Sunday, June 23, 2019 Last Updated 25 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 03.45 PM

അഞ്ചിന്റെ പ്രാധാന്യം

'' പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നത് രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. പഞ്ചകര്‍മ്മ ആയുര്‍വേദത്തില്‍ അനുവര്‍ത്തിക്കുന്ന ചികിത്സാരീതിയാണ്.''
uploads/news/2018/07/231990/joythi090718a.jpg

പൗരാണിക ഭാരതീയന്റെ ആത്മജ്ഞാനത്തില്‍ ഉത്ഭവിച്ചു വികസിച്ച സംഖ്യാശാസ്ത്രത്തിന് നമ്മുടെ നിത്യജീവിതത്തിലുള്ള പ്രാധാന്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ. അഞ്ച് (സംസ്‌കൃതത്തില്‍ 'പഞ്ച') എന്ന സംഖ്യയുമായി ബന്ധപ്പെട്ടിട്ടുള്ള ചില വസ്തുതകള്‍ നമുക്കൊന്ന് അപഗ്രഥിക്കാം.

ഈ സംഖ്യ ഹിന്ദു സംസ്‌കാരം, ആദ്ധ്യാത്മികത, സാഹിത്യം, ആയുര്‍വേദം, കല, ജ്യോതിശാസ്ത്രം, പ്രകൃതി, സയന്‍സ് (ശാസ്ത്രം) ഇവയുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഖ്യയുമായി ബന്ധപ്പെട്ട് വളരെ പ്രചാരത്തിലുള്ള വസ്തുതകള്‍ ഇവിടെ വിശദമായി പ്രതിപാദിക്കുന്നില്ല. ഉദാഹരണമായി പഞ്ചവാദ്യം, പഞ്ചപാണ്ഡവന്മാര്‍, പഞ്ചാംഗം, പഞ്ചലോഹം, പാഞ്ചാലി, പഞ്ചബാണന്‍ (കാമദേവന്റെ മറ്റൊരു പേര്, അഞ്ച് ശരങ്ങള്‍ ആണ് 'പഞ്ചേഷു'വിന്റെ ആവനാഴിയിലുള്ളത്. അതില്‍ പുഷ്പശരം ഏറെ പ്രസിദ്ധമാണ്), പഞ്ചാമൃതം (പശുവിന്‍പാല്‍, നെയ്യ്, തൈര്, തേന്‍, പഞ്ചസാര ഇവ ചേര്‍ന്നുണ്ടാക്കുന്ന ഭോജ്യം), പഞ്ചാഗ്നി, പഞ്ചാക്ഷരീമന്ത്രം (നമഃശിവായ), പഞ്ചമം (കര്‍ണ്ണാടക സംഗീതത്തിലെ ശുദ്ധസ്വരം), പഞ്ചരത്‌നകീര്‍ത്തനം (ത്യാഗരാജസ്വാമികള്‍ അഞ്ചു വ്യത്യസ്ത രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ അഞ്ച് കൃതികള്‍), പഞ്ചഭൂതം (വെള്ളം, വായു, ഭൂമി, അഗ്നി, ആകാശം), പഞ്ചേന്ദ്രിയങ്ങള്‍, പഞ്ചായത്ത് (അഞ്ചു പേര്‍ ചേര്‍ന്ന് പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കുന്ന സമ്പ്രദായം, പ്രസിദ്ധമായ പഞ്ചതന്ത്രം കഥകള്‍ എന്നിവ ഇവയില്‍ ചിലതുമാത്രമാണ്.

പഞ്ചമുഖ രുദ്രാക്ഷം ധരിക്കുന്നത് രക്തസമ്മര്‍ദ്ദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവ തടയുന്നതിന് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. 'പഞ്ചകര്‍മ്മ' ആയുര്‍വേദത്തില്‍ അനുവര്‍ത്തിക്കുന്ന ചികിത്സാരീതിയാണ്.

ശ്രീമഹാവിഷ്ണുവിന് പ്രധാനമായി ശംഖ്, ഗദ, വാള്‍, ചക്രം, ശാര്‍ങ്ഗം എന്നീ അഞ്ച് ആയുധങ്ങളാണുള്ളത്. ശിവലിംഗങ്ങള്‍ അഞ്ചുതരമുണ്ട്. പ്രഥ്വീതത്വലിംഗം, ജലതത്ത്വലിംഗം, അഗ്നിതത്വലിംഗം, വായു തത്വലിംഗ, ആകാശതത്ത്വലിംഗം എന്നിങ്ങനെ അവ അറിയപ്പെടുന്നു. ഇതിനോട് ബന്ധപ്പെടുത്തി പഞ്ചഭൂതലിംഗക്ഷേത്രങ്ങള്‍ എന്ന പേരില്‍ അഞ്ച് ശിവക്ഷേത്രങ്ങള്‍ പ്രസിദ്ധിയാര്‍ജ്ജിച്ചിട്ടുണ്ട്.

ചിദംബരം (ആകാശം), കാഞ്ചി (ഭൂമി), കാളഹസ്തി (വായു), തിരുവണെകാവ് (ജലം), തിരുവണ്ണാമലൈ (അഗ്നി), പഞ്ചമുഖ മൂര്‍ത്തികള്‍ ഐശ്വര്യദായകരും ഭക്തവല്‍സലരുമാണ്. പഞ്ചമുഖ ഗണപതി അറിയപ്പെടുന്നത് 'ഹേരംബഗണപതി' എന്ന പേരിലാണ്.

പഞ്ചമുഖ ദീപം കത്തിച്ച് പ്രാര്‍ത്ഥിച്ചാല്‍ മഹാലക്ഷ്മീ കടാക്ഷം ലഭിക്കുമെന്ന് കരുതപ്പെടുന്നു. കേരളത്തിലെ തിരുനെല്ലിയിലുള്ള 'പഞ്ചതീര്‍ത്ഥം' പ്രസിദ്ധമാണല്ലോ. രാമായണത്തില്‍ പരാമര്‍ശിക്കപ്പെടുന്ന 'പഞ്ചവടി' എന്നാല്‍ അഞ്ചുവടവൃക്ഷങ്ങള്‍ ഉള്ള സ്ഥലം എന്നാണ്.

കേരളത്തിലെ തെക്കന്‍ ജില്ലകളിടെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള ആചാരമാണ് 'അന്‍പൊലി' നേര്‍ച്ച. അത് അതിശ്രേഷ്ഠമായി കരുതിപ്പോരുന്ന ഈ നേര്‍ച്ചയില്‍ നെല്ല്, അവല്‍, മലര്, അരി, പഴം എന്നിവ അഞ്ചു പറകളില്‍ നിറച്ച് ദേവീ ദേവന്മാര്‍ക്ക് സമര്‍പ്പിക്കുന്നു.

ശുഭവേളകളില്‍ സാധാരണമായി ഉപയോഗിക്കുന്ന അഞ്ചുവസ്തുക്കളാണ് വെറ്റില, പൂവ്, നാണയം, മഞ്ഞള്‍, അരി എന്നിവ. ഇവയെ കൂടാതെ സാധാരണയായി അറിയപ്പെടാത്ത 'അഞ്ച്' എന്ന സംഖ്യയുടെ പ്രാധാന്യം പേറുന്ന ചില വസ്തുതകള്‍ കൂടി നമുക്കൊന്ന് ശ്രദ്ധിക്കാം.

പഞ്ചഭാവങ്ങള്‍ (ഭക്തന്റെ അഞ്ചുഭാവങ്ങള്‍) എന്നും അറിയപ്പെടുന്നു. (ശാന്തം, ദാസ്യം, സഖ്യം, വാത്സല്യം, മധുരം).

പഞ്ചകൃത്യങ്ങള്‍ (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോഭാവം, അനുഗ്രഹം).

പഞ്ചകന്യകള്‍ (അയോനിജകളായ അഞ്ചു സ്ത്രീ രത്‌നങ്ങള്‍- അഹല്യ, താര, പാഞ്ചാലി (യജ്ഞസേനി), മണ്‌ഡോദരി, സീത).

പഞ്ചമുഖം (ശിവഭഗവാനുമായി ബന്ധപ്പെട്ടത്-ഈശാന, തത്പുരുഷ, അഘോര, വാമദേവ, സദ്യോജാത).

പഞ്ചക്ലേശങ്ങള്‍ (അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം).

പഞ്ചപാതകങ്ങള്‍ (ബ്രഹ്മഹത്യ, മദ്യപാനം, മോഷണം, ഗുരുപത്‌നി നിന്ദ, അധര്‍മ്മികളുമായുള്ള സൗഹൃദം).

പഞ്ചഗവ്യം (ഗോമൂത്രം, ഗോക്ഷീരം, ചാണകം, തൈര്, നെയ്യ്)

പഞ്ചപ്രയാഗ് (വിഷ്ണുപ്രയാഗ്, നന്ദപ്രയാഗ്, കര്‍ണ്ണപ്രയാഗ്, രുദ്രപ്രയാഗ്, ദേവപ്രയാഗ്).

പഞ്ചതീര്‍ത്ഥങ്ങള്‍ (ഭാരതത്തിലെ) കാശിയിലെ അസി സംഗമഘട്ടം, ദശാശ്വമേധഘട്ടം, വരുണസംഗമഘട്ടം, പഞ്ചഗംഗാഘട്ടം, മണികര്‍ണ്ണികാഘട്ടം)

പഞ്ചഗതി-സംഗീതവുമായി ബന്ധപ്പെട്ടത്-ചതുരശ്രഗതി, തിശ്രഗതി, മിശ്രഗതി, ഗണ്ഡഗതി, സങ്കീര്‍ണ്ണഗതി.
മാതാവിന്റെ മഹത്വമോതുന്ന ശങ്കരാചാര്യ വിരചിതമായ അഞ്ചുശ്ലോകങ്ങളുള്ള കൃതിയാണ് 'മാതൃപഞ്ചകം'

ഇവ കൂടാതെ (അഞ്ച്' എന്ന സംഖ്യയുമായി ബന്ധപ്പെട്ടുള്ള വളരെ രസകരവും വിജ്ഞാന പ്രദവുമായ ഒന്ന് രണ്ട് കാര്യങ്ങള്‍ കൂടി.
ഇംഗ്ലീഷ് അക്ഷരമാലയില്‍ എ, ഇ, ഐ, ഓ, യു എന്നീ അഞ്ച് അക്ഷരങ്ങള്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. ഒമ്പിക്‌സ് ചിഹ്നത്തില്‍ അഞ്ച് ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന അഞ്ചു വളയങ്ങളാണുള്ളത്. അത്‌ലറ്റിക്‌സിലെ ഇനമായ പെന്റാത്തലന്‍ ഗണിതശാസ്ത്രത്തില്‍ പെന്റഗണ്‍, കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് പെന്റിയം എന്നിവയും ഈ വേളയില്‍ പരാമര്‍ശിക്കപ്പെടാവുന്നതാണ്.

ഡോ. രാജീവ് എന്‍.
(അസോസിയേറ്റ് പ്രൊഫസര്‍)
ഫോണ്‍: 9633694538

Ads by Google
Monday 09 Jul 2018 03.45 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW