Monday, July 22, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 01.36 AM

മഴയെ ഭയക്കുന്ന ഗ്രാമം

uploads/news/2018/07/231627/sun2.jpg

മാനത്ത്‌ മഴക്കാറു കണ്ടാല്‍ ഭയക്കുന്ന ഒരു ഗ്രാമം. മഴ കനത്താല്‍ നാട്ടുകാരെ ഒറ്റപ്പെടുത്തുന്ന പുഴ. പുഴയ്‌ക്കു കുറുകെയുള്ള ചപ്പാത്ത്‌ വെള്ളത്തിനടിയിലും മുകളിലുമെത്തുന്ന കൗതുകവും ഭീതിതവുമായ കാഴ്‌ച ഒരു പക്ഷേ കേരളത്തില്‍ ഇവിടെ മാത്രമാകും.
എറണാകുളം ജില്ലയില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടിപ്പുഴയ്‌ക്കു കുറുകെയുള്ള മണികണ്‌ഠന്‍ചാല്‍ ചപ്പാത്താണ്‌ വര്‍ഷകാലത്തിന്റെ പേടിപ്പെടുത്തുന്ന വേദന കൂടിയാകുന്നത്‌. ആയിരത്തി അഞ്ഞൂറോളം പേര്‍ വസിക്കുന്ന മണികണ്‌ഠന്‍ചാല്‍, വെള്ളാരംകുത്ത്‌ ആദിവാസിക്കുടി, വടക്കേ മണികണ്‌ഠന്‍ചാല്‍, തിണ്ണക്കുത്ത്‌ എന്നിവിടങ്ങളില്‍ നിന്നും നാട്ടിലേക്കെത്തുന്ന ഏകമാര്‍ഗ്ഗമാണ്‌ മണികണ്‌ഠന്‍ചാല്‍ ചപ്പാത്ത്‌.
വനാതിര്‍ത്തിയിലുള്ള ഈ ഗ്രാമീണര്‍, വര്‍ഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ബന്ധപ്പെട്ടവരാരും ശ്രദ്ധിക്കുന്നില്ലെന്നതാണ്‌ വിചിത്രം. ആദിവാസിക്കുടി ഉള്‍പ്പെടുന്ന നാട്ടില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ യാത്ര ചെയ്‌തു വേണം പൂയംകുട്ടിയിലെ ചപ്പാത്തിലെത്താന്‍. കിഴക്കന്‍മഴ പെയ്‌താലും പൂയംകുട്ടി കണ്ടംപാറപ്പുഴ കരകവിയും. ഇതോടെ ചപ്പാത്ത്‌ അപ്രത്യക്ഷമാകും. പുഴകടന്ന്‌ നാട്ടിലേക്കു പോയവര്‍ മടങ്ങി വരുമ്പോഴാകും ചപ്പാത്ത്‌ മുങ്ങിയ വിവരമറിയുന്നത്‌.പുഴയിലെ വെള്ളം താഴ്‌ന്ന് ചപ്പാത്തിലൂടെ വീടെത്താന്‍ ചിലപ്പോള്‍ ദിവസങ്ങളോളം കരയില്‍ കാത്തിരിക്കേണ്ടി വരും.
ബസ്സുകളും ചെറുവാഹനങ്ങളും ഇരുകരകളിലാകും. വനവിഭവങ്ങള്‍ ശേഖരിച്ച്‌ ജീവിതം തള്ളി നീക്കുന്ന ആദിവാസികള്‍ താമസിക്കുന്ന വെമാരംകുത്ത്‌ കുടിയിലുള്ളവര്‍ക്കാണ്‌ ഏറെ ബുദ്ധിമുട്ട്‌. കാടിറങ്ങി നാട്ടിലെത്താന്‍ കിലോമീറ്ററുകള്‍ താണ്ടണം. പുഴവക്കിലെത്തിയാലോ, കരകവിഞ്ഞ പുഴയുടെ ഭീകരത കണ്ടു പിന്നോക്കം പോകേണ്ട ഗതികേടും. ആദിവാസികള്‍ക്കായി കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകള്‍ വാരിക്കോരി ചിലവിടുന്നു എന്നവകാശപ്പെടുമ്പോഴാണ്‌ ഇത്തരം ഓണംകേറാമൂലകളിലെ ജീവിതങ്ങള്‍ ദുരിതങ്ങള്‍ പേറുന്നത്‌.
കഴിഞ്ഞ യു.ഡി.എഫ്‌ സര്‍ക്കാര്‍ മണികണ്‌ഠന്‍ചാല്‍ ചപ്പാത്ത്‌ വീതികൂട്ടി ഉയര്‍ത്തിപ്പണിയുമെന്ന പ്രഖ്യാപനത്തിന്‌ പിന്നാലെ നാലു കോടി രൂപയും അനുവദിച്ചിരുന്നു. ചപ്പാത്തിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്ര?ഫ.അരവിന്ദന്‍ കമ്മീഷനെയും നിയമിച്ചിരുന്നു. എന്നാല്‍ പിന്നീട്‌ പാലംപണിയുമായി ബന്ധപ്പെട്ട യാതൊരു നടപടിയും ഉണ്ടായില്ല. വെള്ളാരംകുത്ത്‌ റോഡിന്‌ 2.5 കോടി രൂപ അനുവദിച്ചു. ഇതിന്റെ പണി നടക്കുന്നുണ്ട്‌. നിലവിലെ പാലം ജാക്കി വച്ചുയര്‍ത്തി നാലര മീറ്ററാക്കണമെന്ന ആവശ്യമാണുള്ളത്‌. പുഴയ്‌ക്ക് 90 മീറ്റര്‍ വീതിയുണ്ട്‌.
മഴ പെയ്‌താല്‍ ആഴ്‌ചകളോളം ചപ്പാത്ത്‌ വെള്ളത്തിനടിയില്‍ തന്നെയാകും. ആ സമയത്ത്‌, ഭക്ഷ്യസാധനങ്ങള്‍ പോലും വാങ്ങാനാകാതെ നാട്ടുകാര്‍ കഷ്‌ടപ്പെടുന്ന അവസ്‌ഥയാണുള്ളത്‌.വാരിയം, ഉറിയംപെട്ടി ആദിവാസി കുടികളിലേക്കുള്ള പ്രവേശന കവാടം മണികണ്‌ഠന്‍ചാല്‍ ചപ്പാത്ത്‌ മാത്രമാണ്‌ എന്നതാണ്‌ മറ്റൊരു പ്രധാനകാര്യം . നൂറിലധികം കുടുംബക്കാരാണ്‌ ശൂലിമലയ്‌ക്കടുത്തുള്ള കൊടും വനത്തിനുള്ളിലെ ഉറിയംപെട്ടിയില്‍ കഴിയുന്നത്‌. ആഴ്‌ചകള്‍ക്കുള്ളിലെ ഇടവേളകളില്‍ മാത്രമാണവര്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ നാട്ടിലെത്തുക.
വെള്ളംപൊങ്ങി ചപ്പാത്തു മുങ്ങിയതറിയുന്ന കാടിന്റെ മക്കള്‍ നാട്ടില്‍തങ്ങി ദിവസങ്ങളെടുത്താണ്‌ സാധനങ്ങളുമായി മലകയറുന്നത്‌. കഴിഞ്ഞമഴക്കാലത്ത്‌ മണികണ്‌ഠന്‍ചാല്‍ ഗ്രാമം വെള്ളംകയറി നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി.റോഡുകള്‍ കാണാത്തതിനാല്‍ ഗതാഗതവും കാല്‍നടയും നിര്‍ത്തി വച്ചു. ദിവസങ്ങളെടുത്താണ്‌ വെള്ളംനാടുവിട്ടത്‌. പീണ്ടിമേട്‌ പുഴ നിറഞ്ഞാല്‍ പൂയംകുട്ടിപ്പുഴ കരകവിയും. കടത്തുവള്ളങ്ങള്‍ പോലും വയ്‌ക്കാനാകാത്ത വിധത്തിലുള്ള ശക്‌തമായ ഒഴുക്ക്‌ കാരണം പകരം സംവിധാനം ഏര്‍പ്പെടുത്താനും കഴിയില്ല.
വൈദ്യുതി,ടെലിഫോണ്‍ എന്നിവ എത്തിയിട്ട്‌ കുറച്ചുകാലമേ ആയിട്ടുള്ളൂ. ആദ്യകാല കുടിയേറ്റക്കാരായിരുന്നിട്ടും മണികണ്‌ഠന്‍ചാല്‍ പ്രദേശങ്ങള്‍ക്ക്‌ പട്ടയം ലഭിച്ചിട്ടില്ല. പട്ടയത്തിനുളള കാത്തിരിപ്പു തുടരുകയാണിവര്‍. വെള്ളം കയറി കൃഷി നശിക്കുന്നതുള്‍പ്പെടെ നാട്ടുകാരുടെ വരുമാന മാര്‍ഗ്ഗങ്ങള്‍കൂടി പ്രശ്‌നമാകുകയാണ്‌. കൃഷി വന്യ മൃഗങ്ങള്‍ നശിപ്പിക്കുന്നതാണ്‌ മറ്റൊരു വെല്ലുവിളി. വനംവകുപ്പുമായി നിരന്തരം പോരാടിയാണ്‌ ഇവിടത്തുകാര്‍ കഴിയുന്നത്‌. പൂയംകുട്ടി ടൗണ്‍ മുതല്‍ തിണ്ണക്കുത്തുവരെ കാട്ടാനകള്‍ റോഡിലാണ്‌.വാഹനത്തിനും വഴി നടത്തക്കാര്‍ക്കും ഭീക്ഷണിയായി ഇവ രാപ്പകലായുണ്ട്‌. ഒറ്റപ്പെട്ട അവസ്‌ഥയില്‍ നാട്ടുകാര്‍ക്ക്‌ കൂട്ടുപോലെയാണ്‌ ആനകള്‍. വീടും,കൃഷിയും,ജീവനും നശിപ്പിച്ചുകൊണ്ടാണ്‌ കാട്ടാനകള്‍ വാഴുന്നത്‌. കാലവര്‍ഷം കനത്തതിനാല്‍ കാട്ടാനകളും തീറ്റതേടി നാട്ടിലെത്തിയിരിക്കുന്നു.
സ്‌കൂള്‍ തുറന്നതിന്റെ നെഞ്ചിടിപ്പിലാണ്‌ മാതാപിതാക്കള്‍. കുട്ടികളെ നാടിനു പുറത്തെ സ്‌കൂളിലേക്കയയ്‌ക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ ഭയം. എപ്പോഴാ ചപ്പാത്ത്‌ മുങ്ങിപ്പോകുന്നതെന്നറിയില്ല. ചപ്പാത്ത്‌ ഉയര്‍ത്തി നിര്‍മിക്കുന്നതോടെ, അടിസ്‌ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തതയില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന മണികണ്‌ഠന്‍ചാല്‍ നിവാസികളുടെ പകുതിയിലേറെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമാകും. മഴ നീണ്ടു നിന്നാല്‍ അടിയന്തിര സൗജന്യ റേഷന്‍ ഉള്‍പ്പെടെ വിതരണം ചെയ്യേണ്ടതായി വരും. മഴത്തുള്ളികള്‍ മാറാന്‍ പ്രാര്‍ത്ഥിക്കുകയാണ്‌ മണികണ്‌ഠന്‍ചാല്‍ നിവാസികള്‍.

മുരളി കുട്ടമ്പുഴ

Ads by Google
Sunday 08 Jul 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW