Friday, May 24, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 02.03 AM

തായ്‌ലന്‍ഡില്‍നിന്നുള്ളത്‌ ശുഭ പ്രതീക്ഷ

uploads/news/2018/07/231910/editorial.jpg

തായ്‌ലന്‍ഡിലെ താം ലുവാങ്‌ ഗുഹയില്‍നിന്നു രക്ഷിക്കാനായതു നാലു കുട്ടികളെയാണ്‌. എന്നാല്‍, അവര്‍ ലോകത്തിനു സമ്മാനിക്കുന്നതു പുതിയ പ്രതീക്ഷയാണ്‌. ഒരു ദുരന്തത്തിനു മുന്നില്‍ ലോകം ഒറ്റക്കെട്ടാകുന്ന കാഴ്‌ച. 13 ജീവനുകള്‍ രക്ഷിക്കാന്‍ ലോകരാജ്യങ്ങളെല്ലാമൊന്നിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നു നീന്തല്‍ വിദഗ്‌ധര്‍ തായ്‌ലന്‍ഡിലെത്തി. 16 ദിവസം നീണ്ട പ്രയത്‌നം ഇന്നലെ ആദ്യ ഫലവും നല്‍കി. ശതകോടീശ്വരനായ എലോണ്‍ മസ്‌ക്‌ മുതല്‍ ബ്രിട്ടനില്‍നിന്നും ഓസ്‌ട്രേലിയയില്‍നിന്നും പറന്നെത്തിയ നീന്തല്‍ വിദഗ്‌ധര്‍ വരെ വിലപ്പെട്ട ജീവനുകള്‍ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി. അഭയാര്‍ഥികളെ കടലില്‍ത്തള്ളുന്ന പ്രവണത ഉടലെടുത്ത ലോകത്തിനു ലഭിക്കുന്ന പ്രതീക്ഷാകിരണമാണ്‌ താം ലുവാങ്ങില്‍നിന്നു പുറത്തുവരുന്നത്‌. ഫുട്‌ബോള്‍ മാമാങ്കത്തിനിടെ ഫിഫ പോലും തായ്‌ലന്‍ഡിലെ കുരുന്നുകള്‍ക്ക്‌ ആവേശം പകരാന്‍ രംഗത്തെത്തി.

കഴിഞ്ഞ 23 നാണ്‌ 11 മുതല്‍ 16 വയസുവരെയുള്ള 12 കുട്ടികളും 25 വയസുള്ള കോച്ച്‌ ഏക്‌പോല്‍ ബന്‍തവോങ്ങും ഗുഹയില്‍ കുടുങ്ങിയത്‌.
അപ്രതീക്ഷതമായെത്തിയ മഴയാണ്‌ ഇവര്‍ക്കു തിരിച്ചടിയായത്‌. ദിവസങ്ങളോളം ലോകം ഇവര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു. ഒന്‍പതു ദിവസങ്ങള്‍ക്കുശേഷമാണു കുട്ടികളും കോച്ചും ജീവനോടെയുണ്ടെന്ന സദ്‌വാര്‍ത്ത ലോകമറിഞ്ഞത്‌. ബ്രിട്ടനില്‍നിന്നുള്ള ഡൈവര്‍മാരായിരുന്നു ദുര്‍ഘടമായ കാലാവസ്‌ഥ മറികടന്നു കുട്ടികള്‍ക്കു സമീപമെത്തിയത്‌.

പക്ഷേ, അവരെ രക്ഷിക്കാനുള്ള മാര്‍ഗം അപ്പോഴും തെളിഞ്ഞുവന്നില്ല. എങ്കിലും തായ്‌ലന്‍ഡ്‌ ഗുഹയിലേക്കു ലോകം പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതാണ്‌ പിന്നീട്‌ കണ്ടത്‌. തായ്‌ലന്‍ഡ്‌ സൈനികര്‍ക്കു പുറമേ ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരാണു രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്‌. കുട്ടികള്‍ക്കൊപ്പം എത്രമാസം വേണമെങ്കിലും ഗുഹയ്‌ക്കുള്ളില്‍ താമസിക്കാന്‍ തയാറായി ഡോക്‌ടര്‍മാരുമെത്തി. കൂരിരുട്ട്‌, ജീവവായുവിന്റെ കുറവ്‌, ഭക്ഷണത്തിന്റെ പരിമിതി, മറ്റ്‌ പ്രതികൂല സാഹചര്യങ്ങള്‍... ഇവയൊന്നും മനുഷ്യസ്‌നേഹികള്‍ക്കു തടസമായില്ല.
അതിനിടെയാണു കുട്ടികള്‍ തങ്ങിയ മേഖലയില്‍ ജീവവായു എത്തിക്കാനുള്ള ശ്രമത്തിനിടെ തായ്‌ നീന്തല്‍ വിദഗ്‌ധന്‍ സമാന്‍ കുനന്‍ മരിച്ചത്‌. സാങ്കേതികതടസങ്ങള്‍ നീക്കാന്‍, ഹൈപ്പര്‍ ലൂപ്‌ പദ്ധതിക്കായി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കോടീശ്വരന്‍ എലോണ്‍ മസ്‌ക്‌ സംഘത്തെ അയച്ചു. അമേരിക്കന്‍ സൈനികവിദഗ്‌ധരും ഉപദേശം നല്‍കാന്‍ രംഗത്തുണ്ടായിരുന്നു.

ഇന്നലെ 18 മുങ്ങല്‍ വിഗ്‌ദധരാണ്‌ കുട്ടികളെ രക്ഷിക്കാന്‍ ഗുഹയ്‌ക്കുള്ളില്‍ കടന്നത്‌. ഇവരില്‍ 13 പേരും വിദേശികളായിരുന്നു.
സഹജീവികള്‍ക്കു മൃഗങ്ങള്‍ക്കുള്ള പരിഗണന പോലും നല്‍കാന്‍ തയാറാകാത്ത ജനവിഭാഗങ്ങളാണ്‌ ഇപ്പോള്‍ രാജ്യാന്തര തലത്തിലെ വാര്‍ത്ത. ആഫ്രിക്കന്‍ അഭയാര്‍ഥികളെ തീരത്തടുക്കാന്‍ അനുവദിക്കാത്ത യൂറോപ്യന്മാര്‍, റോഹിന്‍ഗ്യ അഭയാര്‍ഥികളെ മൃഗതുല്യം കാണുന്ന രാഷ്‌ട്രത്തലവന്മാര്‍, എതിര്‍ക്കുന്നവര്‍ക്കു ഭീകരമായ മരണം സമ്മാനിക്കുന്ന ഐ.എസ്‌. ഭീകരര്‍... ഇവയൊക്കെയാണ്‌ ഇന്നു ലോകം കാണുന്നത്‌. രാഷ്‌ട്രീയത്തിന്റെ പേരില്‍ മാതാപിതാക്കളെയും കുഞ്ഞുങ്ങളെയും വേര്‍പിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിനെയും ചിലര്‍ പ്രകീര്‍ത്തിച്ചു. ഇതേ ലോകത്തുതന്നെയാണു തായ്‌ലന്‍ഡ്‌ കുട്ടികള്‍ക്കായി ലോകം ഒരുമിച്ചത്‌. അതൊരു ശുഭസൂചനയാണ്‌. മനുഷ്യസ്‌നേഹികള്‍ക്കു പ്രത്യേകിച്ചും.

Ads by Google
Monday 09 Jul 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW