Friday, June 21, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 04.48 PM

കുട്ടിയില്‍ ഭയം കുത്തിവയ്ക്കരുത്

മക്കളെ വളര്‍ത്തുക ഏറെ ക്ലേശകരവും ഉത്തരവാദിത്തവുമുള്ള കാര്യമാണ്. കുട്ടികളെ എങ്ങനെ നന്നായി വളര്‍ത്താമെന്നു സോദാഹരണം വ്യക്തമാക്കുന്ന പ്രമുഖ മോട്ടിവേഷണല്‍ ട്രെയിനറും ഫാമിലി കൗണ്‍സിലറും എഴുത്തുകാരനുമായ പ്രൊഫ. പി. എ.വര്‍ഗീസിന്റെ പംക്തി
uploads/news/2018/07/232289/GOODPARENTING100718a.jpg

ആദ്യനാളുകളില്‍ കുട്ടി കരഞ്ഞാല്‍ അമ്മ താരാട്ട് പാടി ഉറക്കും. വളരുമ്പോള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. എന്നിട്ടും കരച്ചിലടക്കുന്നില്ലെങ്കില്‍ കോക്കാന്‍ വരും പിടിച്ചുകൊണ്ട് പോകും.

എന്നൊക്കെ വിരട്ടാന്‍ തുടങ്ങും. ഒപ്പം ഭയമുളവാക്കുന്ന ചേഷ്ടകള്‍ കാണിക്കുകയും ചെയ്യും. ഇതിലൂടെയെല്ലാം കുട്ടിയുടെ മനസ്സിലേക്ക് അറിയാതെ ഭയം കടന്നു കൂടാന്‍ ഇടയാക്കും.

കുട്ടി ഒറ്റയ്ക്ക് കളിക്കുമ്പോള്‍


കുട്ടി ഒറ്റയ്ക്ക് കിടന്നു കളിച്ചാല്‍ അമ്മയ്ക്ക് വേവലാതിയാണ്. നിങ്ങള്‍ അങ്ങോട്ട് ചെല്ല് മോള്‍ അവിടെ ഒറ്റയ്ക്ക് കിടക്കുകയല്ലേ?? എന്ന് പറഞ്ഞ് ഭര്‍ത്താവിനെ കുട്ടിയുടെ അടുത്തേക്ക്വിടും.

കുട്ടി ഒറ്റയ്ക്ക് കിടന്ന് കളിച്ചാല്‍ എന്താ കുഴപ്പം? അത് നല്ല കാര്യമല്ലേ? മാനസിക വളര്‍ച്ചയ്ക്ക് അത്തരം അനുഭവങ്ങള്‍ ആവശ്യമാണ്. മോളുടെയടുത്ത് ആരുമില്ലാ എന്നൊക്കെ പറഞ്ഞ് ബഹളംവച്ചാല്‍ അത് കുട്ടിയില്‍ ഭയമുണ്ടാക്കുകയേ ഉള്ളൂ.

കുട്ടി കരഞ്ഞാല്‍ അതിന് പിന്നിലുള്ള കാരണമെന്താണെന്ന് ആദ്യം തിരിച്ചറിയണം. വിശന്നിട്ടാണെങ്കില്‍ ഭക്ഷണം കൊടുക്കാം, തണുത്തിട്ടാണെങ്കില്‍ പുതപ്പിക്കാം, ചൂട് എടുത്തിട്ടാണെങ്കില്‍ വെളിയിലേക്ക് കൊണ്ടുപോകാം. കരയാനുള്ള കാരണനിവാരണം നടത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ആദ്യമൊക്കെ അല്പം കരഞ്ഞാലും ഒറ്റയ്ക്ക് കിടത്തി ശീലിപ്പിക്കണം. പിന്നെ അത്തരം കരച്ചില്‍ താനേ നിലയ്ക്കും.

കുട്ടി ഇഴഞ്ഞ് തുടങ്ങുമ്പോള്‍ അമ്മയ്ക്കും അച്ഛനും മുത്തച്ഛന്മാര്‍ക്കും മുത്തശ്ശിമാര്‍ക്കുമാണ് പരിഭ്രമം. മുറ്റത്തേക്കെങ്ങാന്‍ ഇഴഞ്ഞിറങ്ങിയാല്‍ ഓടിച്ചെന്ന് അമ്മ വാരിയെടുത്ത് ഉമ്മവയ്ക്കും. രണ്ടു വയസ്സൊക്കെ ആകുമ്പോള്‍ കുട്ടികള്‍ മുറ്റത്തേക്കൊക്കെ ഇറങ്ങാതിരിക്കില്ലല്ലോ.

ആരായാലും ചെന്ന് വാരിയെടുത്ത് ഉമ്മ നല്‍കുമ്പോള്‍ ഏതോ ആപത്തില്‍നിന്ന് തന്നെ രക്ഷിച്ചു എന്നാവും കുട്ടിക്ക് തോന്നുക. ആ സന്ദേശമാണ് മുതിര്‍ന്നവരുടെ ചെയ്തികള്‍ കുട്ടിയുടെ തലച്ചോറില്‍ എത്തിക്കുക. കുട്ടി വീടിനകത്തില്ലെങ്കില്‍ ആകെ പ്രശ്‌നമാണ്.

മോനെ കാണുന്നില്ലല്ലോ??എന്നോ മറ്റോ പറഞ്ഞ് അമ്മ ബഹളംകൂട്ടും. വെളിയിലെവിടെയെങ്കിലും നില്‍ക്കുന്നത് കണ്ടാല്‍ എടുത്ത് മാറോടണയ്ക്കും. രാത്രിയാണെങ്കില്‍ പറയുകയും വേണ്ട.

എന്റെ പൊന്നുമോള്‍ രാത്രിയിലൊന്നും തനിച്ച് മുറ്റത്തേക്കിറങ്ങല്ലേല്ലഎന്നൊരു താക്കീത് നല്‍കുകയും ചെയ്യും. ഇതിന്റെ ആവശ്യമുണ്ടോ? ഇതിലൂടെ ഒരുതരം ഭയം കുത്തിവയ്ക്കലല്ലേ നടക്കുന്നത്?

രാത്രിയെ പേടിക്കണോ?


കുട്ടി ഒറ്റയ്ക്ക് മുറ്റത്തേക്കിറങ്ങുന്നത് നല്ലതല്ലേ? കുട്ടി പ്രകൃതിയെ മനസ്സിലാക്കട്ടെ, പ്രകൃതിയുമായി സംവദിക്കട്ടെ! കുഞ്ഞിനെ സംബന്ധിച്ച് രാവും പകലും എല്ലാം ഒരുപോലെയാണ്. രാത്രിയില്‍ പകല്‍ വെളിച്ചമില്ലെന്ന് മാത്രം. രാത്രിയെ പേടിക്കേണ്ടതാണെന്ന് അച്ഛനമ്മമാരാണ് പറയുന്നത്.

അമിത സംരക്ഷണം ഭയത്തിലാണ് കൊണ്ടുചെന്നെത്തിക്കുക. കുഞ്ഞിന്റെ കൂടെ എല്ലാ സമയത്തും മുതിര്‍ന്നവര്‍ ഉണ്ടാകേണ്ട കാര്യമില്ല. അവര്‍ ലോകത്തെ സ്വന്തമായി അഭിമുഖീകരിക്കുവാന്‍ പഠിക്കട്ടെ. അതിനുള്ള പ്രാപ്തി നേടട്ടെ. എന്നും മാതാപിതാക്കള്‍ കൂടെയുണ്ടാവില്ലല്ലോ.

uploads/news/2018/07/232289/GOODPARENTING100718b.jpg

വളര്‍ന്നാലും കൂടെ കിടത്തണോ?


മുതിര്‍ന്നാലും നമ്മുടെ നാട്ടില്‍ കുട്ടികളെ കൂടെക്കിടത്തി ഉറക്കുന്നതിലാണ് മാതാപിതാക്കള്‍ക്ക് താല്പര്യം. എന്നാല്‍ രണ്ട് വയസ്സാകും മുന്‍പേ കുട്ടിയെ ഒറ്റയ്ക്ക് കിടത്തിയുറക്കണം.

അതുപോലെ തോന്നുമ്പോഴെല്ലാം എടുത്ത് ഓമനിക്കുന്ന പതിവുണ്ട്. കുട്ടിയെ ഇക്കിളിപ്പെടുത്തുകയും ചിരിപ്പിക്കുകയും അഞ്ചെട്ട് വയസ്സായാലും അച്ഛന്റേയും അമ്മയുടേയും ഇടയ്ക്ക് കിടത്തും, ഭക്ഷണം വാരിക്കൊടുക്കും, കുളിപ്പിക്കും, തോര്‍ത്തിക്കൊടുക്കും, ഡ്രസ്സണിയിക്കും. മോന്‍/മോള്‍ ഒരു പാവയാണോ? അല്ല. കുഞ്ഞ് ആണായാലും പെണ്ണായാലും ഒരു വ്യക്തിയാണ്. അത് അംഗീകരിക്കണം. കുട്ടിക്കിതൊക്കെ തനിയെ ചെയ്യാവുന്നതേയുള്ളൂ.

കുട്ടിയെ പാവയാക്കാതെ!


കുട്ടി വളര്‍ന്നാലും ഓരോ കാര്യവും ചെയ്തുകൊടുക്കാന്‍ താല്പര്യപ്പെടുന്ന മാതാപിതാക്കളുണ്ട്. കുട്ടിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ തനിയെ ചെയ്യട്ടെ. ജീവിതത്തെ നേരിടാന്‍ പഠിക്കട്ടെ. അച്ഛനമ്മമാര്‍ എപ്പോഴും കൂടെക്കാണില്ലല്ലോ. അവര്‍ സന്തോഷത്തോടെ ഭക്ഷണം കഴിക്കട്ടെ. വസ്ത്രമുടുക്കട്ടെ. സ്വന്തമായി ഗൃഹപാഠം ചെയ്യട്ടെ.

ഭയമില്ലായ്മ


വളരുമ്പോള്‍ എന്തിനെയൊക്കെയാണ് കുട്ടി ഭയക്കുന്നത്! പാമ്പിനെ, കോക്കാനെ, പട്ടിയെ, ഭിക്ഷക്കാരനെ, യക്ഷിയെ, പാലമരത്തെ, പ്രേതപ്പിശാചുക്കളെ, സെമിത്തേരിയെ... അങ്ങനെ എന്തിനെയെല്ലാം... ഭൂതപ്രേതപ്പിശാചുക്കളുടെ കഥകള്‍ പൊടിപ്പും തൊങ്ങലും വച്ച് വിവരിക്കുന്ന മുത്തശ്ശിമാരും മാതാപിതാക്കളും ധാരാളം.

ഇതെല്ലാം കുട്ടിയില്‍ പേടിയുണ്ടാക്കും. നിലാവുള്ള രാത്രിയില്‍ യക്ഷിവരുമെന്നും വെള്ളിയാഴ്ചകളില്‍ പ്രേതങ്ങള്‍ ഇറങ്ങുമെന്നുമെല്ലാം പറഞ്ഞ് കൊടുക്കുന്നതാരാ ണ്? ഭയമില്ലാതെ ജനിക്കുന്ന കുഞ്ഞിനെ, ഓരോന്ന് പറഞ്ഞും അമിതമായി സംരക്ഷിച്ചും ഒടുവില്‍ ഭയത്തിനടിമയാക്കിയാല്‍ നിങ്ങള്‍ കുഞ്ഞിന്റെ ഭാവി നശിപ്പിക്കുകയാണ് എന്ന് തിരിച്ചറിയുക.

മാതാപിതാക്കളറിയാന്‍


1. കുഞ്ഞ് കരഞ്ഞാല്‍ കാരണം കണ്ട് പിടിച്ച് പരിഹരിക്കുക.
2. കുഞ്ഞ് ഒറ്റയ്ക്ക് കിടന്ന് കളിക്കുമ്പോള്‍ ശല്ല്യം ചെയ്യരുത്.
3. കുഞ്ഞിന് എവിടെയെങ്കിലുമൊക്കെ പോകാന്‍ കുറച്ച് സ്വാതന്ത്ര്യം നല്‍കുക.
4. ആവശ്യമില്ലാതെ കുട്ടിയെ എടുത്ത് ലാളിക്കുകയും ഉമ്മവയ്ക്കുകയും വേണ്ട.
5. കുട്ടിക്ക് പറ്റുന്നതെല്ലാം തനിയെ ചെയ്യട്ടെ.
6. രണ്ട് വയസ്സായാല്‍ ഒറ്റയ്ക്ക് കിടത്തി ഉറക്കുക.
7. ഭൂത-പ്രേതപിശാചുക്കളുടെ കഥകള്‍ വേണ്ട.
8. മാതാപിതാക്കള്‍ സ്‌നേഹത്തോടെ കഴിയുക.

പ്രൊഫ. പി.എ.വര്‍ഗീസ്
മോട്ടിവേഷന്‍ ട്രെയിനര്‍ ഫാമിലി കൗണ്‍സിലര്‍
കൊച്ചി , 0484 4064568

Ads by Google
Ads by Google
Loading...
TRENDING NOW