Tuesday, September 18, 2018 Last Updated 24 Min 17 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 10.54 AM

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി: കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ മൊഴിയെടുക്കും; പരാതിയുടെ പകര്‍പ്പ് പോലീസിന് കൈമാറി

ഒരു ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണമാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്.
Franko Mulakkal

കോട്ടയം: ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മാനഭംഗപ്പെടുത്തിയെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിഷപ്പിന്റെ പീഡനത്തെ കുറിച്ച് കര്‍ദ്ദിനാളിന് പരാതി നല്‍കിയിരുന്നുവെന്ന കന്യാസ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണിത്. കന്യാസ്ത്രീ പീഡനത്തെ കുറിച്ച് പരാതി പറഞ്ഞിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ പറയുമ്പോള്‍ കര്‍ദ്ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പോലീസിന് കൈമാറിയാണ് കന്യാസ്ത്രീ ആ വാദത്തെ പൊളിച്ചത്.

ഒരു ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണമാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്. മൊഴിയെടുക്കുന്നതിനായി പോലീസ് കര്‍ദ്ദിനാളിന്റെ സമയം തേടിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ മൂന്നു ദിവസത്തേക്ക് തിരക്കിലായതിനാല്‍ വ്യാഴാഴ്ച മൊഴിയെടുക്കാനാണ് പോലീസ് തീരുമാനം.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തെ കുറിച്ച് കുറവിലങ്ങാട് ഫൊറോന പള്ളി വികാരിയേയും പാലാ രൂപത ബിഷപ്പിനെയും അറിയിച്ചിരുന്നതായും ഇവരുടെ നിര്‍ദേശപ്രകാരം കര്‍ദ്ദിനാളിന് പരാതി നല്‍കുകയുമായിരുന്നുവെന്ന് കന്യാസ്ത്രീ തുടക്കം മുതല്‍ ഉന്നയിക്കുന്നുണ്ട്. കന്യാസ്ത്രീ പരാതിയുമായി കര്‍ദ്ദിനാളിനെ നേരിട്ട് അറിയിച്ചുവെന്നും പതിനഞ്ച് മിനിറ്റോളം ഇരുവരും സംസാരിച്ചിരുന്നുവെന്നും കന്യാസ്ത്രീയുടെ സഹോദരനും വ്യക്തമാക്കിയിരുന്നു. എന്താണ് സംസാരിച്ചതെന്ന് കര്‍ദ്ദിനാള്‍ വ്യക്തമാക്കണമെന്നാണ് സഹോദരനായ വൈദികന്‍ ആവശ്യപ്പെട്ടത്.

അതേസമയം, ലത്തീന്‍ രൂപതയായ ജലന്ധറുമായി ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്നാണ് കര്‍ദ്ദിനാളിനെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും നിലപാട്. കന്യാസ്ത്രീ കര്‍ദ്ദിനാളിനെ കണ്ടത് അവരുടെ മഠത്തിലെ ചില പ്രശ്‌നങ്ങള്‍ അറിയിക്കാനാണെന്നുമാണ് മറുപടി.

അടുത്തനാള്‍ വരെ പാലാ രൂപതയുടെ കീഴിലാണ് കുറവിലങ്ങാട്ടുള്ള ഈ സന്യാസ സമൂഹത്തിന്റെ മഠം ഉള്‍പ്പെടുത്തിയിരുന്നത്. ഇവിടേക്ക് ചാപ്ലിനായി പാലാ രൂപതയുമാണ് വൈദികനെ നിയോഗിച്ചിരുന്നത്. വിവാദമായതോടെ രൂപതയുടെ വെബ്‌സൈറ്റില്‍ നിന്നും മഠത്തിന്റെ പേര് നീക്കിയിരുന്നു. സഭയുടെ ചട്ടമനുസരിച്ച് ഒരു പ്രശ്‌നമുണ്ടായാല്‍ 'ലോക്കല്‍ ഓര്‍ഡിനറി' ആയ സഭാനേതൃത്വത്തെ വേണം പരാതി അറിയിക്കാന്‍. ഇതുപ്രകാരമാണ് കുറവിലങ്ങാട് വികാരിയേയും പാലാ രൂപതയിലും കര്‍ദ്ദിനാളിനും പരാതി നല്‍കിയതെന്നും കന്യാസ്ത്രീയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW