Sunday, June 16, 2019 Last Updated 27 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 02.38 AM

സൂചി കൊണ്ടുവരണം

uploads/news/2018/07/231702/re5.jpg

ഒരിടത്ത്‌ ഒരു ധനികനുണ്ടായിരുന്നു. പണത്തിന്‌ യാതൊരു പഞ്ഞവുമില്ലാത്തതിനാല്‍ അതുകൊണ്ട്‌ എന്തും സാധിക്കാനാവും എന്ന ധാരണയിലായിരുന്നു അയാള്‍.
ഒരിക്കല്‍ ഗുരുനാനാക്ക്‌ ആ ഗ്രാമത്തിലേക്ക്‌ വന്നു. ആ ധനികന്‍ ഗുരുനാനാക്കിനെ തന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. അദ്ദേഹം അത്‌ സ്വീകരിച്ചു. ധനികന്‍ അദ്ദേഹത്തെ തന്റെ ഗൃഹത്തിലേക്ക്‌ കൂട്ടിക്കൊണ്ടു ചെന്ന്‌ ഇരിക്കാന്‍ അഭ്യര്‍ഥിച്ചു. എന്നിട്ട്‌ അഹന്ത നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു: ഞാനാണീ ഗ്രാമത്തിലെ വലിയ പണക്കാരന്‍. എനിക്ക്‌ എന്തു വേണമെങ്കിലും ആവാം. താങ്കള്‍ക്ക്‌ ഞാനെന്താണ്‌ ചെയ്യേണ്ടതെന്നു പറഞ്ഞാലും. എന്താണെങ്കിലും പ്രശ്‌നമല്ല. എന്തു ചെലവു വന്നാലും തരക്കേടില്ല. ഞാനത്‌ ചെയ്‌തിരിക്കും.
നാനാക്ക്‌ ഒരല്‌പ നേരം ചിന്തയിലാണ്ടു. പിന്നീട്‌ തന്റെ കുപ്പായക്കീശയില്‍ നിന്ന്‌ ഒരു പഴയ സൂചിയെടുത്ത്‌ ധനികന്റെ കൈയില്‍ കൊടുത്തിട്ട്‌ പറഞ്ഞു: ഇതാ നോക്കൂ, നിങ്ങള്‍ വളരെ നിര്‍ബന്ധിക്കുന്നതു കൊണ്ട്‌ ഞാനാവശ്യപ്പെടുകയാണ്‌. എനിക്ക്‌ നിങ്ങള്‍ ചെയ്യേണ്ട സഹായം ഇതാണ്‌. ഈ സൂചി നിങ്ങള്‍ ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കണം. നാം രണ്ടുപേരും മരിച്ചതിനു ശേഷം മറ്റൊരു ലോകത്തില്‍ കണ്ടുമുട്ടാന്‍ സാധ്യതയുള്ളപ്പോള്‍ ഈ സൂചി കൊണ്ടു വന്ന്‌ എനിക്കു തരണം.
ഇതുകേട്ട ധനികന്‍ പകച്ചു: അതെങ്ങനെയാണ്‌ സാധ്യമാവുക? ഞാന്‍ മരിക്കുമ്പോള്‍ ഈ സൂചി എങ്ങനെ മറ്റൊരു ലോകത്തേക്ക്‌ കൊണ്ടു പോകാനാകും? എന്ന്‌ ചോദിച്ചു.
ഗുരുനാനാക്ക്‌ പറഞ്ഞു, സൂചിപോലുള്ള ഒരു ചെറിയ സാധനം പോലും ഈ ലോകം വിട്ടു പോകുമ്പോള്‍ നമുക്ക്‌ എടുത്തു കൊണ്ട്‌ പോകാനാവില്ല. അങ്ങനെയിരിക്കെ നിങ്ങള്‍ സ്വന്തം സ്വത്തുക്കളും സമ്പാദ്യങ്ങളും എങ്ങനെയാണ്‌ അങ്ങോട്ട്‌ കൊണ്ടുപോവുക?
ഗുരുനാനാക്കിന്റെ ചോദ്യം കേട്ട ധനികന്‍ ചിന്തിക്കാനാരംഭിച്ചു.
നാനാക്ക്‌ പറഞ്ഞു, നോക്കൂ! നമ്മുടെ നല്ലതും ചീത്തയുമായ പ്രവൃത്തികളാണ്‌ അവസാനം വരെ നമ്മോടൊപ്പമുണ്ടാവുക. മറ്റുള്ളവര്‍ നന്നായിരിക്കാന്‍ വേണ്ടി നമ്മുടെ സമ്പത്ത്‌ ചെലവഴിക്കണം. അപ്രകാരം ചെയ്യാനായില്ലെങ്കില്‍ നാം മനുഷ്യ ജന്മമെടുത്തതില്‍ പ്രയോജനമില്ല. നമ്മുടെ കൈയില്‍ പണമുണ്ടായിട്ടും പ്രയോജനമില്ല.
ഇതുകേട്ട ധനികന്‌ വെളിവുണ്ടായി. അദ്ദേഹം നാനാക്കിനെ വണങ്ങിക്കൊണ്ട്‌ പറഞ്ഞു, എന്നിലെ അഹന്ത ഇപ്പോള്‍ അടങ്ങിക്കഴിഞ്ഞു. ഇനി മുതല്‍ എന്റെ കൈവശമുള്ള ധനം നല്ല മാര്‍ഗത്തില്‍ ചെലവു ചെയ്യും. കൈയിലുള്ള പണം എപ്പോഴും നമ്മോടൊപ്പം വരികയില്ല. അങ്ങനെ പറയുന്നതിന്റെ അര്‍ത്ഥം നാം ധനസമ്പാദനത്തിന്‌ ശ്രമിക്കരുത്‌ എന്നല്ല. ശരിയായ മാര്‍ഗത്തില്‍ ധനം സമ്പാദിക്കുക തന്നെ വേണം. അങ്ങനെ തന്നെ ചെലവു ചെയ്യുകയും വേണം. അപ്പോള്‍ വല്ലാത്ത ഒരു മനഃസംതൃപ്‌തി ലഭിക്കും. ആ മാനസികമായ സന്തോഷം അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ ശ്രേഷ്‌ഠമായ ആനന്ദമറിയൂ.
സ്വര്‍ഗത്തിലേക്ക്‌ പോകുന്നവര്‍ക്ക്‌ ഇവിടെ നിന്ന്‌ പണം കൊണ്ടു പോവുക സാധ്യമല്ല. എന്നാല്‍ നമ്മുടെ കൈവശമുള്ള സമ്പത്ത്‌ ഇവിടെ മറ്റുള്ളവര്‍ക്ക്‌ പ്രയോജനപ്പെടും വിധം ഉപയോഗിച്ച്‌ അതിനാല്‍ ലഭിക്കുന്ന പുണ്യം അന്യലോകത്തേക്ക്‌ കൊണ്ടുപോകാനാകും- ഗുരുനാനാക്ക്‌ അരുളിച്ചെയ്‌തു.
ഒരു മിഷണറി യുവതി മരണശയ്യയില്‍ കിടന്നപ്പോള്‍ ഒരു സ്‌നേഹിത അരികെ ചെന്ന്‌ ചോദിച്ചു: സഹോദരീ, ഇത്ര നേരത്തേ സ്വര്‍ഗത്തിലേക്കു പോകുന്നതില്‍ വിഷമമുണ്ടോ? അവള്‍ പുഞ്ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു: ഇല്ല, എനിക്ക്‌ ഏറെ സന്തോഷമുണ്ട്‌; എന്നെ ഏല്‍പ്പിച്ച ജോലിയെല്ലാം തീര്‍ന്നു. ഇനി ഞാന്‍ എന്റെ യേശുവിന്റെ അടുക്കലേക്കാണു പോകുന്നത്‌.
ഒരിക്കല്‍ പൂര്‍ണമായിട്ട്‌ ദൈവസന്നിധിയില്‍ നിങ്ങളെത്തന്നെ സമര്‍പ്പിച്ചു കഴിഞ്ഞാല്‍, പിന്നെ സാഹചര്യങ്ങളാലോ, മറ്റുള്ളവരുടെ അഭിപ്രായത്താലോ നിങ്ങള്‍ ചഞ്ചലപ്പെടേണ്ട ആവശ്യമില്ല. വിശുദ്ധ പൗലോസ്‌ പറഞ്ഞിരിക്കുന്നത്‌, ആകയാല്‍ ആരും മനുഷ്യരില്‍ പ്രശംസിക്കരുത്‌; സകലവും നിങ്ങള്‍ക്കുള്ളതല്ലോ... ലോകമോ, ജീവനോ, മരണമോ, ഇപ്പോഴുള്ളതോ, വരുവാനുള്ളതോ സകലവും നിങ്ങള്‍ക്കുള്ളത്‌. നിങ്ങളോ ക്രിസ്‌തുവിനുള്ളവര്‍; ക്രിസ്‌തു ദൈവത്തിനുള്ളവന്‍. പൗലോസ്‌ വീണ്ടും പറഞ്ഞു: ദൈവത്തിന്റെ വാഗ്‌ദത്തങ്ങള്‍ എത്രയുണ്ടെങ്കിലും അവനില്‍ ഉവ്വു എന്നത്രേ; അതുകൊണ്ട്‌ ഞങ്ങളാല്‍ ദൈവത്തിനുമഹത്വം ഉണ്ടാകുമാറ്‌ അവനില്‍ ആമേന്‍ എന്നും തന്നെ.
ജീവനുള്ള യാഗമായി നിങ്ങളെത്തന്നെ സമര്‍പ്പിക്കുവാന്‍ ക്രിസ്‌തു വിളിക്കുമ്പോള്‍ കര്‍ത്താവ്‌ ആഗ്രഹിക്കുന്നത്‌ ശ്വസിക്കുന്ന, സ്‌പന്ദിക്കുന്ന, ചലിക്കുന്ന ഒരു യാഗമാണ്‌; മനസിന്റെയും ബുദ്ധിയുടെയും പഞ്ചേന്ദ്രിയങ്ങളുടെയും വികാരങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും പൂര്‍ണ സമര്‍പ്പണമാണ്‌.
ഈ ലോകത്തിലെ ലക്ഷ്യങ്ങള്‍ക്ക്‌ അപ്പുറമായ ഒന്നിനു വേണ്ടി ഇന്നു മുതല്‍ നിങ്ങള്‍ ജീവിക്കുക. ദൈവസ്‌നേഹത്തിലൂടെയും സാന്ത്വനത്തിലൂടെയും പങ്കുവയ്‌ക്കലിലൂടെയും ജീവിക്കുമ്പോള്‍ ആ നന്മകള്‍ മാത്രമേ നമ്മെ ലോകത്തിനപ്പുറത്തേക്ക്‌ പിന്തുടരുകയുള്ളൂ എന്നറിയുക.

Ads by Google
Sunday 08 Jul 2018 02.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW