Tuesday, May 21, 2019 Last Updated 24 Min 19 Sec ago English Edition
Todays E paper
Ads by Google
ബീനാ സെബാസ്റ്റിയന്‍
Tuesday 10 Jul 2018 01.12 PM

സഭയിലെ സ്ത്രീ പീഡനങ്ങള്‍; ആരോപണ വിധേയരെ വെള്ളപൂശി സഭാ പ്രസിദ്ധീകരണം; സെക്‌സ് എങ്ങനെ റേപ് ആകും?

പൗരോഹിത്യത്തിലും സന്യാസ ജീവിതത്തിലും പാലിക്കേണ്ട വ്രതങ്ങളുടെ ലംഘനമാണ് ഇരു സംഭവങ്ങളിലും നടന്നതെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ എങ്ങനെ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹരാണ് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.
Indian Currents

കോട്ടയം: കത്തോലിക്കാ, ഓര്‍ത്തഡോക്‌സ് സഭകളെ പിടിച്ചുലയ്ക്കുന്ന സ്ത്രീ പീഡനങ്ങളില്‍ ആരോപണ വിധേയരെ വെള്ളപൂശി കത്തോലിക്കാ സഭാ പ്രസിദ്ധീകരണം. സെക്‌സിനെ എന്തിന് റേപ് എന്നു വിളിക്കുന്നു എന്നാണ് ലേഖനത്തില്‍ ചോദിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന കപ്പൂച്ചിന്‍സ് ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ 'ഇന്ത്യന്‍ കറന്റ്‌സ്' ഒരു ലേഖനത്തിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെയും ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരെയും ന്യായീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കറന്റ്‌സില്‍ ഗസ്റ്റ് കോളമിസ്റ്റ് ആയ എ.ജെ ഫിലിപ്പ് എഴുതിയ 'വില്ലന്‍സ് ആസ് വിക്ടിംസ് വൈ കോള്‍ സെക്‌സ്, റേപ്? എന്ന ലേഖനത്തിലാണ് ബിഷപ്പിനെയും വൈദികരേയും ന്യായീകരിക്കുന്നതും ഇരകളായ കന്യാസ്ത്രീകളെയും യുവതിയേയും കുറ്റപ്പെടുത്തുന്നതും. അതേസമയം, പ്രസിദ്ധീകരണത്തിന്റെ മുഖപ്രസംഗത്തിലും മറ്റ് പ്രധാന ലേഖനങ്ങളിലും എല്ലാം ഇന്ത്യയിലെ സ്ത്രീസുരക്ഷ നേരിടുന്ന വെല്ലുവിളികളിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നതും വിരോധാഭാസമാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായി വര്‍ഷങ്ങളായുള്ള ആത്മബന്ധം ലേഖനത്തിന്റെ തുടക്കത്തില്‍ എടുത്തുപറയുന്ന എ.ജെ ഫിലിപ്പ് പിന്നീട് ഇരകളായ സ്ത്രീകള്‍ എന്തുകൊണ്ട് ഇത്രയും കാലം പീഡനം മറച്ചുവച്ചുവെന്നാണ് ചോദിക്കുന്നത്. അവര്‍ ഇത്രയും കാലം താല്‍പര്യപ്രകാരം നടത്തിയ ബന്ധം പ്രശ്‌നമായപ്പോള്‍ പീഡനമായി മാറി. നമ്മുടെ നാട്ടില്‍ പല സംഭവങ്ങളിലും പീഡനകേസുകള്‍ വരുന്നത് പിടിക്കപ്പെടുമ്പോഴാണെന്നും എ.ജെ ഫിലിപ്പ് പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലുമായും ഓര്‍ത്തഡോക്‌സ് സഭയിലെ ആരോപണ വിധേയനായ ഒരു വൈദികനുമായും അവര്‍ ഡല്‍ഹിയില്‍ ആയിരിക്കുമ്പോള്‍ മുതല്‍ തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ലേഖകന്‍ വ്യക്തമാക്കുന്നു. തനിക്ക് ഓര്‍ത്തഡോക്‌സ് സഭയുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടുതന്നെ ആ സഭയിലെ കാര്യങ്ങള്‍ വ്യക്തമായി അറിയാമെന്നും ഇദ്ദേഹം അവകാശപ്പെടുന്നു. ആഓര്‍ത്തഡോക്‌സ് വൈദികന്‍ സല്‍പേരുള്ള വൈദികനും മികച്ച കൗണ്‍സിലറുമാണെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Indian Currents

തുടര്‍ന്നങ്ങോട്ടുള്ള ലേഖനത്തിലെ ഭാഗം മുഴുവന്‍ ഇരകളെ രൂക്ഷമായി കടന്നാക്രമിക്കുകയാണ്.

ഓര്‍ത്തഡോക്‌സ് വൈദികന്‍ വിമാനമാര്‍ഗം കൊച്ചിയില്‍ എത്തി ആഡംബര ഹോട്ടലില്‍ മുറിയെടുത്ത് യുവതിയുമൊത്ത് ഒരു രാത്രി ചെലവഴിച്ചുവെന്നും ബില്‍ യുവതിയെ കൊണ്ട് കൊടുപ്പിച്ചുവെന്നും പറയുന്നു. ഇതോടെയാണ് വിവാദം പുറത്തുചാടുന്നത്. ഭര്‍ത്താവിന്റെ ഫോണുമായി ബന്ധിപ്പിച്ച ക്രെഡിറ്റ് കാര്‍ഡ് ആയതിനാല്‍ ബില്‍ അടച്ചപ്പോള്‍ ആ സന്ദേശം അദ്ദേഹത്തിന് ലഭിച്ചുകാണും. അതോടെയാണ് തന്റെ ഭാര്യ പതിവായി ജോലിക്ക് പോകുന്ന സ്ഥലത്തേക്കല്ല, ഹോട്ടലിലേക്കാണ് പോയതെന്ന് അദ്ദേഹം മനസ്സിലാക്കിയത്. ഒരു ദിവസം മുഴുവന്‍ വൈദികനൊപ്പം ഹോട്ടല്‍ മുറിയില്‍ ചെലവഴിച്ച ശേഷം അതിനെ എങ്ങനെ 'റേപ്' എന്നു വിളിക്കാന്‍ കഴിയും എന്നാണ് ലേഖകന്‍ ചോദിക്കുന്നത്.

നമ്മുടെ നാട്ടില്‍ ക്രൂരമായ ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ട്. പിതാവ് തന്നെ പെണ്‍മക്കളെ ക്രൂരമായ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നടക്കുന്നു. എന്നാല്‍ അതുപോലെയാണോ ഈ രണ്ടു സംഭവങ്ങളും. ആ യുവതി ഒരു ഹൈസ്‌കൂള്‍ അധ്യാപിക അല്ലേ? ദിവസവും നൂറുകണക്കിന് കുട്ടികളെ കൈകാര്യം ചെയ്യുന്നയാള്‍. ഇത്തരമൊരാള്‍ക്ക് അസാമാന്യ ധൈര്യം തന്നെ വേണം. അവര്‍ 'മാനഭംഗം' ചെയ്യപ്പെട്ടു എന്നു പറയുന്ന കാലത്ത് അവര്‍ അധ്യാപിക അല്ല. അന്ന് അവര്‍ക്ക് പതിനാറ് വയസ്സ് മാത്രമാണ് പ്രായം. പതിനാറാം വയസ്സിലും ഒരു പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗിക വേഴ്ച നടത്തുന്നതെങ്കിലും നാട്ടിലെ നിയമമനുസരിച്ച് അത് മാനഭംഗമാണ്. അതുകൊണ്ട് അന്ന് നടന്നതും 'മാനഭംഗം' ആണെന്ന് പറയാം.

അഥവാ പതിനാറാം വയസ്സില്‍ ഒരു മാനഭംഗത്തിന് ഇരയായാല്‍ സാധാരണ പെണ്‍കുട്ടികള്‍ അക്കാര്യം മാതാപിതാക്കളോട്, പ്രത്യേകിച്ച് അമ്മയോട് പറയില്ലേ? എന്തുകൊണ്ട് അവരുടെ കാര്യത്തില്‍ അത് നടന്നില്ല. ഒരു പതിനാറുകാരി അവളുടെ കാമുകനാല്‍ അല്ലെങ്കില്‍ ഒരു യുവാവിനാണ് 'മാനഭംഗപ്പെട്ടു' എന്നിരിക്കട്ടെ. വര്‍ഷങ്ങള്‍ക്കു ശേഷം അയാള്‍ ഒരു വൈദികനായി. അപ്പോള്‍ അവളെ ഒരു വൈദികന്‍ 'മാനഭംഗം' ചെയ്തു എന്ന് പറയാന്‍ കഴിയുമോ?

ഓര്‍ത്തഡോക്‌സ് വിശ്വാസം അനുസരിച്ച് വര്‍ഷത്തിലൊരിക്കല്‍ കുമ്പസാരിച്ചിരിക്കണം. തന്റെ 'പാപം' വൈദികനോട് ഏറ്റുപറഞ്ഞപ്പോള്‍ അത് അവളെ 'മാനഭംഗപ്പെടുത്താന്‍' അദ്ദേഹത്തിന് പ്രേരണയായി. അവള്‍ പാപം ഏറ്റുപറഞ്ഞ വൈദികര്‍ അവളെ 'മാനഭംഗപ്പെടുത്തി'. എന്നാല്‍ തന്റെ കാഴ്ചപ്പാട് അനുസരിച്ച്, പതിനാറാം വയസ്സില്‍ അവള്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് 'മാനഭംഗം' ആണ്. അതില്‍ കുമ്പസാരിക്കുകയല്ല വേണ്ടത്, മാതാപിതാക്കളോട് കാര്യം തുറന്നുപറഞ്ഞ് കുറ്റവാളിയെ നിയമത്തിനു മുന്നിലെത്തിക്കുകയാണ് വേണ്ടത്. പിന്നീട് ഒരിക്കലും അയാള്‍ക്ക് വൈദികനായിരിക്കാനും കഴിയില്ല.

ലൈംഗിക ദാഹികളായ ചില വൈദികരുടെ ഇഷ്ടത്തിന് അനുസരിച്ച് ആ യുവതി സഞ്ചരിക്കുകയായിരുന്നു. പീഡനത്തിലെ പരാതി ആദ്യം വന്നത് യുവതിയില്‍ നിന്നല്ല അവരുടെ ഭര്‍ത്താവില്‍ നിന്നാണെന്നും ഓര്‍ക്കണം. ക്രെഡിറ്റ് കാര്‍ഡില്‍ നിന്നും പണം നഷ്ടപ്പെട്ട വിവരം അദ്ദേഹത്തിന്റെ മൊബൈലില്‍ സന്ദേശമായി എത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഒരിക്കലും ഈ പീഡനങ്ങളെ കുറിച്ച് നാം അറിയില്ലായിരുന്നു. പരാതിയില്‍ അന്വേഷണം നടക്കുകയാണ്. സത്യം പുറത്തുവരാന്‍ വലിയ ബുദ്ധിമുട്ടുണ്ടാവില്ലെന്ന് താന്‍ കരുതുന്നു.

നമ്മുടെ നിയമമനുസരിച്ച്, ഒരാള്‍ കുറ്റക്കാരനാണോ എന്ന് തെളിയുന്നതുവരെ അയാളെ നിരപരാധിയായി കണക്കാക്കണം. ആരെങ്കിലും പരാതി നല്‍കി എന്നതുകൊണ്ട് മാത്രം വൈദികരുടെ ളോഹ ഊരിക്കാന്‍ സഭ തയ്യാറാകില്ല.

ഇനി ബിഷപ്പിന്റെ കാര്യത്തിലേക്ക് വന്നാല്‍, 2014 മുതല്‍ 2016 വരെ 13 തവണ ബിഷപ്പ് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിനും മാനഭംഗത്തിനും ഇരയാക്കി എന്നാണ് കത്തോലിക്കാ കന്യാസ്ത്രീ പരാതിപ്പെട്ടിരിക്കുന്നത്. പതിമൂന്ന് ഒരു അശുഭ സംഖ്യയായാണ് നാം കരുതുന്നത്. കേരളത്തിലേക്ക് സ്ഥലംമാറ്റുന്നതുവരെ ആ കന്യാസ്ത്രീ ജലന്ധറില്‍ ആയിരുന്നു. ഈ സമയം അവര്‍ തമ്മില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. എല്ലാ കേരളത്തില്‍ എത്തിയശേഷമാണ് സംഭവിക്കുന്നത്. ഇനി അവര്‍ പറയുന്നത് ശരിയാണെന്ന് കരുതിയാല്‍, മദര്‍ ജനറല്‍ പോലെ ഉന്നത പദവിയില്‍ ഇരിക്കുന്ന ഒരാളെ 13 തവണയൊക്കെ 'മാനഭംഗപ്പെടുത്താന്‍' കഴിയുമോ? ആദ്യത്തേത്, രണ്ടാമത്തേത്, മൂന്നാമത്, നാലാമതും അഞ്ചാമതുമൊക്കെ മാനഭംഗപ്പെട്ടപ്പോള്‍ ഇവര്‍ പരാതിപ്പെട്ടില്ലേ? അതെല്ലാം പോകട്ടെ, പതിമൂന്നാം തവണയെങ്കിലും പരാതിപ്പെട്ടിരുന്നോ?

ഇല്ല എന്നതാണ് സത്യം. അവരുടെ സഹോദരന്‍ ഒരു വൈദികനാണ്. ഈ പീഡനത്തെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലേ? ഈ അന്ത്യമില്ലാത്ത പീഡനത്തില്‍ നിന്ന് സഹോദരിയെ രക്ഷിക്കാന്‍ അദ്ദേഹം ഒന്നും ചെയ്തില്ലേ? കേരളത്തിലെ മഠത്തിലേക്ക് അവര്‍ സ്ഥലം മാറ്റപ്പെട്ടു. അവിടെതന്നെ തുടരാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അവിടെ ഉന്നത പദവി അവര്‍ ആഗ്രഹിക്കുന്നു. മേലധികാരികളില്‍ നിന്നുള്ള ദുരനുഭവം ആര്‍ക്കും എവിടെയും നേരിടാം. എന്നാല്‍ ഒരു കന്യാസ്ത്രീ, അല്ലെങ്കില്‍ ഒരു പുരോഹിതന്‍, ഒരു വ്യക്തി ദൈവവേലയ്ക്കായി എത്തുന്നവര്‍ ലോകത്ത് എവിടെയും ജോലി ചെയ്യാന്‍ തയ്യാറാകണം. എന്നാല്‍ തനിക്കുവരുന്ന ഓരോ സ്ഥലംമാറ്റത്തെയും ആ കന്യാസ്ത്രീ ചെറുത്തിരുന്നു എന്നതാണ് വിചിത്രം. ഒരാള്‍ സന്യാസിനിയോ വൈദികനോ ആകുമ്പോള്‍ തന്റെ കുടുംബവുമായുള്ള ബന്ധം വിഛേദിച്ച് പിന്നീട് സഭയാകുന്ന കുടുംബത്തിന്റെ ഭാഗമാകുകയാണ്.

ഈ വിഷയത്തില്‍, അവരുടെ കുടുംബം അവര്‍ക്കൊപ്പമാണ്. ആ ബിഷപ്പ് ശരിക്കും അവരെ 'മാനഭംഗപ്പെടുത്തി'യതാണെങ്കില്‍ അത് ബിഷപ്പിനെ ദുര്‍ബലപ്പെടുത്തിയേനെ. കന്യാസ്ത്രീക്കെതിരെ കേസു കൊടുക്കാന്‍ അദ്ദേഹത്തെ ധൈര്യപ്പെടുത്തില്ലായിരുന്നു. എന്തായാലും ജലന്ധര്‍ രൂപതയില്‍ 'എന്തോ ചീഞ്ഞുനാറുന്നുണ്ട്'!

എന്നിരുന്നാലും, കന്യാസ്ത്രീ എപ്പോഴും തന്റെ സ്ഥലംമാറ്റത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കലും 'മാനഭംഗ'ത്തെ കുറിച്ച് പരാതിപ്പെട്ടിരുന്നില്ല എന്നതും കണ്ടില്ലെന്ന് നടക്കരുത്. ബിഷപ്പ് കന്യാസ്ത്രീക്കും അവരുടെ കുടുംബത്തിനുമെതിരെ പരാതി നല്‍കിയ ശേഷമാണ് അവര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയത്. കന്യാസ്ത്രീയെ കേരളത്തിലേക്ക് സ്ഥലംമാറ്റാന്‍ ബിഷപ്പ് തീരുമാനിച്ചതോടെയാണ് അവരുടെ കുടുംബം ബിഷപ്പിനെ ഭീഷണിപ്പെടുത്തിയത്.

നടന്നതോ നടന്നുവെന്ന് പറയുന്നതോ ആയ ആ പതിമൂന്ന് 'മാനഭംഗ'ങ്ങളുടെയും തെളിവുകള്‍ കണ്ടെത്താന്‍ പോലീസിന് കഴിയുമെന്ന് കരുതുന്നു. ലൈംഗികത എന്നത് ഒരിക്കലും ഏകപക്ഷീയമായ കാര്യമല്ല.

ദിവസവും ശതകോടി ജനങ്ങളാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. ഇത് ആദമിന്റേയും ഹവ്വയുടേയും കാലം മുതലുള്ളതാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് ഹവ്വ ഇതിനെ സൗകാര്യര്‍ത്ഥം ഉപയോഗിക്കുന്നു. അവള്‍ പിടിക്കപ്പെടുമ്പോള്‍ അത് പീഡനമാകുന്നു. ഇതൊക്കെ പറയുമ്പോഴും മാനഭംഗം എന്നത് വെറുക്കപ്പെട്ട പ്രവൃത്തി തന്നെയാണ്. പ്രതികള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും ലേഖകന്‍ പറഞ്ഞുവയ്ക്കുന്നു.

ജലന്ധര്‍ രൂപതയില്‍ ഏറെനാളായി പറഞ്ഞുകേള്‍ക്കുള്ള ധാര്‍മ്മിക അധഃപതനമാണ് ഈ സംഭവത്തിനു പിന്നിലെന്ന് അവിടെ നിന്നുള്ള ഒരു മുതിര്‍ന്ന വൈദികന്‍ ചൂണ്ടിക്കാട്ടുന്നു. മാനഭംഗം ഏറ്റവും ഹീനമായ കുറ്റകൃത്യമാണ്. അത് ഒരു പെണ്‍കുട്ടിയോടോ, വിവാഹിതയോടൊ കന്യാസ്ത്രീയോടൊ ആരോടെങ്കിലും ആണ് ചെയ്യുന്നതെങ്കിലും ശക്തമായി അപലപിക്കുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സംഭവിച്ചത് എന്താണ്? സന്യാസ സമൂഹത്തിന്റെ ഇത്രയും ഉന്നതമായ പദവിയില്‍ ഇരിക്കുന്ന ഒരു വ്യക്തി എന്തുകൊണ്ടാണ് 13 തവണയും അവര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ നിശബ്ദയായിരുന്നത്. തന്റെ സഭയിലെ കന്യാസ്ത്രീകളോട് അക്രമത്തിനും അനീതിക്കുമെതിരെ പഠിപ്പിച്ചിരുന്ന ആളാണ് അവര്‍. 2014മുതല്‍ 2018 വരെ തന്റെ ബിഷപ്പിനെതിരെ എന്തുകൊണ്ട് അവര്‍ക്ക് ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞില്ല. ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ അയാളെ നിരപരാധിയായി കണക്കാക്കണം എന്ന നമ്മുടെ പ്രമാണം മറക്കരുത്. ആരോപണ വിധേയനായ ബിഷപ്പ് കുറ്റക്കാരനാണെങ്കില്‍ അയാള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണം. അതുവരെ സംശയത്തിന്റെ ആനുകൂല്യത്തിന് അദ്ദേഹം അര്‍ഹനാണ്. താന്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രൂപതയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് ബോധ്യമായി. പ്രശ്‌നപരിഹാരത്തിന് സഭയിലെ ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം 'മംഗളം ഓണ്‍ലൈനോട്' പ്രതികരിച്ചു.

അതേസമയം, പൗരോഹിത്യത്തിലും സന്യാസ ജീവിതത്തിലും പാലിക്കേണ്ട വ്രതങ്ങളുടെ ലംഘനമാണ് ഇരു സംഭവങ്ങളിലും നടന്നതെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ എങ്ങനെ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹരാണ് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW