Thursday, June 13, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 09 Jul 2018 02.01 AM

യു.ജി.സിക്കു കുരുക്കു വീഴുമ്പോള്‍

uploads/news/2018/07/231906/bft4.jpg

പാര്‍ലമെന്റ്‌ 1956ല്‍ പാസാക്കിയ നിയമപ്രകാരം നിലവില്‍ വന്ന യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമ്മിഷനു (യു.ജി.സി. ) മോഡി സര്‍ക്കാര്‍ വധശിക്ഷ വിധിച്ചു കഴിഞ്ഞു. പകരം വരിക ഹയര്‍ എഡ്യൂക്കേഷന്‍ കമ്മിഷന്‍ ഓഫ്‌ ഇന്ത്യ (എച്ച്‌.ഇ.സി.ഐ.) ആയിരിക്കും. സര്‍വകലാശാലാ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും അധ്യാപനവും പരീക്ഷാ സമ്പ്രദായങ്ങളും ഗവേഷണവും കുറ്റമറ്റതാക്കുന്നതിനും സര്‍വകലാശാലകള്‍ക്കു ഗ്രാന്റ്‌ നല്‍കുന്നതിനും വേണ്ടി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ രൂപം കൊടുത്ത സ്‌ഥാപനത്തിനാണു പൂട്ടു വീഴുന്നത്‌. പുതിയതായി നിലവില്‍ വരുന്ന ഹയര്‍ എഡ്യൂക്കേഷന്‍ കമ്മിഷനും(എച്ച്‌.ഇ.സി.ഐ) ഉന്നത വിദ്യാഭ്യാസത്തിന്റെ ഉദ്ധാരണമാണു ലക്ഷ്യമിടുന്നതെന്നു കരട്‌ നിയമത്തില്‍നിന്നു വ്യക്‌തമാകുന്നു. പക്ഷേ ഗ്രാന്റ്‌ നല്‍കുന്നതുമായി പുതിയ കമ്മിഷനു യാതൊരുവിധ ബന്ധവുമില്ല. ധനസഹായം കേന്ദ്ര സര്‍ക്കാരിന്റെ മാനവ വിഭവ ശേഷി വകുപ്പ്‌ മന്ത്രാലയം നേരിട്ടായിരിക്കും നല്‍കുക.
വലിയ പ്രശ്‌നങ്ങളൊന്നുമില്ലാതെ അര നൂറ്റാണ്ടിലേറെക്കാലമായി കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവന്ന യു.ജി.സിയെ ഇല്ലാതാക്കി പുതിയ വിദ്യാഭ്യാസ കമ്മിഷന്‍ രൂപീകരിക്കുന്നത്‌ ഉന്നത വിദ്യാഭാസത്തിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ വേണ്ടിയാണെന്നാണ്‌ സര്‍ക്കാരിന്റെ അവകാശ വാദം. അധികാരത്തില്‍ കയറിയ നാള്‍ മുതല്‍ മോഡി സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയെ ഗൗരവത്തോടെ കണ്ടിട്ടില്ലെന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും മനസിലാകും. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു വ്യാജ സത്യവാങ്‌മൂലം നല്‍കിയ വ്യക്‌തിക്കു മാനവവിഭവ ശേഷി വകുപ്പിന്റെ ചുമതല നല്‍കിയതില്‍നിന്നു തന്നെ അതു വ്യക്‌തമാണ്‌. ഒടുവില്‍ സഹികെട്ട്‌ അവരെ ആ വകുപ്പില്‍ നിന്നും ഒഴിവാക്കിയെങ്കിലും അത്തരമൊരു സര്‍ക്കാര്‍, ഭരണകാലത്തിന്റെ അന്ത്യനാളുകളില്‍ വിദ്യാഭ്യാസം നന്നാക്കാനാണ്‌ പുതിയ കമ്മിഷനും നിയമവും കൊണ്ടുവരുന്നതെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്‌.
സ്വയംഭരണ സ്‌ഥാപനമായ യു.ജി.സിയെ ഇല്ലാതാക്കി ഗ്രാന്റ്‌ നല്‍കാന്‍ അധികാരമില്ലാത്ത വെറും ശിപാര്‍ശ കമ്മിഷന്‍ രൂപീകരിക്കുന്നതു സര്‍വകലാ ശാലകളെയും മറ്റ്‌ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെയും സര്‍ക്കാരിന്റെ ചൊല്‍പ്പടിക്കു നിര്‍ത്താനാണ്‌. തങ്ങളുടെ ഇംഗിതത്തിനും രാഷ്‌ട്രീയ വിശ്വാസ ങ്ങള്‍ക്കും അനുകൂലമല്ലാത്ത നിലപാട്‌ സ്വീകരിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ ആവശ്യത്തിനു ഫണ്ട്‌ നല്‍കാതെ ശ്വാസം മുട്ടിക്കാനും പ്രവര്‍ത്തനം സ്‌തംഭിപ്പിക്കാനും മന്ത്രാലയത്തിനു കഴിയും. ഫണ്ടിങ്‌ എന്ന ബ്രഹ്‌മാസ്‌ത്രം കൈയിലില്ലാതിരുന്ന കാലത്തും ഹൈദരാബാദ്‌ കേന്ദ്ര സര്‍വകലാശാലയിലും ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും വകുപ്പ്‌ മന്ത്രി നടത്തിയ കൈകടത്തലുകള്‍ മറക്കാറായിട്ടില്ല. അപ്പോള്‍ ഗ്രാന്റ്‌ നല്‍കാനുള്ള അവകാശം കൂടി കൈപ്പിടിയില്‍ ഒതുക്കുമ്പോള്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്ന്‌ ഊഹിക്കാവുന്നതേയുള്ളൂ.
ചെയര്‍മാന്‍, വൈസ്‌ ചെയര്‍മാന്‍ എന്നിവരുള്‍പ്പെടെ 12 അംഗങ്ങളായിരുന്നു യു.ജി.സിയില്‍ ഉണ്ടായിരുന്നത്‌. എച്ച്‌.ഇ.സി.ഐയില്‍ ചെയര്‍പേഴ്‌സണും വൈസ്‌ ചെയര്‍പേഴ്‌സണും ഉള്‍പ്പെടെ 14 അംഗങ്ങളാണുള്ളത്‌. യു.ജി.സിയില്‍ വൈസ്‌ചാന്‍സലര്‍മാര്‍ക്കും മറ്റു വിദ്യാഭ്യാസ വിചക്ഷണര്‍ക്കുമായിരുന്നു മുന്‍ തൂക്കം. എന്നാല്‍, എച്ച്‌.ഇ.സി.ഐയില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, നൈപുണ്യ വികസന മന്ത്രാലയ സെക്രട്ടറി, ശാസ്‌ത്ര സാങ്കേതിക വകുപ്പു സെക്രട്ടറി എന്നീ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കു പുറമേ ഒരു വ്യവസായ പ്രമുഖനെയും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഗ്രാന്റിന്റെ നിയന്ത്രണം സര്‍ക്കാര്‍ കൈവശപ്പെടുത്തിയതു കൂടാതെ കമ്മിഷനില്‍ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥരെ തിരുകിക്കയറ്റിയത്‌ വിദ്യാഭ്യാസം നന്നാക്കാനാണെന്ന അവകാശവാദം എളുപ്പം ദഹിക്കുന്നതല്ല.
ഇതിനെല്ലാം പുറമേ എച്ച്‌.ഇ.സി.ഐയെ ഉപദേശിക്കാന്‍ ഒരു അഡൈ്വസറി കൗണ്‍സിലിനും രൂപം കൊടുത്തിട്ടുണ്ട്‌. അതിന്റെ അധ്യക്ഷന്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പു മന്ത്രി ആയിരിക്കും. കമ്മിഷന്‍ ചെയര്‍പേഴ്‌സണും വൈസ്‌ ചെയര്‍പേഴ്‌സണും അംഗങ്ങളും കൂടാതെ എല്ലാ സംസ്‌ഥാനങ്ങളിലെയും ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണും വൈസ്‌ ചെയര്‍പേഴ്‌സണ്‍മാരും ഉപദേശക സമിതിയില്‍ അംഗങ്ങളായിരിക്കും.
കമ്മിഷനും കേന്ദ്ര സര്‍ക്കാരും തമ്മില്‍ നയപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന്‌ അസന്ദിഗ്‌ദ്ധമായി 25 (2)വകുപ്പില്‍ പറയുന്നു. പുതിയ കമ്മിഷനില്‍ അല്‍പമെങ്കിലും സ്വയംഭരണാധികാരം അവശേഷിക്കുമെന്നുള്ള പ്രതീക്ഷയുടെമേല്‍ അടിച്ച അവസാനത്തെ ആണിയാണിത്‌.യു.ജി.സി. നിയമം അനുസരിച്ച്‌ ചെയര്‍മാന്‌ മാത്രമേ അഞ്ചു വര്‍ഷം ആ പദവിയില്‍ തുടരാന്‍ കഴിയൂ. വൈസ്‌ ചെയര്‍മാന്‍ അടക്കം ഉള്ള മറ്റുള്ളവര്‍ക്ക്‌ മൂന്നു വര്‍ഷമാണു കാലാവധി.
എന്നാല്‍ പുതിയ കമ്മിഷന്‍ നിയമത്തില്‍ ചെയര്‍പഴ്‌സണുള്‍പ്പെടെയുള്ള എല്ലാവരുടെയും കാലാവധി അഞ്ചു വര്‍ഷ മാണ്‌. നാലു കൊല്ലം പിന്നിടുന്ന മോഡി ഭരണകൂടത്തിന്റെ അവസാന വര്‍ഷം കൊണ്ടുവരുന്ന ഈ നിയമം അനുസരിച്ച്‌ കമ്മിഷനില്‍ നിയമിതരാകുന്ന 14 അംഗങ്ങള്‍ക്കും കേന്ദ്രഭരണം നഷ്‌ടപ്പെട്ടാലും കമ്മിഷനില്‍ തുടരാന്‍ കഴിയും. സംഘപരിവാറിന്‌ ഉന്നത വിദ്യാഭ്യാസ മേഖലയിലും കൊടികുത്താനുള്ള അവസരം ഒരുക്കുക കൂടിയാണ്‌ ഈ നിയമം കൊണ്ട്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌.

വി. ദത്തന്‍

ഫോണ്‍: 9446794431

Ads by Google
Monday 09 Jul 2018 02.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW