Thursday, June 20, 2019 Last Updated 43 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 01.36 AM

അശരണര്‍ക്ക്‌ ആലയമൊരുക്കി ഈ സുമനസുകള്‍

uploads/news/2018/07/231626/sun1.jpg

കയറിക്കിടക്കാന്‍ ഒരു കൊച്ചുവീടെന്ന സ്വപ്‌നം ഒരിക്കലും പൂവണിയില്ലെന്നോര്‍ത്ത്‌ എന്നും നെഞ്ചുപിടഞ്ഞിരുന്ന പാവപ്പെട്ട 10 കുടുംബങ്ങള്‍ക്ക്‌ ഇവര്‍ രക്ഷകരായി. പാലാ പൂവരണി പാലക്കുടി വീട്ടില്‍ ഏബ്രഹാം പാലക്കുടിയും സഹോദരന്‍ ജോസ്‌ പാലക്കുടിയുമാണ്‌ നന്മയുടെ നറുമണം പരത്തുന്ന മനസുമായി സമൂഹത്തിന്‌ മാതൃകയായി മാറുന്നത്‌. തങ്ങളുടെ ഉടമസ്‌ഥതയിലുള്ള 62.5 ലക്ഷം രൂപ വിലയുള്ള 50 സെന്റ്‌ സ്‌ഥലം നിര്‍ധനരായ 10 കുടുംബങ്ങള്‍ക്ക്‌ വീടുവച്ചുനല്‍കാന്‍ സൗജന്യമായി വിട്ടുനല്‍കിയപ്പോള്‍ ആസ്‌ഥലം ഏറ്റെടുത്ത്‌ വീട്‌ നിര്‍മ്മിച്ചുനല്‍കാന്‍ സദാ സേവന സന്നദ്ധമായ ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ പാലായും ഇവര്‍ക്കൊപ്പം ചേര്‍ന്നു. പാലാ നഗരസഭാ അതിര്‍ത്തിയില്‍ മീനച്ചില്‍ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ ടാര്‍ റോഡരുകിലാണ്‌ പത്ത്‌ കുടുംബങ്ങള്‍ക്കുള്ള സ്വപ്‌നവീടുകളുയരുന്നത്‌. 5 സെന്റ ്‌സ്ഥലം വീതം ഓരോ കുടുംബത്തിനും രജിസ്‌റ്റര്‍ ചെയ്‌ത് നല്‍കി അവിടെ 7 ലക്ഷം രൂപവീതം ചിലവഴിച്ചാണ്‌ 10 വീടുകളുടേയും നിര്‍മ്മാണം ലയണ്‍സ്‌ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കുന്നത്‌. രണ്ട്‌ കിടപ്പുമുറി, സ്വീകരണമുറി, സിറ്റൗട്ട്‌, അടുക്കള, ടോയ്‌ലറ്റ്‌,വൈദ്യുതി, ജലവിതരണസംവിധാനം എന്നിവയോടെ ആധുനിക രീതിയില്‍ അറുനൂറ്റിമുപ്പത്‌ ചതുരശ്രയടി വിസ്‌തീര്‍ണത്തിലുള്ള വാര്‍ക്കവീടുകളാണ്‌ കുടുംബങ്ങള്‍ക്കായി പൂര്‍ത്തിയായിവരുന്നത്‌.
സാമൂഹിക പ്രതിബദ്ധതയോടെയാണ്‌ വീടുകള്‍ക്ക്‌ അര്‍ഹരായവരെ ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ പാലായുടെ ഭാരവാഹികള്‍ തെരഞ്ഞെടുത്തത്‌.നാല്‌ വിധവകള്‍ക്കും രണ്ട്‌ ദളിതര്‍ക്കും രണ്ട്‌ ക്യാന്‍സര്‍രോഗികള്‍ക്കും ഒരും അംഗപരിമിതനുമാണ്‌ സ്വന്തമായി കിടപ്പാടമെന്ന ജീവിതാഭിലാഷം നല്ലമനസിനുടമകളായ സഹോദരങ്ങളുടേയും സദാസേവനസന്നദ്ധമായ ലയണ്‍സ്‌ ക്ലബ്ബിന്റേയും കൂട്ടായ്‌മയില്‍ പൂവണിയുന്നത്‌.
ഇരുപത്‌ വര്‍ഷത്തോളം സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജോലിചെയ്‌തിരുന്ന ഏബ്രഹാം പാലക്കുടി സഹോദരന്‍ ജോസുമായി ചേര്‍ന്ന്‌ തങ്ങളുടെ മാതാപിതാക്കളായ യശ:ശരീരരായ പാലക്കുടി പി.ഐ മാത്യുവിന്റേയും ത്രേസ്യാമ്മയുടേയും സ്‌മരണാര്‍ഥം കൂടിയാണ്‌ പത്ത്‌ കുടുംബങ്ങള്‍ക്ക്‌ വീടൊരുക്കാന്‍ സ്‌ഥലം സംഭാവന ചെയ്‌തത്‌. സ്‌ഥലം വിട്ടുനല്‍കിയതിന്‌ പുറമേ പത്ത്‌ വീടുകളില്‍ 3 എണ്ണത്തിന്റെ നിര്‍മ്മാണ ചിലവ്‌ പൂര്‍ണമായി ഏറ്റെടുക്കാനും ഏബ്രഹാം പാലക്കുടി മനസു വച്ചു. എട്ട്‌ വര്‍ഷത്തോളം കേന്ദ്രസര്‍ക്കാരിന്‌ കീഴിലുള്ള സെന്‍ട്രല്‍ ബ്യൂറോ ഓഫ്‌് നാര്‍ക്കോട്ടിക്‌സില്‍ ഉദ്യോഗസ്‌ഥനായിരുന്ന ഏബ്രഹാം, ജോലിരാജിവച്ചശേഷം ഓസ്‌ട്രിയയില്‍ സേവനമനുഷ്‌ഠിക്കുകയായിരുന്നു.
ഓസ്‌ട്രിയയിലുള്ള തന്റെ സഹോദരന്റെ മകന്‍ ലിന്റോ പാലക്കുടിയുടെ സഹകരണത്തോടെ വിയന്ന മലയാളി അസോസിയേഷനിലെ ഫ്രണ്ട്‌സ് ഓഫ്‌ വിയന്നയില്‍ നിന്ന്‌ ഒരുവീടിന്റേയും അമേരിക്കയിലെ ചിക്കോഗോ മിഷിഗണിലുള്ള ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹകരണത്തോടെ രണ്ട്‌ വീടുകളുടേയും നിര്‍മ്മാണം ഏറ്റെടുത്ത്‌ പൂര്‍ത്തീകരിക്കാനായി. മറ്റ്‌ 7 വീടുകളുടേയും നിര്‍മ്മാണം ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ പാലായുടെ പ്രസിഡന്റ്‌ ജോര്‍ജുകുട്ടി ആനിത്തോട്ടം, സെക്രട്ടറി കെ.ടി. തോമസ്‌ കിഴക്കേക്കര, ട്രഷറര്‍ കെ.ജെ. ജോസഫ്‌ കളപ്പുര തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരികയാണ്‌. ലയണ്‍സ്‌ ക്ലബ്ബിന്റെ ഫണ്ടിന്‌ പുറമേ സുമനസുകളായ ഒട്ടേറെ പേരുടെ സഹായസഹകരണങ്ങളോടെയാണ്‌ വീടുകളുടെ നിര്‍മ്മാണചിലവ്‌ കണ്ടെത്തുന്നത്‌.അതിനുള്ള അശ്രാന്തപരിശ്രമത്തിലാണ്‌ ജോര്‍ജുകുട്ടി ആനിത്തോട്ടവും മറ്റ്‌ ഭാരവാഹികളും.
ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ പാലായുടെ ഓണററി മാനേജരും ലയണ്‍സ്‌ ക്ലബ്ബിന്‌ കീഴിലുള്ള പൈക ലയണ്‍സ്‌ ട്രസ്‌റ്റ് കണ്ണാശുപത്രിയുടെ ഓണററി സെക്രട്ടറിയുമായ ഏബ്രഹാം പാലക്കുടി ഒട്ടേറെ ജീവകാരുണ്യപ്രവത്തനങ്ങള്‍ക്ക്‌ വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്ന വ്യക്‌തിയാണ്‌. വിന്‍സെന്റ്‌ ഡി പോള്‍ സൊസൈറ്റിവഴിയും മറ്റും ഒട്ടേറെപേര്‍ക്ക്‌ ആശ്വാസം പകരാന്‍ ഇദ്ദേഹത്തിനായി.
ഏഴ്‌ വര്‍ഷം മുന്‍പ്‌ പാലാ നഗരസഭാതിര്‍ത്തിയില്‍ കരൂര്‍ മുണ്ടുപാലത്ത്‌ അംഗന്‍വാടിക്കായി അഞ്ച്‌ സെന്റ്‌ സ്‌ഥലം സംഭാവന ചെയ്‌തിരുന്നു. എല്ലാ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ എല്‍സി തെങ്ങനാലും ഖത്തറില്‍ ജോലിചെയ്യുന്ന മകന്‍ അനീഷ്‌ പാലക്കുടിയും അമേരിക്കയില്‍ ജോലിചെയ്യുന്ന മകള്‍ ആഷ പാലക്കുടിയും ഒപ്പമുണ്ട്‌.
നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അംഗീകാരമായി ലയണ്‍സ്‌ ക്ലബ്ബിന്റെ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡും ഏബ്രഹാം പാലക്കുടിയെ തേടിയെത്തിയിരുന്നു.കേന്ദ്രമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തില്‍ നിന്നാണ്‌ അവാര്‍ഡ്‌ ഏററുവാങ്ങിയത്‌.തുടര്‍ന്നും സമൂഹത്തിലെ അശരണരായവരുടെ കണ്ണീരൊപ്പാന്‍ തന്നാലാവത്‌ ചെയ്‌തുകൊണ്ടേയിരിക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുന്നു ഈ മനുഷ്യസ്‌നേഹി.
അംഗങ്ങളുടെ എണ്ണംകൊണ്ടും പഴക്കവും ചരിത്രവുംകൊണ്ടും കേരളത്തിലെ ഏറ്റവും വലിയ ക്ലബ്ബായ ലയണ്‍സ്‌ ക്ലബ്ബ്‌ ഓഫ്‌ പാലാ നിര്‍ധന വിദ്യാര്‍ഥികളുടെ തുടര്‍വിദ്യാഭ്യാസ ചിലവ്‌,ഭിന്നശേഷിയുളള വിദ്യാര്‍ഥികള്‍ക്കായുള്ള ബഡ്‌സ് സ്‌കൂള്‍, ആംബുലന്‍സ്‌ സര്‍വ്വീസ്‌ തുടങ്ങി വിവിധങ്ങളായ ഒട്ടേറെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ ഏറ്റെടുത്ത്‌ നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതിയായ പത്ത്‌ വീടുകളുടേയും നിര്‍മ്മാണത്തിന്‌ തറക്കല്ലിട്ടത്‌ കെ.എം മാണി എം.എല്‍.എ യായിരുന്നു. അവസാന ഘട്ടത്തിലേക്കെത്തിയ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഓഗസ്‌്റ്റ്‌ അവസാനവാരം മുഖ്യമന്ത്രി പിണറായി വിജയനെക്കൊണ്ട്‌ താക്കോല്‍ദാനം നിര്‍വ്വഹിപ്പിക്കാനുള്ള ഒരുക്കത്തിലാണ്‌ ലയണ്‍സ്‌ ക്ലബ്ബ്‌ ഭാരവാഹികള്‍.

സി.ജി. ഡാല്‍മി

Ads by Google
Sunday 08 Jul 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW