Wednesday, November 14, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Sunday 08 Jul 2018 01.36 AM

സിനിമാ 'കുടുംബം'

uploads/news/2018/07/231625/sun7.jpg

സിനിമ എനിക്ക്‌ വെറും മോഹമായിരുന്നില്ല. ജീവിതമായിരുന്നു. കൊച്ചുനാള്‍ മുതല്‍ ജീവിക്കാന്‍ പ്രേരിപ്പിച്ച ഒന്ന്‌. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം ബാപ്പയുടെ മരണം ആയിരുന്നു. അന്നെനിക്ക്‌ പതിനാലു വയസ്സേ ഉള്ളു. കളിച്ചു നടക്കുന്ന പ്രായം. എനിക്ക്‌ താഴെ മൂന്നു സഹോദരങ്ങളാണുള്ളത്‌. ബാപ്പയുടെ മരണത്തോടെ ഉമ്മയുടെയും സഹോദരങ്ങളുടെയും കാര്യങ്ങള്‍ നോക്കേണ്ടത്‌ എന്റെ ചുമതലയായി. പിന്നീട്‌ പഠനവും ജോലിയുമൊക്കെയായി ജീവിതം മുന്നോട്ടു പോയി. പഠിത്തം പൂര്‍ത്തിയായ ഉടന്‍ തന്നെ ഗള്‍ഫിലേക്ക്‌ പോയി. ഉപ്പയുടെ ആഗ്രഹം പോലെ തന്നെ അനിയത്തിമാരെ പഠിപ്പിച്ച്‌ നല്ല നിലയില്‍ വിവാഹം ചെയ്‌ത് കൊടുത്തു. അനിയനെ പഠിപ്പിച്ച്‌ അവനും നല്ല നിലയില്‍ കഴിയുന്നു.
ഗള്‍ഫിലായിരുന്ന സമയത്തും സിനിമയിലേക്ക്‌ വരണം എന്നാഗ്രഹമുണ്ടായിരുന്നു. ലീവിന്‌ നാട്ടിലേക്ക്‌ വരുമ്പോള്‍ ലൊക്കേഷനുകളില്‍ പോയി സംവിധായകരെ കാണും. സൗദി അറേബ്യയില്‍ അല്‍-റാജി എന്ന നാഷലൈസ്‌ഡ് ബാങ്കില്‍ അക്കൗണ്ടന്റായി ജോലി ചെയ്‌തിരുന്ന സമയം, പതിവു പോലെ നാട്ടില്‍ ലീവിനു വന്നു. നാല്‍പത്തഞ്ചു ദിവസത്തെ ലീവ്‌ കഴിഞ്ഞ്‌ തിരിച്ചു പോകാനുള്ള ടിക്കറ്റ്‌ റീ കണ്‍ഫേം ചെയ്‌ത് ഇറങ്ങുമ്പോഴാണ്‌ ഡയറക്‌ടര്‍ സാജന്‍ സാറിനെ കാണുന്നത്‌. മുമ്പ്‌ അദ്ദേഹത്തിന്റെ ദേശാടനപക്ഷികള്‍ എന്നൊരു സീരിയലില്‍ അഭിനയിച്ചിരുന്നു. അദ്ദേഹം പുതിയൊരു സീരിയല്‍ ചെയ്യുന്നുണ്ട്‌, അതിലൊരു വേഷം തരാമെന്നും പറഞ്ഞു. അങ്ങനെ ഗള്‍ഫ്‌ ഉപേക്ഷിച്ച്‌ സീരിയല്‍ ചെയ്യാമെന്ന്‌ തീരുമാനിച്ചു.
തിരിച്ച്‌ പോകുന്നില്ല എന്ന്‌ വീട്ടില്‍ പറഞ്ഞപ്പോള്‍ മാമന്‍മാരും ബാപ്പയുടെ അനിയന്മാരും എല്ലാം ഭയങ്കര ബഹളം. എന്തൊക്കെ സംഭവിച്ചാലും തീരുമാനത്തില്‍ മാറ്റമില്ല എന്നു തന്നെ ഉറപ്പിച്ചു. പക്ഷേ ആ പ്രോജക്‌ട് നടന്നില്ല. അതോടെ വീട്ടില്‍ വീണ്ടും പ്രശ്‌നം. നല്ലൊരു ജോലി കളഞ്ഞു എന്നായിരുന്നു എല്ലാവരുടേയും സങ്കടം. എന്നാലും തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. പല ജോലികളും ബിസിനസുമൊക്കെ ചെയ്‌ത് കുടുംബം നോക്കുന്നതിനൊപ്പം അഭിനയിക്കാനുള്ള അവസരവും തേടി. ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്‌തു. അന്ന്‌ എന്നെ കുറ്റപ്പെടുത്തിയവരെെക്കാണ്ട്‌ നല്ലത്‌ പറയിപ്പിക്കാന്‍ സാധിച്ചു.
ചാണക്യതന്ത്രത്തില്‍ ഞാന്‍ ചെയ്‌ത വേഷം യഥാര്‍ത്ഥത്തില്‍ മറ്റൊരു ആര്‍ട്ടിസ്‌റ്റിനു വേണ്ടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്‌തത്‌. എന്നാല്‍ സംവിധായകന്‍ എന്നോട്‌ അത്‌ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഭാര്യ ജഷീനയും രണ്ടു മക്കളും അടങ്ങുന്നതാണ്‌ എന്റെ കുടുംബം. എന്നെപ്പോലെ തന്നെ കലയെ സ്‌നേഹിക്കുന്ന ഒരു മനസ്‌ കുടുംബത്തിനുമുണ്ട്‌.
ജഷീനയെ പെണ്ണുകാണാന്‍ ചെന്ന സമയത്ത്‌ തന്നെ സിനിമയോടുള്ള പാഷന്‍ തുറന്നു പറഞ്ഞിരുന്നു. സിനിമയെക്കുറിച്ച്‌ കൂടുതലൊന്നും അവള്‍ക്ക്‌ അറിയില്ലായിരുന്നു. എങ്കിലും എന്നും അവള്‍ എന്റെ ആഗ്രഹത്തിനൊപ്പം നിന്നു. ചാണക്യതന്ത്രം എന്ന സിനിമയില്‍ ചെറിയൊരു സീനില്‍ ജഷീനയും അഭിനയിച്ചിട്ടുണ്ട്‌. എന്റെ നിര്‍ബന്ധംകൊണ്ട്‌ സംഭവിച്ചതാണ്‌.
ചാണക്യതന്ത്രത്തില്‍ അനൂപ്‌ മേനോന്‍ അവതരിപ്പിക്കുന്ന ഇക്‌ബാല്‍ എന്ന കഥാപാത്രത്തിന്റെ അനിയത്തിയായി അഭിനയിച്ചത്‌ മൂത്ത മകള്‍ അമീഷ നൗറിനാണ്‌. ഇതിനു മുമ്പ്‌, 'കുട്ടികളുണ്ട്‌ സൂക്ഷിക്കുക' എന്ന സിനിമയിലും ചെറിയൊരു വേഷം ചെയ്‌തിട്ടുണ്ട്‌. അഭിനയിക്കാന്‍ അവള്‍ക്ക്‌ ഇഷ്‌ടമാണ്‌. ഇപ്പോള്‍ പത്താം ക്ലാസില്‍ പഠിക്കുന്നത്‌ കൊണ്ട്‌ പഠനത്തിനാണ്‌ പ്രാധാന്യം കൊടുക്കുന്നത്‌. മിയ എന്ന കഥാപാത്രമായിരുന്നു ഇളയ മകള്‍ അലീഷ നസ്രിന്‍ അഭിനയിച്ചത്‌. സിനിമ കണ്ട്‌ എല്ലാവരും മിയക്കുട്ടിയെ ഒരുപാട്‌ ഇഷ്‌ടമായി എന്നു പറഞ്ഞു. ഏറ്റവും സന്തോഷം തോന്നിയത്‌ അനൂപ്‌ മേനോന്‍ വിളിച്ച്‌ നന്നായി ചെയ്‌തു എന്ന്‌ പറഞ്ഞപ്പോഴാണ്‌. ശരിക്കും മോളുടെ കണ്ണു നിറഞ്ഞു പോയി.

തയ്യാറാക്കിയത്‌: സുനിത സുനില്‍

Ads by Google
Sunday 08 Jul 2018 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW