Thursday, June 27, 2019 Last Updated 2 Min 49 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Jul 2018 02.45 AM

ഇന്ന്‌ ലോക ജനസംഖ്യാ ദിനം : ഭാവി ഇന്ത്യയ്‌ക്കായി മാനവമൂലധനം

uploads/news/2018/07/232490/bft1.jpg

ഭൂമിയില്‍ മനുഷ്യനെന്ന ജീവിയില്ലായിരുന്നെങ്കില്‍ ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ്‌ എന്തായിരിക്കുമെന്നു ചിന്തിച്ചിട്ടുണ്ടോ? പ്രപഞ്ചം എന്നൊന്നുണ്ടെന്ന്‌ ആര്‌ ആരോട്‌ പറയാനാണ്‌. വേണ്ട, തല്‍ക്കാലം അത്തരം ചിന്തയിലേക്ക്‌ കടക്കണ്ട. ഭൂമിയില്‍ മാത്രമേ ജീവജാലങ്ങള്‍ ഉള്ളൂ എന്നാണ്‌ ഇതുവരെയുള്ള ജ്‌ഞാനം. അതില്‍തന്നെ തിരിച്ചറിവും വിവേകവുമുള്ള, വായിക്കാനും പറയാനും ശേഷിയുള്ള ഏകജീവി മനുഷ്യനാണ്‌. ലോക ജനസംഖ്യ ഇപ്പോള്‍ 765 കോടിയിലധികമാണ്‌. ഇതില്‍ ഏഷ്യയിലാണ്‌ ജനസംഖ്യ കൂടുതല്‍. ലോക ജനസംഖ്യയുടെ 60 ശതമാനം. ഇതില്‍ത്തന്നെ ചൈനയും ഇന്ത്യയും കൂടി ചേരുമ്പോള്‍ 36.4ശതമാനം. ആഫ്രിക്കയാണു ജനസംഖ്യയില്‍ രണ്ടാമത്‌ നില്‍ക്കുന്ന ഭൂഖണ്ഡം. ചൈനയിലെ ജനസംഖ്യ 137 കോടിയോളമാണ്‌. ഇന്ത്യയില്‍ 126.69 കോടിയും.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ ലോകജനസംഖ്യ 160 കോടിയായിരുന്നു. 1930ല്‍ ഇരുന്നൂറ്‌ കോടിയായി. 57വര്‍ഷം പിന്നിട്ട്‌ 1987 ജൂലൈ 11ന്‌ 500കോടിയായി വളര്‍ന്നു. ഇന്ന്‌ 700 കോടി കവിഞ്ഞിരിക്കുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പകുതി കഴിയുമ്പോള്‍ ലോകത്തിലെ മൊത്തം മനുഷ്യര്‍ ആയിരം കോടിക്ക്‌ അടുത്തെത്തും. ജനസംഖ്യാ വര്‍ധനക്കനുസൃതമായി മനുഷ്യന്റെ ആവശ്യങ്ങളും വര്‍ധിക്കും. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധന നമ്മുടെ സമ്പദ്‌വ്യസ്‌ഥയുടെ സുസ്‌ഥിര വളര്‍ച്ചയ്‌ക്ക്‌ തടസം സൃഷ്‌ടിക്കുമെന്നാണു കരുതുന്നത്‌. മനുഷ്യരുടെ എണ്ണത്തിന്‌ ആനുപാതികമായി വിഭവങ്ങള്‍ ലഭ്യമാകാത്ത അവസ്‌ഥ സാമ്പത്തികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ക്കു കാരണമാകും. ഭക്ഷ്യോല്‍പ്പാദനം വര്‍ധിച്ചില്ലെങ്കില്‍ ഭക്ഷ്യദൗര്‍ലഭ്യമാകും ഫലം. വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്‌ അടിസ്‌ഥാന ജീവിതസൗകര്യങ്ങള്‍ ലഭിക്കാത്ത അവസ്‌ഥയും നഗരവല്‍ക്കരണം സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങളും രാജ്യത്ത്‌ ജനപ്പെരുപ്പമുണ്ടാക്കുന്ന വിപത്തുകളാണ്‌.

ലോക ജനസംഖ്യാ നിലവാരം

എല്ലാവര്‍ഷവും ജൂലൈ 11 ലോക ജനസംഖ്യാദിനമായി ആചരിക്കുന്നു. ജനപ്പെരുപ്പമെന്ന പ്രശ്‌നത്തിലേക്കു ജനശ്രദ്ധകൊണ്ടുവരാനാണ്‌ 1989ല്‍ ഐക്യരാഷ്‌്രട സംഘടന ജൂലൈ 11 ജനസംഖ്യാദിനമായി ആചരിക്കാന്‍ നിര്‍ദേശിച്ചത്‌. 1987 ജൂലൈ 11ന്‌ ക്ര?യേഷ്യന്‍ റിപ്പബ്ലിക്കിന്റെ തലസ്‌ഥാനമായ സ്‌ഗ്‌റബ്‌ എന്ന പട്ടണത്തില്‍ മടേജ്‌ ഗാസ്‌പര്‍ എന്ന ആണ്‍കുഞ്ഞ്‌ പിറന്നതോടെയാണ്‌ ലോകജനസംഖ്യ 500 കോടി തികഞ്ഞത്‌. 500 കോടിക്കാരന്‍ പയ്യന്റെ ജന്‍മദിനം ലോകജനസംഖ്യാദിനമായി. ബോസ്‌നിയയിലെ സരയാവോയില്‍ 1999 ഒക്‌ടോബര്‍ 12ന്‌ അദ്‌നാന്‍ നെവികിന്റെ പിറവിയോടെ ജനസംഖ്യ 600 കോടി പൂര്‍ത്തിയായി.
ഒരു സമൂഹത്തിന്റെ വികസനത്തിനും പുരോഗതിക്കുമാവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ജനസംഖ്യാ കണക്കുകള്‍ അനിവാര്യമാണ്‌. അനിയന്ത്രിതമാംവിധം മനുഷ്യര്‍ പെരുകുന്നതു പലവിധ പ്രശനങ്ങള്‍ക്കും വഴിവയ്‌ക്കുമെന്നാണ്‌ ഒരു വിഭാഗം വിദഗ്‌ധരുടെ വിലയിരുത്തല്‍. ദാരിദ്ര്യം, പട്ടിണി, കുടിവെള്ളക്ഷാമം, ഭക്ഷ്യദൗര്‍ലഭ്യം, അഭയാര്‍ഥികളുടെ ഒഴുക്ക്‌, പ്രകൃതിദുരന്തങ്ങള്‍, മനുഷ്യാവകാശലംഘനങ്ങള്‍ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളിലേക്കാണു യു.എന്‍. ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്‌.
1968ലെ മനുഷ്യാവകാശങ്ങള്‍ക്കുള്ള അന്തര്‍ദേശീയ സമ്മേളനത്തിന്റെ 50-ാം വാര്‍ഷികമാണ്‌ 2018. ഈ വര്‍ഷം യു.എന്‍. "കുടുംബാസൂത്രണം ഒരു മനുഷ്യാവകാശം" എന്ന ആശയത്തിന്‌ പ്രാധാന്യം നല്‍കിയാണ്‌ ജനസംഖ്യാദിനം ആചരിക്കുന്നത്‌. 2050 ആകുമ്പോഴേക്കും ലോക ജനസംഖ്യ 990 കോടിയിലെത്തുമെന്നാണ്‌ പോപ്പുലേഷന്‍ റഫറന്‍സ്‌ ബ്യൂറോയുടെ പ്രവചനം. ചതുരശ്രകിലോമീറ്ററിലെ ശരാശരി ലോകജനസംഖ്യ 526 ആണ്‌. ഇതു വികസിത രാജ്യങ്ങളില്‍ 239. അവികസിതരാജ്യങ്ങളില്‍ 697.

ഇന്ത്യയ്‌ക്ക്‌ രണ്ടാം സ്‌ഥാനം

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമാണ്‌ ഇന്ത്യ. 2024ല്‍ ഇന്ത്യയും ചൈനയും ഒരുമിച്ച്‌ 144 കോടിയിലെത്തുമെന്നും ക്രമേണ ഇന്ത്യ ചൈനയെ മറികടക്കുമെന്നും ചില കണക്കുകള്‍ സൂചിപ്പിക്കുന്നു. 2030വരെ വളര്‍ച്ചാ നിരക്ക്‌ ഇതുപോലെ തുടരുമെങ്കിലും പിന്നീട്‌ ചെറിയതോതില്‍ കുറയും. ഓരോ പത്തുവര്‍ഷം കൂടുമ്പോഴും സെന്‍സസ്‌ നടക്കാറുണ്ട്‌. 2011ലായിരുന്നു നമ്മുടെ അവസാനത്തെ സെന്‍സസ്‌ - പതിനഞ്ചാമത്തേത്‌. 1901 മുതല്‍ 1991 വരെയുള്ള കണക്കുകള്‍ പ്രകാരം 1911 - 1921 കാലയളവിലെ ചെറിയൊരു ഇടമൊഴിച്ചാല്‍ ഇന്ത്യന്‍ ജനസംഖ്യ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇന്ത്യയില്‍ ദാരിദ്ര്യത്തിന്‌ ആനുപാതികമായി ജനസംഖ്യയും ജനസംഖ്യയ്‌ക്ക്‌ ആനുപാതികമായി ദാരിദ്ര്യവും വര്‍ധിക്കുമെന്നാണു മുന്‍കാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്‌.

കുട്ടികള്‍ കുറയുന്ന കേരളം

ചതുരശ്ര കിലോ മീറ്ററിന്‌ 859 ആളുകളാണ്‌ കേരളത്തില്‍ ജനസാന്ദ്രത. തിരുവനന്തപുരത്താണ്‌ ജനസാന്ദ്രത ഏറ്റവും കൂടുതല്‍-1,509. കുറവ്‌ ഇടുക്കിയില്‍ 254. ഇന്ത്യയുടെ 1.187 മാത്രം വിസ്‌തീര്‍ണമുള്ള കേരളത്തില്‍ രാജ്യത്തിലെ മൂന്നര ശതമാനം ആളുകള്‍ വസിക്കുന്നു.
അതേ സമയം, കേരളത്തിന്റെ സ്‌ഥിതിയല്‍ ഒരു മാറ്റമുണ്ടാകുമെന്നും ഇതു സംബന്ധിച്ച പഠനങ്ങള്‍ പറയുന്നു. കേരളത്തിന്റെ മൊത്ത ജനസംഖ്യ കുറയാന്‍ ഇനിയൊരു പതിനഞ്ച്‌ വര്‍ഷം കാത്തിരുന്നാല്‍ മതി. 2030 ആകുമ്പോഴേക്കും നമ്മുടെ ജനസംഖ്യയില്‍ സാരമായ കുറവ്‌ വരുമെന്നാണു സൂചന. പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ജനസംഖ്യ ഇപ്പോഴേ കുറഞ്ഞു തുടങ്ങി. പത്തനംതിട്ട ഉള്‍പ്പെടെ മധ്യ കേരളത്തിലെ 12 താലൂക്കുകളില്‍ ജനസംഖ്യ ഇതിനകം തന്നെ ഗണ്യമായി കുറഞ്ഞു വരുന്നു.
ഇന്നു കേരളത്തില്‍ മലപ്പുറം ഒഴികെ മറ്റ്‌ എല്ലാ ജില്ലകളിലും കുട്ടികളുടെ എണ്ണം കുറയുകയാണ്‌. ആറു വയസിനു താഴെയുള്ള കുട്ടികളുടെ കണക്കെടുത്താല്‍ വയനാട്‌ ജില്ലയില്‍ ഏതാണ്ട്‌ ഒരു ലക്ഷത്തില്‍ താഴെ കുട്ടികള്‍ മാത്രം അധിവസിക്കുമ്പോള്‍ മലപ്പുറം ജില്ലയില്‍ അഞ്ച്‌ ലക്ഷത്തിലധികം കുട്ടികളുണ്ട്‌. കേരളത്തില്‍ കുട്ടികളുടെ വളര്‍ച്ചാ നിരക്കില്‍ മലപ്പുറം ജില്ലയാണ്‌ ഇപ്പോള്‍ ഒന്നാം സ്‌ഥാനത്ത്‌. 2011 ലെ കണക്കനുസരിച്ച്‌ പത്തനംതിട്ട ജില്ലയിലെ കുട്ടികളുടെ വളര്‍ച്ചാ നിരക്കില്‍ ഏതാണ്ട്‌ 24 ശതമാനത്തോളം കുറവുണ്ടായി. രാജ്യത്തെ മറ്റ്‌ സമൂഹങ്ങളില്‍നിന്നും വ്യത്യസ്‌തമായി കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും കുടുംബങ്ങളിലെ ശരാശരി കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്‌.

മാനവമൂലധനം പ്രയോജനപ്പെടുത്തണം

ജനസംഖ്യാ വര്‍ധനയെ ഭയപ്പെടേണ്ടതില്ലെന്നും മാനവവിഭവശേഷിയാണ്‌ യഥാര്‍ഥത്തിലുള്ള രാഷ്‌്രട സമ്പത്ത്‌ എന്നുമുള്ള വാദം ഇപ്പോള്‍ സജീവമാണ്‌. ഒറ്റക്കുട്ടി നയത്തില്‍ മാറ്റം വരുത്താനുള്ള ചൈനയുടെ തീരുമാനം ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തകാലത്തായി ലോകരാഷ്‌ട്രങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറയായി മാനവമൂലധനത്തെ പരിഗണിക്കുന്നുണ്ട്‌.
മാനവവിഭവശേഷിയുടെ വലിയ കലവറയാണ്‌ ഇന്ത്യ. ഇന്ത്യന്‍ ജനസംഖ്യയിലെ യുവജനങ്ങളുടെ വര്‍ധിച്ചുവരുന്ന അനുപാതം നേട്ടമാകണമെങ്കില്‍ മാനവമൂലധന നിക്ഷേപം വര്‍ധിപ്പിക്കണം. സമ്പദ്‌വ്യവസ്‌ഥയുടെ വളര്‍ച്ച, വികസനം, മത്സരം എന്നീ മൂന്ന്‌ കാര്യങ്ങളില്‍ അധിഷ്‌ഠിതമാണ്‌ മാനവമൂലധനം. എന്നാല്‍ മാനവമൂലധനത്തെ വികസിപ്പിക്കുന്നതില്‍ രാജ്യം എത്രമാത്രം പുരോഗതി നേടിയെന്ന്‌ പരിശോധിക്കേണ്ടതാണ്‌. മാനവ വികസനത്തിന്റെ പ്രധാന ഘടകമായി കരുതുന്ന ഒന്നാണ്‌ ഉല്‍പാദനക്ഷമത. ഭൗതിക മൂലധനത്തിന്‌ പുറമേ മനുഷ്യമൂലധന നിക്ഷേപത്തിനും പ്രാധാന്യം നല്‍കിയാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാം.
രാജ്യത്തെ തൊഴില്‍ ശക്‌തിയെ ശക്‌തിപ്പെടുത്തുന്നതിനു യോജിച്ച പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ട്‌. പൊതുജനാരോഗ്യ സംരക്ഷണത്തിനായി ജി.ഡി.പിയുടെ വിഹിതം ആരോഗ്യരംഗത്ത്‌ 5 ശതമാനമാക്കി ഉയര്‍ത്തണം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ ശക്‌തി എന്നിവ വികസിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ദേശീയ, സംസ്‌ഥാന, പ്രാദേശിക തലങ്ങളിലുള്ള നയരൂപീകരണം ആവശ്യമാണ്‌. മാനവമൂലധനത്തിലൂടെ ഭാവി ഇന്ത്യയെ പുനര്‍നിര്‍മിക്കുന്നതിന്‌ ആരോഗ്യ-വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തണം. മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കണം. ഇത്തരത്തിലുള്ള പരിശ്രമങ്ങളിലൂടെ രാജ്യത്തിനു ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും മാനവ വികസനരംഗത്തു കുതിപ്പുണ്ടാക്കാനും കഴിയും.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 11 Jul 2018 02.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW