Thursday, November 22, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 02.15 AM

ഉന്നതപ്രവേശന പരീക്ഷകളിലെ മാറ്റം ആശാവഹം

uploads/news/2018/07/232205/editorial.jpg

മെഡിക്കല്‍-ദന്തല്‍ ബിരുദ കോഴ്‌സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ(നീറ്റ്‌), എന്‍ജിനിയറിങ്‌ കോഴ്‌സുകളിലേക്കുള്ള സംയുക്‌ത പ്രവേശന പരീക്ഷ (ജെ.ഇ.ഇ-മെയ്‌ന്‍) എന്നിവ വര്‍ഷത്തില്‍ രണ്ടു തവണ നടത്താനുള്ള തീരുമാനം ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇടവരുത്തുന്നതാണ്‌. ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാര്‍ഥികള്‍ക്ക്‌ രണ്ടു തവണ ഭാഗ്യം പരീക്ഷിക്കാനുള്ള അവസരം ഒരുങ്ങുകയാണ്‌. മികച്ച സ്‌ഥാപനങ്ങളില്‍ പ്രവേശനം ലക്ഷ്യമിടുന്നവര്‍ക്ക്‌ അത്‌ ഉറപ്പുവരുത്താന്‍ ഈ നീക്കത്തിലൂടെ കഴിയും. രണ്ടു തവണ എഴുതിയാല്‍ അവയില്‍ കിട്ടുന്ന ഉയര്‍ന്ന മാര്‍ക്ക്‌ ആയിരിക്കും പരിഗണിക്കുക. പരീക്ഷാ തയാറെടുപ്പിനുള്ള സമയം നീണ്ടു പോകും എന്നതാണ്‌ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം ഈ തീരുമാനംകൊണ്ടുള്ള ദോഷഫലം. എന്നാല്‍, ഇതാണ്‌ തുടര്‍ വിദ്യാഭ്യാസത്തിനുള്ള വഴി എന്ന്‌ നിശ്‌ചയിച്ച്‌ ഉറപ്പിച്ചിരിക്കുന്നവര്‍ക്ക്‌ ഈ മാറ്റം സഹായകമായിരിക്കും.

പരീക്ഷാ നടത്തിപ്പിനായി പുതിയ നാഷണല്‍ ടെസ്‌റ്റിങ്‌ ഏജന്‍സി (എന്‍.ടി.എ.) രൂപീകരിക്കുന്നു എന്നതും കാതലായ മാറ്റമാണ്‌. ഇതുവരെ സി.ബി.എസ്‌.ഇ. ആയിരുന്നു പരീക്ഷ നടത്തിയിരുന്നതെങ്കില്‍ ഇനി സി.ബി.എസ്‌.ഇക്ക്‌ മേല്‍നോട്ട ചുമതലയാണുള്ളത്‌. സി.ബി.എസ്‌.ഇയെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസം പകരുന്ന തീരുമാനമാണിത്‌. ജെ.ഇ.ഇയും നീറ്റും കൂടാതെ, യു.ജി.സി. നെറ്റ്‌, സിമാറ്റ്‌, ജിപാറ്റ്‌ പരീക്ഷകളും ഇനി എന്‍.ടി.എ. ആയിരിക്കും നടത്തുക. ഇതോടെ മുന്‍നിര പ്രവേശന പരീക്ഷകള്‍ രാജ്യാന്തര നിലവാരത്തിലേക്ക്‌ ഉയര്‍ത്തുക കൂടിയാണ്‌.

കംപ്യൂട്ടര്‍ അധിഷ്‌ഠിത പരീക്ഷയാണെങ്കിലും ഓണ്‍ലൈന്‍ പരീക്ഷയല്ല നടത്തുന്നത്‌ എന്നത്‌ പ്രധാനപ്പെട്ട മാറ്റമാണ്‌. പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷാ സമയത്തിനു തൊട്ടു മുന്‍പായിരിക്കും ചോദ്യക്കടലാസ്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാവുക. ഡൗണ്‍ലോഡ്‌ ചെയ്‌താലുടന്‍ തന്നെ ആ കേന്ദ്രത്തിലെ ഇന്റര്‍നെറ്റ്‌ ബന്ധം വിച്‌ഛേദിക്കും. തുടര്‍ന്ന്‌ ലോക്കല്‍ സെര്‍വര്‍ വഴിയായിരിക്കും വിദ്യാര്‍ഥികള്‍ക്ക്‌ ചോദ്യം വിതരണം ചെയ്യുക. പരീക്ഷയ്‌ക്ക്‌ ശേഷം ഉത്തരങ്ങള്‍ തിരിച്ച്‌ കേന്ദ്ര സെര്‍വറിലേക്ക്‌ അപ്‌ലോഡ്‌ ചെയ്യും. ഒരുതരത്തിലുമുള്ള തട്ടിപ്പിന്‌ അവസരമില്ലാത്ത വിധത്തിലാവും പരീക്ഷാ നടത്തിപ്പ്‌ എന്നാണ്‌ അധികൃതര്‍ പറയുന്നത്‌. വിദ്യാര്‍ഥികള്‍ക്ക്‌ പരീക്ഷയെഴുതുമ്പോള്‍ തന്നെ മാര്‍ക്ക്‌ സംബന്ധിച്ച്‌ കൃത്യമായ ധാരണ കിട്ടും എന്നതും മാറ്റത്തിന്റെ ഗുണമാണ്‌.

നിലവില്‍ നഗരപ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ്‌ അഖിലേന്ത്യാ പ്രവേശന പരീക്ഷകളില്‍ മുന്‍തൂക്കം കിട്ടുന്നത്‌. പഠിക്കാനുള്ള ധാരാളം അവസരങ്ങള്‍ അവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. തുടര്‍ന്നും ഈ മുന്‍തൂക്കം നിലനില്‍ക്കാനാണ്‌ സാധ്യത. ഗ്രാമീണപ്രദേശങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക്‌ കൂടി പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനുള്ള അവസരം ഒരുക്കേണ്ടതുണ്ട്‌. പരീക്ഷയ്‌ക്ക്‌ പഠിക്കുന്നതിന്‌ ഒപ്പം തന്നെ പരീക്ഷയെഴുതാനുള്ള കംപ്യൂട്ടര്‍ അധിഷ്‌ഠിതമായ പരിശീലനം കൂടി നല്‍കേണ്ടതുണ്ട്‌. എല്ലാ വിദ്യാലയങ്ങളിലും കംപ്യൂട്ടര്‍ സൗകര്യം വര്‍ധിപ്പിക്കുന്നത്‌ അടക്കമുള്ള തയാറെടുപ്പുകള്‍ ഇതിനായി സര്‍ക്കാര്‍ നടത്തണം.

Ads by Google
Tuesday 10 Jul 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW