്നുപേരാണ്‌ കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്‌. ഒന്നര പതിറ്റാണ്ടിനിടെ മുപ്പത്തിയേഴോളം പേരുടെ ജീവന്‍ ഇത്തരത്തില്‍ നഷ്‌ടമായി.

നൂറിലേറെപ്പേരാണ്‌ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ്‌ ഇപ്പോഴും മൃതപ്രായരായി കഴിയുന്നത്‌. കാട്ടാനയാക്രമണത്തില്‍ നിന്ന്‌ സംരക്ഷണം ഒരുക്കണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ അടക്കം നിര്‍ദേശങ്ങള്‍ കടലാസിലൊതുങ്ങിയതോടെയാണ്‌ പ്രതിസന്ധി രൂക്ഷമായത്‌. ജൂണ്‍ 16 ന്‌ പൂപ്പാറയിലെ മൂലത്തറയില്‍ എസ്‌റ്റേറ്റ്‌ വാച്ചറായിരുന്ന പി.വേല്‍, ജൂലൈ നാലിന്‌ പെട്ടിമുടി ആദിവാസി സെറ്റില്‍മെന്റിലെ തങ്കച്ചന്‍, ഇന്നലെ എസ്‌റ്റേറ്റ്‌ മാനേജരായിരുന്ന ശാന്തിപുരം സ്വദേശി കുമാര്‍ എന്നിവരാണ്‌ ഒരുമാസത്തിനിടെ കൊല്ലപ്പെട്ടത്‌. ഈ വര്‍ഷം ഇതുവരെ നാലുപേരും കഴിഞ്ഞ വര്‍ഷം അഞ്ചുപേരും കാട്ടാനക്കലിക്ക്‌ ഇരയായിരുന്നു. ഓരോ സംഭവം ഉണ്ടാകുമ്പോഴും സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കുമെന്ന്‌ പ്രഖ്യാപിക്കുന്നതല്ലാതെ തുടര്‍ നടപടി ഉണ്ടാകാത്തതാണ്‌ പലപ്പോഴും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്‌. മുമ്പ്‌ ഇക്കാര്യത്തില്‍ അടിയന്തരമായി നടപടിയെടുക്കണമെന്ന്‌ മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിരുന്നു.

റെയില്‍ ഫെന്‍സിങ്‌ മുഴുവനും പൂര്‍ത്തിയാക്കണമെന്നും ഇതിനായി അഡീഷണല്‍ ബജറ്റ്‌ പ്ര?വിഷന്‍ വകയിരുത്തണമെന്നും നിര്‍ദേശിച്ചിരുന്നു. കിഫ്‌ബിയിലും നബാഡ്‌ വായ്‌പാ പദ്ധതിയിലും ഉള്‍പ്പെടുത്തി ഇതിന്‌ ധനസമാഹരണം നടത്താനായിരുന്നു നിര്‍ദേശം.
ഇത്‌ പൂര്‍ത്തിയാകുന്നതുവരെ ആനപ്രതിരോധ കിടങ്ങുകളും മതിലുകളും സൗരോര്‍ജ വേലികളും നിര്‍മിച്ച്‌ വന്യജീവി ആക്രമണം തടയാനും കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം പാതിവഴിയില്‍ മാത്രമാണ്‌. നഷ്‌ടപരിഹാരം പുതുക്കി നിശ്‌ചയിക്കണമെന്നും കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന ഉത്തരവ്‌ ഉണ്ടായിരുന്നെങ്കിലും പലര്‍ക്കും ഇത്‌ ലഭിച്ചിട്ടില്ല.

മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള നഷ്‌ടപരിഹാര തുകയും പലര്‍ക്കും ലഭിച്ചിട്ടില്ലെന്ന്‌ ആരോപണമുണ്ട്‌. എസ്‌.സി/എസ്‌.ടി വിഭാഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ്‌ തുക രണ്ടുലക്ഷമായി വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും നടപ്പായിട്ടില്ല. മുമ്പ്‌ കാട്ടാന ആക്രമണം രൂക്ഷമായ സമയത്ത്‌ കുങ്കിയാനകളെ ഇറക്കി ഇവരെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും ഇതും കാര്യമായ ഫലംകണ്ടില്ല. ആക്രമണകാരികളായ കാട്ടാനകള്‍ക്ക്‌ പ്രത്യേക ആവാസവ്യവസ്‌ഥയൊരുക്കി തടയിടാന്‍ വനംവകുപ്പ്‌ ലക്ഷ്യമിട്ടിരുന്നു. ഇതിന്റെ പ്രാഥമിക രൂപരേഖ സര്‍ക്കാരിന്‌ സമര്‍പ്പിച്ചെങ്കിലും ഇതും ഫയലില്‍ ഉറങ്ങുകയാണ്‌.

സ്വാഭാവിക ആവാസവ്യവസ്‌ഥയിലുണ്ടായ തകര്‍ച്ചയാണ്‌ കാട്ടാനകളുടെ രൂക്ഷമായ ആക്രമണത്തിന്‌ കാരണമെന്നാണ്‌ വനംവകുപ്പിന്റെ വിലയിരുത്തല്‍. ആക്രമണകാരികളായ എഴുപതോളം കാട്ടാനകളാണ്‌ ഇടുക്കി വനമേഖലകളില്‍ നാശം വിതയ്‌ക്കുന്നത്‌. പലപ്പോഴും ഒരു സ്‌ഥലത്തു നിന്ന്‌ ഓടിക്കുന്ന കാട്ടാനക്കൂട്ടം മറ്റിടങ്ങളില്‍ നാശം വിതയ്‌ക്കുകയാണ്‌. ഇതിനാല്‍ മുമ്പ്‌ ഇവയുടെ ശല്യം അധികം അനുഭവപ്പെടാതിരുന്ന സ്‌ഥലങ്ങളില്‍ അപ്രതീക്ഷിതമായി കാട്ടാനകള്‍ എത്തിപ്പെടുന്നതും അപകടം വര്‍ധിപ്പിച്ചിട്ടുണ്ട്‌.

Ads by Google
വിനോദ്‌ കണ്ണോളി
വിനോദ്‌ കണ്ണോളി
Thursday 12 Jul 2018 02.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW