Thursday, September 13, 2018 Last Updated 1 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 02.02 AM

ഒരു തലമുറയെ വാര്‍ത്തെടുത്ത നേതാവ്‌ , അന്തരിച്ച എം.എം ജേക്കബിനെ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി അനുസ്‌മരിക്കുന്നു

uploads/news/2018/07/231908/bft2.jpg

അഞ്ചു പതിറ്റാണ്ടായാളുള്ള അടുത്ത ബന്ധമാണ്‌ എം.എം. ജേക്കബുമായി ഉണ്ടായിരുന്നത്‌. കോളജ്‌ വിദ്യാര്‍ഥി ആയിരിക്കുന്ന കാലം മുതല്‍ അദ്ദേഹത്തെ അറിയാമായിരുന്നു. എന്നാല്‍ അതിനുശേഷം ഏറെക്കാലം കഴിഞ്ഞാണു പരസ്‌പരം പരിചയപ്പെടുന്നത്‌. സ്വാതന്ത്ര്യാനന്തരകാലത്ത്‌ രാജ്യത്ത്‌ സൃഷ്‌ടിപരമായ വലിയ പങ്കു വഹിച്ച ഭാരത്‌ സേവക്‌ സമാജിന്റെ പ്രവര്‍ത്തനങ്ങളില്‍ ദേശീയതലത്തില്‍ നിറഞ്ഞുനിന്ന നേതാവായിരുന്നു അദ്ദേഹം. ബി.എസ്‌.എസിന്റെ സംസ്‌ഥാന പ്രസിഡന്റ്‌ എന്ന നിലയില്‍ അദ്ദേഹം സംഘടനയുടെ കേരളത്തിലെ എല്ലാമെല്ലാമായിരുന്നു.
കോട്ടയത്ത്‌ മാമ്മന്‍മാപ്പിള ഹാളില്‍ കോണ്‍ഗ്രസ്‌ സമ്മേളനം നടന്ന സമയത്താണ്‌ അദ്ദേഹത്തെ പരിചയപ്പെടുന്നത്‌. നേരിട്ടങ്ങു പരിചയപ്പെടുകയായിരുന്നില്ല. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേതാക്കളടക്കം എല്ലാവരുമെത്തി. അടുത്ത ബന്ധമുള്ള നേതാവായിരുന്ന എം.എ.ജോണുമായി സംസാരിച്ചുകൊണ്ട്‌ നില്‍ക്കുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. പിന്നീട്‌ അടുത്ത വന്ന അദ്ദേഹം എന്റെ കഴുത്തില്‍ മറഞ്ഞു കിടന്ന ബാഡ്‌ജ്‌ നന്നായിരിക്കുന്നു എന്ന്‌ പറഞ്ഞ്‌ നേരെയാക്കാനെന്ന ഭാവേന പേരു നോക്കി മനസിലാക്കുകയായിരുന്നു. അന്ന്‌ അദ്ദേഹം എന്നോട്‌ ഏറെ നേരം സംസാരിച്ചത്‌ വളരെ അഭിമാനത്തോടെയാണ്‌ ഓര്‍ക്കുന്നത്‌.
പിന്നീടുള്ള കാലയളവിലാണ്‌ അദ്ദേഹം കോണ്‍ഗ്രസ്‌ നേതാവായി സജീവരാഷ്‌ട്രീയത്തിലേക്കു കടന്നുവന്നത്‌. 1970-ലെ തെരഞ്ഞെടുപ്പില്‍ തീപാറുന്ന മത്സരമാണ്‌ പാലായില്‍ അദ്ദേഹം നടത്തിയത്‌. ചുരുങ്ങിയ വോട്ടുകള്‍ക്കു പരാജയപ്പെട്ടെങ്കിലും രാഷ്‌ട്രീയമായ വിജയമെന്നായിരുന്നു അന്ന്‌ കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.
പിന്നീട്‌ രാജ്യസഭയില്‍. കേന്ദ്രമന്ത്രി എന്ന നിലയിലുമെല്ലാം മികച്ച നേട്ടങ്ങള്‍ കൈവരിച്ച്‌ വ്യക്‌തിമുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവി വരെ അദ്ദേഹം എത്തി. കേന്ദ്രത്തില്‍ ആഭ്യന്തരസഹ മന്ത്രിയായും പ്രവര്‍ത്തിച്ചു. ഈ രണ്ട്‌ പദവികളിലുമിരിക്കെ പാര്‍ലമെന്ററി ജനാധിപത്യത്തിനു വിലപ്പെട്ട സംഭാവനയാണ്‌ അദ്ദേഹം നല്‍കിയത്‌. സാമൂഹ്യപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്‌ അദ്ദേഹം ആദ്യം പൊതുപ്രവര്‍ത്തനരംഗത്തു വന്നത്‌.
ഭാരത്‌ സേവക്‌ സമാജിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ആദര്‍ശപരമായ നേതൃത്വം നല്‍കിയ ജേക്കബ്‌ സാര്‍ ഒരു ചരിത്രപണ്‌ഡിതന്‍ കൂടിയായിരുന്നു.
ഇന്ത്യന്‍ രാഷ്‌ട്രീയത്തെക്കുറിച്ചും കേരളത്തിന്റെ സാമൂഹ്യബന്ധങ്ങളെക്കുറിച്ചും അഗാധമായ അറിവാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്‌. മേഘാലയാ ഗവര്‍ണറായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാന്‍ കഴിയുന്നതാണ്‌ അദ്ദേഹത്തിന്റെ നേട്ടങ്ങള്‍.

Ads by Google
Monday 09 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW