ബാങ്കോക്ക്: നെഞ്ചിടിപ്പോടെ ലോകം കാത്തിരുന്ന രക്ഷാദൗത്യത്തിന് പുഞ്ചിരിയില്‍ അവസാനം. മനുഷ്യശക്തിയും ദൃഢനിശ്ചയവും െകെകോര്ത്ത അതിസാഹസിക ദൗത്യത്തിലൂടെ ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും അവരുടെ ഫുട്ബോള്‍ പരിശീലകനെയും ഇന്നലെ പുറത്തെത്തിച്ചു. പ്രാര്‍ഥനയുമായി കാത്തിരുന്ന ലോകത്തിന്റെ മനം നിറഞ്ഞു. ഗുഹയില്‍ ജീവവായുവെത്തിച്ചു മടങ്ങുന്നതിനിടെ ശ്വാസം നിലച്ചുപോയ സമാന് കുനന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ ലോകം നൃത്തംവയ്ക്കുമായിരുന്നു!
ജൂണ്‍ 23നാണ് തായ്ലന്ഡിലെ കൗമാരഫുട്ബോള്‍ ടീമായ 'െവെല്‍ഡ് ബോര്' അംഗങ്ങള്‍ വടക്കന്‍ തായ്ലന്ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ ഗുഹയില്‍ കുടുങ്ങിയത്. ഫുട്ബോള്‍ പരിശീലനം നടത്തുന്നതിനിടെ മഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഗുഹയില്‍ കയറിയ അവര്‍ കനത്ത മഴയില്‍ ഗുഹാമുഖം അടഞ്ഞതോടെ ഉള്ളില്‍ കുടുങ്ങി. ഒമ്പതു ദിവസത്തിനു ശേഷമാണു ബ്രിട്ടീഷ് ''കേവ് െഡെവര്'' സംഘം ഇവരെ കണ്ടെത്തിയത്. കാലാവസ്ഥ അനുകൂലമായശേഷം സാവധാനം രക്ഷപ്പെടുത്താനായിരുന്നു ആലോചന. കനത്ത മഴയില്‍ ഗുഹയില്‍ കുടുതല്‍ വെള്ളം നിറയാനുള്ള സാധ്യത കണക്കിലെടുത്ത് അടിയന്തര രക്ഷാദൗത്യത്തിനു തീരുമാനിക്കുകയായിരുന്നു.
ലഭ്യമായ മണിക്കൂറുകളില്‍ നീന്തലും മുങ്ങലും പഠിപ്പിച്ച് കുട്ടികളെ സജ്ജരാക്കി. ലോകം ഇന്നോളം കണ്ട സാഹസികരക്ഷാദൗത്യത്തിലൂടെ 12 കുട്ടികളും പരിശീലകനും പോറല്‍ പോലുമേല്‍ക്കാതെ വെളിച്ചത്തിലേക്കു തിരിച്ചെത്തി. അവര്‍ക്കായി ജീവന് സമര്‍പ്പിച്ച സമാന് കുനന്‍ പറഞ്ഞിരിക്കാം; മഴ അടക്കിപ്പിടിച്ച് പ്രകൃതിയും കൂട്ടുനിന്നു. ഇന്നലെ രക്ഷിച്ചവരെയും പ്രഥമശുശ്രൂഷകള്‍ക്കും പരിശോധനയ്ക്കുംശേഷം ആശുപത്രിയിലേക്കു മാറ്റി. ആദ്യം രക്ഷപ്പെടുത്തിയ എട്ടുപേരും ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു. ശാരീരികമായോ മാനസികമായോ ആര്‍ക്കും ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ലെന്ന് തായ്ലന്ഡ് പൊതുഭരണമന്ത്രി അറിയിച്ചു.
കുട്ടികള്‍ ഗുഹയില്‍ കുടുങ്ങിയ 18-ാം ദിവസമാണു രക്ഷാദൗത്യം പൂര്‍ത്തിയായത്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെ പുറത്തെത്തിച്ചിരുന്നു.ഗുഹയിലെ വെള്ളംനിറഞ്ഞ ഇടുക്കുകളിലൂടെ ഓക്സിജന്‍ മാസ്ക് അടക്കമുള്ളവ ധരിപ്പിച്ചാണു കുട്ടികളെ പുറത്തെത്തിച്ചത്. പരിശീലകനെയാണ് ഒടുവില്‍ പുറത്തെത്തിച്ചത്. അതിനു പിന്നാലെ, ഗുഹയില്‍ കുട്ടികള്‍ക്കൊപ്പമിരുന്ന ഡോക്ടറും മൂന്നു തായ് സീലുകളും സുരക്ഷിതരായി പുറത്തെത്തി. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഗുഹാബന്ധനത്തിന് അവസാനം.
രണ്ടുപേര്‍ക്കു കഴിഞ്ഞദിവസം ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനാല്‍ ആന്റിബയോട്ടിക് മരുന്നുകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവരടക്കം ആര്‍ക്കും ഇന്നലെ പനിയുടെ ലക്ഷണങ്ങളില്ല. കുട്ടികള്‍ ഒരാഴ്ചയെങ്കിലും ആശുപത്രിയില്‍ കഴിയേണ്ടിവരും. എല്ലാവരുടേയും ശരീരത്തില്‍ ശ്വേതരക്താണുക്കളുടെ എണ്ണം കൂടിയിട്ടുണ്ട്. അണുബാധയാണതു സൂചിപ്പിക്കുന്നത്. രണ്ടാഴ്ചയിലേറെയുള്ള ഗുഹാവാസമാകാം കാരണം. എല്ലാവര്ക്കും ആന്റിബയോട്ടിക് നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെ നിരീക്ഷണമുറിയുടെ ജനലിലൂടെയാണ് കാണാന്‍ അനുവദിച്ചത്.
ലാബ് പരിശോധനകളില്‍ കുഴപ്പമൊന്നും കണ്ടെത്തിയില്ലെങ്കില്‍ മാതാപിതാക്കളെ മുഖാവരണം ധരിച്ച് കുട്ടികള്‍ക്കൊപ്പം നില്ക്കാന് അനുവദിക്കും. ഞായറാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്കോയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ െഫെനല്‍ മത്സരത്തിലേക്കു കുട്ടികളെ ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയെങ്കിലും ആശുപത്രി നിരീക്ഷണത്തില്‍ കഴിയേണ്ടതിനാല്‍ ആ കാഴ്ച നടക്കാനിടയില്ല.