Monday, February 18, 2019 Last Updated 1 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 12 Jul 2018 02.08 AM

ആശുപത്രിക്കിടക്കയിലും കുറുമ്പുകാട്ടി കുരുന്നുകള്‍

ചിയാങ്‌ റായ്‌: 18 ദിവസത്തെ ഗുഹാതടങ്കലില്‍ നിന്ന്‌ പ്രത്യേകം സജ്‌ജമാക്കിയ ആശുപത്രി തടവറയിലായിട്ടും കുരുന്നുകളും പരിശീലകനും ഉത്സാഹഭരിതര്‍. കര്‍ശന നിയന്ത്രണങ്ങളുണ്ടെങ്കിലും കുട്ടിക്കുറുമ്പുകളുമായി ആശുപത്രിക്കിടക്കയിലും സജീവമാണ്‌ 12 പേരുമെന്ന്‌ ആദ്യദൃശ്യങ്ങള്‍ സാക്ഷ്യം.
വടക്കന്‍ തായ്‌ലന്‍ഡിലെ ചിയാങ്‌ റായ്‌യിലെ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്‌ എല്ലാവരും. ഇന്നലെയാണ്‌ ആശുപത്രിയില്‍നിന്നുള്ള കുട്ടികളുടെ വീഡിയോദൃശ്യങ്ങള്‍ ലോകത്തിനു മുന്നിലെത്തിയത്‌. സര്‍ജിക്കല്‍ മാസ്‌ക്‌ ധരിച്ചിരിക്കുന്ന കുട്ടികളില്‍ ചിലര്‍ കൈ ഉയര്‍ത്തി വിജയചിഹ്നം കാട്ടുന്നുണ്ട്‌. മറ്റു ചിലരാകട്ടെ4 വിരലുകള്‍കൊണ്ട്‌ പ്രത്യേക രീതിയില്‍ കൊമ്പുണ്ടാക്കുന്ന തിരക്കിലാണു ദൃശ്യങ്ങളില്‍. പച്ച നിറത്തിലുള്ള മുഖാവരണത്തിനു പിന്നില്‍ ചുണ്ടില്‍ വിരിയുന്നത്‌ പുഞ്ചിരിയാണെന്നു വ്യക്‌തം.
കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞയാളായ പതിനൊന്നുകാരന്‍ ഒഴികെയുള്ളവര്‍ കിടക്കയില്‍ ഇരിക്കുകയോ പാതി ഉയര്‍ത്തിവച്ച കട്ടിലില്‍ കിടക്കുകയോ ആണ്‌. പതിനൊന്നുകാരനാകട്ടെ വെളുത്ത പുതപ്പിനുകീഴില്‍ സുഖനിദ്രയിലാണ്‌. പരിചരിക്കുന്ന നഴ്‌സുമാരോടു കുട്ടികള്‍ കുശലം പറയുന്നതും ദൃശ്യങ്ങളിലുണ്ട്‌. കുട്ടികളും പരിശീലകനും ആരോഗ്യപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നു വ്യക്‌തമാക്കുന്നതാണ്‌ വീഡിയോ. 18 ദിവസത്തെ ഗുഹാവാസം എല്ലാവരുടെയും ശരീരഭാരത്തില്‍ രണ്ടു കിലോയോളം കുറവുണ്ടാക്കിയതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. അവസാനദിനം പുറത്തെത്തിയവര്‍ ഒഴികെയുള്ള എട്ടു കുട്ടികളുമായി മാതാപിതാക്കള്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌. കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ചില്ലുകൂട്ടില്‍നിന്നായിരുന്നു സംസാരം. ഏഴുമുതല്‍ പത്തു ദിവസത്തിനുള്ളില്‍ കുട്ടികള്‍ക്ക്‌ വീടുകളിലേക്കു മടങ്ങാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്‌.

Ads by Google
Thursday 12 Jul 2018 02.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW