Saturday, April 20, 2019 Last Updated 10 Min 26 Sec ago English Edition
Todays E paper
Sunday 08 Jul 2018 02.46 AM

കോണ്‍ഗ്രസ്‌ ഹെക്കമാന്‍ഡ്‌ ലോ കമാന്‍ഡ്‌ ആയോ?

uploads/news/2018/07/231708/a1206d.jpg

കെ.പി.സി.സി. മുന്‍ പ്രസിഡന്റ്‌ വി.എം. സുധീരന്‍ നടത്തിയ പത്രസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌. ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല എന്നീ രണ്ടു ഗ്രൂപ്പ്‌ മാനേജര്‍മാര്‍ കാരണം കേരളത്തിലെ കോണ്‍ഗ്രസ്‌ കൂടുതല്‍ ദുര്‍ബലമായി എന്നാണു സുധീരന്‍ പറഞ്ഞത്‌.
വിഴിഞ്ഞം കരാര്‍ അഴിമതി, കരുണാ എസ്‌റ്റേറ്റ്‌ കൈമാറുന്നതില്‍ നടന്ന അഴിമതി, അതുവഴി ലക്ഷക്കണക്കിന്‌ ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശംവച്ചിരിക്കുന്ന ഹാരിസണ്‍സ്‌, ടാറ്റ മുതലായ വമ്പന്‍ തോട്ടം ഉടമകളെ കൂടി, സഹായിക്കുന്നതായിരിക്കുമെന്നു താന്‍ മുമ്പു പറഞ്ഞ കാര്യം., എന്നിവയടക്കം നിരവധി ആരോപണങ്ങളാണ്‌ സുധീരന്‍ ഉന്നയിച്ചിരിക്കുന്നത്‌. ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും അഴിമതി നടത്തുമെന്ന്‌ ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിക്കാര്യത്തില്‍ എനിക്ക്‌ നേരിട്ട്‌ ബോദ്ധ്യമായതാണ്‌. ഇരുവരും കേരളത്തിലെ കോണ്‍ഗ്രസിനെ നാശഗര്‍ത്തത്തിലേക്ക്‌ നയിക്കുമെന്നും ഞാന്‍ തന്നെ തിരുവനന്തപുരത്തുവച്ച്‌ 2011 മാര്‍ച്ചില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞതാണ്‌. ഇക്കാര്യം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പോടെ ശരിയായി.
ട്രാവന്‍കൂര്‍ ടൈറ്റാനിയം അഴിമതിയെക്കുറിച്ച്‌ 2016 ജനുവരി 21 വ്യാഴാഴ്‌ച്ച "അഴിമതി ഭരണത്തിന്‌ പിടി വീഴുമ്പോള്‍" എന്ന തലക്കെട്ടില്‍ ദേശാഭിമാനി എഴുതിയ മുഖപ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേയും ചെന്നിത്തലക്കെതിരേയും ശക്‌തമായ തെളിവുകളുണ്ട്‌ എന്നു ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. മന്ത്രിസഭയുടെ അവസാന കാലത്തു നടന്ന അഴിമതികള്‍ "കടുംവെട്ട്‌" എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇനിയൊരിക്കല്‍ യു.ഡി.എഫിന്‌ ഭരണത്തില്‍ വരാനുള്ള സാധ്യത ഇല്ലെന്ന ധാരണയില്‍ ഭരണകാലത്ത്‌ തന്നെ, എല്ലാം അടിച്ചെടുക്കാമെന്ന, തീരുമാനത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും. ഈ കടുംവെട്ടിനെക്കുറിച്ച്‌ വിശദമായി അന്വേഷിക്കാന്‍ എല്‍.ഡി.എഫ്‌. മന്ത്രിസഭ ഒരു സബ്‌ കമ്മിറ്റി വച്ചെങ്കിലും, അവരുടെ റിപ്പോര്‍ട്ട്‌ ഒത്തുകളിയില്‍ മുങ്ങിപ്പോയി.
പിണറായി വിജയന്‍ ഈ വീട്ടിന്റെ ഐശ്വര്യം എന്ന,്‌ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലും, ഉമ്മന്‍ചാണ്ടി മന്ത്രിസഭ യിലുണ്ടായിരുന്ന എല്ലാ മുന്‍ മന്ത്രിമാരുടെ വീടുകളിലും മുന്‍ഭാഗത്തു തന്നെ എഴുതിവച്ചിട്ടുണ്ട്‌ എന്നാണ്‌ ഒരു രസികന്‍ എന്നോടു പറഞ്ഞത്‌.
2004 ലാണ്‌ എ.കെ. ആന്റണിയെ ഉപജാപങ്ങളിലൂടെ, മുഖ്യമന്ത്രി പദത്തില്‍ നിന്ന്‌ ഉമ്മന്‍ചാണ്ടി പുറത്താക്കുന്നത്‌. തുടര്‍ന്ന്‌ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി ചുമതലയേറ്റു. അതേ കാലയളവില്‍ തന്നെ ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായും ചുമതലയേറ്റു. രണ്ടു പേരും രണ്ടു ഗ്രൂപ്പിന്റെ മാനേജര്‍മാരായി. അഴിമതി നടത്തുന്നതിലും മറ്റും ഇവര്‍ ഒറ്റക്കെട്ടായിരുന്നു. കെ.പി.സി.സി. നിര്‍വാഹക സമിതിയിലും രാഷ്‌ട്രീയകാര്യ സമിതികളിലും തുടങ്ങി വാര്‍ഡ്‌ കമ്മിറ്റികളില്‍ വരെ ഇവരുടെ ശിങ്കിടികളാണ്‌ വരിക. സുധീരന്റെ അനുഭവം അദ്ദേഹം തന്നെ ഇതിനിടെ മാധ്യമങ്ങളോടു പറയുകയുണ്ടായി.
2001ല്‍ ആന്റണിയുടെ നേതൃത്വത്തില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്‌ 62 അംഗങ്ങളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായും ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റായും ചുമതലയേറ്റതിനു ശേഷം രണ്ടു പുതിയ പാര്‍ട്ടികള്‍ യു.ഡി.എഫില്‍ വന്നിട്ടുപോലും (വീരേന്ദ്രകുമാര്‍ ജനതാദള്‍, ആര്‍.എസ്‌.പി.) കേരള നിയമസഭയിലെ കോണ്‍ഗ്രസ്‌ അംഗങ്ങളുടെ എണ്ണം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 22 അംഗങ്ങളായി കുറഞ്ഞു. ഇതിന്‌ ഇവര്‍ രണ്ടു പേരും സമാധാനം പറഞ്ഞേ പറ്റൂ.
ജോസ്‌ കെ. മാണിയുടെ രാജ്യസഭാ അംഗത്വം സംബന്ധിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കേരള ഘടകത്തിലുണ്ടായ കലാപം പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ല. ജോസ്‌ കെ. മാണിയുടെ കോട്ടയം ലോകസഭാ സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിക്കുമെന്നും, അതുവഴി ഒഴിവു വരുന്ന പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ ചെന്നിത്തലയുമായി ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും കോട്ടയം ജില്ലയില്‍ കോണ്‍ഗ്രസുകാരുടെ ഇടയില്‍ സംസാരമുണ്ട്‌. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി.എ. അധികാരത്തില്‍ വന്നാല്‍ ഉമ്മന്‍ചാണ്ടിക്ക്‌ ഒരു ക്യാബിനറ്റ്‌ മന്ത്രി പദം കിട്ടാന്‍ സാദ്ധ്യതയുണ്ടെന്നാണ്‌ കണക്കു കൂട്ടല്‍. അഥവാ യു.ഡി.എഫ്‌. അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദത്തിന്‌, ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം ഉണ്ടാവില്ലല്ലോ..? രമേശ്‌ വളരെ സന്തോഷത്തിലാണ്‌. മലബാറില്‍ ഒരു ചൊല്ലുണ്ട്‌. ചില മക്കള്‍ക്ക്‌ അച്‌ഛന്‍ ചത്ത്‌ കട്ടിലൊഴിഞ്ഞതിന്റെ സന്തോഷം.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ്‌ ചെന്നിത്തലയുടെ പ്രകടനം വളരെ മോശമാണെന്ന്‌ ചില പത്രപ്രവര്‍ത്തകരുടെയും രാഷ്‌ട്രീയ നിരീക്ഷകരുടെയും വിലയിരുത്തലുണ്ടെങ്കിലും ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും എന്നതാണ്‌ കേരളത്തിലെ പ്രതിപക്ഷത്തിന്റെ സ്‌ഥിതി.
2006-2011 ല്‍ ഭരണകക്ഷിക്ക്‌ നേതൃത്വം നല്‍കുന്ന സി.പി.എമ്മില്‍ രൂക്ഷമായ പടലപിണക്കങ്ങള്‍ നടന്നിരുന്ന കാലമായിരുന്നു. അത്‌ മുതലെടുക്കാന്‍ രണ്ടുപേര്‍ക്കുമായില്ല. കോട്ടയം, പിറവം, അഴീക്കോട്‌ എന്നീ നിയോജക മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ്‌. പരാജയപ്പെട്ടത്‌ മൊത്തം ആയിരത്തോളം വോട്ടുകള്‍ക്കാണ്‌. ഈ നിയോജക മണ്ഡലങ്ങളില്‍ കൂടി എല്‍.ഡി.എഫ്‌. ജയിച്ചിരുന്നുവെങ്കില്‍, എല്‍.ഡി.എഫ്‌. അധികാരത്തില്‍ വരുമായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്‌ പരാജയത്തിന്‌, ഈ രണ്ടു ഗ്രൂപ്പ്‌ മാനേജര്‍മാരാണ്‌ പൂര്‍ണമായും ഉത്തരവാദികള്‍.
കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡ്‌ നിയോഗിച്ച വി.എം. സുധീരനെ, കെ.പി.സി.സി. പ്രസിഡന്റ്‌ പദവിയില്‍ നിന്നും, പുകച്ച്‌ പുറത്തുചാടിച്ചതും, കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടുന്ന, വര്‍ഗീയ ധ്രുവീകരണത്തിന്‌ ബി.ജെ.പിയെ സഹായിച്ചതും ഈ രണ്ടു ഗ്രൂപ്പ്‌ മാനേജര്‍മാരാണ്‌.
രമേശ്‌ ചെന്നിത്തലയുടെ സമുദായ നേതാവ,്‌ എന്‍.എസ്‌.എസ്‌. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ കേരളം ഭരിക്കുന്നത്‌ മൂന്ന്‌ "കൂ"കളാണ്‌ (കുഞ്ഞൂഞ്ഞും, കുഞ്ഞാപ്പയും, കുഞ്ഞുമാണി) എന്ന പ്രസ്‌താവനയും ബി.ജെ.പിയുടെ വളര്‍ച്ചയ്‌ക്ക്‌ സഹായകമായി. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യോജിച്ച്‌ നല്‍കുന്ന കെ.പി.സി.സി. ഭാരവാഹികളുടെയും, ഡി.സി.സി. ഭാരവാഹികളുടെയും പട്ടികയും, നിര്‍വാഹക സമിതി അംഗങ്ങളുടെ പട്ടികയും, എ.ഐ.സി.സി പ്രസിഡന്റ്‌ അംഗീകരിക്കുന്ന സമീപനമാണ്‌ എ.ഐ.സി.സി. നേതൃത്വം, ഈ കാലയളവുവരെ സ്വീകരിച്ചിരിക്കുന്നത്‌.
ഇരുവരോടുമുള്ള വിധേയത്വത്തിന്റെ കാരണമാണ്‌ ഇനി അന്വേഷിക്കേണ്ടത്‌. ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണത്തിനായി ഹൈക്കമാന്‍ഡ്‌ മുന്‍കൈ എടുത്തേ മതിയാവൂ.

കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍

Sunday 08 Jul 2018 02.46 AM
YOU MAY BE INTERESTED
Loading...
TRENDING NOW