Thursday, June 13, 2019 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.47 AM

ആനെവാലെ, കാലുമ്മേക്കാലെ ഡും ഡും ഡും!

uploads/news/2018/07/231709/bft1.jpg

ഹരി എന്ന പയ്യന്‍സ്‌ വീടും നാടും വിട്ട്‌, ഏറെ കറങ്ങിത്തിരിഞ്ഞു പഞ്ചാബിലാണ്‌ എത്തിയത്‌. അവന്‍ ഹരീന്ദര്‍ സിങ്‌ എന്ന പേരില്‍ ഒരു സര്‍ദാര്‍ജിയുടെ കുടുംബത്തിലെ ആശ്രിതനും അംഗവുമായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. ഹരിയുടെ വീട്ടുകാര്‍ അവനെത്തേടി അലയുകയായിരുന്നു. പഞ്ചനദികളുടെ നാടിനെക്കുറിച്ചുള്ള ഒരു ടിവി പരിപാടിയിലൂടെ കൂട്ടുകാരിലൊരാള്‍ അയാളെ തിരിച്ചറിഞ്ഞു. അവര്‍ പഞ്ചാബിലെത്തി ഹരിയെ കണ്ടു. പക്ഷേ, താടിയും മുടിയും വളര്‍ത്തി തലപ്പാവു ധരിച്ച്‌ പഞ്ചാബി പേശുന്ന ഹരിയുണ്ടോ താന്‍ മലയാളിയാണെന്നു സമ്മതിക്കുന്നു! എന്തായാലും സംഭവബഹുലമായ ദിവസങ്ങള്‍ക്കുശേഷം ഹരി എന്ന മല്ലൂസിങ്ങിനു മാമലകള്‍ക്കപ്പുറത്തെ, മരതകപ്പട്ടുടുത്ത മലയാളദേശത്തേക്കു മടങ്ങേണ്ടിവന്നു!- ഒരു ലോജിക്കുമില്ലാത്ത 'മല്ലൂസിംഗ്‌' എന്ന മലയാള സിനിമയുടെ കഥയാണിത്‌. 1998-ല്‍ പുറത്തിറങ്ങിയ 'പഞ്ചാബി ഹൗസും' 2012-ല്‍ പുറത്തിറങ്ങിയ 'മല്ലൂസിങ്ങു'മൊക്കെ ഒരുകാലത്തു നമ്മുടെ നാട്ടില്‍ ജീവിച്ചിരുന്ന സിഖ്‌ മലയാളികളെ ഓര്‍മിപ്പിക്കുന്നുവെന്നു പറയാതെവയ്യ.
സിഖുകാര്‍ പണ്ടേ നമുക്ക്‌ അത്ഭുതജീവികളായിരുന്നു. അവരെക്കുറിച്ച്‌ അധികമൊന്നും നാട്ടുകാര്‍ക്ക്‌ അറിയാമായിരുന്നില്ല. ഇക്കൂട്ടര്‍ മന്ത്രവാദികളാണെന്നും അവരുടെ അരയിലെ 'കൃപാണ്‍' പുറത്തെടുത്താല്‍ ചോര കാണാതെ ഉറയിലിടില്ലെന്നുമൊക്കെയായിരുന്നു കഥകള്‍. ഇതിനിടെയാണു വൈക്കം സത്യഗ്രഹത്തിനു പിന്തുണയുമായി അകാലികള്‍ വൈക്കത്ത്‌ എത്തിയത്‌. സമരക്കാര്‍ക്കുവേണ്ടി ഇവര്‍ ക്ഷേത്രത്തിനടുത്ത്‌ ആദ്യത്തെ പഞ്ചാബി ധാബ (ഭക്ഷണശാല) തുറന്നു. ഇതു വന്‍സംഭവമായി. സിഖുകാരെ കാണാനും പഞ്ചാബി വിഭവങ്ങള്‍ കഴിക്കാനും അകലെനിന്നുപോലും ആളുകള്‍ വന്നു. അവര്‍ തയാറാക്കിയ ചപ്പാത്തിയും പരിപ്പുകറിയും തക്കാളി, ഉരുളക്കിഴങ്ങുകറികളും പ്രശസ്‌തമായി. നാട്ടുചന്തകളിലും മറ്റും തക്കാളിയും ഉരുളക്കിഴങ്ങും സുലഭമായി.
സിഖുകാരുടെ ഉടുപ്പും നടപ്പും ഭാഷയും നാട്ടുകാര്‍ക്കു കൗതുകം പകര്‍ന്നു. സിഖുകാരെയും ഹിന്ദിക്കാരെയും കളിയാക്കിയുള്ള നാടന്‍പാട്ട്‌ ഇതായിരുന്നു:

"സാംസുനെ, സപേസുനേ ആനെവാലെ കാലുമ്മേക്കാലെ ഡും ഡും ഡും!!!"

വൈക്കത്ത്‌ അകാലികള്‍ നടത്തിയത്‌ ഒരുതരത്തിലുള്ള മിശ്രഭോജനമായിരുന്നു-ആഹാരവിപ്ലവം! സവര്‍ണരും അവര്‍ണരും ജാതിവിലക്കു ലംഘിച്ച്‌ ഒരേ പായയിലിരുന്ന്‌ ഉണ്ണുന്ന പരിപാടി. ചരിത്രകാരനും സിഖ്‌ നാട്ടുരാജ്യമായിരുന്ന പാട്യാലയിലെ മന്ത്രിയുമായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കരുടെ ഇടപെടലിനേത്തുടര്‍ന്നാണു 12 അകാലികള്‍ വച്ചുവിളമ്പാന്‍ എത്തിയതെന്നും കഥയുണ്ട്‌.
ശാസനകള്‍ അതിരുകടന്നാല്‍ 'ഞാനിപ്പോള്‍ കമ്യൂണിസ്‌റ്റാകും' എന്നായിരുന്നു വീട്ടുകാരെ പണ്ടൊക്കെ ചെറുപ്പക്കാര്‍ ഭയപ്പെടുത്തിയിരുന്നത്‌. എന്നാല്‍, വൈക്കം സത്യഗ്രഹ വേളയിലും അതിനുശേഷവും 'ഞാനിപ്പോള്‍ സിഖുകാരനാകും' എന്നുപറഞ്ഞായിരുന്നു പയ്യന്മാരുടെ ഭീഷണി! അയിത്തം ഏറ്റവും ശക്‌തമായിരുന്ന കാലത്ത്‌ ചേര്‍ത്തലയിലെ കെ.സി. കുട്ടന്‍ അങ്ങനെയാണു സിഖ്‌ മതത്തില്‍ ചേര്‍ന്നത്‌. ഒരുകണക്കിനു പറഞ്ഞാല്‍ കുട്ടനാണ്‌ ആദ്യത്തെ 'മലയാളി സര്‍ദാര്‍ജി!'. ക്ഷേത്രപ്രവേശനവിളംബരം നടന്ന വര്‍ഷമായിരുന്നു അത്‌. വിളംബരം ഉടനുണ്ടാകുമെന്നും എല്ലാ ഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ക്കയറി തൊഴാനാകുമെന്നും പ്രലോഭിപ്പിച്ച്‌ തിരുവിതാംകൂര്‍ ദിവാന്‍ സി.പി. രാമസ്വാമി അയ്യര്‍ കുട്ടനെ വീണ്ടും ഹിന്ദുവാക്കിയെന്നും പറയപ്പെടുന്നു.
ആര്‍. സുകുമാരന്‍ സംവിധാനം ചെയ്‌ത്‌, 2010-ല്‍ പുറത്തിറങ്ങിയ 'യുഗപുരുഷന്‍' എന്ന സിനിമയില്‍ കെ.സി. കുട്ടനായി മമ്മൂട്ടിയാണ്‌ അഭിനയിച്ചത്‌. ശ്രീനാരായണഗുരുവിന്റെ ജീവിതമായിരുന്നു ചിത്രത്തിന്റെ പ്രമേയം. കുട്ടന്‍ മതംമാറിയ അതേവര്‍ഷം ജൂണ്‍ 15-ന്‌ അദ്ദേഹത്തിന്റെ വീട്ടില്‍വച്ച്‌ ഈഴവരായ 25 പേരും സിഖ്‌ മതത്തില്‍ ചേര്‍ന്നു. കുട്ടന്റെ കൂട്ടുകാരായ ഇ. രാഘവന്‍, ഹര്‍നാംസിങ്ങും രാഘവന്‍, കൃപാല്‍സിങ്ങും മാധവന്‍, ഉദയ്‌സിങ്ങും ഭാസ്‌കരന്‍, ഭൂപേന്ദര്‍സിങ്ങുമായി. അക്കൂട്ടത്തില്‍ ഒരു പെണ്‍കുട്ടിയുമുണ്ടായിരുന്നു. സിഖുകാരിയായ ആദ്യ മലയാളിപ്പെണ്‍കുട്ടിക്കു നരേന്ദ്രകൗര്‍ എന്നാണു പേരിട്ടത്‌.
വൈക്കം സത്യഗ്രഹത്തിന്റെ ആവേശമുള്‍ക്കൊണ്ട്‌ പഞ്ചാബില്‍നിന്നു താരാസിങ്‌, സര്‍ദാര്‍ ലാല്‍സിങ്‌ എന്നീ നേതാക്കളും ഇവിടെവന്ന്‌ മലബാറിലും മറ്റും ഗുരുദ്വാരകള്‍ സ്‌ഥാപിക്കാന്‍ ശ്രമം തുടങ്ങി. ശിരോമണി ഗുരുദ്വാര പ്രബന്ധക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ഓഫീസും അക്കാലത്ത്‌ എറണാകുളത്തു തുറന്നു. പഞ്ചാബിലേക്കു മതംമാറാന്‍ പോയ മലയാളികള്‍ സിഖ്‌ മിഷണറി കോളജില്‍ ചേര്‍ന്ന്‌ 'ഗുരുമുഖി' പഠിക്കുകയും ചെയ്‌തു. അക്കാലത്ത്‌ അയിത്തത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ച്‌ ആയിരക്കണക്കിനു സാധാരണക്കാര്‍ ക്രൈസ്‌തവരും മുസ്ലിംകളുമായി മാറിയിരുന്നെങ്കിലും സിഖ്‌ മതത്തിലേക്കുള്ള ചുവടുമാറ്റം രാജാവിനെയും അമ്പരപ്പിച്ചു. മതം മാറി സിഖുകാരായവരെക്കുറിച്ച്‌ മഹാരാജാവിനും വലിയ ധാരണയില്ലാതിരുന്നതിനാല്‍ അവരെക്കുറിച്ച്‌ അദ്ദേഹം വിശദമായി ചോദിച്ചറിഞ്ഞു. പൊതുവഴികളില്‍ നടക്കാന്‍ അവര്‍ക്ക്‌ അനുവാദം കൊടുക്കണമോ എന്നതായിരുന്നു മുഖ്യപ്രശ്‌നം. ക്രൈസ്‌തവര്‍ക്കും മുസ്ലിംകള്‍ക്കും അതിന്‌ അനുവാദമുള്ള സ്‌ഥിതിക്ക്‌ സര്‍ദാര്‍ജിമാരായവര്‍ക്കും വഴിനടക്കാമെന്നു സര്‍ക്കാരിനു സമ്മതിക്കേണ്ടിവന്നു. മതംമാറിയവരെ ഈഴവസിഖുകാര്‍ എന്നൊരു പ്രത്യേകവിഭാഗമായി അംഗീകരിക്കേണ്ടിയുംവന്നു! പൊതുവഴികളിലും ക്ഷേത്രത്തിനു മുന്നിലും അയിത്തജാതിക്കാരെ തടയാന്‍ കാവല്‍നിന്ന പോലീസുകാര്‍ക്കു പക്ഷേ, സിഖുകാരെക്കുറിച്ചു വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. താടിയും മുടിയും നീട്ടി, കൃപാണും ധരിച്ച്‌ നടന്നുപോയ പല സിഖ്‌ മലയാളികള്‍ക്കും പൊതിരെ തല്ലുകിട്ടി!
ഇത്തരം സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താകണം മഹാരാജാവ്‌ ക്ഷേത്രപ്രവേശനവിളംബരം പുറപ്പെടുവിച്ചത്‌. ബുദ്ധിപരമായ തന്ത്രമായിരുന്നു അത്‌. അതോടെ മതംമാറണമെന്ന അധഃസ്‌ഥിതരുടെ വാശി തെല്ലുകുറഞ്ഞു. ആധുനികകാലത്തെ അത്ഭുതസംഭവം എന്നാണ്‌ ഈ വിളംബരത്തെ ഗാന്ധിജി വിശേഷിപ്പിച്ചത്‌.
പല നേതാക്കളും കുട്ടനെപ്പോലെ അക്കാലത്തു മതംമാറിയിട്ടുണ്ട്‌. 'മിതവാദി' കൃഷ്‌ണന്‍ 1924-ല്‍ കോഴിക്കോട്ടുവച്ച്‌ ബുദ്ധമതം സ്വീകരിച്ചു. കെ. പത്മനാഭന്‍ ആശാന്‍ എന്ന നേതാവാണു 'കമാല്‍പാഷ തയ്യില്‍ അഥവാ കെ.പി. തയ്യില്‍' എന്ന പേരില്‍ പ്രശസ്‌തനായത്‌.
ക്ഷേത്രപ്രവേശനത്തിനുശേഷവും കുറച്ചുപേര്‍ സിഖാകാന്‍ അമൃത്‌സറിലേക്കു പോയെങ്കിലും കേന്ദ്രനേതൃത്വം വലിയ താത്‌പര്യം കാട്ടിയില്ല. മലയാളവുമായി ബന്ധമില്ലാത്ത ഗുരുമുഖി പഠിക്കാനും പഠിപ്പിക്കാനുമുള്ള പ്രയാസമായിരുന്നു ഒരുകാരണം. എണ്‍പതുകളില്‍ കൊച്ചിയിലെ സിഖ്‌ ഗുരുദ്വാര സന്ദര്‍ശിച്ച അന്നത്തെ പഞ്ചാബ്‌ മുഖ്യമന്ത്രി സുര്‍ജിത്‌ സിംഗ്‌ ബര്‍ണാല മലയാളിസിഖുകാരെക്കുറിച്ച്‌ ആരായുകയുണ്ടായി.
സിഖ്‌ മതസ്‌ഥാപകന്‍ ഗുരുനാനാക്ക്‌ 1512-ല്‍ കൊച്ചിയിലെത്തി ഏറ ശ്രമിച്ചിട്ടും സിഖ്‌ മതത്തില്‍ ആരും ചേര്‍ന്നിരുന്നില്ല എന്നോര്‍ക്കുമ്പോഴാണ്‌ കുട്ടന്റെയും മറ്റും മതംമാറ്റം പ്രസക്‌തമാകുന്നത്‌. ശ്രീലങ്കയില്‍ പോയി മടങ്ങുന്നവഴിയാണു ഗുരുനാനാക്ക്‌ കൊച്ചിയില്‍ വന്നത്‌. കൊച്ചി മഹാരാജാക്കന്മാരുടെ കുലദൈവമായ പൂര്‍ണത്രയീശന്റെ നടയിലെത്തി അവിടുത്തെ മേല്‍ശാന്തിയെ അദ്ദേഹം കാണുകയുണ്ടായത്രേ.
സ്വാമി വിവേകാനന്ദനും ഗാന്ധിജിക്കും പോലും നമ്മുടെ നാട്ടിലെ അയിത്താചാരങ്ങളില്‍നിന്നു രക്ഷപ്പെടാനായില്ല എന്നതായിരുന്നു ഒരുകാലത്തെ അവസ്‌ഥ! മൂന്നുദിവസം കാത്തുനിന്നിട്ടും വിവേകാനന്ദസ്വാമികള്‍ക്കു കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ കടക്കാന്‍ സാധിച്ചില്ല. കന്യാകുമാരി ക്ഷേത്രദര്‍ശനത്തിനെത്തിയ ഗാന്ധിജി ചാതുര്‍വര്‍ണ്യ വ്യവസ്‌ഥിതിയനുസരിച്ചുള്ള നിശ്‌ചിത അകലംപാലിച്ചാണ്‌ അവിടെ തൊഴുതത്‌! ഉന്നത ബ്രാഹ്‌മണകുലത്തില്‍പ്പെടാത്ത ആളായിരുന്നല്ലോ അദ്ദേഹം! അക്കാലത്തു കന്യാകുമാരി തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു. കീഴ്‌ജാതിക്കാര്‍ മതംമാറിയാല്‍ തീണ്ടല്‍ നിയമങ്ങള്‍ ബാധകമല്ലെന്ന ഭ്രാന്തന്‍ രീതിയെക്കുറിച്ചാണു സ്വാമി വിവേകാനന്ദന്‍ 'മലബാറികളെല്ലാം ഭ്രാന്തന്മാരാണ്‌' എന്ന അര്‍ത്ഥത്തില്‍ പറഞ്ഞത്‌. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലുണ്ടായ അനുഭവങ്ങളാണ്‌ അദ്ദേഹത്തെ ഇങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്‌.
മേനോന്‍ചാടിപ്പണിക്കര്‍!

ഖജനാവില്‍ പണം കിട്ടുന്നതിനായി ദ്രവ്യം വാങ്ങി കൊച്ചിരാജാവ്‌ സ്‌ഥാനമാനങ്ങള്‍ നല്‍കിയിരുന്നു. ട്രഷറിയില്‍ രൂപയടച്ചാല്‍ എന്തെങ്കിലും സ്‌ഥാനം ലഭിക്കുമായിരുന്ന കാലം.
കൂടുതല്‍ പണം കൊടുത്താല്‍ വലിയ പദവികള്‍ കിട്ടും. അങ്ങനെ ഒരു കുടുംബത്തിന്‌ 'മേനോന്‍ചാടിപ്പണിക്കര്‍' എന്നൊരു സ്‌പെഷല്‍ ഗ്രേഡ്‌ അനുവദിച്ചെന്നാണ്‌ ഐതിഹ്യം.

ഇമെയില്‍ -
krpramomdenon@gmail.com

Ads by Google
Sunday 08 Jul 2018 02.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW