സെമിയില്‍ ബെല്‍ജിയത്തെ തകര്‍ത്ത് വീണ്ടും ലോകപ്പില്‍ മുത്തമിടാന്‍ ഫ്രാന്‍സിന് വെറും ഒരു കളി അകലം മാത്രം ബാക്കി നില്ക്കുമ്പോള് ഈ ലോകകപ്പില്‍ കളിച്ച മറ്റ് രാജ്യങ്ങളുടെ അമ്പത് താരങ്ങള്‍ കൂടി സന്തോഷിക്കും. കാരണം ലോകത്ത് ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ വഴി ഫുട്ബോളില്‍ നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സില്‍ ജനിച്ച 50 പേരായിരുന്നു വിവിധരാജ്യങ്ങള്‍ക്കായി റഷ്യയില്‍ പന്തു തട്ടിയത്. മൊറോക്കോ, പോര്‍ച്ചുഗല്‍, സെനഗല്‍, ടുണീഷ്യ എന്നീ രാജ്യങ്ങളുടെ ജഴ്സിയില്‍ ഫ്രാന്‍സില്‍ ജനിച്ചവര്‍ ഉണ്ടായിരുന്നു.
സോക്കര്‍ അക്കാദമികള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള ഫ്രഞ്ച് അത്ലറ്റിക് പ്രോഗ്രാമുകള്‍ പരിശോധിച്ചാല്‍ 20 ാം നൂറ്റാണ്ടിലെ വലിയൊരു ആഫ്രിക്കന്‍ കുടിയേറ്റചരിത്രമാകും കിട്ടുക. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് ദുരിതത്തിലായി പോയ ഫ്രാന്‍സിന് പുന:രുദ്ധാരണത്ത് വന്‍ തോതില്‍ തൊഴില്‍ശക്തി ആവശ്യമായി വന്നു. ഫ്രാന്‍സ് ആശ്രയിച്ചത് യൂറോപ്പിനെയും തങ്ങളുടെ മുന്‍ കോളനിയായ വടക്കന്‍ ആഫ്രിക്കയേയുമായിരുന്നു. കുടിയേറ്റം വര്‍ദ്ധിപ്പിക്കുകയായിരുന്നു മുന്നിലുള്ള പോംവഴി. ഫ്രാന്‍സിനെ വികസിതമാക്കുന്നതിനൊപ്പം 1960 കളോടെ തകര്‍ന്നുപോയ തങ്ങളുടെ അത്ലറ്റിക് ശക്തി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളും കൂട്ടത്തില്‍ നടന്നു.
ആഫ്രിക്കന്‍ തൊഴില്‍ ശക്തികള്‍ക്കൊപ്പം പ്രതിഭാ ധനരായ അവരുടെ കുട്ടികളുടെ സോക്കര്‍ മികവ് തേച്ചു മിനുക്കാന്‍ ലോകത്ത് ആദ്യമായി അക്കാദമികള്‍ സൃഷ്ടിച്ചു. ആഫ്രിക്കന്‍ കുടിയേറ്റക്കാരായ വിദേശ മാതാപിതാക്കളുടെ അനേകം കുട്ടികളെയാണ് ഫ്രാന്‍സ് പന്തുകളിക്കാരാക്കി അക്കാദമികളില്‍ മിനുക്കിയെടുത്തത്. ഫ്രഞ്ച് അക്കാദമിയില്‍ ഫുട്ബോള്‍ പഠിച്ചിറങ്ങിയ ഇവരില്‍ ചിലരെല്ലാം ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ദേശീയ ടീമിന്റെ ഭാഗമാകുകയും ചെയ്തു. സിനഡിന് സിഡാന്, തീയറി ഹെന്റി, പാട്രിക് വിയേര, പോള്‍ പോഗ്ബ, കരിം ബെന്‍സേമ, കിലിയന്‍ എംബാപ്പേ വരെ അനേകം പ്രതിഭകള്‍ ഇങ്ങിനെയാണ് ഫ്രാന്‍സിന്റെ കരുത്തായി മാറിയത്.
അള്‍ജീരിയയുടെ മൂന് നായകന് മദ്ജിദ് ബൗഗെരയും ഗാംബിയന്‍ സൂപ്പര്‍താരം പിയറി എംറിക് ഔബയാംഗുമെല്ലാം ഫ്രാന്‍സ് വിദേശരാജ്യങ്ങള്‍ക്ക് നല്കിയ സംഭാവനകളായിരുന്നു. ഈ ലോകകപ്പില്‍ ഫ്രാന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആള്ക്കാര് കളിച്ചത് ബ്രസീലിയന്‍ വംശജരായിരുന്നു. സ്പെയിന്റെ മുന്നേറ്റക്കാരന് ഡിയഗോ കോസ്റ്റ ഉള്‍പ്പെടെയുള്ളവര്‍ ബ്രസീലിയന്മാരാണ്. ഫ്രാന്‍സ് ഇത്തവണ ലോകകപ്പ് ഉയര്‍ത്തുന്നതിന് തൊട്ടടുത്തു നില്ക്കുമ്പോള് ഫ്രഞ്ച്-അറബ്-ആഫ്രിക്കന്‍ മിശ്രിതമായിരുന്ന 1998 ല്‍ ആദ്യമായി കപ്പുയര്‍ത്തിയ മഴവില്‍ ടീമിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സിഡാനും തുറാമും ദെഷാംപ്സും ഉള്‍പ്പെടുന്ന ടീമിന് സമാനമാണ് പോഗ്ബയും ഗ്രീസ്മാനും എംബാപ്പേയും ഉള്‍പ്പെടുന്ന പുതിയ ഫ്രഞ്ച് നിരയും. പുതിയ ഫ്രഞ്ച് ടീമിനെ എടുത്താല്‍ 22 ല്‍ 11 പേരും വരത്തന്മാരാണ്.
സെമിയില്‍ ബെല്‍ജിയത്തിന്റെ നെഞ്ചിലേക്ക് തീ കോരിയിട്ട പ്രതിരോധ നിരയിലെ പ്രമുഖനായ സാമുവല്‍ ഉംറ്റിറ്റി കാമറൂണ്‍ വംശജനാണ്. രണ്ടു വര്‍ഷം മാത്രമാണ് ഉംറ്റിറ്റി ജന്മനാടായ കാമറുണിലെ യാവോണ്ടേയില് ഉണ്ടായിരുന്നത്. അണ്ടര്‍ 17,21 ടീമുകളില്‍ ഫ്രഞ്ചു കുപ്പായം അണിഞ്ഞ താരത്തിനെ സ്വന്തം രാജ്യത്തിന് കിട്ടാന്‍ കാമറൂണ്‍ ഒരു വിഫല ശ്രമം നടത്തുകയും ചെയ്തിരുന്നു. കാമറൂണ്‍ ഇതിഹാസം റോജര്മില്ലയായിരുന്നു ആവശ്യവുമായി കാമറൂണ്‍ ഫുട്ബോള്‍ ഫെഡറേഷന് വേണ്ടി താരത്തെ കാണാനെത്തിയത്. ആവശ്യം ബാഴ്സിലോണ താരത്തിന്റെ ഉപദേശകര്‍ തള്ളുകയായിരുന്നു. എല്ലാകാലത്തും കാമറൂണിനല്ല ഫ്രാന്‍സിന് കളിക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നായിരുന്നു ഉംറ്റീറ്റി പറഞ്ഞത്. 2016 ല്‍ ആദില്‍ റാമി സസ്പെന്റ് ചെയ്യപ്പെട്ട സാഹചര്യത്തിലായിരുന്നു ഉംറ്റീറ്റി സീനിയര്‍ ലെവലില്‍ ആദ്യം കളിക്കാനിറങ്ങിയത്. പിന്നീടുള്ളത് ചരിത്രം.
ലോകത്തെ കിടയറ്റ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ ഫ്രാന്‍സിന്റെ എന്ഗാലേ കാന്റേ ശരിക്കും ആഫ്രിക്കന്‍ ടീം മാലിയുടെ നഷ്ടമായിരുന്നു. 2015 ല്‍ മാലി തഴഞ്ഞതാണ് കാന്റേയ്ക്ക് ഫ്രഞ്ച് ടീമിന്റെ അഭിമാനമാകാന്‍ സാഹചര്യം ഒരുക്കിയത്. ഫ്രഞ്ച് ടീമിന്റെ ഈ പ്രതിരോധഭിത്തിയായിരുന്നു അര്‍ജന്റീനയുടെ ലോകഫുട്ബോളര്‍ മെസിയെ മടക്കി അയച്ചത്. ഫ്രഞ്ച് ടീമിന്റെ നീല കുപ്പായം അണിയുമ്പോഴും കാന്റേ ജന്മം കൊണ്ട് ആഫ്രിക്കന്‍ രാജ്യമായ മാലിയുടെ താരമാണ്. ലോകോത്തര താരമായി ലെസ്റ്റര്സിറ്റിയിലും പിന്നാലെ ചെല്‍സിയിലും തിളങ്ങും മുമ്പ് മാലിയുടെ ജഴ്സിയണിയാന്‍ താല്‍പ്പര്യം കാട്ടിയയാളാണ് കാന്റേ. 2015 ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലായിരുന്നു മാലി ഫെഡറേഷനെ സമീപിച്ചത്. എന്നാല്‍ അക്കാലത്ത് ഫ്രഞ്ച് സെക്കന്റ് ഡിവിഷനില്‍ ബൊളോണിലും സീനിലുമൊക്കെ കളിക്കുകയായിരുന്ന താരത്തെ ഉള്‍പ്പെടുത്താന്‍ മാലി തയ്യാറായില്ല.
അന്ന് രണ്ടാം ഡിവിഷന് താരമായിരുന്ന കാന്റേ ഫ്രഞ്ച് ലീഗ് 1 ലേക്കുള്ള ശ്രമത്തിലായിരുന്നു. താരത്തിന്റെ വര തെളിഞ്ഞത് സ്റ്റീവ് വാല്‍ഷ് കണ്ടെത്തിയതോടെയാണ്. ജാമി വാര്‍ഡിയും റിയാദ് മെഹ്റെസുമൊക്കെ ചേര്‍ന്ന് ഒരു സീസണ് മുമ്പ് ലെസ്റ്റര്‍ സിറ്റിക്ക് ഇംഗ്ളീഷ് പ്രീമിയര്‍ലീഗ് കിരീടം നേടിക്കൊടുക്കുമ്പോള്‍ ടീമിന്റെ എഞ്ചിന് കാന്റേയായിരുന്നു. തൊട്ടു പിന്നാലെ ചെല്‍സി താരത്തെ റാഞ്ചി. ഇതിന് പിന്നാലെ മാലി 2016 ല്‍ കാന്റേയെ ടീമിലേക്ക് ഔദ്യോഗികമായി ക്ഷണിച്ച് കത്തയച്ചെങ്കിലും താന്‍ ഏതു ടീമില്‍ കളിക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു താരം നല്കിയ മറുപടി. പിന്നാലെ യൂറോകപ്പില്‍ ഫ്രഞ്ച് ടീമിന്റെ ഭാഗമാകുകയും ചെയ്തു.
പാരീസില്‍ നിന്നും 50 മൈല്‍ അകലെ ലാഗിണി സര് മാര്നേയിലാണ് ജനനമെങ്കിലൂം ഫ്രാന്‍സിലേക്ക് കുടിയേറിയ ഗയാന മാതാപിതാക്കളുടെ മകനായിട്ടാണ് ലോകഫുട്ബോളിലെ പടുകൂറ്റന്‍ ട്രാന്‍സ്ഫറില്‍ ഒന്നില്‍ താരമായ പോള്‍ പോഗ്ബയുടെ ജനനം. ഫ്ളോറന്റീന്, മത്യാസ് എന്നീ സഹോദരങ്ങള്‍ക്കൊപ്പം ഫ്രാന്‍സിന്റെ ഒരു ഓരത്ത് പന്തു തട്ടി നടന്ന പോഗ്ബ അവരേക്കാള്‍ വലിയ ക്ളബ്ബിന്റെ താരമായിട്ടാണ് മാറിയത്. ഫ്രഞ്ച് ക്ളബ്ബ് സെന്റ് എറ്റിനിയില് ഫ്ളോറന്റീനും സ്കോട്ടിഷ് പ്രീമിയര്‍ ലീഗിലെ പാട്രിക് തിസിലിന് മത്യാസും കളിക്കുമ്പോള്‍ പോള്‍ പോഗ്ബ കളിച്ചത് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിനും ഇംഗ്ളീഷ് വമ്പന്മാരായ മാഞ്ചസ്റ്ററിനും. ദേശീയ കുപ്പായത്തിന്റെ കാര്യത്തിലും പോള്‍ പോഗ്ബ സഹോദരങ്ങളെ ഞെട്ടിച്ചു. ഇരട്ടകള്‍ ജന്മനാടായ ഗയാനയ്ക്ക് കളിക്കാന്‍ തീരുമാനം എടുത്തപ്പോള്‍ പോള്‍ തെരഞ്ഞെടുത്തതാകട്ടെ ഫ്രഞ്ചു ടീമും.
ഇതിഹാസ പരിശീലകന് അലക്സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് താരം ഫ്രാന്‍സിലെ ലേ ഹാവ്റേയില് നിന്നും കൂടുമാറിയപ്പോള്‍ നെറ്റി ചുളിച്ചവരാണ് ഏറെയും. ഫെര്‍ഗൂസന്റെ കീഴില്‍ പ്രകടനം മോശമായപ്പോള്‍ 'അപ്പോഴേ പറഞ്ഞതല്ലേ' എന്ന് വിമര്‍ശിച്ചവരും ഏറെ. എന്നാല്‍ അവിടെ നിന്നും യുവന്റസിലേക്ക് എത്തിയതോടെ താരം പ്രതിഭ കാട്ടിക്കൊടുത്തു. ഇറ്റാലിയന്‍ കിരീടവും ചാമ്പ്യന്‍സ് ലീഗ് ഫൈനലുമായി വിജയകരമായ നാലു സീസണുകളാണ് പൂര്‍ത്തിയാക്കിയത്.
പോഗ്ബയെ ലോകത്തിന് നല്കിയ ലേ ഹാവ്രേയില് നിന്നുമാണ് ഫ്രാന്‍സിന്റെ രണ്ടാം ഗോളി സ്റ്റീവ് മന്ഡാന്ഡയുടെ വരവും. ഡമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലെ കിന്സാസയില് ജനിച്ച മന്ഡാന്ഡേ 2005 ലാണ് ലേ ഹാവ്രേയുമായി കരാറിലായത്. നാലു വര്‍ഷത്തേക്ക് ക്ളബ്ബിന്റെ യൂത്ത ടീമില്‍ കളിച്ച മന്ഡാന്ഡേ ജന്മനാടായ കോംഗോയെക്കാള് കളിക്കാന്‍ തെരഞ്ഞെടുത്ത ദേശീയ കുപ്പായം ഫ്രാന്സിന്റേതായിരുന്നു. അടുപ്പക്കാര്‍ 'ഫ്രഞ്ചി' എന്നാണ് മന്ഡാന്ഡേയെ വിളിക്കുന്നത് തന്നെ.
ലോകകപ്പില്‍ ഫ്രാന്‍സിന്റെ മിഡ്ഫീല്‍ഡിലെ എഞ്ചിനുകളില്‍ ഒന്നായ ബ്ളെയ്സ് മാറ്റിയൂഡിക്ക് ആഫ്രിക്കന്‍ ടീമായ അംഗോളയ്ക്കോ സെമിയില്‍ എതിരാളികളായ ബെല്‍ജിയത്തിനോ കളിക്കാമായിരുന്നു. എന്നാല്‍ താരം തെരഞ്ഞെടുത്തതാകട്ടെ ഫ്രാന്‍സ്. അംഗോളക്കാരനായ പിതാവിനും ഫ്രാന്‍സുകാരിയായ മാതാവിനും ഉണ്ടായ മകനാണ് മാറ്റിയൂഡി. ആഭ്യന്തരകലാപത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ യൂറോപ്പിലേക്ക് ചേക്കേറുകയായിരുന്നു. ആദ്യം താമസിച്ചത് ബല്‍ജിയത്തില്‍. അവിടെയും പ്രശ്നം തുടര്‍ന്നതോടെ ഫ്രാന്‍സിലേക്ക് വഞ്ചി തുഴഞ്ഞു. 1983 ലായിരുന്നു മാതാപിതാക്കള്‍ അംഗോള വിട്ടത്. ഒടുവില്‍ വന്നു കയറിയ ടൊളൂസിലെ ഹ്യൂറ്റേ ഗാറോണില് 1987 ല്‍ മാറ്റിയൂഡി ഉണ്ടായി.
നൈജീരിയന്‍ സൂപ്പര്‍താരം ജെജെ ഒക്കോച്ചയുടെ ആരാധകനായി പാരിസ് സെന്റ് ജെര്മ്മനായിരുന്നു മാറ്റിയൂഡിയുടെ ചെറുപ്പകാലത്തെ ഇഷ്ടക്ളബ്ബ്. ഫ്രഞ്ച് ടീമില്‍ നിന്നും കോംഗോ വംശജന് ക്ളോഡ് മക്കലെ ഒഴിഞ്ഞപ്പോള്‍ വന്ന ഒഴിവാണ് മാറ്റിയൂഡിക്ക് ഇടമായത്്. 2009 ല്‍ അംഗോള ഫെഡറേഷന് മാറ്റിയൂഡിക്കായി രംഗത്ത് വന്നെങ്കിലും സെന്റ് എറ്റീനെയ്ക്ക് കളിച്ചു കൊണ്ടിരുന്ന മാറ്റിയൂഡിയോട് മക്കലെയാണ് ലോറന്റ് ബ്ളാങ്കിന്റെ നിര്‍ദേശപ്രകാരം ഫ്രാന്‍സിനെ പ്രതിനിധീകരിക്കാന്‍ ആവശ്യപ്പെട്ടത്. 2016 യൂറോയില്‍ ദഷാംപ്സിന്റെ ടീമില്‍ എത്തിയ മാറ്റിയൂഡി ഫ്രാന്‍സിന്റെ ലോകകപ്പ് പ്രതീക്ഷയില്‍ മിഡ്ഫീല്‍ഡിലെ കുന്തമുനയാണ്.
കാമറൂണ്‍കാരനായ വില്‍ഫ്രഡ് എംബാപ്പേയ്ക്കും അള്‍ജീരിയക്കാരിയായ ഫയ്സാ ലെമാരിക്കും ജനിച്ച കിലിയന്‍ എംബാപ്പേയ്ക്ക് ലോകകപ്പ് സെമി കളിക്കാനൊരങ്ങുമ്പോള് 19 വയസ്സ് പൂര്‍ത്തിയായിട്ടേയുള്ളൂ. സിനഡിന് സിദാന്റെ ഫ്രഞ്ച് പട 1998 ല്‍ ലോകകപ്പ് നേടി ആറു മാസം കഴിഞ്ഞപ്പോഴായിരുന്നു എംബാപ്പേയുടെ ജനനം. പാരീസിലെ ബോണ്ടിയില്‍ നിന്നുള്ള താരത്തിന്റെ മാരക പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. എംബാപ്പേ കളിക്കാരനായില്ല എങ്കിലേ അത്ഭുതമുള്ളൂ. മാതാവ് ഫയാസ ഹാന്‍ഡ്ബോള്‍ താരമാണ്. പിതാവ് മൂന് ഫുട്ബോള്‍ താരവും. ഫുട്ബോള്‍ പരിശീലകനായ പിതാവ് എംബാപ്പേയാണ് കിലിയന്റെ ആദ്യ ഗുരുവും നിലവിലെ മാനേജരുമെല്ലാം.
കൊച്ചുന്നാള് മുതല്‍ ഫുട്ബോളില്‍ മികവ് കാട്ടിയ എംബാപ്പേ ആറാം വയസ്സില്‍ ആപ്രായത്തിലെ ഫ്രാന്‍സിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരവുമായിരുന്നു. ചെറുപ്പത്തില്‍ വീട്ടുകാരും കൂട്ടുകാരും കഴിഞ്ഞാല്‍ പിന്നെ എംബാപ്പേയ്ക്ക് എല്ലാം ഫുട്ബോളായിരുന്നു. സ്കൂളില്‍ പോകുന്നതിനേക്കാള്‍ പന്തു കളിക്കാനായിരുന്നു എംബാപ്പേയ്്ക്ക് ഇഷ്ടം. ഈ ലോകകപ്പില്‍ പിടിച്ചാല്‍ കിട്ടാത്ത താരമായി മാറിയിരിക്കുന്ന കൊച്ചുപയ്യന്റെ ഓട്ടവും ഗോളടിയും ടീമുകള്‍ ഒന്നാകെ ഭയപ്പെടുന്നുണ്ട്.
റെക്കോഡ് തുകയ്ക്ക് ലാറ്റിനമേരിക്കന്‍ വമ്പന്‍ നെയ്മറെ നല്കുമ്പോള് ഫ്രഞ്ച് ക്ളബ്ബ് പാരീസ് സെന്റ് ജര്മെയ്നോട് സ്പാനിഷ് വമ്പന്മാരായ ബാഴ്സിലോണ ചോദിച്ച പ്രമുഖ പേരുകളില്‍ ഒന്നായിരുന്നു ഒസമാനേ ഡെംബലേ. ആഫ്രിക്കന്‍ സങ്കര ദേശീയതയാണ് ഡെംബലേയുടേയും വേരുകള്‍. മൗറിത്താന സെനഗളീസ് വംശജയാണ് മാതാവ്. പിതാവ് മാലിക്കാരനും. ഫ്രാന്‍സിലേക്ക് കുടിയേറിയ മാതാപിതാക്കള്‍ക്ക് വെറോണില് വെച്ചായിരുന്നു ഡെംബലേ ജനിച്ചത്.
ഫ്രാന്‍സ് ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ കളിക്കാരന് സിനഡിന് സിദാനെ പോലെ തന്നെയാണ് മുന്നേറ്റക്കാരന് നെബില്‍ ഫെക്കീറിന്റെ വേരുകളും. ഫ്രാന്‍സിന്റെ വിവിധ യൂത്ത് പരിപാടികളിലൂടെ താരമായി ഉയര്‍ന്നു വന്ന നെബിലിന് പിതാവിന്റെ നാടായ അള്‍ജീരിയയ്ക്ക് വേണമെങ്കിലും കളിക്കാമായിരുന്നു. എന്നാല്‍ 2015 ല്‍ തന്റെ വംശീയത നില നില്ക്കുന്ന നാട്ടില്‍ നിന്നുള്ള ക്ഷണം തള്ളിയാണ് താരം കുടിയേറ്റ വേരുകളുള്ള ടീമില്‍ കളിക്കാന്‍ അവസരം തെരഞ്ഞെടുത്തത്.
ഫ്രഞ്ച് ക്ളബ്ബ് മാഴ്സെലിയില്‍ കളിക്കുമ്പോള്‍ കളിക്കാരനെന്നതിനേക്കാള്‍ ഹോളിവുഡ് താരം പമേലാ ആന്‍ഡേഴ്സനുമായുള്ള ഗോസിപ്പുകളായിരുന്നു ആദില്‍ രാമിയെ കൂടുതല്‍ പ്രശസ്തനാക്കിയത്്. പമേലയുടെയും ആദിലിന്റെ ഹോട്ട് സ്റ്റോറികള്‍ക്ക് വലിയ പ്രചാരമാണ് കിട്ടിയത്. കളിക്കളത്തില്‍ മാഴ്സെയിയുടെയും ഫ്രഞ്ച് ടീമിന്റെയും ഈ പ്രതിരോധഭടന്റെ വേരുകള്‍ പക്ഷേ മൊറാക്കോയിലാണെന്ന് മാത്രം. മാതാപിതാക്കള്‍ മൊറാക്കോയില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ മൊറാക്കോ മാതാപിതാക്കളുടെ നാലു മക്കളില്‍ ഒരാളായിട്ടാണ് ജനനം. 2008 ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ കളിക്കാന്‍ താരത്തെ മൊറാക്കോ മാനേജര്‍ ഹെന്റി മൈക്കല്‍ സമീപിച്ചതാണ്. 2010 ഫ്രഞ്ച് ലോകകപ്പ് ടീമില്‍ ഉള്പ്പെട്ടിരുന്നെങ്കിലൂം കളിക്കാന്‍ കഴിഞ്ഞിരുന്നില്ല. പിറ്റേവര്‍ഷം നോര്‍വേയ്ക്ക് എതിരേ സൗഹൃദ മത്സരം കളിച്ചുകൊണ്ട് തുടങ്ങിയ താരം ഇപ്പോള്‍ ഫ്രാന്‍സ് ടീമിന്റെ നെടുന്തൂണാണ്.
മദ്ധ്യനിരക്കാരന്‍ സ്റ്റീവന്‍ എന്‍സോന്‍സി കോംഗോ വംശജനായ പിതാവിന് ഫ്രഞ്ച് വംശജയായ മാതാവില്‍ ഉണ്ടായ താരമാണ്. ഫ്രാന്‍സിന് കളിക്കണോ കോംഗോയ്ക്ക് കളിക്കണോ എന്നതായിരുന്നു എന്സോസിയെ സംബന്ധിച്ചുളള പ്രധാന സംശയം. ആഫ്രിക്കന്‍ നേഷന്‍സില്‍ കളിക്കാനുള്ള ക്ഷണം നിരസിച്ചായിരുന്നു താരം ഫ്രഞ്ച് ടീമിനെ തെരഞ്ഞെടുത്തത്. 2012 ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ തെരഞ്ഞെടുക്കാനുള്ള ബുര്ക്കിനാഫാസോയ്ക്ക് എതിരേയുള്ള മത്സരത്തില്‍ നിന്നും താരം ഒഴിവാകുകയും ചെയ്തു. ലെഹാര്വി വഴി മാഴ്സെയില്‍ എത്തിയതാണ് മെന്‍ഡിയെ ഫ്രാന്‍സിന്റെ കളിക്കാരനാക്കി മാറ്റിയത്. ഫ്രാന്‍സിലെ ബീമോണ്ട് സുര്‍ ഒയീസിയില് ജനിച്ച പ്രസ്നെല്‍ കിമ്പേമ്പലേയുടെയും കുടുംബം ആഫ്രിക്കയില്‍ നിന്നും കുടിയേറിയവരാണ്. പിതാവ് കോംഗോക്കാരനും മാതാ്വ ഹെയ്തിക്കാരിയും. ബ്രസീലിയന്‍ തീയാഗോ സില്‍വയ്ക്കൊപ്പം പിഎസ്ജിയുടെ പ്രതിരോധ ഭിത്തി തീര്‍ക്കുന്ന കിമ്പേമ്പലേ തീയാഗോ മൊട്ടയുടെ പകരക്കാരനായിട്ടാണ് പിഎസ്ജിയില്‍ അരങ്ങേറിയത്.ഫ്രാന്‍സിന്റെ അണ്ടര്‍ 20,21 ടീം വഴി 2016 ലാണ് ദേശീയ കുപ്പായമിട്ടത്.
ബെഞ്ചമിന്‍ മെന്‍ഡിയും ആഫ്രിക്കന്‍ വേരുകളുള്ള താരമാണ്. സെനഗല്‍ വംശജരായ ഐവറി കോസ്റ്റുകാര് മോണിക്ക് മെന്‍ഡിക്കും മെന്‍ഡി സീനിയറിനും 1994 ല്‍ ജനിച്ച മെന്‍ഡിയുടെ ആദ്യ ടീം ലെ ഹാര്‍വിയായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഈ ഇടംകാലന്‍ ഡിഫന്‍ഡറിന് സെനഗല്‍ ടീമില്‍ കളിക്കാന്‍ അവസരം കിട്ടുമായിരുന്നു. എന്നാല്‍ അദ്ദേഹം തെരഞ്ഞെടുത്തത് ഫ്രഞ്ച് ടീമായിരുന്നു. ഫ്രാന്‍സിലെ ട്രോയസില് ഫ്രഞ്ച് മാതാപിതാക്കളുടെ മകനായിട്ടാണ് ജനനമെങ്കിലും ടീമിലെ റൈറ്റ് ബാക്ക് ദിബ്രില്‍ സിദിബേയുടെയും വേരുകള്‍ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ വംശീയതയിലാണ്. ഫ്രാന്‍സിലെ മാന്ഡേ വംശീയതയിലാണ് സിദിബേയുടെ കുടുംബത്തിന്റെ വംശീയത നില നില്‍ക്കുന്നത്. ഇവര്‍ക്ക് പുറമേ തോമാസ് ലെമാര്‍ ഫ്രാന്‍സിലെ ആഫ്രിക്കന്‍ വംശീയതയില്‍ നിന്നു തന്നെയുള്ള താരമാണ്.