Wednesday, July 11, 2018 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Wednesday 11 Jul 2018 03.04 PM

ബിഷപ്പിന്റെ പീഡനം: സഭയ്ക്കുള്ളിലെ നാടകം തുറന്നുകാട്ടി കന്യാസ്ത്രീയുടെ സഹോദരിയും; ഫ്രാങ്കോയുടെ അടിച്ചമര്‍ത്തലിന് സുപ്പീരിയര്‍ ജനറല്‍ മൗനാനുമതി നല്‍കി

നിങ്ങളുടെ പ്രതികാര മനോഭാവവും എന്തുചെയ്യാന്‍ മടിയില്ലായ്മയും പല കന്യാസ്ത്രീകളുടെയും ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നു.
Jalandhar issue

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനകേസില്‍ കന്യാസ്ത്രീയുടെ പരാതിയില്‍ സ്വന്തം സന്യാസിനി സമൂഹത്തില്‍ നിന്നും നീതി തേടി പരാതിക്കാരിയുടെ സഹോദരിയും സന്യാസിനി സഭയുടെ മദര്‍ സുപ്പീരിയറിന് കത്തയച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ ആറിനാണ് പരാതിക്കാരിയുടെ സഹോദരി കത്തയച്ചത്. അവരും ഇതേ സന്യാസിനി സമൂഹത്തിലെ ജലന്ധര്‍ പ്രൊവിന്‍സില്‍ കന്യാസ്ത്രീയാണ്. തന്റെ സഹോദരിക്ക് സംഭവിച്ച പീഡനങ്ങള്‍ എല്ലാം വിശദമായി വിവരിച്ചുകൊണ്ടുള്ള നാലു പേജുള്ള കത്താണ് അവര്‍ സുപ്പീരിയര്‍ ജനറലിന് നല്‍കിയത്.

സന്യാസിനി സമൂഹത്തിന്റെ അധ്യക്ഷയെന്ന നിലയില്‍ സഭയിലെ അംഗങ്ങള്‍ക്കായിരുന്നു പ്രാധാന്യം നല്‍കേണ്ടിയിരുന്നത്. എന്നാല്‍ തന്റെ സഹോദരിയുടെ കാര്യത്തില്‍ താങ്കള്‍ പക്ഷപാതപരമായും പ്രതികാരത്തോടെയുമാണ് പല സാഹചര്യത്തിലും പെരുമാറിയത്. ബിഷപ്പ് ഫ്രാങ്കോയുമായുള്ള പ്രശ്‌നം തന്റെ സഹോദരി തുടക്കത്തില്‍ തന്നെ താങ്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഉദാസീനത കാണിച്ച നിങ്ങള്‍, പ്രശ്‌നം പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും മാത്രമല്ല തന്റെ സഹോദരിക്ക് ഒരു സഹായവും നല്‍കിയില്ല.

സഹോദരിയും നിങ്ങളും തമ്മിലുള്ള തെറ്റിദ്ധാരണ നീക്കാനെന്ന വിധത്തില്‍ തങ്ങളുടെ ബന്ധുവായ വൈദികനെ സമീപിച്ച നിങ്ങള്‍ അദ്ദേഹത്തോട് സന്യാസിനി സമൂഹത്തിന്റെ ചെറിയ കാര്യങ്ങളില്‍ പോലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കൈകടത്തല്‍ സഭയ്ക്കുള്ളിലെ ഐക്യത്തിനും സമന്വയത്തിലും വിഘാതം സൃഷ്ടിക്കുന്നതായും അതില്‍ അവസാനം വേണമെന്ന് ആഗ്രഹിക്കുന്നതായും അറിയിച്ചിരുന്നു. തന്റെ സഹോദരിയെ കുറവിലങ്ങാട് മഠത്തില്‍ സന്ദേര്‍ശിച്ച വേളിയിലും നിങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Jalandhar issue

കഴിഞ്ഞ രണ്ടു വര്‍ഷമായി തന്റെ സഹോദരി അനുഭവിച്ച എല്ലാ വിധത്തിലുമുള്ള മാനസികവുമായ പീഡനങ്ങളും യാതനകളും വിവരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു. നിങ്ങളില്‍ നിന്നും അവര്‍ വളരെയേറെ ബുദ്ധിമുട്ടുകള്‍ നേരിട്ടു. നമ്മുടെ സമൂഹത്തിലെ കന്യാസ്ത്രീകളുടെ കുടുംബാംഗങ്ങളുടെ കാര്യത്തിലും സഹായം നല്‍കേണ്ട ചുമതല സുപ്പീരിയര്‍ ജനറല്‍ എന്ന നിലയില്‍ നിങ്ങള്‍ക്കുണ്ട്. എന്നാല്‍ നിങ്ങളില്‍ നിന്നും ഒരു സഹായവും കുടുംബത്തിന് ലഭിച്ചില്ല. ബന്ധുവായ വൈദികനെ കണ്ടശേഷം കുറവിലങ്ങാടുള്ള സഹോദരിയെ സന്ദര്‍ശിച്ച നിങ്ങളും മറ്റൊരു കന്യാസ്ത്രീയും, തന്റെ സഹോദരിയെ കേരളത്തിലെ ചുമതലകളില്‍ നിന്നും നീക്കാനുള്ള ബിഷപ്പ് ഫ്രാങ്കോയുടെ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നുവെന്നും അറിയിച്ചിരുന്നു. ബിഷപ്പ് ഫ്രാങ്കോ വീണ്ടും കളിച്ചു. നിങ്ങളെ ഉപയോഗിച്ച് തന്റെ സഹോദരിയെ കുറവിലങ്ങാട് സുപ്പീരിയര്‍ സ്ഥാനത്തുനിന്നും നീക്കി. ഒരു അംഗമാക്കി അവിടെ നിലനിര്‍ത്തി. എന്നാല്‍ തന്റെ സഹോദരിയും ബിഷപ്പ് ഫ്രാങ്കോയും തമ്മില്‍ എന്തായിരുന്നു പ്രശ്‌നമെന്ന എന്തെങ്കിലും നിങ്ങള്‍ക്ക് അറിയാമായിരുന്നോ? സഭയിലെ സ്ഥാനചലനം ഒരു അസാധാരണ സംഭവമല്ലെന്നും ആര്‍ക്കും എന്നത്തേക്കും സുപ്പീരിയര്‍ ആയിരിക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എല്ലാത്തിനും പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ തന്നെയാണെന്ന് നിങ്ങള്‍ തന്നെയാണ് വ്യക്തമാക്കിയത്. നിങ്ങളുടെ മൗനസമ്മതത്തോടെ ബിഷപ്പ് ഫ്രാങ്കോ തന്റെ ഏകാധിപത്യം സന്യാസിനി സമൂഹത്തിനു മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ബോധ്യമായി.

കുറവിലങ്ങാട്ടെ മഠത്തില്‍ തന്റെ സഹോദരിയെ കണ്ടപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ സഭയിലെ കാര്യങ്ങളില്‍ എല്ലാം കൈകടത്തുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അത് അവസാനിപ്പിക്കാന്‍ നിങ്ങള്‍ എന്തെങ്കിലും ചെയ്യുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ തലകീഴായി മറിയുന്നതാണ് കണ്ടത്. നിങ്ങളും തന്റെ സഹോദരിയും തമ്മിലുള്ള തെറ്റിദ്ധാരണ നീക്കാന്‍ കുറവിലങ്ങാട്ട് എത്തിയ നിങ്ങള്‍, നല്ല സുഹൃത്തുക്കളായിരുന്ന ഫ്രാങ്കോയും പരാതിക്കാരിയും തമ്മില്‍ ശത്രുതയിലാണെന്ന് മനസ്സിലാക്കിയതോടെ നിങ്ങള്‍ നിങ്ങളുടെ കളി തുടങ്ങി. നിഷ്‌കളങ്കയെന്ന ഭാവേന നിങ്ങള്‍ ബിഷപ്പ് ഫ്രാങ്കോയുടെ കയ്യിലെ കളിപ്പാവയായി തന്റെ സഹോദരിയെ മാനസികമായി പീഡിപ്പിച്ചു രസിച്ചു. ഫ്രാങ്കോയുടെ നിര്‍ദേശപ്രകാരം നിങ്ങള്‍ നാടകം കളിച്ചു. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം ബിഷപ്പ് ഫ്രാങ്കോയുടെ താല്‍പര്യമാണെന്ന് കാണിച്ച് മറ്റ് സന്യസ്തര്‍ക്കിടയില്‍ നിങ്ങളെ കുറിച്ച് ഭീതിസൃഷ്ടിച്ചു. നിങ്ങളുടെ എല്ലാ സര്‍ക്കുലറുകളും അപ്രകാരമായിരുന്നു. അതോടെ മറ്റുള്ളവര്‍ നിങ്ങളോട് ഒന്നും ചോദിക്കാതെയായി. അതേസമയം, താനൊന്നും അറിഞ്ഞില്ല എന്ന നിലപാടിലായിരുന്നു ഫ്രാങ്കോയും. മറ്റു കന്യാസ്ത്രീകള്‍ എന്തെങ്കിലും ചോദിച്ചാല്‍, അതെല്ലാം നിങ്ങളുടെ സഭയ്ക്കുള്ളിലെ കാര്യമല്ലേ. അതെകുറിച്ച് താനെങ്ങനെ അറിയാനാണ് എന്നാണ് അദ്ദേഹം ചോദിച്ചിരുന്നത്.

തന്റെ സഹോദരിയുമായി ബന്ധപ്പെട്ട ഇത്രയും ഗൗരവമേറിയ വിഷയങ്ങള്‍ ഉണ്ടായിട്ടും എന്തുകൊണ്ട് തന്നോട് ഒരു വാക്ക് ചോദിച്ചില്ല. അതിനു പകരം നിങ്ങള്‍ ബിഷപ്പ് ഫ്രാങ്കോയെ ശ്രേഷ്ഠനായി കണ്ട് എല്ലാ സഹായവും നല്‍കി. അത് തന്‍െ.റ സഹോദരിയെ എത്രമാത്രം ഇടിച്ചുതാഴ്ത്തുന്നതായിരുന്നു. വര്‍ഷങ്ങളോളം മഠത്തിന്റെ ജനറാള്‍ ആയിരുന്ന പരാതിക്കാരിയോട് പോലും നിങ്ങള്‍ ഒന്നും ചോദിച്ചില്ല. എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് ബോധ്യപ്പെട്ടിരുന്നു എങ്കില്‍ പിന്നെ എന്തിനാണ് ബിഷപ്പ് ആവശ്യപ്പെട്ടപ്പോഴെല്ലാം ഇക്കാര്യങ്ങള്‍ പലതവണ പരിശോധിച്ചത്. നിങ്ങള്‍ ആ പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കില്‍ ബിഷപ്പിന് നിങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയുമായിരുന്നില്ലെന്ന തനിക്ക് ഉറപ്പുണ്ട്.

കന്യാസ്ത്രീകളുമായുള്ള രഹസ്യങ്ങള്‍ സൂക്ഷിക്കുന്നതിലുള്ള നിങ്ങളുടെ കഴിവുകേട് വലിയ വിപത്തിനെയാണ് ക്ഷണിച്ചുവരുത്തിയത്. നിങ്ങള്‍ സാമാന്യബുദ്ധിയും ദീര്‍ഘദൃഷ്ടിയും പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ സഭയില്‍ ഈ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവില്ലായിരുന്നു. നിങ്ങളെ ശരിയായി ഉപദേശിച്ചവര്‍... അല്ലെങ്കില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍... അവരെ നിങ്ങള്‍ ശത്രുവിനെ പോലെയാണ് കണ്ടിരുന്നത്.

മറ്റൊരു സിസ്റ്ററിനുള്ള കത്ത് ബിഷപ്പ് ഫ്രാങ്കോ വായിച്ചു എന്നത് എത്ര നാണക്കേണ്ടാണ്. എത്രപേര്‍ ആ കത്ത് വായിച്ചുകാണും. സഭയുടെ ജനറാള്‍ എന്ന നിലയില്‍ കന്യാസ്ത്രീകളുടെ വിവരങ്ങള്‍ സ്വകാര്യമായി വയ്ക്കാന്‍ നിങ്ങള്‍ക്കായോ? നിങ്ങളെ 2017 നവംബറില്‍ താന്‍ സന്ദര്‍ശിച്ചപ്പോള്‍, പ്രശ്‌ന പരിഹാരത്തിന് നമ്മളൊരുമിച്ച് ബിഷപ്പ് ഫ്രാങ്കോയെ സന്ദര്‍ശിക്കാമെന്ന് നിങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് അത് നിങ്ങള്‍ മാറ്റി. ഇത്രയും ഗൗരവമായ ഒരു പ്രശ്‌നം പരിഹരിക്കാനോ നിങ്ങളുടെ കൂടെയുള്ള കന്യാസ്ത്രീകളെ സംരക്ഷിക്കാനോ കഴിയാത്ത നിങ്ങള്‍ക്ക് എങ്ങനെ ജനറാള്‍ പോസ്റ്റില്‍ കഴിയാന്‍ പറ്റുന്നു. നിങ്ങളുടെ കീഴിലുള്ള ഒരു കന്യാസ്ത്രീയെ കുറിച്ച് സംശയമുണ്ടെങ്കില്‍ അക്കാര്യം ആദ്യം അവരെ വിളിച്ച് തിരക്കുകയല്ലേ വേണ്ടത്. അല്ലാതെ കത്ത് ബിഷപ്പിന് കൈമാറുകയാണോ ചെയ്യേണ്ടത്. നിങ്ങള്‍ ഒരേ ബാച്ചുകാരാണെന്നും നിങ്ങളുടെ മുന്‍ ജനറല്‍ ആണെന്നുമുള്ള പരിഗണന എങ്കിലും പരാതിക്കാരിക്ക് നല്‍കേണ്ടതല്ലെ?

ബിഷപ്പ് ഫ്രാങ്കോയുടെ നിര്‍ബന്ധത്തിന് വഴങ്ങി പരാതിക്കാരിക്കെതിരായ ഫയലുകള്‍ നിങ്ങള്‍ പരിശോധിക്കുമ്പോള്‍, കന്യാസ്ത്രീകള്‍ക്കെതിരായ അനീതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവില്ലാത്ത നിങ്ങള്‍ക്കെങ്ങനെ സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്ന അവരെ ശിക്ഷിക്കാന്‍ കഴിയും. നിങ്ങള്‍ അപക്വമതിയും വിവേകകുറവുള്ള ആളുമാണെന്ന് ഇതെല്ലാം തെളിയിക്കുന്നു.

പരാതിക്കാരിക്കും മറ്റുള്ളവര്‍ക്കുമെതിരെ ഒരു കേസ് വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും? അത് പൂര്‍ണ്ണമായും നിങ്ങളുടെ സമ്മതത്തോടെയും അറിവോടെയുമായിരുക്കുമെന്ന് വ്യക്തമാണ്. അല്ലാത്തപക്ഷം നിങ്ങള്‍ അതേകുറിച്ച് ബിഷപ്പ് ഫ്രാങ്കോയോടൊ ഫാ.പീറ്ററിനോടോ സംസാരിച്ചിരിക്കും. ഈ വിഷയത്തില്‍ എന്തുകൊണ്ടാണ് പരാതിക്കാരി വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാതിരുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? കമ്മീഷന്‍ ഓഫീസ് സന്ദര്‍ശിച്ച ഞങ്ങളുടെ സഹോദര വൈദികന് ഇക്കാര്യത്തില്‍ എല്ലാം വ്യക്തമായ വിവരം ലഭിച്ചിരുന്നു എന്നതുകൊണ്ടാണ്.

മറ്റൊരു കന്യാസ്ത്രീയുടെ പരീക്ഷയും നിങ്ങള്‍ തടഞ്ഞു. ഹാള്‍ ടിക്കറ്റും സ്വീകരിച്ച് പരീക്ഷയ്ക്ക് എല്ലാ തയ്യാറെടുപ്പും എടുത്തിരുന്ന കന്യാസ്ത്രീയെ ആണ് നിങ്ങള്‍ തടഞ്ഞത്. നിലവില്‍ രോഗിയായ അവരെ നിങ്ങള്‍ സംരക്ഷിക്കുന്നുവെന്നും നടിക്കുന്നു. പരീക്ഷ എഴൂതാന്‍ കഴിയാത്ത കന്യാസ്ത്രീയെയും തന്റെ സഹോദരിയേയും പ്രശ്‌ന പരിഹാരത്തിനായി നിങ്ങള്‍ ജലന്ധറിലേക്ക് വിളിച്ചു. എന്നാല്‍ മാതൃതുല്യമായ ഒരു പരിഗണനയും നിങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിച്ചില്ല.' ഒരു കള്ളം മറയ്ക്കാന്‍ ആയിരം കള്ളങ്ങള്‍ പറയേണ്ടിവരും.' എന്ന ചൊല്ല് മറക്കരുത്. ജനറല്‍ കൗണ്‍സിലുമായുള്ള അവരുടെ കൂടിക്കാഴ്ച ഇല്ലാതാക്കി നിങ്ങള്‍ കമ്മീഷന്‍ യോഗത്തിനു പോയി. കൗണ്‍സിലറും നിങ്ങളുടെ ബന്ധുകൂടിയായ കന്യാസ്ത്രീയേയും നിങ്ങള്‍ വിഡ്ഢിയാക്കി. യോഗത്തിന്റെ അവസാന നിമിഷമാണ് നിങ്ങള്‍ ജനറാള്‍ കൗണ്‍സിലര്‍ ആയ അവരെ അക്കാര്യം അറിയിച്ചതും അതുകൊണ്ട് അവര്‍ക്ക് യോഗത്തിന് എത്താന്‍ കഴിയാതെ പോയതും.

ബിഷപ്പ് ഫ്രാങ്കോയുമൊത്തുന്ന സുദീര്‍ഘമായ കൂടിക്കാഴ്ചയ്ക്ക് ശേഷം മറ്റൊരു കന്യാസ്ത്രീ എഴുതിയ കത്തിനെ കുറിച്ച് നിങ്ങള്‍ എന്തു നടപടിയാണെടുത്തത്. തന്റെ സഹോദരിക്കെതിരെ ബിഷപ്പ് നടത്തിയ ആരോപണങ്ങളെ കുറിച്ചെല്ലാം ആ കത്തില്‍ വിശദമായി പറഞ്ഞിരുന്നു. ഇതെല്ലാം വ്യക്തമാക്കിയ അവര്‍ക്കെതിരെ നിങ്ങള്‍ മറ്റൊരു കന്യാസ്ത്രീയെ കൊണ്ട് സാമ്പത്തിക ക്രമക്കേട് ആരോപിച്ചു. കുറവിലങ്ങാട് മഠത്തിലേക്കും വൃദ്ധമന്ദിരത്തിലേക്കുമുള്ള റോഡ് ടാറിട്ടത് എങ്ങനെ പണം പാഴാക്കിയതാവും. അക്കാലത്ത് ജലന്ധറില്‍ നിന്ന് അതിനായി എന്തെങ്കിലും സഹായം ലഭിച്ചിരുന്നോ?

രൂപതയിലെ ചില ദൈവികരുമായി തന്റെ സഹോദരിക്ക് ബന്ധമുണ്ടെന്ന് വരെ ആരോപിച്ചു. ആരോപണങ്ങളെ കുറിച്ച് ഒന്നുപോലും നിങ്ങള്‍ തന്റെ സഹോദരിയോട് ചോദിച്ചില്ല. അവരെ ഇടിച്ചുതാഴ്ത്താനുള്ള ആരോപണം മാത്രമാണെന്ന് താന്‍ കരുതുന്നു. ആരോപണം നേരിടുന്നവരെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ചുമതലയാണ്. അതേസമയം, മറ്റൊരു വൈദികനെതിരെ ആരോപണം ഉന്നയിച്ച കന്യാസ്ത്രീകളെ ഓരോരുത്തരെയായി വിളിച്ച് നിങ്ങള്‍ വിശദീകരണം തേടി. എന്നാല്‍ തന്റെ സഹോദരിക്കെതിരെ ബിഷപ്പ് ഫ്രാങ്കോ ആരോപിച്ച കാര്യങ്ങളില്‍ എന്തു നടപടി സ്വീകരിച്ചു.

തന്റെ സഹോദരിയേയും മറ്റു രണ്ട് കന്യാസ്ത്രീകളെയും മഠത്തില്‍ നിന്ന് പുറത്താക്കുമെന്ന ബിഷപ്പ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എങ്ങനെയാണ് ഒരു ബിഷപ്പിന് അങ്ങനെ പറയാന്‍ കഴിയുക. ഒരു സുപ്പീരിയര്‍ ജനറല്‍ ഉള്ളപ്പോള്‍ ബിഷപ്പിന് എങ്ങനെ ഇക്കാര്യത്തില്‍ കൈകടത്താന്‍ കഴിയും. എല്ലാത്തിനും പിന്നില്‍ ബിഷപ്പ് ആണെന്ന് നിങ്ങള്‍ക്ക് അറിയാമോ? നിങ്ങള്‍ എല്ലാം അറിഞ്ഞിരുന്നു. എന്നാല്‍ അവരെ സംരക്ഷിക്കാന്‍ നിങ്ങള്‍ എന്തു ചെയ്തു.

തന്റെ സഹോദരി പല കാര്യങ്ങളിലും പരാതി പറഞ്ഞിരുന്നു. അതിലെല്ലാം പാലിച്ച നിങ്ങളുടെ മൗനം ഒരിക്കലും വിശുദ്ധമല്ല. നിങ്ങളുടെ നിശബ്ദത പലര്‍ക്കും ദോഷമായി. പക്ഷപാതവും സ്വാര്‍ത്ഥതയും നമ്മുടെ അധികാരികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. എല്ലാ അധാര്‍മ്മികതയും ദുഷ്പ്രവൃത്തിയും കുടിലതയും ചെയ്യാന്‍ മടിയില്ലാതെയായി. അവരൊന്നും ചോദ്യം ചെയ്യപ്പെടുന്നില്ല. എല്ലാം ചെയ്യാന്‍ അവര്‍ക്ക് ലൈസന്‍സാണ്. പണവും സമയവും ഊര്‍ജവും അതിനായി വിനിയോഗിക്കാനുമുണ്ട്.

നിങ്ങളുടെ പ്രതികാര മനോഭാവവും എന്തുചെയ്യാന്‍ മടിയില്ലായ്മയും പല കന്യാസ്ത്രീകളുടെയും ജീവന് ഭീഷണിയുണ്ടാക്കുന്നുവെന്ന് താന്‍ മനസ്സിലാക്കുന്നു. സഭയില്‍ നിന്നും തന്റെ സഹോദരിക്ക് ഒരു സംരക്ഷണവും ലഭിക്കാതെ വന്നതോടെ എല്ലാ കാര്യങ്ങളും താന്‍ വീട്ടില്‍ അറിയിച്ചു. തങ്ങളുടെ മാതാപിതാക്കള്‍ ജീവിച്ചിരുപ്പില്ല എന്നത് സത്യമാണ്. എന്നു കരുതി തങ്ങള്‍ അനാഥരല്ല. തങ്ങളെ സംരക്ഷിക്കാന്‍ പോരുന്ന സഹോദരനും സഹോദരിമാരുമുണ്ട്. സ്വന്തം രക്തത്തോടുള്ള കൂറ് മനുഷ്യ സഹജമാണ്. തന്റെ സഹോദരിയെ ബിഷപ്പ് ഫ്രാങ്കോ മഠത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ പോലീസ് കേസിനോ തുറന്നുപറച്ചിലിനോ തങ്ങള്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നും കത്തില്‍ പറയുന്നു.

എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തിനാണ് ചെരുവിരല്‍ പോലും അനക്കാതെയിരിക്കുന്നത്. ഒരു മനുഷ്യന് സഹിക്കാവുന്നതിന്റെ അപ്പുറമാണ് നേരിടുന്ന മാനസിക പീഡനങ്ങള്‍. ആരോടും പക്ഷപാതവും അനീതിയും ചെയ്യില്ലെന്ന് എപ്പോഴുംപറയുന്ന നിങ്ങള്‍, നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവരോട് അനുഭാവപൂര്‍വ്വം പെരുമാറുന്നു. എന്നാല്‍ മറ്റുള്ളവരോട് ക്രൂരമായി പെരുമാറതായെങ്കിലും ഇരുന്നുകൂടേ?

ക്രിസ്തു തന്റെ ശിഷ്യന്മാരെ തെരഞ്ഞെടുത്തത് അവരുടെ ബിരുദമോ ഡോക്‌റേറ്റോ നോക്കിയല്ല, സാധാരണക്കാരും മത്സ്യതൊഴിലാളികളുമായിരുന്നു അവര്‍. അവര്‍ക്ക് ഒറ്റയ്ക്ക് വലിയ കാര്യങ്ങള്‍ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ ദൈവം അവരിലൂടെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. സന്യാസ സഭയുടെ സ്ഥാപക പിതാവായ ബിഷപ്പ് സിംപോറിയന്‍ തന്റെ സഹോദരിയില്‍ ആ മീന്‍പിടുത്തക്കാരുടെ യോഗ്യത കണ്ടു. അവരെ ചെറുപ്രായത്തില്‍ തന്നെ സഭയുടെ ചുമതല ഏല്‍പ്പിച്ചു. അവരില്‍ ഏല്‍പ്പിച്ച എല്ലാ ഉത്തരവാദിത്തവും അവര്‍ നിര്‍വഹിച്ചു. ആത്മാര്‍ത്ഥമായി ജോലി ചെയ്തു. ഇപ്പോള്‍ പാഴ്ക്കടലാസ് പോലെ അവരെ വലിച്ചെറിഞ്ഞിരിക്കുന്നു. തന്റെ സഭയ്ക്കു വേണ്ടി ജീവിതവും ആരോഗ്യവും മുഴുവന്‍ സമര്‍പ്പിച്ച അവര്‍ ഇപ്പോള്‍ ആശുപത്രിയിലായി. അവരുടെ കാര്യത്തില്‍ തനിക്കുള്ള ആശങ്കയും വേദനയും എന്താണെന്ന് വച്ചാല്‍ അവര്‍ തന്റെ സഹോദരിയാണ്. പ്രതികാരവും അനീതിയും മാത്രമാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ എല്ലാ കാരണമെന്നും പരാതിക്കാരിയുടെ സഹോദരിയുടെ കത്തില്‍ വിവരിക്കുന്നു.

സ്ഥാപക പിതാവ് കാലങ്ങള്‍ക്ക് ശേഷം സിംപോറിയന്‍ പിതാവ് ജനറല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വേളയില്‍ പ്രയോഗിച്ച് വാക്കുകള്‍ (സ്‌കൗണ്ടറല്‍ കൗണ്‍സിലേഴ്‌സ്) ഇപ്പോള്‍ അന്വര്‍ത്ഥമായെന്നും ഇവര്‍ കത്തിന്റെ തുടക്കത്തില്‍ പറയുന്നണ്ട്.

(പരാതിക്കാരിയുടെയും കുടുംബത്തിലെ മറ്റുള്ളവരുടെയും സഭയിലെ മറ്റ് കന്യാസ്ത്രീകളുടെയും പേരുകള്‍ ആവര്‍ത്തിച്ച് കൊടുത്തിരിക്കുന്നതിനാല്‍ കത്ത് പരസ്യപ്പെടുത്താന്‍ കഴിയില്ല.)

Ads by Google
ബീനാ സെബാസ്റ്റിയന്‍
Wednesday 11 Jul 2018 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW