Sunday, June 23, 2019 Last Updated 12 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Jul 2018 02.15 AM

ജി.എസ്‌.ടി: വട്ടംചുറ്റിക്കുന്ന ശിശു

uploads/news/2018/07/232204/bft1.jpg

ജി.എസ്‌.ടിക്ക്‌ ഒരു വയസായി. പതിനഞ്ചു വര്‍ഷത്തോളം ഗര്‍ഭാവസ്‌ഥയിലായിരുന്നിട്ടും ഗര്‍ഭകാലം പൂര്‍ത്തിയാകാതെ പുറത്തെടുത്ത ഒരു ശിശുവിന്റെ എല്ലാ വൈകല്യങ്ങളും ജി.എസ്‌.ടിയില്‍ പ്രകടമാണ്‌. ഡോക്‌ടര്‍മാരായ ജി.എസ്‌.ടി. നെറ്റ്‌വര്‍ക്കും ജി.എസ്‌.ടി. കൗണ്‍സിലും കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളും പലവിധത്തില്‍ ശ്രമിച്ചിട്ടും ശിശു പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കുകയോ പ്രതികരിക്കുകയോ ചെയ്‌തിട്ടില്ല. അല്‍പ്പം കൂടി കാത്തിരുന്നാല്‍ കുട്ടി ബലവാനാകുമെന്നു ഡോക്‌ടര്‍മാര്‍ ശുഭാപ്‌തി വിശ്വാസം പ്രകടിപ്പിക്കുന്നുണെങ്കിലും കുടുംബാംഗങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്‌. ഇതാണ്‌ ജി.എസ്‌.ടിയുടെ ഇന്നത്തെ നില.
സംസ്‌ഥാനങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന നികുതി നിരക്ക്‌ യുദ്ധം ഒഴിവായി, ഒരു രാജ്യം, ഒരു നികുതി എന്നത്‌ നിലവില്‍വന്നു, സംസ്‌ഥാനങ്ങള്‍ തമ്മിലുള്ള സുഗമമായ വ്യാപാരത്തിന്‌ തടസം നിന്നിരുന്ന ചെക്ക്‌ പോസ്‌റ്റുകള്‍ ഇല്ലാതായി, തുടക്കത്തിലെ ആശയക്കുഴപ്പങ്ങള്‍ക്ക്‌ അയവുവന്നു എന്നീ കാര്യങ്ങള്‍ ജി.എസ്‌.ടിയെ സംബന്ധിച്ചു പ്രോത്സാഹജനകമാണ്‌. വന്‍കിട ഉല്‍പാദകര്‍ക്കും വ്യാപാര സ്‌ഥാപനങ്ങള്‍ക്കും ജി.എസ്‌.ടി. മൂലം നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍, ചെറുകിട-ഇടത്തരം വ്യാപാരികളും വ്യവസായികളും ജി.എസ്‌.ടി. നിയമം നടപ്പിലാക്കിയപ്പോഴുണ്ടായ പാകപ്പിഴവുകള്‍ കാരണം ദുരിതത്തിലാണ്‌.
ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും നിയമത്തിലെ വകുപ്പുകളെക്കുറിച്ചും നികുതി നിരക്കുകളെക്കുറിച്ചുമെല്ലാം അവ്യക്‌തത തുടരുകയാണ്‌. വ്യവസായികള്‍ക്കും വ്യാപാരികള്‍ക്കും ലഭ്യമാകേണ്ട വിവിധ തരത്തിലുള്ള ഇന്‍പുട്ട്‌ ടാക്‌സുകള്‍, കയറ്റുമതിക്കാര്‍ക്ക്‌ ലഭിക്കേണ്ടുന്ന റീഫണ്ട്‌, നിശ്‌ചിത സമയങ്ങളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണുകള്‍ ഇവയെക്കുറിച്ചൊന്നും വ്യക്‌തതയില്ല.
ആദ്യം കൊണ്ടുവന്ന ജി.എസ്‌.ടി. ആര്‍ ഒന്ന്‌, രണ്ട്‌, മൂന്ന്‌ എന്നിങ്ങനെയുള്ള റിട്ടേണ്‍ഫോമുകള്‍ പ്രായോഗികമല്ലെന്നു കണ്ടപ്പോള്‍, മാസങ്ങള്‍ക്കുശേഷം ജി.എസ്‌.ടി. ആര്‍ 3 ബി എന്ന റിട്ടേണ്‍ ഫോം നടപ്പിലാക്കി. പിന്നീട്‌ ജി.എസ്‌.ടി.ആര്‍ ഒന്ന്‌ ഫയല്‍ ചെയ്യണമെന്നായി. ഇപ്പോള്‍ ഈ രണ്ടു ഫോമിലും നല്‍കിയിട്ടുള്ള വിവരങ്ങളിലെ പൊരുത്തക്കേടുകള്‍ കണ്ടുപിടിച്ചു വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും നോട്ടീസ്‌ നല്‍കുന്നതിനുള്ള പുറപ്പാടിലാണ്‌ ഉദ്യോഗസ്‌ഥര്‍. നിയമത്തിലെ വിവിധ നിയമങ്ങളെക്കുറിച്ചും റിട്ടേണുകള്‍ പൂരിപ്പിക്കേണ്ടവിധത്തെക്കുറിച്ചും ഉയര്‍ന്ന ഉദ്യോഗസ്‌ഥര്‍ക്കുപോലും ധാരണയില്ല.

ഞങ്ങള്‍ക്ക്‌ ഒന്നും അറിയില്ല, പക്ഷേ, നിങ്ങള്‍ എല്ലാം അറിഞ്ഞിരിക്കണം

നിയമങ്ങളിലെയും നടപടിക്രമങ്ങളിലെയും അജ്‌ഞത, മിക്ക സമയങ്ങളിലും പണിമുടക്കുന്ന ജി.എസ്‌.ടി. നെറ്റ്‌വര്‍ക്ക്‌ എന്നിവ മൂലം വ്യാപാരികളും വ്യവസായികളും അവര്‍ ഓണ്‍ലൈനായി നല്‍കിയ വിവരങ്ങളില്‍ ധാരാളം തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്‌. ജി.എസ്‌.ടി ഹെല്‍പ്‌ ലൈനില്‍ ബന്ധപ്പെട്ടാല്‍ വ്യക്‌തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഉദ്യോഗസ്‌ഥര്‍ക്കും സാധിക്കുന്നില്ല. വകുപ്പിന്റെ ഭാഗത്തുനിന്നുമുള്ള പോരായ്‌മകള്‍ക്ക്‌ അധികൃതര്‍തന്നെ തിരുത്തും. എന്നാല്‍, അറിവില്ലായ്‌മകൊണ്ടു സംഭവിക്കുന്ന തെറ്റുകള്‍ തിരുത്താന്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും അവസരം നല്‍കുന്നുമില്ല. ജി.എസ്‌.ടി. വകുപ്പിന്റെ ഏറ്റവും തെറ്റായ സമീപനങ്ങളിലൊന്നാണിത്‌.

നഷ്‌ടമായ ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌

2017 ജൂലൈ ഒന്നിന്‌ ജി.എസ്‌.ടി. നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍ വ്യാപാരികളുടേയും വ്യവസായികളുടേയും കൈവശമുണ്ടായിരുന്ന സ്‌റ്റോക്കിന്മേല്‍ അവര്‍ നല്‍കിക്കഴിഞ്ഞിരുന്ന നികുതികള്‍ക്കു പുറമേ വീണ്ടും നികുതി ചുമത്തുന്നത്‌ ഒഴിവാക്കാന്‍ ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ നല്‍കുമെന്നു വ്യവസ്‌ഥ ചെയ്‌തിരുന്നു. അതിനായി ട്രാന്‍-1 റിട്ടേണ്‍ 2017 ഡിസംബര്‍ 27-നകം ഫയല്‍ ചെയ്യണമെന്നും വീണ്ടും ട്രാന്‍-2 എന്ന റിട്ടേണ്‍ ഫയല്‍ ചെയ്‌ത്‌ ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ നേടണമെന്നുമായിരുന്നു വ്യവസ്‌ഥ. എന്നാല്‍, നെറ്റ്‌വര്‍ക്കിലെ തകരാറുകള്‍ മൂലം മിക്കവര്‍ക്കും റിട്ടേണുകള്‍ നിശ്‌ചയിച്ച സമയത്തിനുള്ളില്‍ ഫയല്‍ ചെയ്യുവാന്‍ സാധിച്ചില്ല.
അതുകൊണ്ടുതന്നെ ന്യായമായും ലഭിക്കേണ്ട ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ നേടാനും സാധിച്ചില്ല. കേരളത്തില്‍ മാത്രം, പതിനായിരക്കണക്കിനു വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ഈ ഇനത്തില്‍ ആയിരക്കണക്കിനു കോടി രൂപയുടെ ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ നിഷേധിക്കപ്പെട്ടു. ഹൈക്കോടതിയെ സമീപിച്ച വിരലിലെണ്ണാവുന്ന ചിലര്‍ക്കുമാത്രം ട്രാന്‍-1 റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌.
കോളങ്ങള്‍ പൂരിപ്പിക്കുന്നതിലെ അജ്‌ഞതമൂലം ട്രാന്‍-1 റിട്ടേണുകള്‍ ഫയല്‍ ചെയ്‌തവര്‍ക്കും തെറ്റുകള്‍ വന്നുകൂടിയിട്ടുണ്ട്‌. ഇവ തിരുത്തുന്നതിനു ജി.എസ്‌.ടി നിയമത്തില്‍ വഴിയില്ല. മനഃപൂര്‍വമല്ലെങ്കില്‍പ്പോലും തെറ്റായ വിവരങ്ങള്‍ നല്‍കി, ഇന്‍പുട്ട്‌ ടാക്‌സ്‌ ക്രെഡിറ്റ്‌ നേടിയിട്ടുള്ളവര്‍, ഭാവിയില്‍ വന്‍ തുകകള്‍, പലിശയും പിഴയും സഹിതം തിരിച്ചടയ്‌ക്കേണ്ട അവസ്‌ഥയിലുമാണ്‌.

സര്‍ക്കുലറുകള്‍, വിശദീകരണങ്ങള്‍

ജി.എസ്‌.ടി. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും പുറമേ ജി.എസ്‌.ടി. കൗണ്‍സില്‍, കേന്ദ്ര റവന്യൂ വകുപ്പ്‌, സെന്‍ട്രല്‍ ബോര്‍ഡ്‌ ഓഫ്‌ എക്‌സൈസ്‌ ആന്‍ഡ്‌ കസ്‌റ്റംസ്‌, സെന്‍ട്രല്‍ ടാക്‌സ്‌ (റേറ്റ്‌), ഇന്റഗ്രേറ്റഡ്‌ ടാക്‌സ്‌ (റേറ്റ്‌), ജി.എസ്‌.റ്റി പോളിസി വിങ്‌, കേന്ദ്ര റവന്യൂ വകുപ്പ്‌ ടാക്‌സ്‌ റിസേര്‍ച്ച്‌ യൂണിറ്റ്‌, സംസ്‌ഥാന ജി.എസ്‌.ടി കമ്മിഷണര്‍ തുടങ്ങി ഒരു ഡസനിലധികം വകുപ്പ്‌ മേധാവികള്‍ പുറപ്പെടുവിച്ചിട്ടുള്ള മൂന്നൂറിലധികം വരുന്ന വിജ്‌ഞാപനങ്ങള്‍, സര്‍ക്കുലറുകള്‍, വിശദീകരണക്കുറിപ്പുകള്‍ മുതലായവ വായിച്ചു മനസിലാക്കിവേണം ഒരു സംരംഭകന്‍ ഈ നിയമത്തിന്‍ കീഴില്‍ വ്യാപാരം ചെയ്യാന്‍.
ഈ വ്യവസ്‌ഥകള്‍ പാലിക്കുന്നതില്‍ തെറ്റ്‌ കടന്നുകൂടിയാല്‍, ഒരു റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ താമസിച്ചുപോയാല്‍, ഒരു ദിവസം 50 രൂപ നിരക്കില്‍ ഓരോ റിട്ടേണിനും പിഴ നല്‍കണം. നികുതി അടയ്‌ക്കാനുണ്ടെങ്കില്‍ 24 ശതമാനം നിരക്കില്‍ പലിശയും നല്‍കണം. താമസം നേരിട്ടത്‌, ജി.എസ്‌.ടി നെറ്റ്‌വര്‍ക്കിന്റെ കുഴപ്പം കൊണ്ടാണെങ്കില്‍പോലും വ്യാപാരി പിഴ നല്‍കേണ്ട ഗതികേടിലാണ്‌.
2018 ഫെബ്രുവരി വരെ 900 കോടി രൂപയിലധികം ലേറ്റ്‌ ഫീസ്‌ ആയും 145 കോടി രൂപയിലധികം പലിശയായും ഈടാക്കിക്കഴിഞ്ഞു.

നികുതി വരുമാനം

ജി.എസ്‌.ടി. നിയമം നിലവില്‍ വരുന്നതിനു മുമ്പ്‌ ഓരോ മാസവും രാജ്യത്ത്‌ ആകെ ലഭിച്ചിരുന്ന നികുതി എത്രയെന്നും ജി.എസ്‌.ടി. നിയമം നിലവില്‍ വന്ന ശേഷം എത്രയെന്നുമുള്ള കൃത്യമായ കണക്ക്‌ പുറത്തുവന്നിട്ടില്ല. ജി.എസ്‌.ടി. മൂലം ആകെ നികുതി പിരിവ്‌ ഒരു ലക്ഷം കോടി രൂപ കവിഞ്ഞുവെന്ന വാര്‍ത്ത മാത്രമാണ്‌ പുറത്തുവന്നിട്ടുള്ളത്‌.
കേരള ജി.എസ്‌.ടി. വകുപ്പ്‌ പുറത്തുവിട്ട രേഖകള്‍ പ്രകാരം, 2017 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍, 2016 ജൂലൈ മുതല്‍ 2017 ഫെബ്രുവരി വരെയുള്ള കാലയളവില്‍ മൂല്യ വര്‍ധിത നികുതിയിനത്തില്‍ പിരിഞ്ഞുകിട്ടിയത്‌ 11,739.72 കോടി രൂപയും, ജി.എസ്‌.ടി. നിലവില്‍ വന്ന 2017 ജൂലൈ മുതല്‍ 2018 ഫെബ്രുവരി വരെ പിരിഞ്ഞുകിട്ടിയത്‌ 11,751.84 കോടി രൂപയുമാണെന്ന്‌ കാണാം. വെറും 12.64 കോടി രൂപയുടെ വര്‍ധന. നഷ്‌ടപരിഹാരം സംബന്ധിച്ചു കേന്ദ്രവും സംസ്‌ഥാനങ്ങളും തമ്മിലുള്ള ധാരണ അഞ്ചുവര്‍ഷത്തേക്കു പ്രാബല്യത്തിലുള്ളതിനാല്‍ സംസ്‌ഥാനത്തിനു തല്‍ക്കാലം സമാധാനിക്കാന്‍ വകയുണ്ട്‌. 2015-16 അടിസ്‌ഥാന വര്‍ഷമായി, വര്‍ഷം 14 ശതമാനം വര്‍ധനയോടെ സംസ്‌ഥാനങ്ങള്‍ക്കു നഷ്‌ടപരിഹാരം നല്‍കുമെന്നാണ്‌ ധാരണ.

രജിസ്‌റ്റര്‍ ചെയ്‌തവരും റിട്ടേണ്‍ സമര്‍പ്പണവും

2018 ഏപ്രില്‍ 1-ന്‌ ജി.എസ്‌.ടി. അധികാരികള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ പരിശോധിച്ചാല്‍, ഒരുകോടിയിലധികം സ്‌ഥാപനങ്ങള്‍ ജി.എസ്‌.ടി. നിയമത്തിന്‍കീഴില്‍ രജിസ്‌റ്റര്‍ ചെയ്‌തപ്പോള്‍, വിവിധ റിട്ടേണുകള്‍ ഫയല്‍ ചെയ്‌തവരുടെ എണ്ണം 62 ലക്ഷത്തില്‍ താഴെയാണ്‌. ഇതിനു കാരണം, ജി.എസ്‌.ടി. നെറ്റ്‌വര്‍ക്കിലെ തകരാറുകളും റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള നൂലാമാലകളുമാണ്‌. സുഗമമായ രീതിയിലുള്ള റിട്ടേണ്‍ ഫോര്‍മറ്റ്‌ സെപ്‌റ്റംബര്‍ 30 നു പ്രാബല്യത്തില്‍ വരുമെന്നാണ്‌ അധികൃതരുടെ പ്രഖ്യാപനം. ഒരു രാജ്യത്ത്‌ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന നികുതി സമ്പ്രദായത്തില്‍ സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവരുമ്പോള്‍ പ്രതിസന്ധികളുമുണ്ടായേക്കാം. എന്നാല്‍, നടപടിക്രമങ്ങളിലെ സങ്കീര്‍ണതകളും പാളിച്ചകളും ഒഴിവാക്കണം. വ്യാപാരികളുടെ ഭാഗത്തുനിന്നു തുടക്കത്തിലുണ്ടാകുന്ന തെറ്റുകള്‍ തിരുത്തുന്നതിന്‌ അവസരം നല്‍കുകയും ശിക്ഷ ലഘൂകരിക്കുകയും വേണം. ജി.എസ്‌.ടി. നിയമം സുഗമമായി നടപ്പാക്കാന്‍ ഭൗതിക സാഹചര്യം ഒരുക്കിയില്ലെങ്കില്‍ ചെറുകിട, ഇടത്തരം വ്യാപാര മേഖല നികുതി നിയമങ്ങളുടെ നൂലാമാലയിലകപ്പെട്ട്‌ വലിയ പ്രതിസന്ധിയിലാകും.

പി. വെങ്കിട്ടരാമ അയ്യര്‍

( ലേഖകന്‍ ഓള്‍ കേരള ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്‌ അസോസിയേഷന്‍ മുന്‍ സംസ്‌ഥാന പ്രസിഡന്റും വാറ്റ്‌ കണ്‍സള്‍ട്ടേറ്റീവ്‌ കമ്മിറ്റി മുന്‍ സംസ്‌ഥാന സമിതി അംഗവും ജി.എസ്‌.ടി. അനലിസ്‌റ്റുമാണ്‌.)

Ads by Google
Tuesday 10 Jul 2018 02.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW