Wednesday, July 03, 2019 Last Updated 3 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Jul 2018 04.16 PM

സ്വപ്‌നത്തേരിലേറി ചാന്ദിനി

''മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാകുന്ന ചാന്ദിനി.എം.നായരുടെ ജീവിതത്തിലൂടെ...''
uploads/news/2018/07/232568/chandhiniINW110718.jpg

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്നത് ഏതൊരു കോളജ് വിദ്യാര്‍ഥിനിയുടെയും സ്വപ്നമാണ്. എന്നാല്‍ അവസരം ലഭിച്ചിട്ടും വീട്ടുകാരുടെ എതിര്‍പ്പുമൂലം കിട്ടിയ അവസരം വേെണ്ടന്ന് വയ്ക്കുകയും വര്‍ഷങ്ങള്‍ക്കിപ്പുറം സീരിയല്‍ രംഗത്തു കൂടി അഭിനയലോകത്തേക്ക് കടന്നു വന്ന കലാകാരിയാണ് ചാന്ദിനി.എം.നായര്‍.

കേന്ദ്ര ഗവണ്‍മെന്റ്് ജീവനക്കാര്‍ ആയ സീതി ഗിരിജകുമാരി ദമ്പതികളുടെ മകള്‍ ചാന്ദിനിക്ക് കുട്ടിക്കാലം മുതല്‍ പാട്ടിനോടും ഡാന്‍സിനോടും ഇഷ്ടമുണ്ടായിരുന്നു. പാട്ടും ഡാന്‍സും പഠിക്കുന്നതിനു സമയവും കണ്ടെത്തിയിരുന്നു. എന്നാല്‍ ജവഹര്‍ നവോദയയിലെ പ്രവേശനം മത്സരപ്പരീക്ഷ എഴുതി നേടിയെടുത്തപ്പോള്‍ പാട്ടും ഡാന്‍സും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നു.

പഠനം കോളജ് തലത്തില്‍ എത്തിയപ്പോളാണ് മലയാളത്തിലെ പ്രശസ്ത സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ആ അവസരം വേണ്ടെന്ന് വച്ചാണ് കുടുംബിനി ആകുവാന്‍ തീരുമാനിച്ചത്.

uploads/news/2018/07/232568/chandhiniINW110718a.jpg

കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരുടെ മകള്‍ ആയതുകൊണ്ടു തന്നെ ഒരു ജോലി നേടുക എന്നതിനായിരുന്നു പ്രാധാന്യം. പഠിച്ച സ്‌കൂളില്‍ തന്നെ അദ്ധ്യപികയായി ജോലിയില്‍ പ്രവേശിച്ചതും പിന്നീട് ഭാര്യയും, അമ്മയും ഒക്കെയായി ജീവിതം മറ്റൊരു രീതിയില്‍ ചിട്ടപ്പെടുത്തി എടുക്കുവാനുള്ള തിരക്കിലായിരുന്നു ചാന്ദിനി. എങ്കിലും മനസിലെ കലാകാരി മായാതെ തന്നെ ഉണ്ടായിരുന്നു.

നിനച്ചിരിക്കാത്ത സമയത്താണ് സീരിയല്‍ രംഗത്തേക്ക് കടന്നു വരുന്നത്. മക്കളെയും കുടുംബത്തെയും ഓര്‍ത്തപ്പോള്‍ കിട്ടിയ അവസരം ആദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും ഭര്‍ത്താവും കട്ടപ്പന മുനിസിപ്പല്‍ കൗണ്‍സിലറും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റും ആയ മനോജ് മുരളിയുടെയും മക്കളുടെയും സ്‌നേഹപുര്‍വ്വമായ സമീപനം പ്രമുഖ ചാനലിന്റെ സീരിയലില്‍ വില്ലത്തി ആയി വേഷമിടീച്ചു.

സീരിയലിലെ മികച്ച അഭിനയം മലയാളം, തമിഴ് സിനിമകളില്‍ അവസരം കൊണ്ടുവന്നുവെങ്കിലും ഗവണ്‍മെന്റ് സ്‌കൂള്‍ ടീച്ചര്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളോടും സ്‌കൂളിനോടും ഉള്ള ചുമതലകളെപ്പറ്റിയുള്ള ബോധ്യം ചാന്ദിനിയെക്കൊണ്ട് 'നോ' എന്ന് പറയിച്ചു.

അനവധി ആല്‍ബങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചിട്ടുള്ള ചാന്ദിനി ഇപ്പോള്‍ കേരളത്തിലെ അറിയപ്പെടാത്ത വിനോദ സഞ്ചാരകേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന ഒരു ടെലിവിഷന്‍ പരിപാടിയുടെ പണിപ്പുരയിലാണ്.

uploads/news/2018/07/232568/chandhiniINW110718c.jpg

അഭിനയത്തോടൊപ്പം പാട്ടിനെയും ഡാന്‍സിനെയും സ്‌നേഹിക്കുന്ന ചാന്ദിനിയുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തി ഒരു മ്യൂസിക് ബാന്‍ഡും നടത്തുന്നുണ്ട്.

ഡാന്‍സിനും പാട്ടിനും പ്രാധാന്യം നല്‍കി ചാന്ദിനിയും മൂത്തമകള്‍ ആഷികാ മനോജും ചേര്‍ന്ന് അഭിനയിച്ച ആല്‍ബം യൂട്യൂബില്‍ കണ്ടത് ലക്ഷകണക്കിനാളുകളാണ്.

അദ്ധ്യാപികയും,പാട്ടുകാരിയും,അഭിനേത്രിയും മാത്രമല്ല നല്ല ഒരു മാനേജ്‌മെന്റ് വിദഗ്ധയും കൂടിയാണ് താന്‍ എന്ന് എസ്.എസ്.എ കോര്‍ഡിനേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു തെളിയിച്ചു ചാന്ദിനി. ഇടുക്കി ജില്ലയിലെ 9 പഞ്ചായത്തുകളിലായി നൂറോളം വരുന്ന ഗവണ്‍മെന്റ് സ്‌കൂളില്‍ എസ്.എസ്.എ യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ കളക്ടര്‍, എം.എല്‍.എ തുടങ്ങിയവരുടെ പ്രശംസയ്ക്ക് കാരണമായി. ആദിവാസി മേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചാന്ദിനിയെ ഇടുക്കി ജില്ലയിലെ മാതൃക അദ്ധ്യാപികക്കുള്ള 'തനിമ ചാരിറ്റബിള്‍ സൊസൈറ്റി' യുടെ പുരസ്‌കാരത്തിന് അര്‍ഹയാക്കി.

uploads/news/2018/07/232568/chandhiniINW110718b.jpg

ജീവിത്തില്‍ പലതവണ വേണ്ടെന്ന് വച്ചിട്ടും വീണ്ടും വീണ്ടും തേടിയെത്തുന്ന അഭിനയം ഇനി ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുവാനുള്ള തയാറെടുപ്പിലാണ് ചാന്ദിനി. മക്കളായ ആഷികാ മനോജ് ,ആര്‍ദ്രജ മനോജ്, ഭര്‍ത്താവ് മനോജ് മുരളി എന്നിവരുടെ സപ്പോര്‍ട്ടും സഹകരണവും തന്നെയാണ് ചാന്ദിനി.എം.നായര്‍ എന്ന കലാകാരിയുടെ ഏറ്റവും വലിയ ഊര്‍ജ്ജം.

നിലവില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ കുടുംബസമേതം താമസമാക്കിയ ചാന്ദിനി ടീച്ചര്‍ എന്ന ചാന്ദിനി.എം.നായര്‍ കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇംഗ്ലീഷ് വിഭാഗം അധ്യാപികയായി ജോലി ചെയ്യുകയാണ്.

തയാറാക്കിയത്: അനൂപ് പി ഗോപി

Ads by Google
Ads by Google
Loading...
TRENDING NOW