Wednesday, December 12, 2018 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.17 AM

താജ്‌ മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചുനീക്കൂ: സുപ്രീം കോടതി

uploads/news/2018/07/232682/d1.jpg

ന്യൂഡല്‍ഹി: ചരിത്രസ്‌മാരകമായ താജ്‌ മഹലിന്റെ പരിപാലനത്തില്‍ വീഴ്‌ച വരുത്തിയതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്‌ സര്‍ക്കാരിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒന്നുകില്‍ താജ്‌ മഹല്‍ അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ പുനര്‍നിര്‍മിക്കുകയോ ചെയ്യണമെന്നു കോടതി പറഞ്ഞു. താജ്‌മഹലിനെ സംരക്ഷിക്കാന്‍ സര്‍ക്കാരുകള്‍ യാതൊരു നീക്കവും നടത്തുന്നില്ല. ലോകാല്‍ഭുതങ്ങളില്‍ ഒന്നായ താജ്‌ മഹല്‍ സംരക്ഷിക്കപ്പെടേണ്ടതാണ്‌. അത്‌ അടച്ചിടാന്‍ ഞങ്ങള്‍ ഉത്തരവിടും, അല്ലെങ്കില്‍ നിങ്ങള്‍ അതു തകര്‍ക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യുക- ജസ്‌റ്റിസ്‌ എംബി ലോക്കൂര്‍, ജസ്‌റ്റിസ്‌ ദീപക്‌ ഗുപ്‌ത എന്നിവരടങ്ങിയ ഹരിത ബെഞ്ച്‌ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളോട്‌ പറഞ്ഞു. താജ്‌ മഹലിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ സുപ്രീം കോടതിയുടെ വിമര്‍ശനം.
പാരീസിലെ ഈഫല്‍ ടവറിലേക്കാള്‍ മനോഹരമായ ചരിത്ര സ്‌മാരകമാണ്‌ ആഗ്രയിലെ താജ്‌ മഹലെന്ന്‌ കോടതി അഭിപ്രായപ്പെട്ടു. ടെലിവിഷന്‍ ടവര്‍ പോലുള്ള ഈഫല്‍ ടവര്‍ കാണാന്‍ എട്ടു കോടി പേരാണു വര്‍ഷം തോറും അവിടെ ചെല്ലുന്നത്‌. താജ്‌ മഹല്‍ സംരക്ഷിക്കാത്തതിനാല്‍ വിദേശത്തുനിന്നുള്ള വരുമാനത്തിന്റെ വരവാണ്‌ അധികൃതര്‍ തടയുന്നതെന്നു തിരിച്ചറിയണം. താജ്‌മഹലിനെ സംരക്ഷിക്കാനുള്ള പദ്ധതിരേഖ ഉത്തര്‍പ്രദേശ്‌ സര്‍ക്കാര്‍ ഇതുവരെ തയാറാക്കിയിട്ടില്ല. സുപ്രീംകോടതി മൊറട്ടോറിയമുണ്ടായിട്ടും താജ്‌ മഹലിനു ചുറ്റുമുള്ള സംരക്ഷിത മേഖലയില്‍ പുതിയ വ്യവസായ ശാലകള്‍ ആരംഭിക്കാന്‍ അനുവാദം നല്‍കുന്നത്‌ തുടരുകയാണ്‌.-കോടതി നിരീക്ഷിച്ചു. താജ്‌ മഹലിനെ അന്തരീക്ഷ മലിനീകരണത്തില്‍നിന്നു സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട്‌ ഈമാസം 31 മുതല്‍ എല്ലാ ദിവസവും വാദം കേള്‍ക്കാനും ഹരിത ബെഞ്ച്‌ തീരുമാനിച്ചു.
ചരിത്ര സ്‌മാരകത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെ കൈക്കൊണ്ട നടപടികളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. മേഖലയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച്‌ കാണ്‍പുര്‍ ഐ.ഐ.ടി. പഠനം നടത്തുകയാണെന്നും നാലു മാസത്തിനുള്ളില്‍റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഒരു പ്രത്യേക സമിതിയും ഇതുസംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. നേരത്തെ, താജ്‌ മഹലിന്റെ പരിപാലനത്തില്‍ വീഴ്‌ച വരുത്തിയ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ്‌ ഇന്ത്യയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.

Ads by Google
Thursday 12 Jul 2018 02.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW