Friday, June 21, 2019 Last Updated 14 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 08.11 AM

ബിന്ദു പത്മനാഭന്റെ തിരോധാനം; കൂടുതല്‍ പ്രതികളുണ്ടെന്ന് നിഗമനം; സെബാസ്റ്റ്യന്‍ ചെറുപ്പം മുതലെ തട്ടിപ്പുകാരന്‍

Bindhu padmanabhan

ചേര്‍ത്തല: ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാകുമെന്ന നിഗമനത്തില്‍ അന്വേഷണ സംഘം. സംഭവുമായി ബന്ധപ്പെട്ട് നാല് പേരാണ് ഇതുവരെ പിടിയിലായത്.

മുഖ്യപ്രതി പള്ളിപ്പുറം ചുള്ളിത്തറ സി.എം. സെബാസ്റ്റിയന്‍(59), രണ്ടാം പ്രതിയും ആള്‍മാറാട്ടം നടത്തി വ്യാജ മുക്ത്യാറില്‍ ഒപ്പിട്ട മറ്റവന സ്വദേശിനി ടി. മിനി, മുക്ത്യാറില്‍ സാക്ഷികളായ ഇടപ്പള്ളി സ്വദേശി ജി. ഗോവിന്ദന്‍കുട്ടി മേനോന്‍ (79), പള്ളിപ്പുറം സ്വദേശി ഷില്‍ജി പി.കുര്യന്‍(48) എന്നിവരാണ് അറസ്റ്റിലായത്.

ഗോവിന്ദന്‍കുട്ടി മേനോനും ഷില്‍ജിക്കും കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. മിനി പോലീസ് കസ്റ്റഡിയിലാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ചോദ്യംചെയ്യലിനു വിളിപ്പിച്ച പള്ളിപ്പുറം സ്വദേശിയായ മനോജിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതും ദുരൂഹമാണ്.

ബിന്ദുവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവില്‍ അഞ്ച് കേസുകളാണു രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബിന്ദുവിന്റെ തിരോധാനം, വ്യാജമുക്ത്യാര്‍ ഉപയോഗിച്ച് വസ്തു തട്ടിയെടുത്തത്, വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ചത്, എസ്.എസ്.എല്‍.സി ബുക്കിന്റെ വ്യാജപകര്‍പ്പ്, സെബാസ്റ്റിയന്റെ അനധികൃത പണമിടപാടുകള്‍ എന്നിങ്ങനെയാണു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മനോജിനെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമം; ബിന്ദുവിനെ കണ്ടെന്നു മൊഴി

ആലപ്പുഴ/ചേര്‍ത്തല: ആത്മഹത്യ ചെയ്ത ഓട്ടോറിക്ഷ ഡ്രൈവര്‍ മനോജിനെ പ്രതികൂട്ടിലാക്കി തലയൂരാനുള്ള സെബാസ്റ്റിയന്റെ ശ്രമം അന്വേഷണ സംഘം പൊളിച്ചു. ചോദ്യം ചെയ്യുന്നതിനായി പോലീസ് വിളിപ്പിച്ചതിനെ തുടര്‍ന്നു പള്ളിപ്പുറം പഞ്ചായത്ത് 14 -ാം വാര്‍ഡില്‍ തൈക്കൂട്ടത്തില്‍ എസ്. മനോജ്(44) കഴിഞ്ഞ 28 നാണു വീടിനുള്ളില്‍ തൂങ്ങിമരിച്ചത്.

സെബാസ്റ്റിയനുമായി അടുപ്പം പുലര്‍ത്തിയിരുന്ന മനോജിന്റെ മരണം അന്വേഷണസംഘത്തെയും കുഴക്കിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിച്ച സെബാസ്റ്റിയനെ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെയാണു ചോദ്യം ചെയ്തുവരുന്നത്. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യല്‍ കാമറയില്‍ പകര്‍ത്തി.

ചോദ്യങ്ങളോടുള്ള ഇയാളുടെ പ്രതികരണം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ബിന്ദുവിനെ കണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്. തനിക്കൊപ്പം മറ്റു ചിലരും കണ്ടതായി ഇയാള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വ്യാജ മുക്ത്യാര്‍ ചമച്ചത് മനോജിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. അഭിഭാഷകരുടെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ ഇയാള്‍ പറഞ്ഞതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

എന്നാല്‍ തുടര്‍ചോദ്യങ്ങളില്‍ പതറിയ സെബാസ്റ്റിയന്‍ ഒടുവില്‍ കുറ്റം സമ്മതിക്കുകയായിരുന്നു എന്നാണു വിവരം. വ്യാജ മുക്ത്യാര്‍ ചമച്ചത് താനാണെന്നും ബിന്ദു വിദേശത്ത് മരിച്ചെന്നും ചോദ്യം ചെയ്യല്‍ പുരോഗമിച്ചപ്പോള്‍ സെബാസ്റ്റിയന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണു സൂചന. എന്നാല്‍ പോലീസ് ഇത് മുഖവിലയ്ക്കെടുത്തിട്ടില്ല.

തെളിവെടുപ്പിന് സേലത്തേക്ക് കൊണ്ടുപോയ രണ്ടാം പ്രതി മിനിയെ പുലര്‍ച്ചെയോടെ ആലപ്പുഴയില്‍ എത്തിച്ച് ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടുണ്ട്. സെബാസ്റ്റിയനൊപ്പം ബിന്ദുവിനെ കണ്ടെന്നുപറയുന്നവരെ ചോദ്യം ചെയ്യാന്‍ പോലീസ് നടപടി തുടരുകയാണെന്നും കേസില്‍ ഇന്നു വ്യക്തത വരുമെന്നാണു കരുതുന്നതെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍ പറഞ്ഞു.

ചെറുപ്പത്തിലേ തട്ടിപ്പുകാരന്‍!

ആലപ്പുഴ: ബിന്ദു പദ്മനാഭന്റെ തിരോധാനക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റിയന്‍ ചെറുപ്പം മുതലേ തട്ടിപ്പുകള്‍ക്കൊപ്പം. ചേര്‍ത്തലയിലും എറണാകുളത്തുമെല്ലാം സെബാസ്റ്റിയന്‍ പല കാലങ്ങളിലായി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ സെബാസ്റ്റിയന്‍ പതിനെട്ടാം വയസില്‍ സ്വന്തം ഇടവക പള്ളിയിലെ മോട്ടോര്‍ മോഷ്ടിച്ചു. ഇതു നാട്ടുകാര്‍ പിടികൂടിയതോടെ കുറച്ചുകാലം നാട്ടില്‍നിന്നു മാറിനിന്നു. പിന്നീട് കട്ടച്ചിറയിലെ ഒരു വീടുമായി അടുത്തബന്ധം സ്ഥാപിച്ചു. അവരുടെ രണ്ടുലോറികളുടെയും ചുമതല ഏറ്റെടുത്തു. കടം കയറിയതിനെത്തുടര്‍ന്ന് കട്ടച്ചിറയിലെ വീട്ടുടമ വിഷം കഴിച്ചു മരിച്ചു. തുടര്‍ന്ന് കുടുംബത്തിന് തണലായി നിന്ന് അവരുടെ പണവും ലോറിയുമുള്‍പ്പെടെ സ്വന്തമാക്കി കടന്നു.

2002 അവസാനഘട്ടത്തിലാണ് ബിന്ദുവുമായി പരിചയപ്പെടുന്നത്. ഇക്കാലത്ത് സെബാസ്റ്റിയന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസും തുടങ്ങിയിരുന്നു. ബിന്ദുവിന്റെ പിതാവ് പദ്മനാഭപിള്ളയുടെ പേരില്‍ 2002 സെപ്തംബര്‍ 22ന് വില്‍പത്രം തയാറാക്കി ആ കുടുംബത്തിന്റെ മുഴുവന്‍ വസ്തുവും വില്‍പന നടത്തി. ഈ പണമുപയോഗിച്ചാണ് ബിന്ദു ഇടപ്പള്ളിയിലുള്‍പ്പെടെ സ്ഥലം വാങ്ങിയത്. ഇതിനിടെ 2005 നവംബര്‍ വരെ ചേര്‍ത്തല സബ് ട്രഷറിയില്‍ നിന്ന് ബിന്ദു പിതാവിന്റെ പേരിലുള്ള പെന്‍ഷന്‍ വാങ്ങാന്‍ എത്തിയിരുന്നതായും രേഖകളുണ്ട്. 2005നുശേഷം ബിന്ദുവിനെ നേരിട്ട് കണ്ട ആരെയും പോലീസിന് കണ്ടെത്താനായിട്ടില്ല.

Ads by Google
Sunday 08 Jul 2018 08.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW