Monday, July 09, 2018 Last Updated 11 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 04.33 PM

കരുതല്‍ വേണം നാല്‍പ്പതു മുതല്‍

''വികസ്വര വികസിത രാജ്യങ്ങളിലെല്ലാംതന്നെ മനുഷ്യരുടെ ആയുര്‍ദൈര്‍ഘ്യം കൂടിവരികയാണ്. അതിനാല്‍ പ്രായമായവരിലെ പ്രശ്‌നങ്ങളും കൂടിവന്നുകൊണ്ടിരിക്കുന്നു''
uploads/news/2018/07/232002/oldcareing40yersgae.jpg

കൗമാരവും യൗവനവും പോലെ സുന്ദരമാണ് വാര്‍ധക്യവും. എന്നാല്‍ അതിനു മുമ്പേ ഒരുക്കങ്ങള്‍ തുടങ്ങണമെന്നുമാത്രം. ശാരീരികവും മാനസികവുമായ ആരോഗ്യമാണ് വാര്‍ധക്യത്തില്‍ പ്രധാനം. ആള്‍ബലവും സാമ്പത്തിക പിന്തുണയുമൊക്കെ രണ്ടാമത്തെ കാര്യം. മനസും ശരീരവും ആരോഗ്യത്തോടെ സൂക്ഷിച്ചാല്‍ മാത്രമേ അല്ലലില്ലാതെ വാര്‍ധക്യം ആസ്വദിക്കാനാവൂ.

വികസ്വര വികസിത രാജ്യങ്ങളിലെല്ലാംതന്നെ മനുഷ്യരുടെ ജീവിതദൈര്‍ഘ്യം കൂടിവരികയാണ്. അതിനാല്‍ പ്രായമായവരിലെ പ്രശ്‌നങ്ങളും കൂടിവന്നുകൊണ്ടിരിക്കുന്നു. നാല്‍പതു വയസിനു മുകളിലുള്ളവരെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നായിത്തിരിക്കാം.

1. മധ്യവയസ്‌കര്‍ - 40 നും 60 നും മധ്യേയുള്ളവര്‍.
2. പ്രായമായവര്‍ (മുതിര്‍ന്ന പൗരന്മാര്‍) 61 നും 80 നും മധ്യേ.
3. പ്രായാധിക്യം ആയവര്‍ (വയോധികര്‍) 81 നു മുകളില്‍.
ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി പരിശോധിക്കുമ്പോള്‍ ഓരോ ഗ്രൂപ്പിനെയും പ്രത്യേകം പരിഗണിക്കേണ്ടതാണ്.

മധ്യവയസ്‌കര്‍


കുടുംബഭാരം പേറുന്നവരാണ് ഭൂരിഭാഗം പേരും. അധ്വാനിച്ച് കുടുംബം പോറ്റുന്ന വിഭാഗം. ഈ വിഭാഗത്തിന്റെ പ്രധാന ആരോഗ്യപ്രശ്‌നങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. ഹൈപ്പര്‍ ടെന്‍ഷന്‍ (അധികരക്തസമ്മര്‍ദം)
2. ഹൃദയാഘാതം
3. പ്രമേഹവും അനുബന്ധപ്രശ്‌നങ്ങളും
4. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍
5. കാഴ്ചക്കുറവ്
6. കേള്‍വിക്കുറവ്
7. മസ്തിഷ്‌കപ്രശ്‌നങ്ങള്‍
8. മാനസികപ്രശ്‌നങ്ങള്‍
9. അമിതവണ്ണവും അനുബന്ധപ്രശ്‌നങ്ങളും
10. എയ്ഡ്‌സ്‌രോഗവും തുടര്‍പ്രശ്‌നങ്ങളും

മുതിര്‍ന്ന പൗരന്മാര്‍


1. ഹൈപ്പര്‍ ടെന്‍ഷന്‍
2. ഹൃദയാഘാതം
3. മസ്തിഷ്‌കപ്രശ്‌നങ്ങള്‍
4. പ്രമേഹം
5. അസ്ഥി/ സന്ധികളിലെ തേയ്മാനം
6. മലബന്ധം
7. ഉറക്കക്കുറവ്
8. കൂടെക്കൂടെയുള്ള വീഴ്ച
9. മൂത്രം പോകുന്നതിലെ നിയന്ത്രണം ഇല്ലായ്മ
10. പോഷകാംശം കുറയുന്നതു കാരണമുള്ള പ്രശ്‌നങ്ങള്‍

പ്രായാധിക്യം വന്നവരില്‍


1. കൂടെക്കൂടെയുള്ള മറിഞ്ഞുവീഴുക
2. ഓര്‍മക്കുറവും ബുദ്ധിസംബന്ധമായ തകരാറുകളും
3. മൂത്രനിയന്ത്രണമില്ലായ്മ
4. മലബന്ധം
5. പരാശ്രയത്വം
6. ഉറക്കക്കുറവ്
7. മാനസികപ്രശ്‌നങ്ങളും വിഷാദരോഗവും
8. കാഴ്ച/ ശ്രവണപ്രശ്‌നങ്ങള്‍
9. അണുബാധ അനിയത്രിതമാകല്‍
10. ജീവിതം മുന്നോട്ടു നയിക്കാനുള്ള ശേഷിക്കുറവ്

മധ്യവയസ്‌കരുടെ പ്രശ്‌നങ്ങള്‍


ഹൈപ്പര്‍ടെന്‍ഷന്‍ (അമിതരക്തസമ്മര്‍ദം): - ഈ വിഭാഗക്കാരിലെ പ്രധാനപ്രശ്‌നങ്ങളില്‍ ഒന്നാണ് അധികരക്തസമ്മര്‍ദ്ദം. ഈ വിഭാഗത്തില്‍ ഏകദേശം 30 നും 40 നും ശതമാനത്തിനിടയില്‍ ഈ പ്രശ്‌നം കാണപ്പെടുന്നു. ഇതുമൂലം ക്ഷീണം, തലചുറ്റല്‍, തലവേദന, ജോലിയില്‍ ശ്രദ്ധക്കുറവ് മുതലായവ ഉണ്ടാകാം. മിക്കവരിലും പ്രത്യേക ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകാതെയുമിരിക്കാം. ശ്രദ്ധിക്കാതെപോയാല്‍ ഗുരുതരപ്രത്യാഘാതങ്ങള്‍ക്കു വഴിവയ്ക്കുന്ന അസുഖമാണ് ഹൈപ്പര്‍ടെന്‍ഷന്‍. ആയതിനാല്‍ ഈ പ്രായക്കാര്‍ ആറുമാസത്തിലൊരിക്കലെങ്കിലും പ്രഷര്‍ നോക്കിക്കേണ്ടതാണ്. ആഹാരത്തിലെ ഉപ്പും കൊഴുപ്പും നിയന്ത്രിക്കുകയും വേണം. ചിട്ടയായ ശാരീരികവ്യായാമവും പുകവലി, മദ്യപാനം തുടങ്ങിയവ ഒഴിവാക്കുന്നതും പ്രഷര്‍ കുറയ്ക്കാന്‍ സഹായകമാണ്. പ്രഷര്‍ ഉണ്ടായാല്‍ എല്ലാമാസവും ഡോക്ടറെക്കണ്ട് ആവശ്യമായ ചികിത്സ തേടേണ്ടതാണ്.

പ്രമേഹം: - മുതിര്‍ന്നവരില്‍ കണ്ടുവരുന്ന പ്രമേഹം സാധാരണ ആരംഭിക്കുന്നതു ഈ പ്രായത്തിലാണ്. ആയതിനാല്‍ ആറുമാസത്തിലൊരിക്കല്‍ ഷുഗര്‍ടെസ്റ്റു ചെയ്യേണ്ടതാണ്. അമിതമധുരം, അധികഭക്ഷണം എന്നിവ ഒഴിവാക്കിയും സ്ഥിരമായ വ്യായാമത്തിലൂടെയും പ്രമേഹം ഉണ്ടാകുന്നതു ഒരുപരിധിവരെ തടയാം. പ്രമേഹം തുടങ്ങിയാല്‍ ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് തുടര്‍പരിശോധനകളും ചികിത്സയും ആവശ്യമാണ്.

ഹൃദയാഘാതം: ഹാര്‍ട്ടറ്റാക്ക് ഏറ്റം കൂടുതല്‍ ഈ വിഭാഗക്കാരിലാണ്. നെഞ്ചുവേദന, ശ്വാസംമുട്ട്, നെഞ്ചിടിപ്പ് മുതലായവ ലഘുവായി തള്ളിക്കളയാതെ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

അസ്ഥി/ സന്ധിരോഗങ്ങള്‍: - സന്ധിവാതം മുതലായവ ഏറ്റവും കൂടുതലായി കാണപ്പെടുന്നതു ഈ പ്രായക്കാരിലാണ്. ഈ പ്രായക്കാരായ സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോടുകൂടി അസ്ഥികളിലെ കാല്‍സ്യം കുറയുകയും അസ്ഥികള്‍ മൃദുവാകുകയും തദ്വാരാ അസ്ഥി സന്ധിവേദനയും അസ്ഥി ഒടിയാനുള്ള സാധ്യതയും കൂടുകയും ചെയ്യും. ആയതിനാല്‍ നടുവേദന, പുറംവേദന, മുട്ടുവേദന മുതലായവ അനുഭവപ്പെട്ടാല്‍ ഡോക്ടറെ കണ്ട് വേണ്ട പരിശോധനകളും ചികിത്സയും മുന്‍കരുതലുകളും എടുക്കേണ്ടതാണ്.

ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍: - പ്രധാനമായും ശ്വാസതടസം, ക്രോണിക് ബ്രോങ്കൈറ്റിസ് തുടങ്ങിയവ മധ്യവയസ്‌കരിലാണ് അധികവും കാണപ്പെടുക. പുകവലി ശീലം ഉപേക്ഷിക്കേണ്ടതും എന്നിട്ടും ചുമ, കഫം, ശ്വാസതടസം ഇവ അനുഭവപ്പെട്ടാല്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.

കാഴ്ചസംബന്്ധമായ അസുഖങ്ങള്‍: - വെള്ളെഴുത്ത്, തിമിരം തുടങ്ങിയ അസുഖങ്ങള്‍ ആരംഭിക്കുന്നത് പ്രധാനമായും ഈ പ്രായക്കാരില്‍ ആണ്. അതിനാല്‍ വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുക, കാഴ്ച കുറയുക മുതലാവയുണ്ടായാല്‍ കണ്ണുഡോക്ടറെ കണ്ടു വേണ്ട ചികിത്സകള്‍ ചെയ്യേണ്ടതാണ്.

കേള്‍വിക്കുറവ്: - കേള്‍വിക്കുറവു തോന്നുന്നതും മദ്ധ്യവയസ്‌കരില്‍ അസാധാരണം അല്ലാത്ത അസുഖങ്ങളില്‍ ഒന്നാണ്. ആയതിനാല്‍ കേള്‍വിക്കുറവ്, ചെവിയില്‍ മുഴക്കം, ചെവി അടഞ്ഞപോലെ തോന്നുക ഇവയിലേതെങ്കിലും തോന്നിയാല്‍ ഡോക്ടറെ കാണേണ്ടതാണ്.

കാന്‍സറുകള്‍: - കാന്‍സറുകളുടെ സിംഹഭാഗവും മധ്യവയസ്‌കരിലും മുതിര്‍ന്ന പൗരന്മാരിലും അതിനു മുകളിലോട്ടുമാണ് കാണപ്പെടുന്നത്. ആകയാല്‍ അകാരണക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, മുഴകള്‍ കാണപ്പെടുക മുതലായവ ഇതിന്റെ ലക്ഷണമാകാം. ആയതിനാല്‍ ഇതിലേതെങ്കിലും തോന്നിയാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

ലൈംഗികപ്രശ്‌നങ്ങള്‍: - ഈ പ്രായക്കാരിലെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ലൈംഗികപ്രശ്‌നങ്ങള്‍. സ്ത്രീകളില്‍ അതു പ്രത്യേകിച്ചു പ്രകടവുമാണ്. അതിനു കാരണം ആര്‍ത്തവവിരാമവും അതിനോടനുബന്ധിച്ചുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങളുമാണ്. അമിതമായ ക്ഷീണം, വിയര്‍പ്പ്, നെഞ്ചിടിപ്പ്, ഉറക്കക്കുറവ്, ശ്രദ്ധക്കുറവ്, ആധി, ആകുലത, ലൈംഗികതയിലെ ഉത്സാഹക്കുറവ്, സ്തനങ്ങളുടെ ശോഷണം മുതലായവ. ഇവ അസഹ്യമായാല്‍ ഒരു ഗൈനക്കോളജിസ്റ്റിന്റെ സേവനം തേടേണ്ടതാണ്. പുരുഷന്മാരിലും ചില ലൈംഗികവ്യതിയാനങ്ങള്‍ ഉണ്ടാകാറുണ്ട്. ലൈംഗികതയിലെ ഉത്സാഹക്കുറവ്, ലൈംഗികാവയവങ്ങളുടെ ശോഷണം, ഉദ്ധാരണക്കുറവ് തുടങ്ങിയവ.

മസ്തിഷ്‌കരോഗങ്ങള്‍: - സാധാരണയായി കണ്ടുവരുന്ന മസ്തിഷ്‌കരോഗങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. പക്ഷവാതം
2. ഓര്‍മക്കുറവ്.
3. പാര്‍ക്കിന്‍സണ്‍
ഇവയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം കൂടിയേ തീരൂ.ചിട്ടയായാ വ്യായാമവും ലളിതഭക്ഷണവും ശീലമാക്കിയാല്‍ ഒരളവുവരെ ഈ പ്രശ്‌നം പരിഹരിക്കാം.

മാനസിക പ്രശ്‌നങ്ങള്‍: - വളരെ മാനസികപിരിമുറുക്കങ്ങള്‍ ഉണ്ടാകാന്‍ സാഹചര്യങ്ങളുള്ള കാലയളവാണിത്. ഉദാഹരണത്തിനു സാമ്പത്തികപ്രശ്‌നങ്ങള്‍, മക്കളുടെയും ബന്ധുക്കളുടെയും പ്രശ്‌നങ്ങള്‍, ജോലിയില്‍നിന്നും വിരമിക്കുന്നതുമൂലമുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയവ. മാനസികപ്രശ്‌നങ്ങള്‍ നിയന്ത്രണാതീതമായാല്‍ ഡോക്ടറെ കാണേണ്ടതാണ്.

എയ്ഡ്‌സും ബന്ധപ്പെട്ട പ്രശ്‌നങ്ങളും: - എയ്ഡ്‌സ് മരണങ്ങളില്‍ അധികവും ഈ പ്രായക്കാരില്‍ ആണ് കാണപ്പെടുക. എയ്ഡ്‌സിനോടനുബന്ധിച്ചുള്ള പ്രതിരോധശേഷിക്കുറവുണ്ടാകുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ ഈ പ്രായക്കാരില്‍ കാണാറുണ്ട്.

മുതിര്‍ന്ന പൗരന്മാര്‍ (പ്രായംചെന്നവര്‍)


അധിക രക്തസമ്മര്‍ദ്ദം മധ്യവയസ്‌കരേക്കാള്‍ കൂടുതലായി ഇക്കൂട്ടരിലാണ് കാണുന്നത്. ഏകദേശം 50-60 ശതമാനംവരെ. ഈ പ്രായക്കാരില്‍ പ്രഷര്‍ കാണപ്പെടുന്നു. ഹൃദയാഘാതവും അതിനോടനുബന്ധിച്ച കാര്യങ്ങളും ഈ പ്രായക്കാരിലും കുറവല്ല. മസ്തിഷ്‌കരോഗങ്ങള്‍ മധ്യവയസ്‌കരേക്കാള്‍ കൂടുതലായി ഈ പ്രായക്കാരിലാണ് കാണുന്നത്. മാനസികപ്രശ്‌നങ്ങളും മാനസികവിഭ്രാന്തിയും ഈ പ്രായക്കാരില്‍ വളരെ കൂടുതലാണ്. ഇതിനു കാരണങ്ങള്‍ നിരവധിയാണ്. വീട്ടിലെ ഒഴിഞ്ഞ കൂടിന്റെ അവസ്ഥ, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍, ശ്രദ്ധക്കുറവും സംരക്ഷണക്കുറവും വരുത്തുന്ന പ്രശ്‌നങ്ങള്‍, സാമ്പത്തികപ്രശ്‌നങ്ങള്‍ അരക്ഷിതത്വബോധം മുതലായവ.

കാന്‍സറുകള്‍: - മുതിര്‍ന്ന പൗരമന്മാരിലാണ് കാന്‍സറുകള്‍ കൂടുതലായി കാണപ്പെടുന്നത്.

മലബന്ധം: - ഇതു അറുപതിനു മുകളിലുള്ളവരുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്്.

ഉറക്കക്കുറവ് : - ഈ പ്രായക്കാരിലും അതിനു മുകളിലോട്ടുള്ളവരിലുമാണ് അധികമായി കാണപ്പെടുന്നത്.

വീഴ്ചയും അതുസംബന്ധമായ കുഴപ്പങ്ങളും: നില്‍ക്കാനും നടക്കാനും ഈ പ്രായക്കാരില്‍ ബുദ്ധിമുട്ടുകള്‍ സാധാരണയാണ്. കൂടെക്കൂടെ മറിഞ്ഞുവീഴുന്നതും അതുവഴിയുണ്ടാകുന്ന ഒടിവുചതവുകളും ഈ പ്രായക്കാരിലെ മുഖ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്.

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍: - മൂത്രതടസം (പ്രധാനമായും പ്രോസ്‌റ്റേറ്റ് ഗ്രന്ഥിവീക്കം മൂലമുള്ളത്) മൂത്രം അറിയാതെ പോകുന്ന അവസ്ഥ മുതലായവ ഈ പ്രായക്കാരുടെ അസുഖങ്ങളാണ്.വിശപ്പില്ലായ്മ, ആഹാരത്തോടു വിരക്തി, പോഷകാഹാരക്കുറവ് മുതലായവ ഈ പ്രായത്തില്‍ വളരെ കൂടുതലായി കാണപ്പെടുന്ന പ്രശ്‌നമാണ്.

പ്രായാധിക്യം ആയവര്‍


പരാശ്രയത്വം: ജീവന്‍ നിലനിര്‍ത്താനും സ്വന്തം ദൈനംദിനകാര്യങ്ങള്‍ ചെയ്യാനും മറ്റുള്ളവരെ അധികമായി ആശ്രയിക്കേണ്ടിവരുന്ന അവസ്ഥയും അതുവഴിയായി ഉണ്ടാകുന്ന മാനസികപ്രശ്‌നങ്ങളുമാണ് ഏറ്റവും പ്രധാനമായി ഈ പ്രായക്കാരെ അലട്ടുന്നത്.

കൂടെക്കൂടെയുള്ള വീഴ്ച: - നില്‍ക്കാനും നടക്കാനും നന്നായി ബുദ്ധിമുട്ടുണ്ടാവുക, എഴുന്നേറ്റുനില്‍ക്കുകയും നടക്കുകയും ചെയ്യുമ്പോള്‍ മറിഞ്ഞുവീണുപോവുക മുതലായവ ഈ പ്രായക്കാരുടെ പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്.

ഓര്‍മ്മക്കുറവും മറ്റു ബുദ്ധിപരമായ പ്രശ്‌നങ്ങളും: - ഓര്‍മ കുറയുകയും ബുദ്ധിപരമായ കഴിവുകള്‍ നഷ്ടമാവുകയും അതുവഴിയായുണ്ടാകുന്ന ആധിയുമെല്ലാം ഈ പ്രായക്കാരുടെ പ്രധാന പ്രശ്‌നങ്ങളത്രേ.

മലബന്ധം: - മലബന്ധം അഥവാ കോണ്‍സ്റ്റിപ്പേഷന്‍ ഈ പ്രായക്കാരിലെ മിക്കവരിലും ഉള്ള പ്രശ്‌നമാണ്.

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍: - അറിയാതെ മൂത്രം പോവുക, മൂത്രതടസം അനുഭവപ്പെടുക മുതലായവ ഈ പ്രായക്കാരില്‍ മിക്കവരിലും കാണപ്പെടുന്ന പ്രശ്‌നമാണ്.

ഉറക്കക്കുറവും അനുബന്ധ പ്രശ്‌നങ്ങളും: - രാത്രിയില്‍ ഉറക്കക്കുറവ് ഈ പ്രായക്കാരുടെ മിക്കവരുടെയും പ്രശ്‌നമാണ്. പകല്‍ മിക്കസമയവും കിടക്കയിലായിരിക്കുകയും കുറേയധികം ഉറങ്ങുകയും ചെയ്യുന്ന രീതിയും ഈ പ്രായക്കാരുടെ പ്രശ്‌നങ്ങളുടെ കൂട്ടത്തില്‍ ഉള്ളതാണ്.

മാനസികപ്രശ്‌നങ്ങള്‍: - അരക്ഷിതത്വബോധവും നിരാശയും ഈ പ്രായക്കാരുടെ ഏറ്റവും വലിയ മാനസികപ്രശ്‌നങ്ങളാണ്. മറ്റു മാനസികപ്രശ്‌നങ്ങളും ഈ പ്രായക്കാരില്‍ കുറവല്ല. ആത്മഹത്യാപ്രവണതയും ഈ പ്രായക്കാരില്‍ കുറവല്ല.

കാഴ്ചക്കുറവ്: കാഴ്ചക്കുറവും അതുവഴിയുള്ള വിഷമതകളും ഈ പ്രായക്കാരില്‍ ഒട്ടുമിക്കവരിലും കാണപ്പെടുന്നുണ്ട്.

ശ്രവണശേഷിക്കുറവ്: - ശ്രവണശേഷി മിക്കവരിലും തീര്‍ത്തും കുറയുന്നതായാണ് കണ്ടുവരുന്നത്.

കാന്‍സറുകള്‍: - കാന്‍സറുകള്‍ ഏറ്റവും കൂടുതല്‍ ഈ പ്രായക്കാരിലത്രേ. എല്ലാ ശാരീരികഭാഗങ്ങളിലും കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത ഈ പ്രായക്കാരില്‍ അധികമാണ്.

പ്രതിരോധശേഷിക്കുറവ്: - ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയും അതുവഴി അണുബാധയും അതുവഴിയുണ്ടാകുന്ന പ്രശ്‌നങ്ങളും ഈ പ്രായക്കാരില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ദൈനംദിനജീവിതം ബുദ്ധിമുട്ടിലാവുന്ന അവസ്ഥ വിവിധങ്ങളായ ശാരീരികരോഗങ്ങളാല്‍ മിക്കപ്പോഴും കിടക്കയിലായിരിക്കേണ്ട അവസ്ഥയും ജീവിതംതന്നെ മുന്നോട്ടു നയിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയും ഉണ്ടാകുക. ഈ മുകളില്‍പ്പറഞ്ഞ പ്രശ്‌നങ്ങളാല്‍ ജീവിതത്തിനോടുതന്നെ മടുപ്പനുഭവപ്പെടുകയും മരിച്ചാല്‍ മതി എന്നു തോന്നുകയും ചെയ്യുകയും സാവധാനം മരണത്തിനായി മാനസികമായി തയാറാവുകയും മരണത്തിലേക്കു സാവധാനം അടുക്കുകയും ചെയ്യുന്നതായുമായാണ് കണ്ടുവരുന്നത്.

കടപ്പാട്:
ഡോ. ടി.എസ്. ഫ്രാന്‍സിസ്,
കോലഞ്ചേരി

Ads by Google
Ads by Google
Loading...
TRENDING NOW