Tuesday, September 18, 2018 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 02.02 AM

കത്തിലും കരുതലായി ജേക്കബ്‌

uploads/news/2018/07/231907/bft3.jpg

കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലത്തും സുവര്‍ണ കാലഘട്ടത്തിലും ഒരേ പോലെ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി എനിക്കൊപ്പമുണ്ടായിരുന്ന ഗുരുതുല്യ വ്യക്‌തിത്വത്തിനുടമയായിരുന്നു അന്തരിച്ച എം.എം ജേക്കബ്‌. കേരളത്തിലെ യുവജനപ്രസ്‌ഥാനത്തിന്റെ അമരത്തിരുന്നപ്പോഴും രാജ്യതലസ്‌ഥാനത്ത്‌ തന്ത്രപ്രധാനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചപ്പോഴും ഒരേ രീതിയിലുള്ള ലാളനയും കരുതലും എം.എം ജേക്കബില്‍നിന്ന്‌ എനിക്ക്‌ അനുഭവിക്കാന്‍ കഴിഞ്ഞു.
1978 ലെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തില്‍ പ്രഫ. കെ.എം ചാണ്ടി കെ.പി.സി.സി പ്രസിഡന്റും എം.എം ജേക്കബ്‌ ജനറല്‍ സെക്രട്ടറിയുമായി ഒത്തൊരുമയോടെ കോണ്‍ഗ്രസിനെ നയിച്ചു. കെ.കരുണാകരന്‍ എന്ന പകരം വയ്‌ക്കാനില്ലാത്ത നേതാവിന്റെ സാന്നിധ്യം ആ കൂട്ടുകെട്ടിന്‌ കരുത്ത്‌ പകര്‍ന്നു. ഞാനന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌. ജി. കാര്‍ത്തികേയനായിരുന്നു കെ.എസ്‌.യു സംസ്‌ഥാന പ്രസിഡന്റ്‌. യുവത്വത്തെ സംഘടനയിലേക്ക്‌ ആകര്‍ഷിക്കാനും പ്രതിസന്ധിഘട്ടത്തെന്ന അതിജീവിക്കാനും ജേക്കബിന്റെ നേതൃത്വത്തില്‍ രൂപപ്പെടുത്തിയ പ്രവര്‍ത്തന പദ്ധതിയില്‍ ഞാനും ഭാഗഭാക്കായി. കോണ്‍ഗ്രസ്‌ വെറുക്കപ്പെട്ട പാര്‍ട്ടിയായി വിശേഷിപ്പിക്കപ്പെട്ട കാലഘട്ടത്തെ അതിജീവിക്കാനുള്ള പ്രവര്‍ത്തനമാണ്‌ അന്ന്‌ ജേക്കബിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടത്തിയത്‌. അധികാരത്തില്‍ നിന്ന്‌ പുറത്തായ ഇന്ദിരാഗാന്ധി രാജ്യത്തെ കോടതികളില്‍ നിന്ന്‌ കോടതികളിലേക്ക്‌ നിയമത്തിന്റെ കുരുക്കഴിക്കാന്‍ ദിവസങ്ങള്‍ ചെലവിടുന്ന കാലം. ചുറ്റിലും നിന്നെത്തുന്ന കല്ലേറില്‍ മനസ്‌ മുരടിച്ച കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ യുവജന നേതൃത്വത്തിനും ജേക്കബ്‌ അടക്കമുള്ള കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃത്വം ആത്മവിശ്വാസം പകര്‍ന്ന്‌ കൂടെ നിന്നു. കരുണാകരനോട്‌ വ്യക്‌തിപരമായി അടുപ്പം പുലത്തിയപ്പോള്‍ തന്നെ ചില നിലപാടുകളില്‍, സമീപനരീതികളില്‍, എനിക്ക്‌ അഭിപ്രായ വ്യത്യാസമുണ്ടായിരുന്ന കാലം. എന്നാല്‍ തിരുത്തല്‍വാദി ഗ്രൂപ്പിന്റെ ഭാഗവുമല്ലായിരുന്നു ഞാന്‍. കാസ്‌റ്റിംഗ്‌ വോട്ടിന്റെ ബലത്തില്‍ കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തില്‍ തുടരുന്നുവെന്നതാണ്‌ രാഷ്‌ട്രീയ പ്രത്യേകത.
കാസ്‌റ്റിംഗ്‌ വോട്ടിലൂടെ അധികാരത്തില്‍ തുടരുന്നതിലെ ധാര്‍മികത ചോദ്യം ചെയ്‌ത്‌ ക്യാമ്പില്‍ അവതരിപ്പിച്ച പ്രമേയം, കരുണാകരന്‍ മന്ത്രിസഭ രാജി വച്ച്‌ എത്രയും പെട്ടെന്ന്‌ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും ആവശ്യപ്പെട്ടു. ഇത്‌ കരുണാകരനെ വല്ലാതെ ചൊടിപ്പിച്ചു. ഇതോടെ ഒപ്പം നിന്ന പലരും കാല്‌ മാറി കരുണാകരനെ കണ്ട്‌ പ്രമേയം തയാറാക്കിയ പ്രക്രിയയില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറി എന്നെ മാത്രം പ്രതികൂട്ടിലാക്കി. സംസ്‌ഥാന പ്രസിഡന്റെന്ന നിലയ്‌ക്ക്‌ കരുണാകരനും എന്നെ പ്രതിസ്‌ഥാനത്ത്‌ നിര്‍ത്തിയതോടെ ജേക്കബ്‌ ഇടപെട്ടു. കരുണാകരനുമായി സംസാരിച്ച ജേക്കബ്‌ എന്റെ നിലപാടും മറ്റും വിശദീകരിച്ചു. തുടര്‍ന്ന്‌ എന്നോട്‌ കരുണാകരനുമായി സംസാരിക്കാന്‍ ആവശ്യപ്പെടുകയും വിഷയം രമ്യമായി പരിഹരിക്കുകയും ചെയ്‌തു.
നരസിംഹറാവു സര്‍ക്കാറില്‍ ജേക്കബ്‌ അഭ്യന്തര മന്ത്രാലയത്തിലും ഞാന്‍ കൃഷി മന്ത്രാലയത്തിലുമായിരുന്നു മന്ത്രിമാരായി പ്രവര്‍ത്തിച്ചത്‌. രാജ്യസഭയിലൂടെ കേന്ദ്ര മന്ത്രിസഭയിലെത്തിയ ജേക്കബുമായുള്ള ബന്ധം അതോടെ കൂടുതല്‍ ദൃഢമായി. കഴിഞ്ഞ യു.പി.എ സര്‍ക്കാറില്‍ എനിക്ക്‌ ആഭ്യന്തര വകുപ്പിന്റെ ചുമതലയായിരുന്നു. ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി ആഭ്യന്തര മന്ത്രാലയത്തിലെത്തിയ ജേക്കബ്‌ എന്നെ അത്ഭുതപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അദ്ദേഹം പ്രവര്‍ത്തിച്ച അതേ മന്ത്രാലയം. അരികും മൂലയും നടന്ന്‌ കണ്ട്‌ മാറ്റങ്ങള്‍ ഓരോന്നായി വിവരിച്ചു. രണ്ട്‌ മാസം മുന്നെ രാമപുരത്തെ വീട്ടില്‍ അസുഖവിവരം അന്വേഷിക്കാനെത്തിയ എന്റെ കരംകവര്‍ന്ന്‌, നിനക്ക്‌ വേണ്ടി ഞാന്‍ രാഹുലിനും മാഡത്തിനും എഴുതിയിട്ടുണ്ടെന്ന്‌ പറഞ്ഞു. അസുഖം മാറി ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയേയും സോണിയാഗാന്ധിയേയും കാണാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. ആഗ്രഹങ്ങള്‍ ബാക്കിയാക്കി ജേക്കബ്‌ യാത്രാമൊഴി ചൊല്ലി പിരിഞ്ഞു. യു.പി.എ അധ്യക്ഷ സോണിയയ്‌ക്കെക്കെഴുതിയ കത്തില്‍ അദ്ദേഹം എനിക്ക്‌ വേണ്ടി എന്താകും ആവശ്യപ്പെട്ടിട്ടുണ്ടാവുകയെന്നതും അദ്ദേഹത്തിന്‌ മാത്രം അറിയാവുന്ന രഹസ്യമായി അവശേഷിക്കും.

മുല്ലപ്പള്ളി രാമചന്ദ്രന്‍

( തയാറാക്കിയത്‌: ജിനേഷ്‌ പൂനത്ത്‌ )

Ads by Google
Monday 09 Jul 2018 02.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW